ജിഡിപി മാർച്ച് പാദത്തിൽ പ്രതീക്ഷിച്ചതിലേറെ വളർച്ച നേടിയെന്ന് എസ്ബിഐ റിപ്പോർട്ട്
അതേസമയം ജിഡിപിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് കീഴിലെ ഇ-നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ ഔദ്യോഗിക രേഖ മെയ് 31 നാണ് പുറത്തുവിടുക.
ദില്ലി: രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 2020-21 സാമ്പത്തിക വർഷത്തിന്റെ നാലാം പാദവാർഷികത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ വളർച്ച നേടിയെന്ന് എസ്ബിഐ റിപ്പോർട്ട്. 1.3 ശതമാനമാണ് വളർച്ച. ഇതോടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ജിഡിപിയിലെ ഇടിവ് 7.3 ശതമാനമായെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ജിഡിപിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് കീഴിലെ ഇ-നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ ഔദ്യോഗിക രേഖ മെയ് 31 നാണ് പുറത്തുവിടുക. കൊവിഡ് മഹാമാരിയുടെ പിടിയിൽ കുറവുണ്ടായ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന കാലത്ത് വിപണി സജീവമായി പ്രവർത്തിച്ചത് വളർച്ചയ്ക്ക് ഒരു കാരണമായിട്ടുണ്ടെന്ന് വേണം വിലയിരുത്താൻ.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ ജിഡിപി ഒരു ശതമാനം ഇടിയുമെന്നായിരുന്നു ഇ-നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ മുൻ പ്രവചനം. പുതിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാൽ, ജിഡിപി രേഖ പുറത്തുവിട്ട 25 രാജ്യങ്ങളിൽ ഏറ്റവും മികച്ച വളർച്ചാ നിരക്കുള്ള അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യയെന്നും റിപ്പോർട്ട് പറയുന്നുണ്ട്.