ആർസിഇപി വ്യാപാര കൂട്ടായ്മ നിലവിൽ വന്നു: നിർണായക കരാർ ഒപ്പിട്ട് 15 രാജ്യങ്ങൾ; ചൈനീസ് സ്വാധീനം വർധിച്ചേക്കും

ട്രംപിന്റെ മുൻഗാമിയായിരുന്ന ബരാക് ഒബാമ ഈ മേഖലയിലെ ചൈനയുടെ അധികാരം തടയുന്നതിനുള്ള മാർഗമായി ഈ കാരാറിനെ പിന്തുണച്ചിരുന്നു.

Fifteen countries have formed rcep trade block

ഗോള സമ്പദ് വ്യവസ്ഥയുടെ മൂന്നിലൊന്ന് കൈകാര്യം ചെയ്യുന്ന പതിനഞ്ച് രാജ്യങ്ങൾ ചേർന്ന് ലോകത്തിലെ ഏറ്റവും വലിയ വ്യാപാര കൂട്ടായ്മയായ പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിന് (ആർസിഇപി) രൂപം നൽകി.   

10 തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും ദക്ഷിണ കൊറിയ, ചൈന, ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവയും ഉൾപ്പെടുന്നതാണ് ആർസിഇപി എന്ന സ്വതന്ത്ര വ്യാപാര മേഖല. കരാറിൽ ഉൾപ്പെട്ട മേഖലയിലെ ചൈനീസ് സ്വാധീനത്തിന് വിപുലീകരണമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

2017 ലെ ഏഷ്യ-പസഫിക് വ്യാപാര കരാറിൽ നിന്ന് പിന്മാറിയ യുഎസ് ഈ കരാറിൽ നിന്നും വിട്ടുനിൽക്കുകയാണ്.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ട്രാൻസ് പസഫിക് പാർട്ണർഷിപ്പിൽ (ടിപിപി) നിന്ന് യുഎസ് പിന്മാറിയിരുന്നു. 12 രാജ്യങ്ങളെ ഉൾപ്പെടുത്താനായിരുന്നു ഈ കരാർ. ട്രംപിന്റെ മുൻഗാമിയായിരുന്ന ബരാക് ഒബാമ ഈ മേഖലയിലെ ചൈനയുടെ അധികാരം തടയുന്നതിനുള്ള മാർഗമായി ഈ കാരാറിനെ പിന്തുണച്ചിരുന്നു.

എട്ട് വർഷം നീണ്ടുനിന്ന ചർച്ചകൾ

എട്ട് വർഷം നീണ്ടുനിന്നു ചർച്ചകൾക്ക് ശേഷമാണ് ആർസിഇപി കരാർ യാഥാർത്ഥ്യമാകുന്നത്. വിയറ്റ്നാം ആതിഥേയത്വം വഹിച്ച അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസിന്റെ (ആസിയാൻ) വെർച്വൽ ഉച്ചകോടിക്കിടെയാണ് കരാർ ഒപ്പിട്ടത്. ഇന്ത്യയും കരാർ സംബന്ധിച്ച ചർച്ചകളുടെ ഭാഗമായിരുന്നുവെങ്കിലും കരാറിലെ കുറഞ്ഞ താരിഫ് വ്യവസ്ഥകൾ ആഭ്യന്തര ഉൽപാദകരെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയെത്തുടർന്ന് കഴിഞ്ഞ വർഷം പിന്മാറിയിരുന്നു.

ഭാവിയിൽ ഇന്ത്യയ്ക്കും കാരറിന്റെ ഭാ​ഗമാകാനുളള അവസരം ഉണ്ടാകുമെന്ന് ഉച്ചകോടിക്കിടെ വിവിധ രാജ്യങ്ങളുടെ വക്താക്കൾ പ്രതികരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ആർസിഇപി വ്യാപാര മേഖലയിൽ അടുത്ത 20 വർഷത്തിനുള്ളിൽ ഇറക്കുമതിയുടെ തീരുവ ഇല്ലാതാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ബൗദ്ധിക സ്വത്തവകാശം, ടെലികമ്മ്യൂണിക്കേഷൻ, ധനകാര്യ സേവനങ്ങൾ, ഇ-കൊമേഴ്സ്, പ്രൊഫഷണൽ സേവനങ്ങൾ എന്നിവയിൽ വിപുലമായി വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് ആർസിഇപി കരാർ.

ചൈനീസ് പ്രതികരണം

ആർസിഇപി അംഗ രാജ്യങ്ങൾ ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് വരും, ആഗോള മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 29% ഇവരാണ് സംഭാവന ചെയ്യുന്നത്. കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടർന്നുളള വ്യാപാര പ്രതിസന്ധികളിൽ നിന്ന് കരകയറാൻ ഈ കരാർ സഹായിക്കുമെന്ന് നേതാക്കൾ ഉച്ചകോടിയിൽ പ്രതീക്ഷ പ്രകടിപ്പിച്ചു. 

"നിലവിലെ ആഗോള സാഹചര്യങ്ങളിൽ, എട്ട് വർഷത്തെ ചർച്ചകൾക്ക് ശേഷം ആർസിഇപി ഒപ്പുവയ്ക്കാൻ സാധിച്ചു എന്നത് പ്രത്യാശയുടെയും ഒരു കിരണം സമ്മാനിക്കുന്നു, ”ചൈനീസ് പ്രീമിയർ ലി കെകിയാങ് പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios