കേരളത്തിന്റെ സമ്പദ്‍വ്യവസ്ഥ 26 ശതമാനം ചുരുങ്ങി: ഭക്ഷ്യ വില സമ്മർദ്ദം വർദ്ധിച്ചു; 2020ൽ പണപ്പെരുപ്പം ഉയർന്നു
കൊവിഡ്-19 മഹാമാരി കാരണമുള്ള പ്രതിസന്ധിയും അതിന്‍റെ ഫലമായി വന്നു ചേർന്ന അടച്ചിടലും വളർച്ചാ നിരക്ക് താഴുന്നതിനുള്ള സമ്മർദ്ദം കൂടുതൽ രൂക്ഷമാക്കി.
സംസ്ഥാനത്തിന്‍റെ വളർച്ച നിരക്ക് കുത്തനെ താഴേക്കെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. കേരള ബജറ്റിന് മുന്നോടിയായി നിയമസഭയ്ക്ക് മുന്നിലെത്തിയ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് വിവരങ്ങളുളളത്. 2019-20 സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തെ 6.49ൽ നിന്ന് 3.45 ശതമാനമായി വളർച്ച നിരക്ക് കുത്തനെ ഇടിഞ്ഞു. സംസ്ഥാനത്തിന്‍റെ വളർച്ചാ നിരക്ക് ദേശീയ ശരാശരിയേക്കാൾ താഴെയായെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
കഴിഞ്ഞ മൂന്നു വർഷമായി സംസ്ഥാന സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധികളാണ് വളർച്ചാ നിരക്ക് കുറയാനുള്ള കാരണമെന്ന് സർക്കാർ വിലയിരുത്തുന്നു. ദേശീയ വളർച്ചാ നിരക്കിനേക്കാൾ ഉയർന്നു നിന്നിരുന്ന കേരളത്തിന്റെ വളർച്ചാ നിരക്ക് പിന്നിലേക്ക് പോകാൻ ഇത് ഇടയാക്കി. 2017-ലെ ഓഖി ചുഴലിക്കാറ്റ്, കടുത്ത മഴ കാരണം ഉണ്ടായ 2018-ലെയും 2019-ലെയും പ്രളയം എന്നിവ സംസ്ഥാനത്തിന് നേരിടേണ്ടി വന്നു. പ്രകൃതി ദുരന്തങ്ങൾ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ സമ്മർദ്ദത്തിലാക്കി.
കൊവിഡ്-19 മഹാമാരി കാരണമുള്ള പ്രതിസന്ധിയും അതിന്‍റെ ഫലമായി വന്നു ചേർന്ന അടച്ചിടലും വളർച്ചാ നിരക്ക് താഴുന്നതിനുള്ള സമ്മർദ്ദം കൂടുതൽ രൂക്ഷമാക്കി. 2020-ൽ ലോക സമ്പദ് വ്യവസ്ഥ 3.2 ശതമാനം ചുരുങ്ങുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. അഖിലേന്ത്യാ മൊത്ത ആഭ്യന്തരോല്‍പ്പന്നം വളർച്ചയുടെ ആദ്യ പാദത്തിൽ (ഏപ്രിൽ 2020 മുതൽ ജൂൺ 2020 വരെ) 22.8 ശതമാനം ചുരുങ്ങുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരള സംസ്ഥാന ആസൂത്രണ ബോർഡ് കൊവിഡ്-19 പകർച്ചവ്യാധി മൂലം കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്ക് വരുന്ന നഷ്ടം കണക്കാക്കുകയും 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 26 ശതമാനം ചുരുങ്ങിയെന്നും കണക്കാക്കി.
വളർച്ചാ നിരക്ക് കുറയുമ്പോൾ തന്നെ വില കുതിച്ചുയരുന്നത് സാമ്പത്തിക വിഷമതകൾ വർദ്ധിപ്പിക്കുന്നു. പണപ്പെരുപ്പം 2019-20 ആദ്യ പകുതിയിൽ നല്ല നിലയിൽ തുടർന്നു, എന്നാൽ ഭക്ഷ്യ വില സമ്മർദ്ദങ്ങൾ വർദ്ധിച്ചത് കാരണം ഡിസംബർ 2019-ഫെബ്രുവരി 2020 കാലയളവിൽ ലക്ഷ്യം വെച്ച പണപ്പെരുപ്പത്തിന്റെ ഉയർന്ന സഹിഷ്ണുത ബിന്ദുവും അത് മറികടന്നു. ഉപഭോക്തൃ വില സൂചിക പ്രകാരം പണപ്പെരുപ്പം 2020 ൽ ആറ് മുതൽ ഏഴ് ശതമാനം വരെ ഉയർന്നു നിന്നു. സപ്ലൈകോ, കൺസ്യൂമർഫെഡ് തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ന്യായവിലയിൽ ഉപഭോക്താക്കൾക്ക് സാധനങ്ങൾ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചു.
2011-12 നും 2018-19 നും ഇടയിലുള്ള കാലഘട്ടത്തിൽ കാർഷിക മേഖലയിലും അനുബന്ധ മേഖലകളിലെയും മൂല്യ വർദ്ധനവിലെ വളർച്ച മന്ദഗതിയിലോ പ്രതികൂലമായോ ആയി തുടരുകയാണ്. 2018-19 ലും 2019-20 ലും യഥാക്രമം (-)2.38 ശതമാനവും (-)6.62 ശതമാനവുമായിരുന്നു ഈ മേഖലകളിലെ വളർച്ചാ നിരക്ക്.
സംസ്ഥാനത്തെ ഭൂവിനിയോഗം
2019-20-ലെ ഭൂവിനിയോഗ കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്തം ഭൂവിസ്തൃതിയായ 38.86 ലക്ഷം ഹെക്ടറില്‍ 25.89 ലക്ഷം ഹെക്ടര്‍ വിളയിറക്കിയിട്ടുള്ള പ്രദേശമാണ് (66.64 ശതമാനം). യഥാര്‍ത്ഥത്തില്‍ കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതി (20.26 ലക്ഷം ഹെക്ടര്‍) മൊത്തം ഭൂവിസ്തൃതിയുടെ 52.13 ശതമാനമാണ്. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ഭൂമി 11.73 ശതമാനവും വനഭൂമി 27.83 ശതമാനവുമാണ്. കൃഷിക്കനുയോജ്യമായ പാഴ്ഭൂമി, തരിശുഭൂമി എന്നിവ യഥാക്രമം 2.57 ശതമാനവും, 1.48 ശതമാനവുമാണ്. മൊത്തം കൃഷി വിസ്തൃതിയും ഒന്നിൽ കൂടുതൽ പ്രാവശ്യം കൃഷിയിറക്കിയ സ്ഥലത്തിന്റെ വിസ്തൃതിയും യഥാക്രമം 0.73 ശതമാനവും 4.92 ശതമാനവും കൂടിയതായി കാണുന്നു. കൃഷിയുടെ തീവ്രതയും 126 ശതമാനത്തിൽ നിന്ന് 128 ശതമാനത്തിലേക്ക് വർദ്ധിച്ചതായി കാണുന്നു.