വിപണി ഇടപെടൽ വർധിപ്പിക്കാൻ തീരുമാനിച്ച് കേന്ദ്ര ബാങ്ക്: നാലാം പാദത്തിൽ വളർച്ച പോസിറ്റീവാകും, എംപിസി പറയുന്നത്
“കൊവിഡ് -19 പകർച്ചവ്യാധിയിൽ നിന്നുള്ള സമ്പദ്‍വ്യവസ്ഥയുടെ പുനരുജ്ജീവനമാണ് ധനനയത്തിന്റെ ഏറ്റവും ഉയർന്ന മുൻഗണനയെന്ന് എംപിസി അഭിപ്രായപ്പെടുന്നു”
നടപ്പ് സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ തിരിച്ചുവരവ് നടത്തുമെന്ന് റിസർവ് ബാങ്ക് ഗവർണർ വ്യക്തമാക്കി. പ്രധാന പലിശ നിരക്കായ റിപ്പോ നിരക്കിൽ മാറ്റം വരുത്താൻ റിസർവ് ബാങ്ക് ധനനയ സമിതി (എംപിസി) തയ്യാറായില്ല. സമ്പദ്‍വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശമായ കാലഘട്ടം അവസാനിച്ചിരിക്കാമെന്നും ഗവർണർ ശക്തികാന്ത ദാസ് യോഗ ശേഷം പ്രതീക്ഷ പ്രകടിപ്പിച്ചു.
പോളിസി റിപ്പോ നിരക്ക് നാല് ശതമാനമായി നിലനിർത്താൻ ആറ് അംഗ എംപിസി ഏകകണ്ഠമായാണ് വോട്ട് ചെയ്തു. 2020-21 ലെ യഥാർത്ഥ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ചാ നിരക്ക് 9.5 ശതമാനം നെഗറ്റീവ് ട്രെൻഡ് പ്രകടിപ്പിക്കുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു. വർഷത്തിന്റെ അവസാന പാദത്തോടെ സാമ്പത്തിക രംഗത്ത് തിരിച്ചുവരവുണ്ടാകുമെന്നും ഗവർണർ പറഞ്ഞു.
ഓഗസ്റ്റില്‍ 6.69 ശതമാനമായിരുന്നു പണപ്പെരുപ്പം. കൊവിഡ് വ്യാപനത്തെതുടര്‍ന്ന് വിതരണശൃംഖലയില്‍ തടസ്സമുള്ളതിനാല്‍ വരും മാസങ്ങളിലും വിലക്കയറ്റം കൂടാനാണ് സാധ്യതയെന്ന് പണനയ അവലോകന യോഗം വിലയിരുത്തി. അതേസമയം 2021ഓടെ പണപ്പെരുപ്പ നിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
നടപ്പ് സാമ്പത്തിക വർഷത്തിൽ ജിഡിപിയില്‍ 9.5 ശതമാനത്തിൻെറ ഇടിവ് റിപ്പോർട്ട് ചെയ്യുമെന്ന് റിസർവ് ബാങ്ക് പ്രവചിക്കുന്നു. സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തോടെ സ്ഥിതി മെച്ചപ്പെടാൻ സാധ്യതയുണ്ടെന്നാണ് അവലോകന യോഗ വിലയിരുത്തൽ. നിലവിലെ സാഹചര്യങ്ങള്‍ രാജ്യത്തെ സാമ്പത്തികവളര്‍ച്ചയെ കൊവിഡ് പകർച്ചവ്യാധി ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ബാങ്ക് നിരക്കും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റിയും തുടർന്നും മാറ്റമില്ലാതെ തുടരാനും എംപിസി തീരുമാനിച്ചു.
വിപണി ഇടപെടൽ വർധിപ്പിക്കാൻ റിസർവ് ബാങ്ക്
ബോണ്ട് മാർക്കറ്റിന് മതിയായ പണലഭ്യത പിന്തുണയും ആർബിഐ ഗവർണർ ഉറപ്പുനൽകി, കൂടുതൽ ഓപ്പൺ മാർക്കറ്റ് പ്രവർത്തനങ്ങൾ (ഒഎംഒ) ആർബിഐ എംപിസി വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ തുടർന്നുളള ദിവസങ്ങളിൽ കേന്ദ്ര ബാങ്ക് വിപണിയിൽ നിന്ന് ബോണ്ടുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുമെന്ന സൂചന രാജ്യത്തിന്റെ കേന്ദ്ര ബാങ്ക് നൽകുന്നു. ആർബിഐയുടെ ചരിത്രത്തിൽ ആദ്യമായി സംസ്ഥാന വികസന വായ്പകൾ അല്ലെങ്കിൽ സംസ്ഥാനങ്ങൾ നൽകുന്ന ബോണ്ടുകൾ എന്നിവയിൽ ഒഎംഒ നടത്തും. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും വായ്പയെടുക്കൽ പരിപാടി നടത്തുന്നതിനോട് സെൻട്രൽ ബാങ്ക് സഹകരിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.
ഹ്രസ്വവും ദൈർഘ്യമേറിയതുമായ ബോണ്ട് നിരക്കുകളിൽ മാറ്റമുണ്ടായി, 10 വർഷത്തെ ബോണ്ട് വരുമാനം എട്ട് ബേസിസ് പോയിൻറ് കുറഞ്ഞ് 5.937 ശതമാനമായി. മൂന്ന് വർഷത്തെ ബോണ്ട് വരുമാനം 16 ബേസിസ് പോയിൻറ് കുറഞ്ഞു.
സെപ്റ്റംബർ അവസാനിച്ച രണ്ടാം പാദത്തിൽ ജിഡിപി 9.8 ശതമാനം ഇടിവ് സമ്പദ്‍വ്യവസ്ഥയിൽ ഉണ്ടായതായി റിസർവ് ബാങ്ക് കണക്കാക്കുന്നു. ഡിസംബർ അവസാനിക്കുന്ന മൂന്നാം പാദത്തിൽ 5.6 ശതമാനം ഇടിവും മാർച്ചിൽ അവസാനിക്കുന്ന നാലാം പാദത്തിൽ 0.5 ശതമാനം പോസിറ്റീവ് വളർച്ചയുമാണ് റിസർവ് ബാങ്ക് കണക്കാക്കുന്നത്. ജൂൺ അവസാനിച്ച ആദ്യ പാദത്തിൽ സമ്പദ് വ്യവസ്ഥ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
പുനരുജ്ജീവനത്തിന് മുൻഗണന
“കൊവിഡ് -19 പകർച്ചവ്യാധിയിൽ നിന്നുള്ള സമ്പദ്‍വ്യവസ്ഥയുടെ പുനരുജ്ജീവനമാണ് ധനനയത്തിന്റെ ഏറ്റവും ഉയർന്ന മുൻഗണനയെന്ന് എംപിസി അഭിപ്രായപ്പെടുന്നു, ” നയ പ്രസ്താവനയിൽ റിസർവ് ബാങ്ക് പറയുന്നു. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ പണപ്പെരുപ്പം നിയന്ത്രണത്തിലാകുമെന്നാണ് ആർബിഐ പ്രതീക്ഷിക്കുന്നത്.
എല്ലാ സൂചനകളും അനുസരിച്ച്, Q1: 2020-21 ത്തിലുണ്ടായ ആഴത്തിലുള്ള സങ്കോചങ്ങൾ നമ്മുടെ പരിഗണനയിലുണ്ട്. വൈറസിന്റെ മാരകമായ പ്രതിസന്ധി ഒഴിവാക്കാനും കൊവിഡിന് മുമ്പുള്ള വളർച്ചാ പാതയിലൂടെ മുന്നോട്ട് പോകാനും ഇന്ത്യ തയ്യാറാണ്, ”ആർബിഐ ഗവർണർ ശക്തികന്ത ദാസ് പറഞ്ഞു.
സാമ്പത്തിക വീണ്ടെടുക്കൽ പ്രധാനമായും "മൂന്ന് സ്പീഡ് റിക്കവറി" ഘട്ടങ്ങളിലൂടെ ആയിരിക്കുമെന്ന് ഗവർണർ പറഞ്ഞു, മേഖല-നിർദ്ദിഷ്ട യാഥാർത്ഥ്യങ്ങളെ ആശ്രയിച്ച് വീണ്ടെടുക്കൽ വേഗത വ്യത്യസ്തമായിരിക്കും. പകർച്ചവ്യാധി മൂലമുളള പ്രതിസന്ധികളോട് നന്നായി പ്രതിരോധം പ്രകടിപ്പിക്കുകയും നന്നായി പൊരുതുകയും ചെയ്യുന്ന മേഖലകളിൽ ആദ്യം വീണ്ടെടുക്കലുണ്ടാകും. കൃഷി, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ പുന: സ്ഥാപനം തുടരുന്നു, 2020-21ൽ ഭക്ഷ്യധാന്യ ഉൽപാദനം മറ്റൊരു റെക്കോർഡ് മറികടക്കുമെന്നാണ് ആദ്യകാല സൂചനകളിൽ നിന്ന് മനസ്സിലാകുന്നതെന്നും ഗവർണർ പറഞ്ഞു.
വായ്പ വിതരണം വർധിപ്പിക്കാനുളള നടപടികൾ സ്വീകരിച്ചു
ജൂലൈ മുതൽ ഓഗസ്റ്റ് വരെ പണപ്പെരുപ്പം 6.7 ശതമാനമായി രേഖപ്പെടുത്തി. സെപ്റ്റംബർ അവസാനിച്ച പാദത്തിൽ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം (സിപിഐ) 6.8 ശതമാനവും നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ 5.4 -4.5 ശതമാനവും അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 4.3 ശതമാനവുമായിരിക്കുമെന്ന് എംപിസി പ്രവചിച്ചു
നിരവധി മാസങ്ങളായി പണപ്പെരുപ്പം ലക്ഷ്യമിട്ട നിരക്കിനെക്കാൾ മുകളിലാണ്. അടിസ്ഥാനപരമായ സപ്ലൈ ഷോക്കുകളാണ് ഇത്തരത്തിലൊരു അവസ്ഥയ്ക്ക് കാരണമെന്ന് എംപിസി വിലയിരുത്തുന്നു, ഇത് സമ്പദ് വ്യവസ്ഥ അൺലോക്ക് ചെയ്യുകയും വിതരണ ശൃംഖലകൾ പുന: സ്ഥാപിക്കപ്പെടുകയും ചെയ്യുമ്പോൾ സാധാരണ നിലയിലാകുമെന്നാണ് റിസർവ് ബാങ്ക് കണക്കാക്കുന്നത്. രാജ്യത്തെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുന്നതിന്റെ ഭാഗമായി വായ്പ വിതരണം വർധിപ്പിക്കാനുളള നടപടികൾ സ്വീകരിച്ചതായും ആർബിഐ വ്യക്തമാക്കി.