ഇലപ്പൊട്ട് രോഗവും കൊവിഡ് പ്രതിസന്ധിയും മൂലം റബർ ഇറക്കുമതി കുറഞ്ഞു; ഷീറ്റ് റബർ വാങ്ങൽ വർധിപ്പിച്ച് കമ്പനികൾ
പോയ വർഷം ഏപ്രിലിൽ 44,734 ടൺ റബർ രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത സ്ഥാനത്ത് ഈ വർഷം സമാനകാലയളവിൽ അത് 29,126 ടണ്ണായി ഇടിഞ്ഞു.
കോട്ടയം: വിപണിയിൽ ഇന്ത്യൻ റബറിന് പ്രിയമേറുന്നു. അന്താരാഷ്ട്ര തലത്തിൽ റബർ വിപണിയിൽ ക്ഷാമമുണ്ടായതാണ് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന റബറിന് ആവശ്യകത വർധിക്കാൻ കാരണം. റബറിന്റെ ഇറക്കുമതിയിൽ ഇടിവ് തുടരുകയാണ്. കൊവിഡ് പ്രതിസന്ധികളെ തുടർന്ന് വിയറ്റ്നാമിലെ ഉൽപ്പാദനം ഇടിയുകയും ഇന്തോനേഷ്യ തുടങ്ങിയ മറ്റ് ഉൽപ്പാദന രംഗത്ത് മുന്നിലുളള രാജ്യങ്ങളിൽ ഇലപ്പൊട്ട് രോഗം പടർന്നുപിടിച്ചതുമാണ് അന്താരാഷ്ട്ര തലത്തിലെ പ്രതിസന്ധി രൂക്ഷമാകാൻ ഇടയാക്കിയത്.
എന്നാൽ, മിക്ക സംസ്ഥാനങ്ങളിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ടയറിതര റബർ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന കമ്പനികളിൽ ഉൽപ്പാദനം കുറഞ്ഞു. ഇതോടെ ഇത്തരം കമ്പനികൾ റബർ ലാറ്റക്സ് വാങ്ങുന്നത് കുറഞ്ഞിട്ടുണ്ട്. ഇത് മേഖലയിൽ ആശങ്ക വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. ടയർ വ്യവസായ രംഗത്തെ കമ്പനികൾ സംഭരണം ഉയർത്തിയതായി ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് ഗുണകരമാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഉത്തരേന്ത്യൻ കമ്പനികൾ ഷീറ്റ് റബർ വാങ്ങുന്നതും വർധിപ്പിച്ചിട്ടുണ്ട്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും വ്യാപാരത്തിന് രണ്ട് ദിവസം ഇളവ് അനുവദിച്ചത് വിപണിക്ക് ഉണർവായിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ചില ആശയക്കുഴപ്പങ്ങൾ തുടരുന്നതായും ഈ മേഖലയിലുളളവർ പറയുന്നു. പോയ വർഷം ഏപ്രിലിൽ 44,734 ടൺ റബർ രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത സ്ഥാനത്ത് ഈ വർഷം സമാനകാലയളവിൽ അത് 29,126 ടണ്ണായി ഇടിഞ്ഞു.
റബറിന്റെ വിപണി നിരക്ക് കിലോഗ്രാമിന് 171 രൂപയിലേക്ക് വരെ ഉയർന്നിരുന്നു. നിലവിൽ നിരക്ക് (ആർഎസ്എസ് നാല്) 169.50 രൂപയിലേക്ക് താഴ്ന്നിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona