അന്താരാഷ്ട്ര എണ്ണ വില കുതിച്ചയരുന്നു: പ്രശ്നത്തിൽ ഇടപെടാൻ അമേരിക്ക; തീരുമാനമെടുക്കാതെ ഒപെക് പ്ലസ് കൂട്ടായ്മ
എണ്ണവില നിലവിലെ നിലവാരത്തേക്കാൾ ഉയരുന്നത് കാണാൻ തന്റെ രാജ്യം ആഗ്രഹിക്കുന്നില്ലെന്നും 10 ദിവസത്തിനുള്ളിൽ പുതിയ ഒപെക് പ്ലസ് മീറ്റിംഗിന് തീയതി നിശ്ചയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇറാഖ് എണ്ണ മന്ത്രി ഇഹ്സാൻ അബ്ദുൽ ജബ്ബാർ തിങ്കളാഴ്ച പറഞ്ഞു.
ദോഹ: ആഗോള ഡിമാൻഡ് വർദ്ധിക്കുന്നതിനിടെ വിതരണം ഉയർത്താനുള്ള പദ്ധതികളിൽ നിന്ന് ഒപെക് പ്ലസ് രാജ്യങ്ങൾ പിന്മാറിയതിനെ തുടർന്ന് ക്രൂഡ് നിരക്ക് കുതിച്ചുയർന്നു. 2014 ന് ശേഷമുളള ഏറ്റവും ഉയർന്ന നിരക്കിലേക്ക് യുഎസ് ക്രൂഡ് എത്തി.
ബ്രെൻറ് ക്രൂഡ് 62 സെൻറ് അഥവാ 0.8 ശതമാനം ഉയർന്ന് ബാരലിന് 77.78 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ 1.75 ഡോളർ അഥവാ 2.3 ശതമാനം ഉയർന്ന് 76.91 ഡോളറിലെത്തി. ഇത് 2014 നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.
ക്രൂഡ് കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും റഷ്യയും മറ്റുള്ള ഉൽപ്പാദകരും ചേർന്ന ഒപെക് പ്ലസ് കൂട്ടായ്മയിലെ മന്ത്രിമാർക്കിടയിൽ നടന്ന ചർച്ച അലസിപ്പിരിഞ്ഞിരുന്നു. ഉൽപാദന വർദ്ധനവിനൊപ്പം പോകുമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് വ്യക്തമാക്കി. 2022 അവസാനം വരെ നിയന്ത്രണങ്ങൾ നീട്ടാനുള്ള പ്രത്യേക നിർദ്ദേശം യുഎഇ നിരസിച്ചതിനെത്തുടർന്ന് കരാറിലേക്ക് എത്താതെ ചർച്ച പരാജയപ്പെടുകയായിരുന്നു.
ഒപെക് പ്ലസ് ഈ മാസം ചർച്ചകൾ പുനരാരംഭിക്കുമെന്നും ഓഗസ്റ്റ് മുതൽ ഉൽപ്പാദനം വർധിപ്പിക്കുന്നത് പരിഗണനയ്ക്ക് എത്തുമെന്നും ചില ഒപെക് പ്ലസ് വൃത്തങ്ങൾ അഭിപ്രായപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒപെക് പ്ലസ് ചർച്ചയിൽ ഒത്തുതീർപ്പ് പരിഹാരത്തിനായി ബൈഡൻ ഭരണകൂടം ശ്രമിക്കുന്നതായി വൈറ്റ് ഹൗസ് വക്താവ് തിങ്കളാഴ്ച പറഞ്ഞു.
എണ്ണവില നിലവിലെ നിലവാരത്തേക്കാൾ ഉയരുന്നത് കാണാൻ തന്റെ രാജ്യം ആഗ്രഹിക്കുന്നില്ലെന്നും 10 ദിവസത്തിനുള്ളിൽ പുതിയ ഒപെക് പ്ലസ് മീറ്റിംഗിന് തീയതി നിശ്ചയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇറാഖ് എണ്ണ മന്ത്രി ഇഹ്സാൻ അബ്ദുൽ ജബ്ബാർ തിങ്കളാഴ്ച പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona