ആഗോള വിപണി തിരിച്ചുവരവിന്റെ പാതയിൽ; കൊവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായി ഇന്ത്യൻ തുറമുഖങ്ങൾ
വിശാഖപട്ടണം തുറമുഖത്തും ചരക്ക് ഗതാഗതം ഭാഗികമായി തടപ്പെട്ടിട്ടുണ്ട്. ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് ഹിന്ദുസ്ഥാൻ പെട്രോളിയം പ്രധാനമായും ആശ്രയിക്കുന്നത് വിശാഖപട്ടണത്തെയാണ്.
ദില്ലി: കൊവിഡിന്റെ പിടിയിൽ നിന്ന് ആഗോള വിപണി തിരിച്ചുവരവിന്റെ പാതയിലേക്ക് ഉയർന്നപ്പോൾ ഇന്ത്യൻ തുറമുഖങ്ങളിൽ കൊവിഡിന്റെ രണ്ടാം തരംഗം വരുത്തിയിരിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഇത് ഷിപ്പിങ് വൈകാനും കാരണായേക്കുമെന്നും അത് തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇന്ത്യൻ വിപണിക്ക് തിരിച്ചടിയായേക്കുമെന്നാണ് വിവരം.
മെയ് 24 വരെ സജീവമായി പ്രവർത്തിച്ച് വന്ന കാരയ്ക്കൽ തുറമുഖം കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് വെബ്സൈറ്റിൽ പുറത്തുവിട്ട നോട്ടീസ് പറയുന്നു. സ്വകാര്യ മേഖലയിൽ ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമാണിത്. കൽക്കരി, പഞ്ചസാര, പെട്രോളിയം തുടങ്ങിയ ഉൽപ്പന്നങ്ങളാണ് ഇവിടുത്തെ പ്രധാനപ്പെട്ടവ. ഒഡിഷയിലെ ഗോപാൽപുർ തുറമുഖവും ഐഎച്ച്എസ് മാർക്കിറ്റ് റിപ്പോർട്ട് പ്രകാരം പ്രതിസന്ധി നേരിടുന്നുണ്ട്.
വിശാഖപട്ടണം തുറമുഖത്തും ചരക്ക് ഗതാഗതം ഭാഗികമായി തടപ്പെട്ടിട്ടുണ്ട്. ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് ഹിന്ദുസ്ഥാൻ പെട്രോളിയം പ്രധാനമായും ആശ്രയിക്കുന്നത് വിശാഖപട്ടണത്തെയാണ്. എന്നാൽ ഓഫ്ഷോർ മൂറിങ് സൗകര്യം ഉപയോഗിക്കുന്നതിനാൽ ഇത് തടസപ്പെട്ടിട്ടില്ല.
ഈ മാസം ഇന്ത്യയിലേക്ക് 21.9 ദശലക്ഷം ടൺ കാർഗോ എത്തേണ്ടതാണ്. എന്നാൽ, പ്രധാന തുറമുഖങ്ങളിൽ തൊഴിലാളികളുടെ എണ്ണക്കുറവ് തിരിച്ചടിയാണെന്ന് ഐഎച്ച്എസ് മാർകിറ്റ് അസോസിയേറ്റ് ഡയറക്ടർ പ്രണയ് ശുക്ല പറയുന്നു. ഇത് ഇന്ത്യയിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെയും ബാധിച്ചേക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona