എട്ടിന കർമ്മപദ്ധതി: ആരോഗ്യ മേഖലയ്ക്ക് 50,000 കോടി, കുട്ടികളുടെ ആരോഗ്യ പരിപാലനത്തിന് അധിക വിഹിതം
”ഈ ഫണ്ട് (23,200 കോടി രൂപ) ഈ സാമ്പത്തിക വർഷത്തിൽ തന്നെ ചെലവഴിക്കും. പ്രാഥമിക ശ്രദ്ധ കുട്ടികളുടെ ആരോഗ്യ പരിപാലനത്തിനാണ്, എന്നാൽ മറ്റുള്ളവർക്കും ഇതിന്റെ ഗുണം ലഭിക്കും, ”സീതാരാമൻ പറഞ്ഞു.
ടിയർ രണ്ട്, മൂന്ന് നഗരങ്ങളിൽ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് 50,000 കോടി രൂപയുടെ പദ്ധതിയും ശിശുരോഗ പരിചരണത്തിൽ പ്രാഥമിക ശ്രദ്ധ ലക്ഷ്യമിട്ട് 23,220 കോടി രൂപ അധിക വിഹിതവും ധനമന്ത്രി പ്രഖ്യാപിച്ചു. എട്ടിന കർമ്മപദ്ധതി ഉൾപ്പെടുത്തിയ അധിക കൊവിഡ് പാക്കേജിലെ സുപ്രധാന പ്രഖ്യാപനങ്ങളാണിത്.
ആരോഗ്യ മേഖലയ്ക്കുളള വായ്പാ ഗ്യാരണ്ടി പദ്ധതി പ്രകാരം പുതിയ പ്രോജക്ടുകൾക്ക് 75 ശതമാനവും വിപുലീകരണ മോഡിൽ 50 ശതമാനം കവറേജ് നൽകും. 100 കോടി രൂപ വരെ പരമാവധി വായ്പ മൂന്ന് വർഷം വരെ 7.95 ശതമാനം പലിശ നിരക്കിൽ നൽകും.
”എട്ട് മെട്രോ നഗരങ്ങൾ ഒഴികെയുള്ള മറ്റെല്ലാ മേഖലകളിലെയും ആരോഗ്യ അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ആസ്പിറേഷണൽ ജില്ലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിൽ 65 ശതമാനം സാമ്പത്തിക വിഹിതം നൽകും, ” ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
വായ്പാ ഗ്യാരണ്ടി പ്രഖ്യാപനം കൊണ്ട് മാത്രം മെട്രോ ഇതര ഇടങ്ങളിൽ നിക്ഷേപം വർധിപ്പിക്കാനാകില്ലെന്നാണ് വ്യവസായ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ”യോഗ്യതയുള്ള ഡോക്ടർമാരുടെ ഒരു കൂട്ടം സൃഷ്ടിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് സർക്കാർ ചിന്തിക്കണം. മെഡിക്കൽ ഓഫീസർമാരുടെ ലഭ്യതയില്ലെങ്കിൽ ഒരു ആശുപത്രിയും പ്രവർത്തിക്കില്ല, ”അസോസിയേഷൻ ഓഫ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് ഡയറക്ടർ ജനറൽ ഗിർധർ ഗ്യാനി ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.
മെഡിക്കൽ, നഴ്സിംഗ് വിദ്യാർത്ഥികളെ നിയമിക്കുന്നതിനൊപ്പം ഐസിയു കിടക്കകളുടെ ലഭ്യത, കേന്ദ്ര, ജില്ലാ, ഉപജില്ലാ തലങ്ങളിൽ ഓക്സിജൻ വിതരണം എന്നിവ വർദ്ധിപ്പിക്കാനും മൊത്തത്തിലുളള മാനവ വിഭവശേഷി വർദ്ധിപ്പിക്കുന്നതിനും 23,220 കോടി രൂപ ഉപയോഗിക്കുമെന്നാണ് ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.
ഉപകരണങ്ങൾ, മരുന്നുകൾ, ടെലികൺസൾട്ടേഷൻ, ആംബുലൻസ് സേവനങ്ങൾ എന്നിവയ്ക്ക് അധിക വിഹിതം നൽകും. ശിശു പരിപാലനത്തിനുപുറമെ, പരിശോധനാ ശേഷിയും ഡയഗ്നോസ്റ്റിക്സും വർദ്ധിപ്പിക്കുന്നതിനും നിരീക്ഷണത്തിനും ജീനോം സീക്വൻസിംഗിനുമുള്ള ശേഷി ശക്തിപ്പെടുത്തുന്നതിനും ഈ ഫണ്ടുകൾ ഉപയോഗിക്കും.
”ഈ ഫണ്ട് (23,200 കോടി രൂപ) ഈ സാമ്പത്തിക വർഷത്തിൽ തന്നെ ചെലവഴിക്കും. പ്രാഥമിക ശ്രദ്ധ കുട്ടികളുടെ ആരോഗ്യ പരിപാലനത്തിനാണ്, എന്നാൽ മറ്റുള്ളവർക്കും ഇതിന്റെ ഗുണം ലഭിക്കും, ”സീതാരാമൻ പറഞ്ഞു.
കഴിഞ്ഞ ദശകങ്ങളായി ആരോഗ്യമേഖലയെ അവഗണിക്കുകയായിരുന്നെന്നും ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. 2020-21 കാലയളവിൽ 15,000 കോടി രൂപയുടെ അടിയന്തര ആരോഗ്യ സംവിധാന പദ്ധതി കൊണ്ടുവന്നതായി ധനമന്ത്രി അറിയിച്ചു. കൊവിഡ് ആശുപത്രികളിൽ 25 മടങ്ങ് വർദ്ധനവ്, ഓക്സിജൻ കിടക്കകളിൽ 7.5 മടങ്ങ് വർദ്ധനവ്, ഐസുലേഷൻ ബെഡ്ഡുകളിൽ 42 മടങ്ങ് വർദ്ധനവ്, ഐസിയു ബെഡ്ഡുകളിൽ 45 മടങ്ങ് വർദ്ധനവ് എന്നിവ ഈ ഫണ്ടിലൂടെ സാധ്യമാക്കിയതായി അവർ പറഞ്ഞു. 7,929 കൊവിഡ് ആരോഗ്യ കേന്ദ്രങ്ങൾ, 9,954 കൊവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കുന്നതിനും ഈ വിഹിതം ഉപയോഗിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona