കൊവിഡിന്റെ പ്രഹരം മർമ്മത്തിൽ തന്നെ, സിക്കിമിന് 600 കോടിയുടെ നഷ്ടം
ഇതുവരെ 5,600 കൊവിഡ് കേസുകൾ ഇവിടെ സ്ഥിരീകരിച്ചു. 120 പേർ മരണത്തിന് കീഴടങ്ങി.
ഗാങ്ടോക്: വെറും ഏഴ് ലക്ഷം മാത്രമാണ് സിക്കിം എന്ന ഇന്ത്യൻ സംസ്ഥാനത്തിലെ ആകെ ജനസംഖ്യ. ഹിമാലയൻ താഴ്‌വരയുടെ ദൃശ്യഭംഗിയും ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളാണ് ഈ സംസ്ഥാനത്തിന്റെ മജ്ജയും മാംസവും. എന്നാൽ, കൊവിഡ് മഹാമാരിയെ തുടർന്ന് സാമ്പത്തിക രംഗം ഏറെക്കുറെ നിശ്ചലമായത് ഈ സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.
സംസ്ഥാനത്തിന്റെ ടൂറിസം രംഗത്തിന് 600 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സിക്കിം ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ ചെയർമാൻ ലുകേന്ദ്ര റസൈലി പറയുന്നത്.
മെയ് മാസത്തിലെ അവസാന വാരം ദില്ലിയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ വിദ്യാർത്ഥിക്ക് കൊവിഡ് ബാധിക്കുന്നത് വരെ ഒരിക്കൽ പോലും ഒരു കൊറോണ കേസ് പോലും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നില്ല. പിന്നെയും രണ്ട് മാസം കഴിഞ്ഞാണ് ഇവിടെ ഒരു കൊറോണ മരണം ഉണ്ടായതും.
എന്നാൽ, പിന്നീട് സംസ്ഥാനത്തെ നാല് ജില്ലയിലേക്കും കൊറോണ വ്യാപിച്ചു. ഇതുവരെ 5,600 കൊവിഡ് കേസുകൾ ഇവിടെ സ്ഥിരീകരിച്ചു. 120 പേർ മരണത്തിന് കീഴടങ്ങി. മാർച്ചിൽ അടച്ചിട്ട അതിർത്തികൾ ഇനിയും സഞ്ചാരികൾക്ക് വേണ്ടി തുറക്കാൻ സംസ്ഥാനത്തിന് സാധിച്ചിട്ടില്ല.