രണ്ടോ മൂന്നോ ആഴ്ച കൂടി കഴിഞ്ഞാല്‍ സ്ഥിതി പ്രതികൂലമായേക്കാം !, കൊറോണ ഇന്ത്യയെ ഭയപ്പെടുത്തുന്നു
കൊറോണ വൈറസ് സമ്പദ്‌വ്യവസ്ഥയെ ബാധിച്ചെങ്കിലും, "പാനിക് ബട്ടൺ" ഉടൻ അമർത്തേണ്ട ആവശ്യമില്ലെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ പറയുന്നത്.
കൊറോണ വൈറസ് ഇന്ന് മനുഷ്യ സമൂഹത്തിനെ പേടിയിലാഴ്ത്തിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള മനുഷ്യർ അതിന്‍റെ രാക്ഷസവലയത്തിൽ അകപ്പെടുമോ എന്നുള്ള ഭീതിയിലാണ്. സ്വാഭാവികമായും സാമ്പത്തിക മേഖലയും അതെ ഭീതിയിലാണ്.
ഈ ഭയം നമ്മുടെ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. മെക്കെൻസി മാനേജിങ് ഡയറക്ടർ ആയിട്ടുള്ള കെവിൻ സ്നിടർ സി എൻ ബി സി ടെലിവിഷന് കൊടുത്ത അഭിമുഖത്തിൽ പറയുന്നത് പ്രകാരം “ചൈനീസ് സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണു വന്നിട്ടുള്ളതു. ഈ കുറവ് ടൂറിസം മേഖലയെ ആകെ ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. സ്വാഭാവികമായും ചൈനീസ് വിദേശ സഞ്ചാരികളെ ആശ്രയിച്ചിരുക്കുന്ന രാജ്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കാം”.
ഇറക്കുമതി -കയറ്റുമതി മേഖലയെ കൊറോണ വൈറസ് ബാധിച്ചത് ആഗോള സപ്ലൈ ചെയിൻ ശൃംഖലയെ തന്നെ തകിടം മറിച്ചിരിക്കുകയാണ്. ലോക ബാങ്കിൻറെ കാഴ്ചപ്പാട് പ്രകാരം 2020ന്റെ ആദ്യ പകുതിയിൽ ലോക സാമ്പത്തിക വളർച്ചയിൽ രണ്ടര ശതമാനം ഇടിവ് ഉണ്ടാകാൻ സാധ്യതയുണ്ട്.
ഇന്ത്യൻ സാമ്പത്തിക മേഖലയുടെ കാര്യത്തിലേക്ക് വന്നാൽ, ജനുവരി മാസത്തിൽ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ബാധയുടെ ഫലം ഇന്ത്യൻ സാമ്പത്തിക മേഖലയിൽ കാണാൻ തുടങ്ങുന്നത് ഏകദേശം ഫെബ്രുവരി മാസാവസാനമാണ്. ഇന്ത്യയെ സമ്പത്തിച്ചിടത്തോളം ഉല്‍പ്പാദന കമ്മി അതിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്നു. ഇതിനുള്ള പ്രധാന കാരണം ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ ഉണ്ടായ ഇടിവാണ്. ശതകോടീശ്വരന്മാരുടെ മൂല്യവിഹിതത്തിൽ കുറവുണ്ടായിരിക്കുന്നു. സെൻസെക്സിൽ ഇടിവ് വന്നിരിക്കുന്നു. ഇതെല്ലാം ഒരു സാമ്പത്തിക മാറ്റത്തിനു തുടക്കം കുറിക്കുന്ന ഇന്ത്യക്ക് കുറച്ചു കാലത്തേക്കെങ്കിലും പ്രതികൂലമായി മാറാം.
വില ഇടിഞ്ഞ് ക്രൂഡ് ഓയില്‍ !
കൊറോണ വൈറസ് സമ്പദ്‌വ്യവസ്ഥയെ ബാധിച്ചെങ്കിലും, "പാനിക് ബട്ടൺ" ഉടൻ അമർത്തേണ്ട ആവശ്യമില്ലെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ പറയുന്നത്. പക്ഷേ പ്രശ്നങ്ങൾ രണ്ടോ മൂന്നോ ആഴ്ച കൂടി നീണ്ടുനിൽക്കുകയാണെങ്കിൽ കാര്യങ്ങൾ വെല്ലുവിളിയാകും. ചൈനയിൽ നിന്നുള്ള അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന ഫാർമസ്യൂട്ടിക്കൽ, ഇലക്ട്രോണിക് വ്യവസായങ്ങൾക്ക് വലിയ പ്രതിസന്ധിയുണ്ടായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നത്.
ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യമായ ചൈനയുടെ ക്രൂഡ് ഓയിൽ ഡിമാൻഡിലുള്ള ഇടിവാണ് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയാനുള്ള പ്രധാന കാരണം. ക്രൂഡ് ഓയിൽ വില കുറയുന്നതുമൂലം പെട്രോൾ/ഡീസൽ വില കുറഞ്ഞാൽ സാധാരണ ഉപഭോക്താവിനെ സംബന്ധിച്ച് അത് ആശ്വാസകരമാണ്. എന്നിരുന്നാലും കുറഞ്ഞ ക്രൂഡ് ഓയിൽ ഡിമാൻഡ് ആഗോള സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കാം. ക്രൂഡ് ഓയിൽ വിലക്കുറവ് ഇന്ത്യക്ക് ഗുണകരമാണ്. ക്രൂഡ് ഓയിലിലുള്ള വിലയിടിവ് ഗൾഫ് മേഖലയെ ആകും പ്രതിസന്ധിയിലാക്കുക. ക്രൂഡ് ഓയിൽ വിലയിടിവിനെ എങ്ങനെ നേരിടാം എന്ന് തീരുമാനിക്കാനായി ഒപെക് രാഷ്ട്രങ്ങളുടെ സംയുക്ത ചർച്ച അടുത്ത മാസം തീരുമാനിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ എല്ലാ കണ്ണുകളും അടുത്ത മാസം കൂടുന്ന ഒപെക് രാഷ്ട്രങ്ങളുടെ ചർച്ചയിലാണ്.
തിരുച്ചിറപ്പള്ളി ഐഐഎമ്മിലെ മാനേജ്മെന്‍റ് വിദ്യാര്‍ത്ഥിയാണ് ലേഖകന്‍