ലോകത്ത് സ്വർണഖനികൾ ശൂന്യമാകുന്നു, ഭാവി ആവശ്യങ്ങൾക്ക് വേണ്ടിയുളള സ്വർണം എവിടുന്ന് കിട്ടും !

ചെറുതും വലുതുമായ പല ഖനികളിലും സ്വർണം തിർന്നു എന്ന രീതിയിലുള്ള ഖനനമാണ് ഇപ്പോൾ നടക്കുന്നത്. 

consumption of gold resources and its uses

ലോകത്ത് ഇപ്പോൾ സ്വർണത്തിന്റെ ഉപയോഗം വർഷാ വർഷം കൂടി വരുകയാണ്. എന്നാൽ, മറുവശത്ത് അതിന്റെ ഖനനം സാധ്യതകൾ കുറയുകയാണ്. സ്വർണം ജനങ്ങളുടെ സമ്പത്തിന്റെ കലവറ, അഭിമാനത്തിന്റെ അടയാളം എന്നതിൽ നിന്നും വ്യത്യസ്തമായി ഒരുപാട് ഇലക്ട്രോണിക്ക് ഉൽപന്നങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത ഘടകം കൂടിയാണ്. നിക്ഷേപം, ആഭരണ എന്നതിലുപരി സ്വർണത്തിന്റെ പ്രാധാന്യം വ്യവസായ രംഗത്തും കൂടിവരുകയാണ്.

സ്വർണം പരിമിതമായ ഒരു വിഭവസമ്പത്താണ്. അത് ഖനനം ചെയ്തെടുക്കാൻ ലോകത്ത് ആരുമില്ലാത്ത ഒരവസ്ഥ ഭാവിയിൽ വന്നേക്കാം. എന്നാൽ, സ്വർണം തീർന്നു പോകുമോ എന്നുള്ള ആശങ്ക അസ്ഥാനത്താണ്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ (WGC) കണക്കനുസരിച്ച് 2019 ൽ സ്വർണഖനികളിൽ നിന്നുളള മഞ്ഞലോഹത്തിന്റെ ഉൽപാദനം ആകെ 3531 ടണ്ണാണ്. 2018 ലെ ഉൽപാദനത്തിനേക്കാൾ ഒരു ശതമാനം കുറവാണിത്. 2008 മുതൽ 2018 വരെ ഓരോ വർഷവും ഉൽപാദനം കൂടുകയായിരുന്നു. എന്നാൽ, പോയ വർഷം ഉൽപ്പാദന ഗ്രാഫ് താഴുകയാണുണ്ടായത്. ഇത് താൽക്കാലികമായുണ്ടായ ഒരു ഇടിവ് അല്ല.

വരും വർഷങ്ങളിൽ സ്വർണഖനികളിലെ ഉൽപാദനം മന്ദഗതിയിലാകുകയോ കുറയുകയോ ചെയ്യാമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട സംഘടനകളും വിദഗ്ധരും അഭിപ്രായപ്പെടുന്നത്. നിലവിലെ ഖനികളിലെ സ്വർണശേഖരം തീർന്നു പോകുകയോ പുതിയ ഖനികളുടെ കണ്ടെത്തലുകൾ ദുർലഭമാവുകയോ ചെയുന്നതിനാലാണിഞ്ഞനെ സംഭവിക്കുന്നത്. സ്വർണത്തിന്റെ ഉപയോഗം വർദ്ധിക്കുമ്പോഴും ഉൽപ്പാദനത്തിൽ ഗണ്യമായ കുറവ് സംഭവിക്കാമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

60 ശതമാനവും ഉപരിതല ഖനനം

പഴയതും നിലവിലുള്ളതുമായ ഖനികൾ മിക്കവയും കരുതൽ ഖനികളാണ്. പുതിയ ഭൂപ്രദേശങ്ങൾ കണ്ടെത്തി ഉറവിടങ്ങളുണ്ടാക്കുന്നതിനുള്ള പരിശ്രമങ്ങൾ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ സർക്കാരുകളും കോർപ്പറേറ്റുകളും നടത്തിവരുകയാണെന്നതാണ് സത്യം.

പുതിയ ഖനികൾ ഇപ്പോഴും കണ്ടെത്താനുണ്ടെങ്കിലും വലിയ തോതിലുളള നിക്ഷേപങ്ങളുടെ സാന്നിധ്യം അപൂർവ്വമാണ്. അതിനാൽ മിക്ക സ്വർണ ഉൽപാദനവും പഴയ ഖനികളിൽ നിന്നു തന്നെയാണ്. സ്വർണ ഖനനം ചെലവേറിയതാണ്, അതിനാൽ ലോഹത്തിന്റെ സാന്നിധ്യം കൂടിയ ഇടങ്ങളിൽ മാത്രമാണ് ഖനനത്തിന് മുതിരുന്നത്. ഇന്ന് ലോകത്ത് നടക്കുന്ന ഖനന പ്രവർത്തനത്തിന്റെ 60 ശതമാനവും ഉപരിതല ഖനനമാണ്. അതിവിശാലമായ ഖനന മേഖലകൾ കുഴിക്കാൻ ധാരാളം യന്ത്രങ്ങളും മനുഷ്യ പ്രയത്നങ്ങളും ആവശ്യമാണ്. കൂടാതെ പരിസ്ഥിതിയിൽ ഖനനം മൂലമുളള ആഘാതം കൂടുതലുമാണ്. ലോകത്ത് 40 ശതമാനം ഖനനം മാത്രമേ ഭൂമിയുടെ അടിത്തട്ട് വഴി നടക്കുന്നുള്ളു.

ചെറുതും വലുതുമായ പല ഖനികളിലും സ്വർണം തിർന്നു എന്ന രീതിയിലുള്ള ഖനനമാണ് ഇപ്പോൾ നടക്കുന്നതിനാൽ, ഇത് ഖനന പ്രവർത്തനം ഏറെ കഠിനമാവുകയാണ്. വലിയ തോതിൽ ഖനനം നടക്കുന്ന ചൈനയിലെ ഖനികൾ വളരെ ചെറുതും ചെലവേറിയതുമാണ്. താരതമ്യേന പര്യവേക്ഷണം ചെയ്യാത്ത പ്രദേശങ്ങൾ സ്വർണ ഖനനത്തിനായി അവശേഷിക്കുന്നുണ്ടെന്നാണ് വിശ്വാസം... പശ്ചിമ ആഫ്രിക്ക പോലുള്ള പ്രദേശങ്ങൾ ഇത്തരത്തിലുളള ഇടങ്ങളാണെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.

ദക്ഷിണാഫ്രിക്കയിലെ ഖനി

അമേരിക്കൻ ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് 190000 ടൺ സ്വർണമാണ് ഇതുവരെ ലോകത്ത് ഖനനം ചെയ്തിട്ടുള്ളത്. 50000 ടണ്ണോളം സ്വർണം ഇനിയും ഖനനം ചെയ്യാനുണ്ടാകുമെന്നാണ് അവർ പറയുന്നത്. പുതിയ സാങ്കേതിക വിദ്യകളായ സ്മാർട്ട് ഡേറ്റാ മൈനിംഗ് പോലുള്ളവ ഉപയോഗിച്ചാകും കഠിനമായ പുതിയ ഖനികൾ ആരംഭിക്കുക. ഈ രംഗത്തെ സാങ്കേതിക വിദ്യ വികസന പ്രവർത്തനങ്ങൾ ഇന്ന് വലിയതോതിൽ തുടരുകയാണ്. റോബോട്ടിക്ക് സംവിധാനങ്ങൾ ഇപ്പോൾ തന്നെ ഖനികളിൽ ഉപയോഗിച്ചു വരുന്നുണ്ട്. സാധാരണ ഉണ്ടാകുന്നതിനെക്കാൾ ചെലവ് കുറയുമെന്നതും ഖനി അപകടങ്ങൾ കുറയ്ക്കാമെന്നതുമാണ് സങ്കേതിക വിദ്യയുടെ വികസനത്തിന്റെ ഗുണപരമായ വശം.

ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉൽപാദിപ്പിക്കപ്പെടുന്നത് ദക്ഷിണാഫ്രിക്കയിലെ വൈറ്റ് വാട്ടർ റൗണ്ട് ബേസിനിൽ നിന്നാണ്. ഇതുവരെ ഖനനം ചെയ്തിട്ടുള്ള സ്വർണത്തിന്റെ ഏകദേശം 30% വൈറ്റ് വാട്ടർ റൗണ്ട് ബേസിൻ ഖനിയിൽ നിന്നാണ്. ഓസ്ട്രേലിയയിലെ സൂപ്പർ പിറ്റ്, ന്യൂമോണ്ട്ബോഡിംഗ്റ്റൺ, ഇൻഡോനേഷ്യയിലെ ഗ്രാസ് ബർഗ്, യുഎസിലെ നെവാഡ, ചൈനയിലെ എംപോനെംഗ് തുടങ്ങിയവയാണ് മറ്റ് പ്രധാന സ്വർണഖനന മേഖലകൾ. ഇന്ത്യയിൽ ചില സ്ഥലങ്ങളിൽ സ്വർണമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും വ്യാപകമായി വ്യാവസായികാടിസ്ഥാനത്തിൽ ഖനനം ചെയ്തു തുടങ്ങിയിട്ടില്ല. റഷ്യ, കാനഡ, പെറു തുടങ്ങിയ രാജ്യങ്ങളും പ്രധാന ഉൽപാദകരാണ്. ഗോൾഡിന്റെ നവാഡ ഗോൾഡ് മൈനാണ് ലോകത്തിലെ ഏറ്റവും വലിയ ഒറ്റ സ്വർണ ഖനന സ്ഥാപനം. പ്രതിവർഷം 3.5 ദശലക്ഷം പെട്ടി സ്വർണത്തരികളാണ് അവർ ഉൽപാദിപ്പിക്കുന്നത്.

അന്റാർട്ടിക്കിലും സ്വർണ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കാലാവസ്ഥ കഠിനമായതിനാൽ ഖനനം സാധ്യമല്ല. സമുദ്രതലത്തിലും സ്വർണം സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പഠന ഗവേഷണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ചന്ദ്രനിൽ സ്വർണത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയുണ്ടെങ്കിലും ഖനന ചെലവുകൾ സ്വർണത്തിന്റെ മൂല്യത്തേക്കാൻ കൂടുതലാകും ! പരിസ്ഥിതി സൗഹാർദ്ദ മാർഗങ്ങളിലൂടെ ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാനുള്ള ശ്രമങ്ങളും ലോകത്ത് തുടരുകയാണ്.

- ലേഖകനായ അഡ്വ എസ് അബ്ദുൽ നാസർ, ഓൾ ഇന്ത്യ ജം ആൻറ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ദേശീയ ഡയറക്ടറും ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററുമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios