കൈത്തറി ഉൽപ്പാദനം ഇരട്ടിയാക്കുക, കയറ്റുമതി നാല് മടങ്ങ് ഉയർത്തുക: കർമ്മപദ്ധതി തയ്യാറാക്കാൻ കേന്ദ്ര സർക്കാർ
നിലവിൽ രാജ്യത്ത് നിന്നുളള കൈത്തറി കയറ്റുമതി 2,500 കോടി രൂപയും ആകെ വാർഷിക ഉൽപ്പാദനം 60,000 കോടി രൂപയുടേതുമാണ്.
ദില്ലി: കൈത്തറി ഉൽപ്പാദനം ഇരട്ടിയാക്കാനും കയറ്റുമതി നാല് മടങ്ങ് വർധിപ്പിക്കാനും ലക്ഷ്യമിട്ട് കർമ്മ പദ്ധതി തയ്യാറാക്കാൻ കേന്ദ്ര സർക്കാർ. മൂന്ന് വർഷം കൊണ്ട് കൈത്തറിയുടെ ഉൽപ്പാദനം ഇരട്ടിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൈത്തറി മേഖലയ്ക്കായി കർമ്മ പദ്ധതി തയ്യാറാക്കാൻ എട്ട് അംഗ സമിതിയെ സർക്കാർ ചുമതലപ്പെടുത്തി.
45 ദിവസത്തിനകം അന്തിമവും സമഗ്രവുമായ റിപ്പോർട്ട് സമർപ്പിക്കാനാണ് കർമ്മ സമിതിയോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ സുനിൽ സേഥിയാണ് സമിതിയുടെ അധ്യക്ഷൻ.
നിലവിൽ രാജ്യത്ത് നിന്നുളള കൈത്തറി കയറ്റുമതി 2,500 കോടി രൂപയും ആകെ വാർഷിക ഉൽപ്പാദനം 60,000 കോടി രൂപയുടേതുമാണ്. ഇന്ത്യയിൽ നിന്നുളള കയറ്റുമതി 10,000 കോടി രൂപയിലേക്ക് ഉയർത്താനും വാർഷിക ഉൽപ്പാദനം 1.2 ലക്ഷം കോടി രൂപയിലേക്ക് ഉയർത്താനുമായി കർമ്മ പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
കൈത്തറി ഉൽപ്പാദനം കുത്തനെ വർധിപ്പിക്കുന്നതിനൊപ്പം ഉൽപ്പന്നങ്ങളുടെ ഗുണമേന്മ കൂട്ടാനുളള നടപടികളും എട്ട് അംഗ വിദഗ്ധ സമിതി നിർദ്ദേശിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona