LIC IPO : എൽഐസിയിൽ ഐപിഒക്ക് തൊട്ടുമുൻപ് നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുമതി
പാർലമെന്റ് പാസാക്കിയ പ്രത്യേക നിയമത്തിലൂടെ എൽഐസിയിൽ വിദേശനിക്ഷേപം അനുവദിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നു
ദില്ലി: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എൽഐസി) 20% വരെ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്ന നയ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതോടെ പൊതുമേഖലാ ബാങ്കുകൾക്ക് തുല്യമായ നിലയിൽ രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയും വിദേശത്ത് നിന്ന് നേരിട്ട് നിക്ഷേപമെത്തും.
പാർലമെന്റ് പാസാക്കിയ പ്രത്യേക നിയമത്തിലൂടെ എൽഐസിയിൽ വിദേശനിക്ഷേപം അനുവദിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. 74 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം രാജ്യത്തെ സ്വകാര്യ ഇൻഷുറൻസ് കമ്പനികളിൽ അനുവദിക്കുമ്പോഴും എൽഐസി സംരക്ഷിത വിഭാഗത്തിലായിരുന്നു. എന്നാൽ ഇവിടെയാണ് മാറ്റം വരുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിനായി എൽഐസി മുന്നോട്ട് പോകുമ്പോഴാണ് ഈ നിർണായക മാറ്റവും ഉണ്ടായത്. അഞ്ച് ശതമാനം ഓഹരി വിറ്റഴിച്ച് എട്ട് ബില്യൺ ഡോളർ സമാഹരിക്കാനാണ് എൽഐസിയിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. റഷ്യ - യുക്രൈൻ യുദ്ധം ഓഹരി വിപണിയെ പുറകോട്ട് വലിക്കുന്ന സാഹചര്യത്തിൽ എൽഐസി ഐപിഒ നീട്ടിയേക്കുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ കേന്ദ്രസർക്കാർ വൃത്തങ്ങൾ ഇതെല്ലാം നിഷേധിക്കുകയാണ്.
രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനി മാത്രമല്ല, ലോകത്തിൽ തന്നെ ഏറ്റവും വലിയ ഇൻഷുറൻസ് ഭീമന്മാരിൽ ഒന്നാണ് നിലവില്‍ എല്‍ഐസി. ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ 100 ശതമാനം ഓഹരികളും കേന്ദ്രസര്‍ക്കാരിന് സ്വന്തമാണ്. സ്വകാര്യവത്കരിക്കുന്ന അഞ്ച് ശതമാനം ഓഹരികളിൽ പത്ത് ശതമാനം വരെ എൽഐസിയുടെ വിവിധ പോളിസി ഉടമകള്‍ക്കുള്ളതായിരിക്കും.
ഇന്‍ഷൂറന്‍സ് രംഗത്ത് 60 വർഷത്തെ അനുഭവ സമ്പത്തുള്ള ഭീമൻ കമ്പനിയാണ് എല്‍ഐസി. രണ്ടായിരത്തിലധികം ശാഖകളും ഒരു ലക്ഷത്തിലധികം ജീവനക്കാരുമുള്ള സ്ഥാപനമാണിത്. ഏകദേശം 286 ദശലക്ഷം പോളിസികളും എൽഐസിക്കുണ്ട്. ഏകദേശം 530 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് എൽഐസിക്കുള്ളത്. സ്റ്റാന്‍ഡ് എലോണ്‍ അടിസ്ഥാനത്തില്‍ 39.49 ട്രില്യണ്‍ രൂപ നിക്ഷേപമുണ്ട്. അതില്‍ 9.78 ട്രില്യണ്‍ ഇക്വിറ്റികളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. അതില്‍ ഭൂരിഭാഗവും നിഫ്റ്റി 200, ബിഎസ്ഇ 200 സൂചികകളിലെ കമ്പനികളാണ്.
എല്‍ ഐ സിയുടെ ഓഹരി വിറ്റഴിക്കാന്‍ വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്. ഈ മാസം കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലും എല്‍ഐസി വിൽപന ഉള്‍പ്പെട്ടിരുന്നു. കെ-ഫിന്‍ ടെക്‌നോളജീസിനാണ് ഓഹരിവില്പനയുടെ ചുമതല നൽകിയിരിക്കുന്നത്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും എൽഐസി ലിസ്റ്റ് ചെയ്യും. സാധാരണ രീതിയില്‍ ഐപിഒയ്ക്ക് രേഖകള്‍ സമര്‍പ്പിച്ചാല്‍ സെബി അനുമതി ലഭിക്കാന്‍ കുറഞ്ഞത് ഒരു മാസമെങ്കിലും എടുക്കും. എന്നാല്‍ എല്‍ഐസിയുടെ കാര്യത്തില്‍ മൂന്നാഴ്ചക്കുള്ളില്‍ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്.
ആങ്കർ ഇൻവെസ്റ്റർമാർക്കുള്ള ഓഫറാണ് മാർച്ച് 11 ന് നടക്കുക. മറ്റ് നിക്ഷേപകർക്ക് മാർച്ച് 13 മുതൽ ഓഫർ സമർപ്പിക്കാനാവും. എന്നാൽ ഐപിഒ തീയതിയുമായി ബന്ധപ്പെട്ട വാർത്തകളോട് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. കേന്ദ്രസർക്കാരും ഇതുവരെ തീയതി വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല.