"ഇന്ത്യ അവസരങ്ങളുടെ ഭൂമിയായി ഉയർന്നുവരികയാണ്", നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
യുഎസ് -ഇന്ത്യ ബിസിനസ് കൗൺസിൽ സംഘടിപ്പിച്ച 45-ാം വാർഷികത്തോടനുബന്ധിച്ചുള്ള ഇന്ത്യ ഐഡിയ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ദില്ലി: ഇന്ത്യയിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മ നിർഭർ ഭാരതിലൂടെ ലോകത്തിന്റെ സമ്പദ് വ്യവസ്ഥയെ പൂർവ്വ പ്രതാപത്തിലേക്ക് എത്തിക്കാനുള്ള പരിശ്രമമാണ് ഇന്ത്യ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് -ഇന്ത്യ ബിസിനസ് കൗൺസിൽ സംഘടിപ്പിച്ച 45-ാം വാർഷികത്തോടനുബന്ധിച്ചുള്ള ഇന്ത്യ ഐഡിയ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കഴിഞ്ഞ ആറ് വർഷത്തിനിടെ രാജ്യത്തെ സാമ്പത്തിക രംഗം കൂടുതൽ തുറന്നതും മാറ്റം സാധ്യമായതുമാക്കി തീർത്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ അവസരങ്ങളുടെ ഭൂമിയായി ഉയർന്നുവരികയാണ്. ടെക് രംഗത്ത് വലിയ മാറ്റം സാധ്യമാണ്. അടുത്തിടെ ഒരു പഠനത്തിൽ ഇന്ത്യയിലെ ഗ്രാമങ്ങളിൽ നഗരങ്ങളിലുള്ളതിനേക്കാൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുണ്ടെന്ന് വ്യക്തമായി. ഇത് 5ജി, ബിഗ് ഡാറ്റ അനലറ്റിക്സ്, ബ്ലോക് ചെയിൻ തുടങ്ങിയ മേഖലകളിൽ വലിയ അവസരമാണ് തുറക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തെ ഹെൽത്ത് കെയർ, അടിസ്ഥാന സൗകര്യ വികസനം, ഊർജ്ജം, കാർഷിക മേഖലകളിൽ നിക്ഷേപം നടത്താൻ അമേരിക്കൻ കമ്പനികളെ മോദി സ്വാഗതം ചെയ്തു.