കേരളത്തിലെ സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസർവ് ബാങ്കിലേക്ക്: സർവകക്ഷി യോഗം വിളിക്കാൻ സർക്കാർ
കേരള ബാങ്കിന്റെ ഡയറക്ടർ ബോർഡിനെ നവംബറിൽ തെരഞ്ഞെടുത്തിരുന്നു. നിയമം പ്രാബല്യത്തിൽ വരാതിരുന്നതിനാൽ നിയമത്തിലെ വ്യവസ്ഥകൾ ഈ തെരഞ്ഞെടുപ്പിന് ബാധകമായിരുന്നില്ല.
തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയിൽ വൻ മാറ്റങ്ങൾക്ക് കാരണമായേക്കാവുന്ന ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി ധനമന്ത്രാലയം. 2021 ഏപ്രിൽ ഒന്ന് മുതൽ സഹകരണ മേഖലയെ പൂർണമായും റിസർവ് ബാങ്ക് നിയന്ത്രണത്തിലാക്കുന്നത് സംബന്ധിച്ചാണ് നിയമം.
ഈ നിയമം കേരള ബാങ്ക്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് എന്നിവയ്ക്ക് കൂടി ബാധകമാക്കും. ഇതിനായി റിസർവ് ബാങ്കിന്റെ നിർദ്ദേശം കൂടി ലഭിക്കേണ്ടതുണ്ട്. നിയമം നടപ്പായാൽ പ്രസ്തുത ബാങ്ക് ഭരണ സമിതികളുടെ കാലയളവിൽ മാറ്റം വരും. ഭരണ സമിതി, ബാങ്കിന്റെ ചെയർമാൻ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടിയെടുക്കാനും ആർബിഐയ്ക്ക് കഴിയും.
സഹകരണ ബാങ്കിന്റെ ഓഹരി കൈമാറ്റം ചെയ്യാനും പുതിയ നിയമ ഭേദഗതി റിസർവ് ബാങ്കിന് അനുവാദം നൽകുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിനെതിരെ സർവകക്ഷി യോഗം വിളിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. സംസ്ഥാനത്തെ സഹകരണ മേഖലയെ ഗുരുതരമായ രീതിയിൽ ബാധിക്കുന്ന തരത്തിലാണ് പുതിയ നിയമ ഭേദഗതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവകക്ഷി യോഗവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും സഹകരണ മന്ത്രി പറഞ്ഞു.
കേരള ബാങ്കിന്റെ ഡയറക്ടർ ബോർഡിനെ നവംബറിൽ തെരഞ്ഞെടുത്തിരുന്നു. നിയമം പ്രാബല്യത്തിൽ വരാതിരുന്നതിനാൽ നിയമത്തിലെ വ്യവസ്ഥകൾ ഈ തെരഞ്ഞെടുപ്പിന് ബാധകമായിരുന്നില്ല. പുതിയ നിയമപ്രകാരം കേരള ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ബോർഡ് ഓഫ് മാനേജ്മെന്റ് എന്നിവയുടെ ഘടനയിൽ അഴിച്ചുപണി വേണ്ടിവരും.