കേന്ദ്രത്തിന് 8815 കോടി കൂടി കൊടുത്ത് എയർടെൽ, കടങ്ങൾ ഒന്നൊന്നായി വീട്ടി മുന്നോട്ട്
നാല് മാസത്തിനിടെ സ്പെക്ട്രം കുടിശിക ഇനത്തിൽ മാത്രം 24334 കോടി രൂപ കേന്ദ്രസർക്കാരിന് എയർടെൽ നൽകുകയും ചെയ്തിരുന്നു
ദില്ലി: കട ബാധ്യതകൾ ഒന്നൊന്നായി വീട്ടി മുന്നോട്ട് പോവുകയാണ് ഭാരതി എയർടെൽ. കേന്ദ്ര സർക്കാരിന് 2015 ലെ സ്പെക്ട്രം ലേലത്തിന്റെ ഭാഗമായി നൽകാനുണ്ടായിരുന്ന 8815 കോടി രൂപ കൂടിയാണ് തിരിച്ചടച്ചത്. 2027 ലും 2028 ലും നൽകേണ്ട ഗഡുക്കളാണ് ഇപ്പോൾ തിരിച്ചടച്ചത്.
കഴിഞ്ഞ നാല് മാസത്തിനിടെ എയർടെൽ തങ്ങളുടെ ബാധ്യതകൾ പടിപടിയായി നികത്തുന്നുണ്ടായിരുന്നു. ഈ കാലയളവിൽ സ്പെക്ട്രം കുടിശിക ഇനത്തിൽ മാത്രം 24334 കോടി രൂപ കേന്ദ്രസർക്കാരിന് എയർടെൽ നൽകുകയും ചെയ്തിരുന്നു. ഗഡുക്കളായി അടയ്ക്കേണ്ട തുകയ്ക്ക് 10 ശതമാനം പലിശയും അടക്കേണ്ടതായിരുന്നു. മുൻകൂട്ടി പണം അടച്ചതോടെ പലിശ ഇനത്തിലും കമ്പനിക്ക് നേട്ടമുണ്ടാകും.
സാമ്പത്തികമായ പ്രതിസന്ധി മറികടന്ന് കൂടുതൽ സുരക്ഷിതവും സ്ഥിരതയുള്ളതുമായ നിലയിലേക്ക് മാറാനാണ് ഭാരതി എയർടെലിന്റെ ശ്രമം. മൂലധന ഘടനയിൽ തന്നെ കമ്പനി ഇതിനായുള്ള മാറ്റങ്ങൾ വരുത്തിയിരുന്നു. കുടിശിക നേരത്തെ അടച്ചുതീർക്കുന്നത് എയർടെൽ നിക്ഷേപകർക്കും ആശ്വാസം നൽകുന്ന തീരുമാനമാണ്.
അതേസമയം 5ജി സേവനം സ്പെക്ട്രം ലേലം കഴിഞ്ഞാലുടൻ ഇന്ത്യയിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കമ്പനിയുടെ മുന്നോട്ട് പോക്ക്. ഇക്കാര്യം കമ്പനിയുടെ സിടിഒ രൺദീപ് ശെഖാൻ തന്നെ വ്യക്തമാക്കി. 5ജി സേവന രംഗത്ത് റിലയൻസ് ജിയോയെ മറികടന്ന് മുന്നേറാനാണ് കമ്പനിയുടെ ശ്രമം. സ്പെക്ട്രം ലേലം കഴിഞ്ഞാൽ മൂന്ന് മാസത്തിനകം തന്നെ 5ജി സർവീസ് ഇന്ത്യയിലെ തങ്ങളുടെ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
5ജിയുടെ താരിഫുകൾ 4ജിയുടേതിന് തുല്യമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ഇക്കാര്യത്തിൽ സേവനം ലഭിച്ചുകഴിഞ്ഞാലേ കൂടുതൽ വ്യക്തത വരികയുള്ളൂ.