കേന്ദ്രസർക്കാർ വാങ്ങിയ 60,000 വെന്റിലേറ്ററിൽ 96 ശതമാനവും നിർമ്മിച്ചത് ഇന്ത്യയിൽ

കേന്ദ്രസർക്കാർ കൊവിഡ് കാലത്ത് വാങ്ങിയ 60000 വെന്റിലേറ്ററുകളിൽ 96 ശതമാനവും ഇന്ത്യയിൽ തന്നെ നിർമ്മിച്ചവ. 

96 pc of 60,000 ventilators ordered by govt are Make in India

ദില്ലി: കേന്ദ്രസർക്കാർ കൊവിഡ് കാലത്ത് വാങ്ങിയ 60000 വെന്റിലേറ്ററുകളിൽ 96 ശതമാനവും ഇന്ത്യയിൽ തന്നെ നിർമ്മിച്ചവ. വെന്റിലേറ്ററിനായി ചെലവഴിച്ച പണത്തിൽ 90 ശതമാനവും ഇന്ത്യൻ നിർമ്മിത വെന്റിലേറ്ററുകൾക്കായാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടതാണ് കണക്ക്.

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ആന്ധ്ര മെഡ്-ടെക് സോൺ എന്നിവയാണ് ഇന്ത്യൻ വെന്റിലേറ്റർ നിർമ്മാണ രംഗത്ത് പ്രധാന പങ്ക് വഹിച്ച കമ്പനികൾ. കൊവിഡ് കാലത്ത് ഇന്ത്യൻ വെന്റിലേറ്റർ വിപണി വലിയ തോതിൽ ശക്തിപ്രാപിച്ചു. കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആഗോള വ്യാപാര രംഗത്ത് ഇന്ത്യൻ വെന്റിലേറ്ററുകൾക്ക് പുതുജീവൻ നൽകിയെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.

കഴിഞ്ഞ വർഷം ഇന്ത്യയിൽ ആകെ നിർമ്മിച്ചത് 8510 വെന്റിലേറ്ററുകൾ മാത്രമാണ്. ഇതിന്റെ ആകെ മൂല്യം 444.74 കോടിയുമായിരുന്നു. എന്നാൽ കൊവിഡിനെ തുടർന്ന് രാജ്യത്ത് കൂടുതൽ വെന്റിലേറ്ററുകൾ ആവശ്യമായി വന്നു. മാർച്ചിൽ തദ്ദേശീയ കമ്പനികൾ വെന്റിലേറ്ററിന് ആവശ്യമായ സെൻസർ, പ്രഷർ ട്രാൻസ്ഡ്യൂസർ, കൺട്രോൾ വാൽവ്, ടർബൈൻ തുടങ്ങിയവ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തു. അന്ന് വിദേശ സഹായം ഇല്ലാതെ വെന്റിലേറ്റർ ഉൽപ്പാദനം സാധ്യമാകില്ലായിരുന്നു.

കേന്ദ്ര ആരോഗ്യമന്ത്രാലയം വാങ്ങിയ 60000 വെന്റിലേറ്ററുകളിൽ 50000 എണ്ണം പ്രധാനമന്ത്രി കെയർ ഫണ്ടിൽ നിന്നാണ് വാങ്ങിയത്. രണ്ടായിരം കോടിയാണ് ഇതിനായി ആകെ ചെലവാക്കിയത്. രണ്ട് മാസത്തിനുള്ളിൽ വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്രസർക്കാരിന് കീഴിലുള്ള ആശുപത്രികളിലേക്കുമായി 18000ത്തിലധികം വെന്റിലേറ്റർ എത്തിച്ചു.

ഇതിന് പിന്നാലെ എല്ലാവിധ വെന്റിലേറ്ററുകളുടെയും കയറ്റുമതിക്കുള്ള നിയന്ത്രണം കേന്ദ്രസർക്കാർ എടുത്തുകളഞ്ഞു. ആഗോളതലത്തിൽ വെന്റിലേറ്ററുകളുടെ ഇപ്പോഴത്തെ ദൗർലഭ്യം കണക്കിലെടുത്ത് ഇന്ത്യൻ നിർമ്മാതാക്കൾക്ക് അനുകൂലമായ അവസരം ഉണ്ടാക്കുകയാണ് ലക്ഷ്യം. മാർച്ച് 24 നാണ് ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് വെന്റിലേറ്റർ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. 

ഓഗസ്റ്റ് ഒന്നിന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ കയറ്റുമതിക്കുള്ള നിയന്ത്രണം നീക്കണമെന്ന ആവശ്യം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഉന്നയിച്ചു. ഇത് മന്ത്രിസഭ അംഗീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് കുറയുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം എന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios