ഡിസി നോവല്‍ മത്സരം: ഷംസുദ്ദീൻ പി കുട്ടോത്തിന് ഒന്നാം സമ്മാനം, ഇരീച്ചാൽ കാപ്പ് മികച്ച നോവൽ
മനോജ് കുറൂര്‍, വി ജെ ജയിംസ്, രാഹുല്‍ രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്. വി സുരേഷ് കുമാർ എഴുതിയ ഡയാസ്പൊറ, എം ആർ വിഷ്ണു പ്രസാദിന്റെ മത്തിയാസ് എന്നീ നോവലുകൾക്ക് രണ്ടാം സമ്മാനം ലഭിച്ചു.
ഫോട്ടോ: ഷംസുദ്ദീന്‍ കുട്ടോത്ത്, സുരേഷ് കുമാര്‍ വി, എം ആര്‍ വിഷ്ണുപ്രസാദ്
കോട്ടയം: പുസ്തക പ്രസാധകരായ ഡിസി ബുക്സ് നടത്തുന്ന ഈ വർഷത്തെ ഡിസി സുവര്‍ണ ജൂബിലി നോവല്‍ മത്സരത്തിൽ ഷംസുദ്ദീൻ കുട്ടോത്ത് എഴുതിയ ഇരീച്ചാൽകാപ്പ് എന്ന നോവലിന് ഒന്നാം സമ്മാനം. മൂന്ന് ലക്ഷം രൂപയാണ് അവാര്‍ഡ് തുക. ഡിസി ബുക്സ് സിഇഒ രവി ഡിസിയാണ് ഫലം പ്രഖ്യാപിച്ചത്. മനോജ് കുറൂര്‍, വി ജെ ജയിംസ്, രാഹുല്‍ രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്. വി സുരേഷ് കുമാർ എഴുതിയ ഡയാസ്പൊറ, എം ആർ വിഷ്ണു പ്രസാദിന്റെ മത്തിയാസ് എന്നീ നോവലുകൾക്ക് രണ്ടാം സമ്മാനം ലഭിച്ചു.
രണ്ടാം സ്ഥാനത്തെത്തിയ രണ്ട് നോവലുകള്‍ക്കും ഒരു ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും. മുന്നൂറോളം നോവലുകളിൽ നിന്ന്, ഇരീച്ചാല്‍കാപ്പ് (ഷംസുദ്ദീന്‍ കുട്ടോത്ത്), ഡയാസ്‌പൊറ (സുരേഷ് കുമാര്‍ വി), മത്തിയാസ് (എം ആര്‍ വിഷ്ണുപ്രസാദ്), അനുയാത്ര (അബു അബിനു), വൈറസ് (ഐശ്വര്യ കമല), ജയോപാഖ്യാനം (അനുജിത് ശശിധരന്‍), വിഴിവന്യ (വിനോദ് എസ് ) എന്നീ ഏഴ് നോവലുകളാണ് അവസാന ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്. ഈ ഏഴു നോവലുകളും ഡിസി ബുക്സ് പ്രസിദ്ധീകരിക്കും. ഡി സി ബുക്സ് സുവര്‍ണ്ണജൂബിലി വര്‍ഷത്തില്‍ പുതിയ എഴുത്തുകാരെ കണ്ടെത്തുന്നതിനായാണ് നോവല്‍ മത്സരം സംഘടിപ്പിച്ചത്.