സമുദ്രത്തിന്റെ ഇരുട്ടിലേക്ക് വെളിച്ചം പായിക്കുന്ന ഏകാന്തഗാംഭീര്യമുള്ള ഒരു വിളക്കുമാടം 

യുദ്ധം മനുഷ്യജീവിതത്തെ എത്രമേല്‍ നിസ്സഹായമാക്കുന്നു എന്നതിന്റെ കലാത്മകമായൊരു ആവിഷ്‌ക്കാരമാണ് ഈ ചെറിയ നോവല്‍. ഒപ്പംതന്നെ അതു ബാല്യകാലത്തിന്റെ ദീപ്തമയൊരു ആഖ്യാനവുമാണ്

Reading Firat Sunel's Novel The light house family by E Santhosh Kumar

പുസ്തകപ്പുഴയില്‍ ഇന്ന് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ടര്‍ക്കി നോവലിസ്റ്റ് ഫിറാത് സുനേലിന്റെ 'ലൈറ്റ് ഹൗസ് ഫാമിലി' എന്ന നോവലിന്റെ വായന. പ്രമുഖ എഴുത്തുകാരന്‍ ഇ സന്തോഷ് കുമാര്‍ എഴുതുന്നു 

Reading Firat Sunel's Novel The light house family by E Santhosh Kumarഫിറാത് സുനേലിന്റെ 'ലൈറ്റ് ഹൗസ് ഫാമിലി' എന്ന പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യാം 

 

ബാല്യകാലം എന്ന മാതൃദേശം

മൂന്ന് അടയാളങ്ങളാണ് ഈ നോവലിന്റെ ദിശ നിര്‍ണയിക്കുന്നത് എന്നു പറയാം. 

ഒന്നാമതായി ഒരു മങ്ങിയ ഫോട്ടോഗ്രാഫാണ്, കറുപ്പിലും വെളുപ്പിലുമുള്ള ഒന്ന്. അതില്‍ ഉമ്മ, ഉപ്പ, മൂന്നുമക്കള്‍, പിന്നെ ഉപ്പയുടെ സഹോദരിയായ പ്രായം ചെന്ന അമ്മായി. വളരെ പഴക്കം ചെന്ന ഒരു ചിത്രമായിരുന്നു അത്. മുമ്പൊരിക്കല്‍ അവരുടെ ഗ്രാമത്തില്‍ ഒരു ഫോട്ടോഗ്രാഫര്‍ വന്നപ്പോള്‍ എടുത്തത്. ഈ നോവലിലെ നായകനൊഴികെ, അയാളുടെ കുടുംബത്തിലെ മറ്റാളുകളാരും ആ ചിത്രം കാണുകയുണ്ടായില്ല. വര്‍ഷങ്ങള്‍ക്കു ശേഷം നോവലിലൊരിടത്തും പേരു സൂചിപ്പിച്ചിട്ടില്ലാത്ത നായകന് വടക്കന്‍ ജര്‍മ്മനിയിലെ എല്‍ബ നദിക്കരയിലുള്ള വെഡല്‍ എന്ന പട്ടണത്തില്‍ വച്ച് പഴയ സാധനങ്ങള്‍ വില്ക്കുന്ന ഒരങ്ങാടിയില്‍നിന്നും ആകസ്മികമായി ലഭിച്ചതാണ് അത്. ഷോര്‍ട്‌സ് ധരിച്ച് മുന്നില്‍നിന്നുകൊണ്ട് പട്ടാളച്ചിട്ടയില്‍ സല്യൂട്ട് ചെയ്യുന്ന കുട്ടിയാണ് ആ ചിത്രത്തില്‍ അയാള്‍. ഉപ്പ അയാളെ നിയന്ത്രിക്കാനെന്നോണം തോളില്‍ കൈയിട്ടു കൊണ്ടുനില്ക്കുന്നു. എന്നത്തേയും പോലെ, ശാന്തയായി, നിശ്ശബ്ദയായി ഉമ്മ. ക്യാമറയ്ക്കുനേരേ നോക്കുമ്പോള്‍ അവര്‍ക്കു പേടിയുണ്ടായിരുന്നതായി തോന്നും. ശിരോവസ്ത്രം ധരിച്ച്, ജപമാല കൈയില്‍പിടിച്ച് ഇരിക്കുന്നതാണ് ഹാനിം ഹാല എന്നു പേരുള്ള അമ്മായി. തന്നേക്കാള്‍ രണ്ടുവര്‍ഷം മൂത്തതെങ്കിലും സമപ്രായം തോന്നിക്കുന്ന ഇല്യാസ് എന്ന സഹോദരന്‍. പിന്നിക്കീറിയ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടുനില്ക്കുന്നതാണ് മൂത്ത പെങ്ങള്‍, ഫരീഹ. കുടുംബത്തിലെ എല്ലാവരും ചേര്‍ന്നുള്ള ഏകചിത്രമായിരുന്നു അത്. ഇപ്പോള്‍ ഈ ഭൂമിയില്‍ അവശേഷിക്കുന്നതും. 

അടുത്തത് വിലപിക്കുന്ന ഒരു മരമാണ്. ഭൂകമ്പത്തില്‍നിന്നും തങ്ങളെ രക്ഷിച്ചു എന്ന് വൃദ്ധയായ അമ്മായി കരുതുന്ന മാസ്റ്റിക് മരം. തങ്ങളുടെ ഗ്രാമം ഉപേക്ഷിച്ചുപോകുമ്പോള്‍ അവര്‍ അതിന്റെ ഒരു ചില്ല കൂടി ഒപ്പം കൂട്ടി. എത്തിച്ചേര്‍ന്ന സ്ഥലത്ത് ആ ചില്ല നട്ടു, അതിനെ പരിപാലിച്ചു. തങ്ങളുടെ കുടുംബത്തിന്റെ ഗതിവിഗതികള്‍ക്കൊപ്പം അതും കരയുന്നുണ്ടെന്നായിരുന്നു ആ സാധുസ്ത്രീയുടെ വിശ്വാസം. സര്‍വ്വചരാചരങ്ങളേയും സ്‌നേഹിക്കുന്ന വലിയ മനസ്സിന് ഉടമയായിരുന്നു അവര്‍. അവര്‍ മാത്രമല്ല, ഈ നോവലില്‍ വരുന്ന മൂന്നോ നാലോ സ്ത്രീകള്‍ ദേശവംശവ്യത്യാസങ്ങള്‍ക്കപ്പുറത്ത് എല്ലാ മനുഷ്യരേയും സാഹോദര്യത്തോടെ കൂട്ടിപ്പിടിക്കുന്നതു കാണാം. അല്ലെങ്കിലും അന്യമനുഷ്യരോടുള്ള കരുതലിന്റെ കാര്യത്തില്‍ എപ്പോഴും സ്ത്രീകള്‍ കൂടുതല്‍ വിശാലമായൊരു മനസ്സ് പ്രകടിപ്പിക്കുന്നുവെന്ന് ഈ നോവല്‍ പറയുന്നു. ഉമ്മയും പെങ്ങളും അമ്മായിയും മറ്റു മനുഷ്യരെ സാഹോദര്യത്തോടെ സ്വീകരിക്കാന്‍ എപ്പോഴും തയ്യാറാവുന്നുണ്ടല്ലോ. 

മൂന്നാമത്തെ ചിഹ്നം ഒരു വിളക്കുമാടമാണ്. അനാഥമായ ഒരു മലഞ്ചെരിവില്‍ സമുദ്രത്തിലേക്കു നോക്കി നില്ക്കുന്ന ഏകാന്തഗംഭീരമായ ആ വിളക്കുമാടം. അതിന്റെ കാവല്‍ക്കാരനും അവിടുത്തെ ജീവനക്കാരനുമായിരുന്നു അയാളുടെ ഉപ്പ. ദരിദ്രമായൊരു ബാല്യകാലമായിരുന്നു അയാളുടേത്. വിളക്കുമാടത്തിലെ കാവല്‍ക്കാരന്‍ എന്ന നിലയില്‍നിന്നും ഉപ്പയ്ക്കു കിട്ടുന്ന തുച്ഛമായ ശമ്പളം ഒന്നിനും തികയാറില്ല. ഒഴിവുവേളകളില്‍ കടലില്‍നിന്നും പിടിച്ചുവില്‍ക്കുന്ന മീനുകള്‍ വാങ്ങാനാളില്ല. പുകയിലക്കൃഷി മോശം. 1942ലായിരുന്നു അത്; രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ ലോകമെങ്ങും നിറയുന്നു. നേരിട്ട് തോക്കുകളോ ബോംബുകളോ അവരെ ആക്രമിക്കുന്നില്ലെന്നതു ശരിയാവാം. പക്ഷേ, ക്ഷാമവും ദാരിദ്ര്യവും ഏകാന്തതയും കൊണ്ട് ആ ചെറുഗ്രാമത്തിലെ മനുഷ്യര്‍ പോലും യുദ്ധത്തിന്റെ ഇരകളായിരുന്നു. 

ആദ്യം സൂചിപ്പിച്ച ചിത്രത്തിലെ  ആളുകളെ ചൂണ്ടിക്കാണിക്കുന്ന വിവരണത്തോടെയാണ് ഫിരത് സുനേലിന്റെ 'ലൈറ്റ് ഹൗസ് ഫാമിലി' എന്ന നോവല്‍ ആരംഭിക്കുന്നത്. ആ ഫോട്ടോയിലെ ഏറ്റവും പ്രായം കുറഞ്ഞ, കുടുംബത്തിലെ ഏറ്റവും ഇളയ മകനായിരുന്നു അയാള്‍. തുര്‍ക്കിയുടെ പടിഞ്ഞാറേ അറ്റത്ത് ഈജിയന്‍ കടലിന് അഭിമുഖമായി നിലകൊണ്ട, ഏകാന്തവിദൂരമായൊരു മലഞ്ചെരുവിലെ സാര്‍പിന്‍ചിക് എന്ന ഗ്രാമത്തിലായിരുന്നു അവരുടെ ബാല്യകാലം. 

.....................

Also Read: ആരാണ് കാടിന്റെ വിജനതയില്‍ ഏറ്റുമുട്ടുന്നത്; അതും ഈ അന്തിനേരത്ത്?

.....................

 

സമ്പത്തും സമൃദ്ധിയും ഇല്ലാത്തതായിരുന്നു ആ കുട്ടിക്കാലം എന്നുണ്ടെങ്കില്‍ സ്‌നേഹം കൊണ്ടും കരുതലുകള്‍കൊണ്ടും അതു സമ്പന്നമായിരുന്നു എന്ന് നായകന്‍ ഓര്‍മ്മിക്കുന്നു. കുട്ടികള്‍ മൂന്നുപേര്‍ക്കിടയിലുമുണ്ടായിരുന്ന അതീവസുന്ദരമായ ബന്ധത്തെ ഓര്‍മ്മിക്കുമ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമായിരുന്നു അതെന്ന് അയാള്‍ മനസ്സിലാക്കുന്നു. സ്‌കൂളിലെ പഠനത്തില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കുനേടി വരുന്ന കുട്ടിയില്‍നിന്നാണ് നോവല്‍ തുടങ്ങുന്നത്. നോവലിലൊരിടത്തും പേരു സൂചിപ്പിക്കാത്ത നായകനായിരുന്നു ആ കുട്ടി. മിടുക്കനായിരുന്നിട്ടും നല്ല മാര്‍ക്കു വാങ്ങിയിട്ടും ഉന്നതവിദ്യാഭ്യാസത്തിനു പോകാന്‍ സാമ്പത്തികപ്രയാസമുണ്ട്. കുടുംബത്തെ സഹായിച്ച് ആ ഗ്രാമത്തില്‍ത്തന്നെ നില്ക്കണോ കൂടുതല്‍ പഠിക്കാനായി പരിശ്രമിക്കണോ എന്നതാണ് അയാളെ അലട്ടുന്ന പ്രശ്‌നം. പെങ്ങള്‍ ഫരീഹയും മൂത്ത സഹോദരനായ ഇല്യാസും അയാളെ സഹായിക്കുന്നു. ഇല്യാസിന് ഹൃദ്രോഗമാണ്, അയാളുടെ മുഖവും ചുണ്ടുകളും കൈകളുമെല്ലാം പെട്ടെന്ന് നീല നിറമാകും. എല്ലാവരോടുമൊപ്പം ഒരു സാധാരണ ബാല്യം ആസ്വദിക്കണം എന്ന് അവനുമുണ്ട്. പക്ഷേ, രോഗം വഴിമുടക്കുന്നു. ചേലാകര്‍മ്മം നിര്‍വ്വഹിക്കാന്‍ പോലും അവനു സാധിക്കുകയില്ല. എന്നാലും തന്റെ ഇളയ സഹോദരനെ സഹായിക്കാന്‍ അവന്‍ മുമ്പിലുണ്ട്. അവനാണ് പാഠങ്ങളെല്ലാം പഠിച്ച് അനിയന് പറഞ്ഞുകൊടുക്കുന്നത്.

ഒരു വ്യക്തിയുടെ രൂപീകരണം ചിത്രീകരിക്കുന്ന Bildunsgroman എന്ന മാതൃകയിലാണ് ഈ നോവല്‍ എഴുതപ്പെട്ടിട്ടുള്ളത്. നേരത്തേ സൂചിപ്പിച്ച ചിത്രത്തില്‍നിന്നും വളര്‍ന്നു വലുതാകുന്ന കുട്ടിയാണ് ഇതിലെ നായകന്‍. അയാളുടെ ബാല്യം, പഠനകാലം, യാത്രകള്‍, ജീവിതം, അഭിമുഖീകരിക്കുന്ന ജീവിതസന്ദര്‍ഭങ്ങള്‍, മനുഷ്യര്‍... എന്നാലും സാന്ദ്രമായ ആ പഴയ ബാല്യകാലമാണ് ഈ കൃതിയുടെ കാതല്‍. ആ കാലത്തിന്റെ മഹാബിംബം പോലെ നില കൊള്ളുന്ന വിളക്കുമാടം പുസ്തകത്തിന്റെ മുഖപടത്തിനപ്പുറത്തേക്കു വളര്‍ന്നു വലുതാവുന്നു. 

വെളുത്ത ചായം തേച്ച ആ വിളക്കുമാടം ഏകാന്തതയുടെ വലിയൊരു രൂപകമാണ്. അതു സംരക്ഷിക്കുന്നതുകൊണ്ട് ഗൃഹനാഥന് സൈനികസേവനം അനുഷ്ഠിക്കേണ്ടതില്ല. ഒറ്റപ്പെട്ട ആ മലഞ്ചെരിവില്‍ വിളക്കുമാടത്തേയും സംരക്ഷിച്ചു കഴിയുന്നതുകൊണ്ട്  ആ കുടുംബത്തെ വിളക്കുമാട കുടുംബം എന്നാണ് വിളിക്കുന്നത്. അത് പുറത്തുള്ള കപ്പലുകള്‍ക്കു വഴി കാട്ടുന്നു. എന്നാല്‍ അതുമാത്രമല്ല, പിന്നീട് ഗ്രാമത്തില്‍നിന്നുള്ള യാത്രയിലും അവിടേക്കുള്ള തിരിച്ചുവരവിലുമെല്ലാം കഥാനായകനു ലഭിക്കുന്ന സ്ഥൈര്യത്തിന്റെ, പ്രതീക്ഷയുടെ, ദിശാബോധത്തിന്റെ വലിയൊരു അടയാളമായി അതു നിലകൊള്ളുന്നുണ്ടെന്നു കാണാം. 

രണ്ടാം ലോകമഹായുദ്ധത്തില്‍ തുര്‍ക്കി പങ്കാളിയായിരുന്നില്ല. പക്ഷേ, കടലിനപ്പുറത്തുള്ള ഗ്രീക് ഗ്രാമങ്ങളില്‍ ജര്‍മ്മന്‍സേന ബോംബു വര്‍ഷിക്കുമ്പോള്‍ അവിടെനിന്നും അഭയം തേടിയെത്തുന്ന ഗ്രീക്കുകാര്‍ (റോമന്‍സ് എന്നാണ് അവരെ ഈ നോവലില്‍ വിളിക്കുന്നത്) ഗ്രാമത്തിലെ ജീവിതത്തെ ബാധിക്കുന്നു. രണ്ടു ദശകം മുമ്പ് ഒരുമിച്ചു കഴിഞ്ഞിരുന്നവരായിരുന്നു തുര്‍ക്കികളും ഗ്രീക്കുകാരും. മതത്തിന്റെയും രാഷ്ട്രത്തിന്റെയും ഭിന്നതകള്‍ അവരെ ശത്രുതയിലാഴ്ത്തി. തുര്‍ക്കി ഗ്രാമങ്ങളില്‍ തമ്പടിച്ച ഗ്രീക്കുപടയാളികള്‍ ഗര്‍വ്വിഷ്ഠമായ രീതിയിലായിരുന്നു അന്നാട്ടുകാരോട് പെരുമാറിയിരുന്നത്. എന്നാല്‍ 1922-ല്‍ മുസ്തഫാ കമാല്‍ പാഷയുടെ നേതൃത്വത്തില്‍വന്ന വിപ്ലവകാരികളുടെ പടയെ പേടിച്ച് ഗ്രീക്കുകാര്‍ തോണികളില്‍ രക്ഷപ്പെട്ടു. ഗ്രാമങ്ങള്‍ അനാഥമായി. അയല്‍ക്കാര്‍ പോയതോടെ തുര്‍ക്കി വംശജില്‍ പലരും നാടുവിട്ടു. അത്തരമൊരു ഉപേക്ഷിക്കപ്പെട്ട ഗ്രാമത്തിലേക്ക് തങ്ങളുടെ വീടു കാണാനായി പോകുന്ന വൃദ്ധയായ അമ്മായിയുടെ ചിത്രം ഈ നോവലിലെ തീക്ഷ്ണമായ രംഗങ്ങളില്‍ ഒന്നാണ്. അവരുടെ ഗ്രീക്ക് വംശജയായ അയല്‍ക്കാരിയുടെ മകള്‍ അപ്പോള്‍ അവിടെയെത്തുന്നു. അവള്‍ മാതാപിതാക്കളുടെ ജന്‍മ-ദേശത്തില്‍നിന്നും ഒരു പിടി മണ്ണെടുക്കാനായി വന്നതാണ് അവിടെ. കുട്ടികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് തുര്‍ക്കിഭാഷയിലുള്ള താരാട്ടാണ് അവള്‍ സ്വന്തം മാതാപിതാക്കളുടെ ഉപേക്ഷിക്കപ്പെട്ട വീട്ടില്‍ ചെല്ലുമ്പോള്‍ ചൊല്ലുന്നത്. മത ഭാഷാ ഭേദങ്ങള്‍ക്കപ്പുറം മാനവികതയുടെ നക്ഷത്രങ്ങള്‍ തെളിഞ്ഞു കത്തുന്നതിന്റെ ചിഹ്നങ്ങളാണ് ഇതെല്ലാം. 

നോവലിലെ അവിസ്മരണീയമായ കഥാപാത്രം ഫെരീഹ എന്ന സഹോദരിയാണ്. ആണ്‍കോയ്മ വാഴുന്ന ഒരു സമൂഹത്തില്‍ പഠനത്തിനോ തൊഴിലിനോ സാധ്യതയില്ലാതെ ഗ്രാമത്തില്‍ത്തന്നെ തുടര്‍ന്നുപോകുന്ന ഫെരീഹ. സമര്‍ത്ഥയായ പെണ്‍കുട്ടിയായിരുന്നു അവള്‍. ആ വിളക്കുമാടത്തിനൊപ്പം ഏകാകിയായി കഴിയുകയാണ് ഫെരീഹ. അവളെ തേടി സഹോദരന്‍ ഭാര്യയോടൊപ്പം തിരിച്ചുവരുന്നുണ്ട്. സൂചനകളിലൂടെ മാത്രം ഊഹിക്കാവുന്ന അവളുടെ ജീവിതം, നഷ്ടപ്പെട്ടുപോയ സ്‌നേഹം, കാത്തിരിപ്പുകള്‍ എല്ലാം ഈ നോവലിന്റെ ഏറ്റവും വൈകാരികമായ മുഹൂര്‍ത്തങ്ങളാണ്. 

.........................

Also Read: പരിചിതമായ ചുറ്റുപാടിലെ അപരിചിതമായ ഉള്‍മടക്കുകള്‍

.........................

 

യുദ്ധം മനുഷ്യജീവിതത്തെ എത്രമേല്‍ നിസ്സഹായമാക്കുന്നു എന്നതിന്റെ കലാത്മകമായൊരു ആവിഷ്‌ക്കാരമാണ് ഈ ചെറിയ നോവല്‍. ഒപ്പംതന്നെ അതു ബാല്യകാലത്തിന്റെ ദീപ്തമയൊരു ആഖ്യാനവുമാണ്. ദേശം നഷ്ടപ്പെട്ട മനുഷ്യര്‍ തങ്ങളുടെ കുട്ടിക്കാലത്തെയാണ് എപ്പോഴും ഓര്‍മ്മിച്ചുകൊണ്ടിരിക്കുന്നത് എന്നു തോന്നുന്നു. അതിനു സാധൂകരണമായി ഗ്രീക് ചിന്തകനായ എപിക്ടെറ്റസിന്റെ ഒരു വാക്യം നായകന്‍ ഒടുവില്‍ പറയുന്നുണ്ട്. അതുതന്നെ ഈ നോവലിന്റെ പ്രാരംഭവാക്യമായി നോവലിസ്റ്റ്  എടുത്തെഴുതുന്നു:  'ബാല്യകാലമാണ് നിങ്ങളുടെ മാതൃദേശം' എന്നാണ് അത്. (Your childhood is your homeland). സങ്കടകരമായ ജീവിതം പറയുന്ന ഈ നോവലിന്റെ ഒടുവില്‍ വായനക്കാര്‍ നന്‍മ നിറഞ്ഞ, ഇല്ലായ്മയിലും ഉല്ലാസം കണ്ടെത്തിയിരുന്ന ആ പോയ കാലത്തെ വീണ്ടും ഓര്‍മ്മിക്കാതിരിക്കുകയില്ല; സമുദ്രത്തിന്റെ ഇരുട്ടിലേക്ക് വെളിച്ചം പായിക്കുന്ന ഏകാന്തഗാംഭീര്യമുള്ള ആ വിളക്കുമാടത്തേയും. 

മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്ന ഫിരാത് സുനേലിന്റെ രണ്ടാമത്തെ നോവലാണ് ഇത്. മുമ്പ്  'In the shades of the Weeping Willows' എന്ന നോവല്‍ വന്നിട്ടുണ്ട്. ആ നോവലും ചരിത്രസംഭവങ്ങളെ ആസ്പദമാക്കിയായിരുന്നു. നോവലെഴുത്തില്‍ ഫിരാത് സുനേല്‍ ഉപയോഗിക്കുന്ന മാതൃക ഇതാണ്: ചരിത്രസംഭവങ്ങളെ അതേപടി സ്വീകരിക്കുക; അതേസമയം കഥാപാത്രങ്ങളെ പുതുതായി കണ്ടെത്തുക. അതിലൂടെ  വായനക്കാര്‍ക്ക് കഥാപാത്രങ്ങളുമായി വൈകാരികമായൊരു അടുപ്പം കൈവരുന്നതിനു സാധിക്കുന്നു. 'ലൈറ്റ് ഹൗസ് ഫാമിലി' തുര്‍ക്കി ചരിത്രത്തില്‍നിന്നും എടുത്തെഴുതിയ വൈകാരികമുഹുര്‍ത്തങ്ങളുടെ ചിത്രീകരണമാവുന്നത് അതുകൊണ്ടാണ്. 

(ടര്‍ക്കിയില്‍ എഴുതപ്പെട്ട 'ലൈറ്റ് ഹൗസ് ഫാമിലി'യുടെ ഇംഗ്ലീഷ് വിവര്‍ത്തനം നിര്‍വഹിച്ചത് ഫൈസ ഹോവെല്‍. മലയാളം വിവര്‍ത്തനം: തല്‍ഹത്ത് കെ വി) 


 

Latest Videos
Follow Us:
Download App:
  • android
  • ios