നാട്ടിലെ സോഫി മറുനാട്ടിലെ സോഫിയെ വിളിക്കുമ്പോൾ...
സോഫി അങ്ങനെ വലിയൊരു സംഗീതപ്രേമിയൊന്നും ആയിരുന്നില്ല. മലയാളത്തിലെയും ഹിന്ദിയിലെയും ചില സിനിമാഗാനങ്ങൾ, ഗുലാം അലിയുടെയും മെഹ്ദി ഹസന്റെയും പങ്കജ് ഉധാസിന്റെയും മറ്റും കുറച്ചു ഗസലുകൾ, എം ടി വിയിൽ പതിവായി കാണുന്ന ചില ഇംഗ്ലിഷ് മ്യൂസിക് വീഡിയോകൾ എന്നിവയിലൊതുങ്ങിയ അവളുടെ കേൾവിശീലത്തെ ശരത് ഇടയ്ക്കിടെ പരിഹസിച്ചു.
പുസ്തകപ്പുഴയിൽ ഇന്ന് മനോജ് കുറൂർ എഴുതിയ നോവലിലെ ഒരധ്യായം. ഡി സി ബുക്സാണ് നോവലിന്റെ പ്രസാധകർ.
നാല്
സോഫി ഉണർന്നപ്പോൾ പതിവുപോലെ താൻ മരിച്ചിട്ടില്ല എന്ന് ഒന്നുകൂടി ഉറപ്പു വരുത്തി. ഒരു തമോഗർത്തത്തിൽനിന്നു തെറിച്ചു പുറത്തെത്തിയതുപോലെ നിശ്വസിച്ചു. പിന്നെ എന്നത്തെയും മട്ടിൽ ചുവരിലെ കലണ്ടറിൽ നോക്കി. അതിൽ ഇപ്പോഴും രണ്ടു മാസം മുമ്പത്തെ തീയതികൾതന്നെ. അതൊന്നു താൾമറിച്ച് ഈ മാസത്തേതാക്കണമെന്ന് എന്നും വിചാരിക്കാറുണ്ട്. എഴുന്നേൽക്കാനാഞ്ഞപ്പോഴാണ് ശരത്തെവിടെ എന്ന് അന്വേഷിക്കാൻ തോന്നിയത്. കട്ടിലിൽ കാണാത്തതുകൊണ്ട് സോഫി കണ്ണുതിരുമ്മി ചുറ്റും നോക്കി. തട്ടിമറിഞ്ഞ ഒരു മദ്യക്കുപ്പിപോലെ അവൻ നിലത്തു കിടക്കുന്നുണ്ട്. പാതിയഴിഞ്ഞ ഉടുപ്പ്. സ്ഥാനം തെറ്റിയിട്ട ബട്ടണുകൾ. മുറിയാകെ വിസ്കിയും പുകയും ചേർന്ന കെടുമ്പിച്ച മണം. തലേന്നു രാത്രിയിലെ ബൈക്ക് യാത്രയിൽ നനഞ്ഞ മഴവെള്ളം വസ്ത്രങ്ങളിൽനിന്നു ചുറ്റുപാടും പടർന്നിട്ടുണ്ട്.
പതിവുള്ള കാര്യമാണ്. ശരത് വിശ്വനാഥ്. സംഗീതപരിപാടികളിൽ ഏറെ ആളുകൾ ഇഷ്ടപ്പെടുന്ന വയലിനിസ്റ്റ്. മിറർ ക്യൂബ്സ് എന്ന ബാൻഡിന്റെ ഉടമ. നന്നായി പാടാനുമറിയാം. ടെലിവിഷൻ അഭിമുഖങ്ങളിൽ അവതാരകരുടെ ചോദ്യങ്ങൾക്ക് സൗമ്യമായി മറുപടി പറയുന്നതു കേട്ടാൽ ബാംസുരിയിൽനിന്ന് മാൽകൗംസ് രാഗം ഒഴുകിവരുന്നെന്നു തോന്നും. അപ്പോൾ അവന്റെ ശിരസ്സിനെ നിലാവിന്റെ ഒരു പരിവേഷം വലയം ചെയ്യുന്നു എന്നുപോലും തോന്നിയിട്ടുണ്ട്. ആ പുറംപകിട്ടിലെ ചതി തിരിച്ചറിയുന്നതു താൻ മാത്രമാണ് എന്നു സോഫിക്ക് ഇന്നറിയാം. രാത്രി വൈകി വീട്ടിലെത്തുമ്പോഴാണ് അതു വെളിപ്പെടുക. തന്നോടു സംസാരിക്കുമ്പോൾ സ്വരക്കൂട്ടുകളല്ല, തെറിവാക്കുകൾ മാത്രമാണ് അവന്റെ നാവിൽ വരിക. പിന്നെ എവിടെയെങ്കിലും കുഴഞ്ഞുവീണ് ഉറക്കം.
വയലിൻവായനയ്ക്കും പാട്ടിനുമപ്പുറം പെരുമാറ്റത്തിലും നിലനിർത്തുന്ന ആർദ്രസംഗീതമാണ് അവന്റെ മറ്റാരാധകരെയെന്നപോലെ സോഫിയെയും ഒരിക്കൽ ആകർഷിച്ചത്. എങ്കിലും ഒന്നിച്ചു താമസിക്കാൻ തുടങ്ങിയതിൽപ്പിന്നെ അവൾ അതറിഞ്ഞിട്ടില്ല. വീട്ടിൽ ഭാഷയുടെ ഒരു അധോലോകം അതിന്റെ മുഴുവൻ വൈകൃതത്തോടെ അവനിൽ പ്രവർത്തിക്കുന്നതു കണ്ട് ഒരേ നാവിന്റെ പരിണാമഭേദങ്ങളോർത്ത് അവൾ അമ്പരന്നിരുന്നു. താൻ എന്തു ചെയ്താലും ചെയ്തില്ലെങ്കിലും കുറ്റം. ഒന്നുമില്ലെങ്കിൽ ജോണിന്റെ പേരു പറഞ്ഞുള്ള മുള്ളുവാക്കുകൾ. ഈയൊരു ജന്മം മുഴുവൻ കുറ്റകൃത്യങ്ങൾ മാത്രമാണോ താൻ ചെയ്തിട്ടുള്ളതെന്ന് ആദ്യമൊക്കെ അവൾ സ്വയം വിചാരണ ചെയ്തിരുന്നു. ഇപ്പോൾ അതുമില്ല. എല്ലാം ശീലമായി.
ശരത് എഴുന്നേല്ക്കുന്നതിനുമുമ്പ് കോളേജിലേക്കു പോകണം. അല്ലെങ്കിൽ ‘ഇത്തവണ പറ്റിപ്പോയി ഇനിയില്ല’ എന്ന മട്ടിൽ പതിവുള്ള കുമ്പസാരംകൂടി കേൾക്കേണ്ടിവരും. തലേന്നത്തെ ബഹളമൊന്നും താനല്ല ഉണ്ടാക്കിയത് എന്ന നാട്യത്തിൽ പിന്നീടുള്ള സ്നേഹോപദ്രവത്തിൽ താൻ ഒരിക്കൽക്കൂടി കുരുങ്ങിപ്പോയെന്നു വരും. കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നീങ്ങിയപ്പോഴേ അതിനു മാലാഖച്ചിറകുകൾ മുളച്ചു. അതൊരു സഞ്ചരിക്കുന്ന സംഗീതമുറിയായി. ബോബ് ഡിലൻ അവൾക്കുവേണ്ടി പാടി:
‘ഹൗ മെനി സീസ് മസ്റ്റ് എ വൈറ്റ് ഡോവ് സെയ്ൽ
ബിഫോർ ഷീ സ്ലീപ്സ് ഇൻ ദ സാൻഡ്?’
സോഫി കടലുകൾ താണ്ടുന്ന പക്ഷിയായി. പതിവുള്ളതാണ്. പഠിപ്പിക്കാനുള്ള കവിതാപുസ്തകത്തിന്റെ ഒഴിഞ്ഞ താളിൽ ഒരിക്കൽ കുറിക്കുകയും ചെയ്തു:
“ഡിലൻ, ഗിറ്റാറിന്റെ കമ്പികളിൽ നിന്റെ വിരലുകൾ തൊടുമ്പോൾ വൈദ്യുതി പ്രവഹിക്കുന്നു. ചുണ്ടുകൾ ഹാർമോണിക്കയുടെ കാറ്ററകൾക്കുമേലേ സഞ്ചരിക്കുമ്പോൾ അതിനു ശ്വാസം വീണ്ടുകിട്ടുന്നു. എന്നെയും നീ ചിറകുകളുള്ള ഒരു സംഗീതോപകരണമാക്കുകയാണ്. അല്ലേ?”
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച നോവൽ ഓൺലൈനിൽ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
സോഫി അങ്ങനെ വലിയൊരു സംഗീതപ്രേമിയൊന്നും ആയിരുന്നില്ല. മലയാളത്തിലെയും ഹിന്ദിയിലെയും ചില സിനിമാഗാനങ്ങൾ, ഗുലാം അലിയുടെയും മെഹ്ദി ഹസന്റെയും പങ്കജ് ഉധാസിന്റെയും മറ്റും കുറച്ചു ഗസലുകൾ, എം ടി വിയിൽ പതിവായി കാണുന്ന ചില ഇംഗ്ലിഷ് മ്യൂസിക് വീഡിയോകൾ എന്നിവയിലൊതുങ്ങിയ അവളുടെ കേൾവിശീലത്തെ ശരത് ഇടയ്ക്കിടെ പരിഹസിച്ചു. എന്നിട്ടും അവൾ മറ്റുള്ളതൊന്നും കേൾക്കാൻ താത്പര്യം കാണിച്ചില്ല. എന്നാൽ കുറച്ചുകാലം മുമ്പ് ബോബ് ഡിലന് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം കിട്ടിയത് ഇംഗ്ലിഷ് അധ്യാപികയായ സോഫിക്ക് ഒട്ടും ഉൾക്കൊള്ളാനായില്ല. മിലാൻ കുന്ദേരയും അഡോണിസും എൻഗുഗി വാ തിയോങ്ഗോയുമൊക്കെ ജീവിച്ചിരിക്കുമ്പോഴാണ് പാട്ടെഴുത്തുകാരനായ ഒരു ബോബ് ഡിലൻ! അന്ന് ബോബ് ഡിലന്റെ പേരിൽ രണ്ടു പെഗ്ഗ് കൂടുതൽ കഴിച്ച ശരത്തിനോട് അവൾ വഴക്കിടുകയും ചെയ്തു. ശരത് തിരിച്ചടിച്ചു:
“യൂ സ്റ്റുപിഡ് ഗിറ്റ്! സാഹിത്യത്തിനുള്ള നിന്റെ സമ്മാനം ആർക്കെങ്കിലും കൊടുക്ക്. സംഗീതത്തിൽ അയാൾ ഒരു ലെജൻഡാണ്. നീ കേട്ടിട്ടില്ലെങ്കിൽ അതിന്റെ നഷ്ടം നിനക്കു മാത്രമാണ്.”
Also read: മരിച്ചവര്‍ക്കുള്ള ചെരിപ്പുമായി വിധവകള്‍ കാത്തുനിന്ന ശ്മശാനങ്ങള്‍
ശരത് പലപ്പോഴും ലെഡ് സെപ്പലിൻ, പിങ്ക് ഫ്ലോയ്ഡ് എന്നൊക്കെ ചില പഴയ ബാൻഡുകളുടെ പേരുകൾ പറഞ്ഞു വാചാലനാകുമ്പോൾ സോഫി അവഗണിക്കുകയാണു പതിവ്. അവൻ ലോസ് ആഞ്ജലസിലാണു ജനിച്ചു വളർന്നത്. ഇന്ത്യൻ- ആഫ്രിക്കൻ-സ്പാനിഷ്-പോർച്ചുഗീസ് സംഗീതശൈലികളിൽ മാത്രമല്ല, അമേരിക്കൻ പോപ് സംഗീതത്തിന്റെ സാങ്കേതികകാര്യങ്ങളിൽവരെ നല്ല പിടിപാടുണ്ട്. ബ്ലൂസ് സംഗീതത്തിലെ പെന്റാറ്റോണിക് സ്കെയിലുകൾ കീബോർഡിൽ കൃത്യമായി വായിക്കും. അതിന്റെ ഊറ്റത്തിനുമുന്നിൽ വിധേയയായി നിന്നുകൊടുത്താൽ തനിക്ക് ഇപ്പോഴുള്ള പരിമിതമായ ഇടംകൂടി ഇല്ലാതാവുമെന്നുറപ്പ്. എങ്കിലും ഇത്തവണ അവൾ ബോബ് ഡിലനെപ്പറ്റി കൂടുതൽ അന്വേഷിക്കുകയാണു ചെയ്തത്. സാഹിത്യത്തെക്കാൾ സംഗീതം തന്നെയാണ് അവളെയും ആവേശിച്ചത് എന്നുമാത്രം. ഡിലൻ മാത്രമല്ല, നിരവധി ഗായകരും ഗിറ്റാർ വാദകരും ബാൻഡുകളും എണ്ണമറ്റ സംഗീതശൈലികളും ചേർന്ന് സോഫിയെ വലിയൊരു ചുഴിയിലാണ് അകപ്പെടുത്തിയത്. തൊഴിലിന്റെ ഭാഗമായി ഒരു ഗവേഷണവിഷയം കണ്ടെത്തേണ്ടി വന്നപ്പോൾ അവൾക്കു മറ്റൊരു മേഖലയെപ്പറ്റിയും ആലോചിക്കാൻ തോന്നിയില്ല. പഠനംതന്നെ പാട്ടുകേൾക്കലായതിന്റെ ഹരത്തിൽ അവൾ തനിക്കു മുൻപുള്ളൊരു കാലത്തെ അമേരിക്കൻ കൺട്രി മ്യൂസിക്കിൽ സ്വയം സമർപ്പിച്ചു.
എന്നാൽ ബോബ് ഡിലന്റെ വേരുകൾ തിരഞ്ഞ് അവൾ ചെന്നത് ബീറ്റ് ജനറേഷന്റെ അധോലോകങ്ങളിലാണ്. വീണ്ടും കവിതയും നോവലുമായി ഭാഷയുടെ തമോഭൂമികൾ. ഒപ്പം ലഹരിയും സംഗീതവും ശരീരത്തെ ത്രസിപ്പിച്ച ഡാൻസ് ഫ്ലോറുകൾ. ഇടർച്ചയും മുരൾച്ചയും സുഷിരങ്ങൾ നിർമ്മിച്ച വാക്കുകളുടെയും സ്വരങ്ങളുടെയും നെയ്ത്തുപാടങ്ങൾ. അതുവരെ പരിചയിച്ച ജീവിതവും കലയുമെല്ലാം മറ്റൊരു ലോകത്തിനു കീഴ്പ്പെടുകയാണ്. അതോടെ സോഫി രണ്ടാളുകളായി പിരിഞ്ഞു. ഒരു സോഫിയോടു കലഹിച്ചു മറ്റേ സോഫി നാടുവിട്ടുപോയി.
നാട്ടിലെ സോഫി മറുനാട്ടിലെ സോഫിയെ വിളിക്കുമ്പോൾ അവൾ പലപ്പോഴും ഫോൺ എടുക്കാറില്ല. കുറേക്കഴിഞ്ഞു തിരികെ വിളിക്കുമ്പോൾ പറയും:
“ഡാ, ഞാൻ നല്ല തിരക്കിലായിരുന്നു. കുറച്ചു നേരം കാലിഫോർണിയൻ കടൽത്തീരത്ത് തിരകളുടെ ഇരമ്പത്തിനൊത്ത് അല്ലാ രാഖയ്ക്കൊപ്പം തബല വായിച്ചു. അതുകഴിഞ്ഞ് മോണോ കൗണ്ടിയിലെ റെയിൻബോ വെള്ളച്ചാട്ടത്തെ ശിരസ്സിലേക്കാവാഹിച്ച് ഉദയശങ്കറിനൊപ്പം ഒരു ശിവനടനം. ആ! നീയവിടെ എന്തു ചെയ്യുന്നു?”
നാട്ടിലെ സോഫി നെടുവീർപ്പിടും:
“ഞാനോ? പതിവുപോലെ ശരത്തിന്റെ മദ്യഗന്ധം കലർന്ന ഉടലിനടിപ്പെടുന്നു. ഓരോ ദിവസവും തള്ളിനീക്കുന്നതിന്റെ നൂലാമാലകളിലകപ്പെടുന്നു. പലതിലും പെടുന്നു! അല്ലാതെന്ത്! വെറും പൂക്കൾ വിടർന്നാലും കൊഴിഞ്ഞാലും ആരും ശ്രദ്ധിക്കാറില്ലല്ലോ.”
“കണക്കായിപ്പോയി. ഞാൻ കുടുംബവും ജോലിയുമുപേക്ഷിച്ചത് എത്ര നന്നായി! നിനക്കു കേൾക്കണോ? ഇന്നലെ രാത്രിയിൽ ബെൻസിഡ്രീനിന്റെ ഉന്മേഷത്തിൽ ഞാനൊരു കവിതയെഴുതി. ഇന്നു പകൽ മുഴുവൻ ചേരികളിലെ വീടുകളും തെരുവുകളും തമ്മിലുരുമ്മിയ നടപ്പാതകളിലൂടെ അതും മൂളി അലഞ്ഞുനടന്നു. എന്താ രസം! നാളത്തെ പ്രോഗ്രാം കേൾക്കണോ?”
“നീ പറ.”
“ലറേഡോയിൽനിന്നു ന്യൂയോർക്കിലേക്ക് കുറച്ചു മരിയുവാന ഒളിച്ചുകടത്താൻ പോകുന്നു. കൂടെയാരാണെന്നു ചോദിക്കരുത്. വല്യ ബുദ്ധിജീവികളാ. ഒന്നാന്തരം പ്രാന്തന്മാർ!”
“വല്യ കാര്യമായിപ്പോയി! ഒന്നിനോടും ഒരു ബാധ്യതയില്ലെന്നു തോന്നിയാൽ എന്തുമാവാല്ലോ. അല്ലേ? ഇതാണു വെറും സ്വാർത്ഥത.”
“അങ്ങനെ തോന്നിയോ? എന്നാൽ നീ പറ. അദൃശ്യമായ ഒരു പട്ടാളത്തെ ചുറ്റും നിർത്തിയുള്ള പോർവിളികളെ നിരായുധരായ മനുഷ്യർ എങ്ങനെ നേരിടാനാണ്? സ്വരങ്ങളും വാക്കുകളും അതിനു മതിയാകുമെങ്കിൽ എത്ര നന്നായിരുന്നു! നരകത്തിൽനിന്നു സൂര്യകാന്തികൾ വിരിയിക്കുന്ന വിദ്യയൊന്നും എനിക്കറിയില്ല. ജീവിക്കാൻതന്നെ ഒരു യുക്തിയും ബാക്കിയില്ലെന്നായപ്പോഴാണ് അസംബന്ധങ്ങളുടെ ലാബിറിന്തിലൂടെ ജാക് കെറ്വാക്കിനൊപ്പം ഞാൻ യാത്ര ചെയ്തത്. ആത്മഹത്യാമുനമ്പിൽ താഴ്‌വരയ്ക്കുമേലേ തെറിച്ചുനിൽക്കുന്ന പാറയിൽ അലൻ ഗിൻസ്ബർഗിന്റെ കൈപിടിച്ചു നൃത്തം ചെയ്തത്. ശിരസ്സിൽ ഒരു വൈൻ ഗ്ലാസ്സുമായി വില്യം ബറോസിന്റെ ഉന്നം വഴുതുമെന്നുറപ്പുള്ള തോക്കിനുമുന്നിൽ പുഞ്ചിരിയോടെ വിടർന്നുനിന്നത്. നിനക്കറിയാമോ? ഞാനിവിടെ അപരിചിതരായ ആണുങ്ങൾക്കൊപ്പം ഉടുപ്പഴിച്ചുവച്ചു കടലിൽ കുളിക്കാറുണ്ട്. അറിയാവുന്ന തെറിയൊക്കെ അവരെ സ്നേഹത്തോടെ വിളിക്കാറുണ്ട്. ഇനിയൊരിക്കലും കാണില്ലെന്ന ഉറപ്പോടെ അവരിൽ ചിലരുമായി കെട്ടിമറിയാറുണ്ട്. വരയും ചായവും കണക്കിനുചേർന്ന ചിത്രങ്ങളിലല്ല, വരച്ചു മുഴുവനാകുംമുമ്പേ ചായം തെറിപ്പിച്ചു പുറത്തേക്കെറിയുന്ന കലയിലാണ് ഇപ്പോഴെനിക്കു വിശ്വാസം.”
Also read: സമുദ്രത്തിന്റെ ഇരുട്ടിലേക്ക് വെളിച്ചം പായിക്കുന്ന ഏകാന്തഗാംഭീര്യമുള്ള ഒരു വിളക്കുമാടം
നാട്ടിലെ സോഫിക്ക് മറ്റേ സോഫിയോട് അസൂയ തോന്നി. വിരസമായ പ്രബന്ധത്തിലേക്കോ അർത്ഥമില്ലാത്ത ബിരുദത്തിലേക്കോ ഒരിക്കലും എത്തിച്ചേരില്ലെന്നുറപ്പുള്ള തന്റെ ഗവേഷണത്തെക്കാൾ ഭേദം മറ്റവളുടെ പ്രാന്താണ്. ആർക്കും അടിച്ചുനനയ്ക്കാനും കാലുരയ്ക്കാനുമുള്ള ഒരു അലക്കുകല്ലായി മാറുന്നതിൽനിന്ന് അവൾ രക്ഷപ്പെട്ടിരിക്കുന്നു. നാടുവിട്ട സോഫിയെ അനുകരിച്ച് നാട്ടിലെ സോഫിയും ചിലപ്പോഴെങ്കിലും മട്ടാഞ്ചേരിയിലെ തെരുവുകളിലൂടെ ഗസലുകൾ മൂളി നടന്നു. ഒരു സോഫി അങ്ങനെ മറ്റേ സോഫിയുമായി ഇടയ്ക്കിടെ സന്ധിക്കുകയും രണ്ടും ഒരാളാണ് എന്നു ഭാവിക്കുകയും ചെയ്തു. എന്നാലും ജീവിതത്തെപ്പറ്റി ചില സംശയങ്ങൾ ഇരുവരും തമ്മിൽ ചോദിക്കാതിരുന്നില്ല. അവയ്ക്ക് ഉത്തരം കിട്ടാതെ വന്നപ്പോൾ അവർ ഒരേ ശ്രുതിയിൽ മൂളി:
“ദി ആൻസ്വർ മൈ ഫ്രണ്ട്, ഈസ് ബ്ലോവിങ് ഇൻ ദ വിൻഡ്...”
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച നോവൽ ഓൺലൈനിൽ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
Also read: ആരാണ് കാടിന്റെ വിജനതയില്‍ ഏറ്റുമുട്ടുന്നത്; അതും ഈ അന്തിനേരത്ത്?