നടി, സൈക്കോളജിസ്റ്റ്, ഭാര്യ, ഇതിനിടയില്‍ ഒരുവളുടെ ജീവിതം, സ്വപ്‌നം, മോഹഭംഗങ്ങള്‍...

യഥാര്‍ത്ഥജീവിതത്തിലും സിനിമയിലും ഞാനഭിനയിച്ചുകൊണ്ടിരിക്കുന്ന വേഷങ്ങളല്ലെങ്കില്‍ പിന്നെ, ആരാണു ഞാന്‍?

Excerpts from Daivathinte Athmakatha A book by lena

പുസ്തകപ്പുഴയില്‍ ഇന്ന് നടി ലെന എഴുതിയ 'ദൈവത്തിന്റെ ആത്മകഥ' എന്ന പുസ്തകത്തില്‍നിന്നുള്ള ഒരു ഭാഗം. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ വിവര്‍ത്തനപുസ്തകം 18 വര്‍ഷത്തെ സ്വയം കണ്ടെത്തലിന്റെ ഗംഭീരമായ വിവരണമാണ്.    

Excerpts from Daivathinte Athmakatha A book by lena
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 'ദൈവത്തിന്റെ ആത്മകഥ' ഓണ്‍ലൈനായി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 

നടി

ആളുകള്‍ പറയുന്നത് കാണികളില്‍നിന്നു നിങ്ങള്‍ ആഗ്രഹിക്കുന്നത് അവിശ്വാസ്യതയെ തടഞ്ഞുനിര്‍ത്തുക എന്നതുതന്നെയാണ്. അതിനുമുമ്പ്, ഒരു അഭിനേതാവെന്ന നിലയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ അവിശ്വാസ്യതയെയും തടഞ്ഞുനിര്‍ത്തേണ്ടതുണ്ട്.

 ഹെലനാ ബോണ്‍ഹാം കാര്‍ട്ടര്‍

1998-ലെ നല്ല ചൂടുള്ള ഒരു സായാഹ്നം. തൃശൂരിലെ ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ 11-ാം ക്ലാസില്‍ കണക്കുക്ലാസ് നടക്കുമ്പോള്‍, ശിപായി അങ്ങോട്ടു കടന്നുവന്നു. അടുത്ത നിമിഷം, അധ്യാപിക ഒരു അറിയിപ്പ് നല്‍കി, ''ലെന പ്രിന്‍സിപ്പാളിന്റെ ഓഫീസിന്റെ തൊട്ടടുത്ത മുറിയിലേക്കുചെന്ന് നളിനി മിസ്സിനെ കാണണം.''

കണക്കുക്ലാസ്സില്‍നിന്നു രക്ഷപ്പെടുന്നതിലുള്ള ആശ്വാസം അപ്പോള്‍ എന്റെ മനസ്സിലേക്കു കയറിവന്ന ചിന്തകളില്‍ മുങ്ങിപ്പോയി. സ്‌കൂളിന്റെ സ്ഥാപക പ്രിന്‍സിപ്പാള്‍ ഈ സമയത്ത് എന്നെ ക്ലാസില്‍നിന്നും വിളിച്ചുകൊണ്ടുപോകുന്നതെന്തിനായിരിക്കും? ഞാനെന്തെങ്കിലും തെറ്റ് ചെയ്തുകാണുമോ?

കാര്യമിതായിരുന്നു. നളിനിമിസ്സ് അവര്‍ ആരംഭിക്കാന്‍ ആലോചിക്കുന്ന തിയേറ്റര്‍ കമ്പനിയിലേക്കുവേണ്ടി എന്റെ പ്രായത്തിലുള്ള ഏതാനും പെണ്‍കുട്ടികളുടെ 'ഓഡിഷനിങ്' നടത്താനുദ്ദേശിക്കുന്നു. ആ മുറിയില്‍ എനിക്കു പരിചിതമല്ലാത്ത നിരവധി മുഖങ്ങളുണ്ടായിരുന്നു. മൂന്നു വയസ്സുള്ളപ്പോള്‍ മുതല്‍ അഭിനയത്തോട് എനിക്കിഷ്ടമായിരുന്നു. എന്റെ ഹൃദയവും ആത്മാവും ഞാന്‍ ഓഡിഷനുവേണ്ടി സമര്‍പ്പിച്ചു. ആ ആഴ്ചയുടെ ഒടുവില്‍ എനിക്കു വിവരം കിട്ടി ഓഡിഷന്‍ നടത്തിയത് സംവിധായകന്‍ ജയരാജ് എടുക്കാനുദ്ദേശിക്കുന്ന 'സ്നേഹം' എന്ന സിനിമയിലെ വേഷത്തിനു ഞാന്‍ പറ്റുമോ എന്നറിയാന്‍വേണ്ടി, ചിത്രത്തിന്റെ നിര്‍മാതാവും സംവിധാനസഹായിയുമായിരുന്നുവെന്ന്.

ആദ്യത്തെ ചലച്ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ട ദിവസം ഒരുപക്ഷേ, എന്റെ കൗമാരവര്‍ഷങ്ങളിലെ ഏറ്റവും വിഷമംപിടിച്ച ദിവസമായിരിക്കണം. എനിക്കന്നു പ്രായം പതിനാറ്. ആണ്‍സുഹൃത്തുള്ള ഏതൊരു കൗമാരക്കാരിയെയുംപോലെ രോമാഞ്ചമുണ്ടാക്കുന്ന ഈ വാര്‍ത്ത പങ്കുവയ്ക്കാന്‍ ഞാന്‍ ആദ്യം വിളിച്ചത് അവനെയാണ്. കാര്യമറിയുമ്പോള്‍ അവന്‍ അത്ഭുതംനിറഞ്ഞ ആശംസാവചനങ്ങള്‍ കൊണ്ടെന്നെ വീര്‍പ്പുമുട്ടിക്കുമെന്ന ചിന്തയോടെ ശ്വാസമടക്കിപ്പിടിച്ചുകൊണ്ടാണ് ഞാന്‍ ലാന്‍ഡ്ഫോണെടുത്ത് നമ്പര്‍ ഡയല്‍ ചെയ്്തത്. അപ്പുറത്ത് ഫോണെടുത്ത നിമിഷം, ഞാന്‍ മറ്റൊന്നും ആലോചിക്കാതെ വെട്ടിത്തുറന്നു കാര്യമങ്ങു പറഞ്ഞു: ''ഞാന്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു!''

അവന്റെ വാക്കുകള്‍ കാതില്‍ വന്നു വീണ നിമിഷം എന്റെ തല കറങ്ങുകയും ഹൃദയം ലക്ഷക്കണക്കിനു കഷണങ്ങളായി പൊട്ടിച്ചിതറുകയും ചെയ്തു!

''എന്ത്? നിനക്കെന്താ ഭ്രാന്തുണ്ടോ? നീ സിനിമയിലഭിനയിക്കാന്‍ പോകുന്നോ? അതെന്തൊരു ലോകമാണെന്നതിനെപ്പറ്റി നിനക്കു വല്ല പിടിയുമുണ്ടോ? ആളുകള്‍ നിന്നെ പുച്ഛത്തോടെയായിരിക്കും കാണുക. പറ്റില്ല' എന്നു പറഞ്ഞേക്ക്!'' 

അതേസമയം എന്റെ മാതാപിതാക്കളാകട്ടെ സിനിമയില്‍ കിട്ടിയ അവസരത്തെക്കുറിച്ചറിഞ്ഞപ്പോള്‍ വളരെയധികം സന്തോഷിക്കുകയും ആഹ്ലാദംകൊണ്ടു മതിമറക്കുകയും എന്നെ പ്രോത്സാഹിപ്പിക്കുകയുമാണു ചെയ്തത്. ഞാന്‍ വല്ലാത്ത ഒരുതരം ആശയക്കുഴപ്പത്തിലകപ്പെട്ടു. സിനിമയിലഭിനയിക്കാന്‍ മനസ്സുകൊണ്ട് വല്ലാത്ത മോഹമുണ്ടായിരുന്നെങ്കിലും ആളുകള്‍ എന്നെക്കുറിച്ചെന്തു വിചാരിക്കുമെന്നു കരുതി ഞാന്‍ വലിയ ധര്‍മ്മസങ്കടത്തിലായി.

ആ ദിവസം എന്റെ അച്ഛന്‍ എനിക്കു നല്‍കിയ ഉപദേശം സത്യത്തില്‍ എന്റെ ജീവിതത്തിന്റെ ഗതിതന്നെ മാറ്റിമറിച്ചു. അദ്ദേഹം പറഞ്ഞു: ''ആഹാരം എന്നത് ആരുടെയും ഔദാര്യമല്ല. നിന്റെ ജീവിതം നിന്റേതാണ്. നീ എന്താണോ ആഗ്രഹിക്കുന്നത് എന്നതനുസരിച്ച് തീരുമാനമെടുക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും നീതന്നെയാണ്. നിന്റെ അച്ഛനമ്മമാരായ ഞങ്ങളോ നിന്റെ കൂട്ടുകാരനോ മറ്റാരെങ്കിലുമോ ആഗ്രഹിക്കുന്നതിനനുസരിച്ചല്ല നീ ചെയ്യേണ്ടത്.''

ഒരുപക്ഷേ, ഈ അനുഭവമായിരിക്കണം 'സ്വാതന്ത്ര്യം കൂടുമ്പോള്‍ ഉത്തരവാദിത്വവും കൂടുന്നു' എന്ന തിരിച്ചറിവ് എന്നില്‍ ഉണ്ടാക്കാന്‍ നിമിത്തമായത്. ഏതായാലും അതെന്റെ ജീവിതത്തിലെ വഴിത്തിരിവായി. ഞാന്‍ സ്വതന്ത്രയായ ഒരു വ്യക്തിയാണെന്നും എനിക്കു സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള പ്രാപ്തിയുണ്ടെന്നും ആദ്യമായി തോന്നിയ മുഹൂര്‍ത്തം. 'ഞാന്‍ ആരാണ്?' എന്ന ചോദ്യം എന്നില്‍ ആദ്യമായി ഉയിര്‍ക്കൊണ്ടതും അപ്പോഴാണ്.

'ഞാന്‍ ആരാണ്?' കഥയുടെ ഈ ഭാഗത്ത് (1998-2001) ഞാന്‍ ഒരു നല്ല വിദ്യാര്‍ത്ഥിനിയും പ്രയാസമനുഭവിക്കുന്ന കൗമാരക്കാരിയും തിരക്കുള്ള നടിയും ആണ്. 1998 ഫെബ്രുവരി 11-ന് ഞാന്‍ സിനിമാവ്യവസായത്തിന്റെ ഭാഗമായി മാറി.

നാലു വര്‍ഷങ്ങള്‍ക്കും നാലു സിനിമകള്‍ക്കുംശേഷം മനഃശാസ്ത്രത്തില്‍ സംസ്ഥാന റാങ്കോടെ ബിരുദധാരിയായിത്തീര്‍ന്ന ഞാന്‍ സിനിമ ഉപേക്ഷിക്കാനും ഒരു ക്ലിനിക്കില്‍ സൈക്കോളജിസ്റ്റ് ആയിത്തീരുക എന്ന ലക്ഷ്യത്തോടെ എന്റെ പഠനം തുടര്‍ന്നുകൊണ്ടുപോകാനും തീരുമാനമെടുത്തു.

 

Excerpts from Daivathinte Athmakatha A book by lena
 

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്

'രണ്ടുതരം ആളുകളാണ് ഈ ലോകത്തുള്ളത്. രോഗം കണ്ടുപിടിക്കപ്പെട്ടവരും രോഗം കണ്ടുപിടിക്കപ്പെടാത്തവരും.'

എന്റെ ബാല്യകാലത്തും കൗമാരത്തിലും മനസ്സിനെ നിരന്തരം അലട്ടിയിരുന്നതും പുറമേക്കു പറയപ്പെടാത്തതുമായ രണ്ടു ചോദ്യങ്ങളായിരുന്നു 'ഞാന്‍ ആരാണ്?', 'ഈ ലോകം എന്താണ്?' എന്നിവ. ഉന്നതപഠനം തുടരാന്‍ ഏതു വിഷയമാണു തിരഞ്ഞെടുക്കേണ്ടതെന്നു വന്നപ്പോള്‍ മനഃശാസ്ത്രത്തില്‍ ഒരു ബിരുദം നേടുകയായിരിക്കും അഭികാമ്യമെന്ന് എനിക്കു തോന്നിയതിനു പിന്നിലുള്ളത് തികച്ചും ദിവ്യമായ ഒരിടപെടലാണെന്നാണ് ഞാന്‍ കരുതുന്നത്.

മനസ്സ് മനസ്സിനെക്കുറിച്ചുതന്നെ പഠിക്കാന്‍ ഇഷ്ടപ്പെടുക. വിഷയത്തോടുള്ള ഈ അഗാധമായ പ്രേമമാണ് ഒരേസമയം പഠനവും അഭിനയവും തുടരാനും രണ്ടിലും തിളങ്ങാനും എന്നെ യഥാര്‍ത്ഥത്തില്‍ സഹായിച്ചത്.

കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് സംസ്ഥാനതലത്തില്‍ ഉന്നതവിജയം കരസ്ഥമാക്കിയശേഷം ജീവിതത്തില്‍ അടുത്ത പടി ഇനി എന്തായിരിക്കണമെന്നു ഞാനെടുത്ത തീരുമാനം ഞാനുള്‍പ്പെടെ എല്ലാവരിലും വലിയ അത്ഭുതമാണുണ്ടാക്കിയത്.

സിനിമാരംഗം വിടാനും മുംബൈയിലെ എസ്.എന്‍.ഡി.ടി. സര്‍വകലാശാലയില്‍ ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദപഠനം നടത്താനുമായിരുന്നു ഞാന്‍ തീരുമാനിച്ചത്.
2002-ല്‍, ഞാനൊരു ഡോക്ടറുടെ വെളുത്ത കോട്ടുമിട്ടുകൊണ്ട് മുംബൈയിലെ ജെ.ജെ. ആശുപത്രിയില്‍ എനിക്കനുവദിക്കപ്പെട്ട മേശയ്ക്കു പിന്നിലിരുന്നു. എന്റെ ഉദരത്തിനകത്തെ ശലഭങ്ങള്‍ ശാന്തരാവുന്നതിനുമുമ്പുതന്നെ ജഗത് (യഥാര്‍ത്ഥ പേര് ഇതല്ല) വളരെ വിഷണ്ണനായി എന്റെ മുമ്പില്‍ വന്ന് ഇരുന്നു. അഞ്ച് വര്‍ഷം തിയറി പഠിച്ചതുകൊണ്ടുമാത്രം ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന നിലയില്‍ ആദ്യദിവസത്തെ ഇന്റേണ്‍ഷിപ്പിനു നിങ്ങള്‍ സജ്ജരാവുന്നില്ല എന്നെനിക്കറിയാം.

ജഗത് വല്ലാതെ ഒതുങ്ങിക്കൂടിയിരിക്കുകയായിരുന്നെങ്കിലും ചോദ്യങ്ങള്‍ തുടരെത്തുടരെ ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ അവന്‍ ശാന്തനായി മറുപടി നല്‍കി. ബിരുദാനന്തര ബിരുദമൊക്കെയുണ്ടെങ്കിലും ജോലിക്കൊന്നും പോകാതെ വീടിനകത്ത് സ്വന്തം മുറിയില്‍ ആരോടും മിണ്ടാതെ ചടഞ്ഞുകൂടിയിരിക്കുന്നതു ശീലമാക്കാന്‍ തുടങ്ങിയപ്പോഴാണ് മനഃശാസ്ത്രചികിത്സകന്റെ സഹായം തേടി അവന്‍ എത്തിയത്. ഭക്ഷണം ആരെങ്കിലും കൊടുത്തെങ്കില്‍ മാത്രമേ കഴിക്കൂ. ശരീരമൊക്കെ വൃത്തിയായി സൂക്ഷിക്കും. കുഴപ്പമൊന്നുമുണ്ടാക്കാറില്ല. വിവാഹിതനാണെങ്കിലും യാതൊരു ലൈംഗികതാത്പര്യവും കാണിക്കാറില്ല; ഭാര്യയോട് നല്ല സ്നേഹവും പരിഗണനയുമൊക്കെയുണ്ടെങ്കിലും.

വ്യക്തമായ വിലയിരുത്തലിന് കുറെയധികം പരിശോധനകള്‍ വേണ്ടിവരും. വളരെ നീളമുള്ള ഒരു ചോദ്യാവലി മുഴുവന്‍ പൂരിപ്പിക്കേണ്ടതുണ്ട്. ജഗത്തിനോടു ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കുകയും അവന്‍ പറഞ്ഞ ഉത്തരങ്ങള്‍ എഴുതിയെടുക്കുകയും ചെയ്തു. ഒന്നൊന്നായി പരിശോധനകള്‍ നടന്നു. ഇത് ദിവസങ്ങളോളം തുടര്‍ന്നപ്പോള്‍ എന്റെ വിശപ്പും ഉറക്കവും മനഃസമാധാനവുമൊക്കെ നഷ്ടപ്പെട്ടു. 'പാരനോയിഡ് സ്‌കിസോഫ്രേനിയ' ആണെന്നായിരുന്നു അവസാനം കണ്ടെത്തിയത്. പരിശോധനാഫലങ്ങളെല്ലാം അതുതന്നെയാണുറപ്പിച്ചത്. ഞാനാലോചിച്ചു-മാനസികാസ്വാസ്ഥ്യം ഉള്ളതായി തെളിയിക്കുന്നതിനുവേണ്ടി ആസൂത്രണം ചെയ്തതാണീ പരിശോധനകളെല്ലാം. നിങ്ങള്‍ കബളിപ്പിക്കാന്‍ ശ്രമിച്ചാല്‍പോലും മനഃശാസ്ത്ര പരിശോധനകള്‍ കഴിയുമ്പോള്‍ നിങ്ങള്‍ക്കൊരിക്കലും പൂര്‍ണ മാനസികാരോഗ്യവാനായി പരിശോധനാമുറിയില്‍നിന്നും പുറത്തു കടക്കാനാകില്ല.

ആകെക്കൂടി ചിന്തിച്ചപ്പോള്‍ എനിക്ക് വലിയ മാനസികഭാരവും വല്ലായ്മയും അനുഭവപ്പെട്ടു. പരിശോധനാഫലം അതിന്റെ ചുമതലക്കാരനായ സൈക്യാട്രിസ്റ്റിനു സമര്‍പ്പിച്ചപ്പോള്‍ അദ്ദേഹം സമ്പൂര്‍ണവും വിദഗ്ധവുമായ ഒരു വിലയിരുത്തല്‍ വീണ്ടും നടത്തണമെന്നു ഞാന്‍ ഹൃദയംകൊണ്ടാഗ്രഹിച്ചിരുന്നു. മനസ്സിന്റെ ആഴത്തില്‍ ഒരു അഗ്‌നിപരീക്ഷണം കടന്നുകിട്ടിയതിന്റെ ആശ്വാസം എനിക്കേതായാലും അപ്പോള്‍ അനുഭവപ്പെട്ടു. ആശുപത്രിയിലെ അടുത്ത ദിനം കുറെക്കൂടി ഭേദപ്പെട്ടതായിരിക്കുമെന്നും ഞാന്‍ പ്രതീക്ഷിച്ചു.

കൃത്യം ആ സമയത്താണ് ഇന്റേണികളെയെല്ലാം ഇന്‍പേഷ്യന്റ് വാര്‍ഡുകളിലെ റൗണ്ട്സിനായി വിളിച്ചത്. തടവറകളിലെപ്പോലെ ഭാരമുള്ള ലോഹത്താഴുകളിട്ടു പൂട്ടിയ വാതിലുകളായിരുന്നു വാര്‍ഡില്‍ എത്തിയപ്പോഴത്തെ ആദ്യത്തെ ഞെട്ടിപ്പിക്കുന്ന കാഴ്ച.

ഇരുണ്ട വാര്‍ഡുകളിലെ അരക്ഷിതാവസ്ഥയും കെട്ട മണവും എന്നെ കരച്ചിലിന്റെ വക്കിലെത്തിച്ചു.
ഞങ്ങളെ ആക്രമണങ്ങളില്‍നിന്നു രക്ഷപ്പെടുത്തുന്നത് ഞങ്ങളണിഞ്ഞിരിക്കുന്ന വെള്ളക്കോട്ട് മാത്രമാണെന്നും എങ്കിലും നല്ല മുന്‍കരുതല്‍ ആവശ്യമാണെന്നും പ്രധാന ഡോക്ടര്‍ ഞങ്ങളോടു പറഞ്ഞു. അദ്ദേഹം അത് പറഞ്ഞുതീര്‍ന്നപ്പോഴേക്കും ഒത്ത ശരീരമുള്ള ഒരുത്തന്‍ എന്റെയടുത്തേക്കു പാഞ്ഞെത്തുകയും എന്റെ മുഖത്തിന് ഏതാനും ഇഞ്ചുമാത്രം അകലത്ത് നിന്നുകൊണ്ട് എന്നെ നോക്കി അതിവികൃതമായി ചിരിക്കുകയും ചെയ്തു. ആ സമയത്ത് എന്റെ ശ്വാസംതന്നെ നിന്നുപോയി. വാപൊളിച്ച് തന്റെ മുന്‍നിരപ്പല്ലുകള്‍ക്കിടയിലുള്ള വിടവ് ചൂണ്ടിക്കാണിച്ച ശേഷം അത് അടച്ചുകൊടുക്കണമെന്ന് എന്നോടയാള്‍ ആവശ്യപ്പെട്ടപ്പോള്‍ എന്റെ കണ്ണുതള്ളിപ്പോയി!

ഈ കാഴ്ച കണ്ടു രസം പിടിച്ചെന്നു തോന്നിച്ച ഒരു പുരുഷ അറ്റന്‍ഡന്റ് അയാളെ പിടികൂടി അകലേക്കു കൊണ്ടുപോകുകയും ആ തക്കം നോക്കി ഞാന്‍ സ്ത്രീകളുടെ വാര്‍ഡില്‍ നില്‍ക്കുകയായിരുന്ന മറ്റ് ഇന്റേണികളുടെ അടുത്തേക്ക് ഏതാണ്ട് ഓടുന്നതുപോലെ നടന്നെത്തുകയും ചെയ്തു. വാര്‍ഡിന്റെ ചുവരുകളില്‍ തേച്ചുപിടിപ്പിച്ചിരുന്ന വിസര്‍ജ്യവും ആര്‍ത്തവരക്തവുമൊക്കെ കണ്ട നിമിഷം എന്റെ നട്ടെല്ലിലൂടെ ഒരു വിറയല്‍ അരിച്ചുകയറി. പല പ്രായത്തിലുള്ള സ്ത്രീകള്‍ കിടന്നിരുന്ന കട്ടിലുകളിലൂടെ എന്റെ കണ്ണുകള്‍ സൂക്ഷ്മപരിശോധന നടത്തി. തരക്കേടില്ലാത്ത ഒരു കുടുംബത്തില്‍നിന്നെന്നു തോന്നിക്കുന്ന ഒരു സുന്ദരിയായ പെണ്‍കുട്ടി കണ്ണീരൊലിപ്പിച്ചുകൊണ്ട് എന്നോട് അവളുടെ പരിഭവം പറഞ്ഞു: ''എനിക്ക് ബണ്ണും ചായയും കഴിക്കാന്‍ തോന്നുന്നു. എന്തു കഷ്ടമാണ്, അല്ലേ?'' ഈയൊരനുഭവം മാത്രം മതിയായിരുന്നു ഇത്തരമൊരു ജോലിയില്‍ എനിക്കു യാതൊരു ഭാവിയുമില്ല എന്ന തിരിച്ചറിവുണ്ടാകാന്‍!

'ഞാന്‍ ആരാണ് ' എന്ന ചോദ്യത്തിന് ഒരു സിനിമാനടിയാണ് എന്നതിനുപകരം ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ് എന്നു തെളിയിക്കാന്‍ വേണ്ടി ഞാന്‍ അഞ്ചു വര്‍ഷമാണ് കഠിനപരിശ്രമം നടത്തിയത്. പിറ്റേന്ന് രാവിലെ ആശുപത്രിയിലേക്കു പോകുന്ന കാര്യം മനസ്സില്‍ കണ്ടുകൊണ്ട് കിടക്കയില്‍ കിടക്കുമ്പോള്‍ സിനിമ ഉപേക്ഷിച്ചത് അഹന്ത നിറഞ്ഞ തെറ്റായ തീരുമാനമായിരുന്നുവെന്നും തരളഹൃദയയായ ഒരു കലാകാരിക്ക് ഒരു മനോരോഗ ചികിത്സകയുടെ ജോലിസമ്മര്‍ദ്ദങ്ങള്‍ താങ്ങാനാവുന്നതിനപ്പുറമാണെന്നും എനിക്കു ബോധ്യം വന്നു. ആ രാത്രി മുഴുവനും ഞാന്‍ എന്റെ ഭാവി എന്നതുപോലെ തോന്നിപ്പിക്കുന്ന കൂരിരുട്ടിലേക്കു കണ്ണുതുറന്നുകൊണ്ട് ഉറങ്ങാതെ കിടന്നു.

ആ പ്രത്യേകദിവസം വരെ 'അനുതാപം' എന്ന വാക്ക് എന്താണെന്നു ഞാനറിഞ്ഞിരുന്നില്ല. ആശുപത്രിയില്‍ എന്റെ മേശയ്ക്കു മുമ്പില്‍ വിഷണ്ണതയോടെ സ്തംഭിച്ചിരിക്കെ, എന്റെ കണ്ണിനുമുന്നിലൂടെ അപ്പോള്‍ ജഗത്തിനെ ഇ.സി.ടി. (ഇലക്ട്രോ കണ്‍സര്‍വേറ്റീവ് തെറാപ്പി) മുറിയിലേക്ക് ട്രോളിയില്‍ ഉന്തിക്കൊണ്ടു പോകുന്നുണ്ടായിരുന്നു. എന്റെ സമീപത്തെത്തിയപ്പോള്‍ അവന്‍ എന്റെ നേരേ ശൂന്യമായ ഒരു നോട്ടം പായിച്ചു. ആ നിമിഷത്തില്‍ കുറ്റബോധം എന്നെ വല്ലാതെ കുത്തിനോവിച്ചു. കനത്ത വാതില്‍ അടയുകയും തുടര്‍ന്ന് പുറത്ത് അപായവെളിച്ചം തെളിയുകയും ചെയ്യുമ്പോള്‍ ഞാനെന്റെ കസേരയില്‍ അസ്തപ്രജ്ഞയായി ഇരുന്നു. സമയം ആ നിമിഷത്തില്‍ അവിടെ നിലച്ചുപോയതുപോലെ. അല്പനേരം കഴിഞ്ഞ് ട്രോളിയുടെ ചക്രങ്ങള്‍ നേര്‍ത്ത ഞരക്കത്തോടെ ഇ.സി.ടി. മുറിയില്‍നിന്നു പുറത്തേക്ക് ഉരുളാന്‍തുടങ്ങി.

എനിക്കു നോക്കാതിരിക്കാനായില്ല. ജഗത്തിനെ അവര്‍ തിരികെ കൊണ്ടുപോകുമ്പോള്‍ അവന്റെ വായില്‍നിന്ന് തുപ്പല്‍ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. അപ്പോഴും അവന്റെ സ്നിഗ്ധമായ കണ്ണീരൊലിക്കുന്ന കണ്ണുകള്‍ എന്നെത്തന്നെയാണു നോക്കിയിരുന്നത്. എനിക്കു വല്ലാത്ത ഒരുതരം വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടു. കടുത്ത കുറ്റബോധവും എന്നോടുതന്നെയുള്ള അവജ്ഞയും ഭയവും എന്നെ വന്നു പൊതിഞ്ഞു. ആ സമയത്തുതന്നെയാണ് അടുത്ത രോഗി എന്റെ മുമ്പിലേക്ക് ആനയിക്കപ്പെട്ടത്.

അമ്മയും സഹോദരിയുംകൂടി കൂട്ടിക്കൊണ്ടുവന്ന ഒരു കൊച്ചുപെണ്‍കുട്ടിയായിരുന്നു അത്. അല്‍പനേരം കാത്തിരിക്കാനും ഞാന്‍ വേറെ ആരെയെങ്കിലും ഇങ്ങോട്ടു വിടാമെന്നും അവരോട് പറയുമ്പോള്‍ എനിക്ക് അടിമുടി ഒരു വിറയല്‍ അനുഭവപ്പെട്ടു. ഞാന്‍ വേഗം പോയി എന്റെകൂടെയുള്ള മറ്റൊരു ഇന്റേണിയെ പുതിയ രോഗിയെ നോക്കാനായി അങ്ങോട്ടു പറഞ്ഞുവിട്ടു.

വീട്ടിലേക്കു വിളിച്ച് എനിക്കു പറ്റിയ തെറ്റ് അച്ഛനമ്മമാരോട് കരഞ്ഞുകൊണ്ട് ഏറ്റുപറയാനും 'അവരായിരുന്നു ശരി' എന്നു തുറന്നു പറയാനും ഞാന്‍ മൊബൈല്‍ ഫോണെടുത്തു. ഞാന്‍ ക്ലിനിക്കല്‍ സൈക്കോളജി തിരഞ്ഞെടുത്തത് തെറ്റായിരുന്നുവെന്നും എന്റെ സിനിമാജീവിതം കത്തിനില്‍ക്കുന്ന കാലത്ത് ഉപേക്ഷിച്ചു പോരരുതായിരുന്നുവെന്നും അവരോടു തുറന്നു പറയണം.

ആ സമയത്തുതന്നെ മൊബൈല്‍ഫോണ്‍ എന്റെ കൈയിലിരുന്നുകൊണ്ട് റിങ് ചെയ്യാന്‍തുടങ്ങി. പരിഭ്രാന്തിയോടെ ഞാന്‍ കോള്‍ എടുത്തു.

മറുവശത്ത് സംസാരം കേട്ടു: ''ഹായ്, ഇത് ലെന ആണോ? 'കൂട്ട്' എന്ന പേരിലുള്ള ഒരു സിനിമയുടെ കാര്യം സംസാരിക്കാനാണ് ഞാന്‍ വിളിക്കുന്നത്. നിങ്ങള്‍ക്ക് അരവിന്ദിനോടൊപ്പം അതില്‍ നായികയുടെ റോളില്‍ അഭിനയിക്കാന്‍ സമ്മതമാണോ എന്നാണറിയേണ്ടത്. ഒരാഴ്ചയ്ക്കുള്ളില്‍ ഷൂട്ടിങ് തുടങ്ങും.''

ആശ്വാസംകൊണ്ട് ആ നിമിഷത്തില്‍ ഞാന്‍ ബോധംകെട്ടുവീഴുമെന്നു തോന്നി!

അങ്ങനെ മനഃശാസ്ത്രംകൊണ്ടു മനസ്സു മടുത്ത ഞാന്‍ 2003-ല്‍ 'കൂട്ട്' എന്ന ചലച്ചിത്രത്തിലൂടെ സിനിമാലോകത്തേക്കുതന്നെ വീണ്ടും മടങ്ങിയെത്തി.

എങ്കിലും എനിക്കു വീണ്ടും സിനിമയോടു വിട പറയേണ്ടിവന്നു. ഇത്തവണ വിവാഹം കഴിച്ച് ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ വേണ്ടിയായിരുന്നു എന്നു മാത്രം.

ഭാര്യ

ഒരു മാതൃകാഭര്‍ത്താവ് ഉള്ള ഏതൊരു സ്ത്രീയും മാതൃകാഭാര്യയാണ്.
 
ബൂത്ത് ടാര്‍ക്കിങ്ടണ്‍

'കൂട്ട്' എനിക്ക് സൈക്കോളജിയില്‍നിന്നുള്ള വിടുതല്‍ടിക്കറ്റ് ആയെങ്കിലും എന്റെ ഉള്ളാകെ ഇളകിമറിഞ്ഞ അവസ്ഥയിലായിരുന്നു. ഒളിച്ചിരിക്കാനൊരിടമായിരുന്നു ആ സമയത്ത് എനിക്കാവശ്യം. എന്റെ ദുരഭിമാനം അച്ഛനമ്മമാരോടൊപ്പം താമസിക്കാന്‍ എന്നെ അനുവദിച്ചില്ല.

യാഥാര്‍ത്ഥ്യത്തില്‍നിന്നു രക്ഷപ്പെടാന്‍ എനിക്ക് ഒരേയൊരാശ്രയം 12-ാം വയസ്സുമുതല്‍ എന്റെ ആണ്‍സുഹൃത്ത് ആയിരുന്ന അഭിലാഷ് ആയിരുന്നു. സിനിമയും സൈക്കോളജിയും ഉപേക്ഷിച്ചുകൊണ്ട് ഒരു മുഴുവന്‍സമയ വീട്ടമ്മയായി മാറാന്‍ ഞാന്‍ ഉറച്ച തീരുമാനമെടുത്തു.

2004 ജനുവരി 16-ന് അഭിയും ഞാനും വിവാഹിതരായി. വീണ്ടും ഒരിക്കല്‍കൂടി ഞാനെന്റെ അഭിനയജീവിതം വേണ്ടെന്നുവച്ചു. ആ സമയത്ത് ഞങ്ങള്‍ക്ക് ഒറ്റ ബെഡ്റൂം മാത്രമുള്ള ഒരു ചെറിയ ഫ്‌ലാറ്റെടുക്കാനുള്ള സാമ്പത്തികശേഷിയേ ഉണ്ടായിരുന്നുള്ളൂ. സ്നേഹത്തിന്റെ മുകളില്‍, ബാംഗ്ലൂരിലെ മലിനമായ വായു ശ്വസിച്ച്, ഒന്നും വകവയ്ക്കാത്ത യുവത്വത്തിന്റെ പിന്‍ബലത്തില്‍ ഞങ്ങള്‍ ജീവിതമാരംഭിച്ചു. അഭി അമേരിക്കന്‍ സമയക്രമമനുസരിച്ച് ഒരു കോള്‍സെന്ററില്‍ കഠിനജോലി ചെയ്യുകയും ഞാന്‍ ഒരു 16 ഇഞ്ച് വലുപ്പമുള്ള ടി.വിയില്‍ രാത്രി മുഴുവന്‍ കുത്തിയിരുന്നു സ്റ്റാര്‍ മൂവീസും എച്ച്.ബി.ഒയും ആര്‍ത്തിയോടെ കാണുകയും ചെയ്തു. പകല്‍ മുഴുവന്‍ ഞങ്ങള്‍ രണ്ടുപേരും കിടന്നുറങ്ങുകയും വാരാന്ത്യങ്ങളില്‍ പുറത്ത് പാര്‍ട്ടികള്‍ക്കു പോവുകയും ചെയ്തിരുന്നു.

ഇതെല്ലാം ജനുവരി 16 മുതല്‍ നിര്‍ണായകമായ ആ ദിവസം, 2004 സെപ്റ്റംബര്‍ 3, വരെ തുടര്‍ന്നുപോയി.
2004 ഡിസംബര്‍ മാസത്തില്‍ എനിക്കെന്റെ അഭിനയ സിദ്ധിയുടെ മൂല്യം എന്നത്തെക്കാളുമേറെ ബോധ്യംവന്നത് 'ഓമനത്തിങ്കള്‍പക്ഷി' എന്ന സീരിയലിലൂടെ ടെലിവിഷനില്‍ ഒരു പുതിയ തുടക്കം കുറിച്ചതോടെയാണെന്നു പറയാം.

ഞാന്‍ നേരത്തേ ആലോചിച്ചുതുടങ്ങിയിരുന്ന കാര്യം വീണ്ടും ഒരു സ്വപ്നമായി വന്നു-സിനിമയിലേക്കുള്ള എന്റെ മടക്കം.

അപ്പോഴും ഞാന്‍ ചിന്തിച്ചുകൊണ്ടേയിരുന്നു: 'ഞാന്‍ ആരാണ്?'

യഥാര്‍ത്ഥജീവിതത്തിലും സിനിമയിലും ഞാനഭിനയിച്ചുകൊണ്ടിരിക്കുന്ന വേഷങ്ങളല്ലെങ്കില്‍ പിന്നെ, ആരാണു ഞാന്‍?

എന്റെ രോഗമോചനപരിശ്രമങ്ങളും ജീവിതലക്ഷ്യസാക്ഷാത്കാരണോദ്ദേശ്യവും എന്നെ ഒടുവില്‍ കൊണ്ടുചെന്നെത്തിച്ചത് 2010-ല്‍ ഞങ്ങളുടെ ഉഭയസമ്മതത്തോടെയുള്ള പരസ്പരം വഴിപിരിയലിലാണ്. അങ്ങനെ ചെയ്തതില്‍ സത്യത്തില്‍ എനിക്കു സന്തോഷം മാത്രമേയുള്ളു. അതുകൊണ്ടാണിപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരുന്നത്.

 

മലയാളത്തിലെ മികച്ച പുസ്തകങ്ങളുടെ ഭാഗങ്ങള്‍, വായനാനുഭവങ്ങള്‍, പുസ്തകക്കുറിപ്പുകള്‍. ഇവിടെ ക്ലിക്ക് ചെയ്യാം

Latest Videos
Follow Us:
Download App:
  • android
  • ios