ഒഎംകെവിയിലെ, എം ഫോര്‍, മലയാളി അറിഞ്ഞിട്ടും പറയാത്ത 'എം'
അമ്മയിൽ രണ്ട് മ. അമ്മ മലയാളത്തിൽ മൂന്ന്. അമ്മമാർ കാത്തിരുന്ന് കാത്തിരുന്നു കുഞ്ഞുവാവയുടെ വായിൽ നിന്ന്ആദ്യം കേട്ടതും മാ..... ഈ മായുടെ ഇംഗ്ലീഷ് വേർഷൻ എമ്മാണ് ഇന്ന് സൈബർ ലോകത്തെ വിശ്വവിഖ്യാതമായ തെറിയായി മാറിയിരിക്കുന്നത്. നടി പാർവതി ചില സർക്കസുകാരോട് പറഞ്ഞ ഒഎംകെവിയിലെ സാക്ഷാൽ എം. വിശ്വവിഖ്യാതമാകുന്ന എമ്മേ എന്താണ് നിന്‍റെ പൊരുൾ ?
തമിഴിൽ നിന്ന് മലയാളം ഉണ്ടായെന്നാണ് വൈയാകരണൻമാരുടെ മതം. തമിഴിനോട് മലയാളിക്കുള്ളത് തേച്ചാലും മാച്ചാലും പോകാത്ത രക്തബന്ധം. പക്ഷെ മലയാളിയുടെ പൊതുനിലപാട് പുച്ഛമായതുകൊണ്ട് തായ്തമിഴിനോട് വെറുതെ ഒരു പുച്ഛമാണ്. അങ്ങനെയാണ് തമിഴിലെ മനോഹരമായ തായും തന്തയും, തള്ളയും തന്തയുമായി മലയാളത്തിൽ അധപതിച്ചത്. സംസ്കൃതത്തിന്റെ മോടിയാണ് ഈ പുച്ഛത്തിന്റെ മൂലകാരണമെന്നാണ് ഭാഷാഭിമാനികളുടെ പക്ഷം. സംസ്കൃതത്തിലെ സ്തനവും ലിംഗവും പച്ച മലയാളമാകുമ്പോൾ പച്ചത്തെറിയാകുന്നത് കണ്ടാൽ ഇക്കാര്യം സത്യമാണെന്ന് അറിയാതെ തോന്നിപ്പോകും. അതുപോലെ തന്നെ മാറ്റം വന്നൊരു പദമാണ് മേൽപ്പറഞ്ഞ എമ്മിന്റെ പൂർണരൂപമെന്നാണ് പൊതുഅഭിപ്രായം. അത് അത്ര വലിയ കാര്യമൊന്നുമല്ല. ചെറിയ കാര്യമാണ്, അതായത് വെറും മുടി. വെറും മുടിയായാലും ആ വാക്ക് മലയാളത്തിൽ അങ്ങനെ പരസ്യമായി പറയാൻ പാടില്ല. കാരണം മലയാളിയുടെ ആകാശത്തോളം ഉയർന്നുനിൽക്കുന്ന സംസ്കാരബോധത്തിന് മേൽ ആ വാക്ക് ഏൽപ്പിക്കുന്നത് പാതാളത്തോളം വലിയ ആഘാതമാണ്. ആഘാതത്തിന്റെ മൂലകാരണം തിരഞ്ഞാലെത്തുക കുരങ്ങിൽ നിന്ന് മനുഷ്യനിലേക്കുള്ള പരിവർത്തനത്തിന്റെ സമയത്ത് കുടഞ്ഞുകളഞ്ഞിട്ടും പോകാതെ ശരീരത്തിന്റെ അവിടിവിടെ പറ്റിപ്പിടിച്ച ഏതാനും മുടിയിലും.
പരസ്യമായി പറയാറില്ലെങ്കിലും മലയാളി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പദമെന്ന ഖ്യാതി ഈ എമ്മിന് സ്വന്തമാണ്. എന്തൂട്ട് എമ്മാടോ? നീ പോടാ എമ്മെ? എന്തര് എം. അവൻ കോപ്പിലെ എമ്മാണ്. നാമമായും ക്രിയയായും ക്രിയാവിശേഷണമായും നാമവിശേഷണമായും പിന്നെ മുറ്റുവിന, പറ്റുവിന, മുൻവിനയെച്ചം, പിൻനവിനയെച്ചം, നടുവിനെയച്ചം, പേരെച്ചം അങ്ങനെ സകല വ്യാകരണ രൂപങ്ങളിലും ഈ ‘എം’ കടന്നുവരാറുണ്ട്.
ഇപ്പോൾ പിന്നെ പരസ്യമായി പറയാൻ പാടില്ലെന്ന വിലക്കൊക്കെ പോയിരിക്കുകയാണ്. കാരണം എന്തും പറയാവുന്ന ഒരു തെറിയിടം മലയാളി സ്വന്തം കൈക്കുള്ളിൽ സ്വന്തമാക്കിക്കഴിഞ്ഞു. നാടായ നാട്ടിലെ ആളായ ആളൊക്കെയുള്ള സൈബറിടം . നാട്ടിലുള്ള ആൾക്കാർ മാത്രമല്ല മരിച്ച് മണ്ണടിഞ്ഞവർ വരെ ഒഴിഞ്ഞ് പോകാതെ സ്വൈര്യവിഹാരം നടത്തുന്ന മരണാനന്തരലോകം. ഇവിടെയാകുമ്പോൾ അക്കൗണ്ട് എടുക്കാൻ ആധാർ നിർബന്ധമല്ലാത്തതിനാൽ അമിതാബ് ബച്ചന്റെ പടം വച്ചും അക്കൗണ്ടെടുക്കാം. പിന്നെ ആരെയും ‘മ’ എന്നോ ‘പ’ എന്നോ എന്തു വേണമെങ്കിലും വിളിക്കാം. തിരികെ വല്ല തെറിയും വന്നാൽ അത് അമിതാബ് ബച്ചൻ കേട്ടോളും . എന്താ സൗകര്യം. ചിലർക്ക് അതും പ്രശ്നമല്ല. ആരുടെയും പടം വേണ്ട. സ്വന്തം പടം വച്ച് തന്നെ നല്ല തെറിവിളിക്കും. മോദിക്കും പിണറായിക്കും ഒക്കെ വേണ്ടിയാകുമ്പോൾ ഒന്നൊന്നര പവറാണ്. സൈബർ വിപ്ലവമെന്നാൽ സന്ദേശത്തിലെ താത്വികാചാര്യനായ കുമാരപിള്ള സാർ പറയുന്ന ഒളിപ്പോരിനെക്കാൾ കടുപ്പമെന്നതാണ് ഇവരുടെ ആപ്തവാക്യം.
പറഞ്ഞ് പറഞ്ഞ് എമ്മിൽ നിന്ന് വിട്ടുപോയി. ആ ‘എം’ ഇപ്പറഞ്ഞ എമ്മൊന്നുമല്ല. അത് വല്ല മകനേ എന്നോ മോനേ എന്നോ മൈനേ എന്നോ മയിലേ എന്നോ അതല്ല മങ്കീ എന്നോ അതുമല്ല മലരേ എന്നുവരെയാകാം. അതിലാർക്കും വലിയ കാര്യമൊന്നുമില്ല. പക്ഷെ ആർഷസംസ്കാരത്തിന്റെ പതാകവാഹകരാകേണ്ട സ്ത്രീപ്രജകളിൽ നിന്നൊരാൾ പുരുഷ പ്രജകളെ നോക്കി പറയുമ്പോഴാണ് പ്രശ്നം. കുരുപൊട്ടാൻ വേറെ വല്ലതും വേണോ. അതും വെറുതെയങ്ങ് പറയുകയല്ല, സൂചികൊണ്ട് തൂവാലയിൽ കുത്തി എഴുതി, ചൂണ്ടുവിരലു ചേർത്ത് ആജ്ഞാപിച്ചിരിക്കുകയാണ്. തല താണുപോകാൻ ഇനി ഒന്നും വേണ്ട. ആ തുണി അങ്കക്കലി കൊണ്ട വീരകേസരിയുടെ ഹൃദയമാണ്. ആ ഹൃദയത്തിലാണ് സൂചി കയറ്റിയിരിക്കുന്നത്. ക്ഷമിക്കുന്നതിനും ഒരു പരിധിയുണ്ട്. പെൺമലയാളമേ നിനക്കുള്ള മറുപടി ഒരുങ്ങുന്നുണ്ട്. ചർച്ച ചെയ്താൽ ഒരു അന്തവുമില്ലാത്ത കാര്യമാണ്. അതുകൊണ്ട് നിർത്താം. എന്തൊരു എമ്മാടോ ഈ ‘എം’.