ഒരാലിംഗനം കൊണ്ട്,  ഒരുമ്മ കൊണ്ട്...

VM Girija column on touch

 

VM Girija column on touch

'No one should be alone in their old age, he thought. But it is unavoidable. '

ഈ അര്‍ത്ഥവത്തായ വാക്യം The Old Man And The Sea (കിഴവനും കടലും) എന്ന പ്രശസ്ത  കൃതിയിലേതാണ്. കിഴവന്‍ എന്ന വാക്കു ശരിയായ മൊഴിമാറ്റമല്ല.വൃദ്ധന്‍ എന്നോ വയസ്സന്‍ എന്നോ ആയാലോ? അതും ശരിയല്ല. ചില വാക്കുകള്‍ക്ക് പകരം വെയ്ക്കാനാവില്ല.ആ കടല്‍ കടല്‍ മാത്രമല്ല ജീവിതമാണ്. ആ  കിഴവന്‍ ഒരു കിഴവനല്ല. ജീവിതത്തിനോട്  കെട്ടിച്ചേര്‍ത്ത വിജയങ്ങള്‍ വെറും അസ്ഥി കൂടം  മാത്രമാണ് എന്നറിയുന്ന  തോറ്റ മനുഷ്യ ജീവിയാണ്.പ്രണയം നഷ്ടപ്പെട്ട  ഒരാളാണ്. യൗവനം ചോര്‍ന്നു  പോയ ഒരാളാണ്. ഏകാന്തതയോട്  മല്‍ പിടിത്തം നടത്തി ക്ഷീണിച്ച  ഓരോ ആളും ആണ്. എന്നാലും തോല്‍ക്കാതെ തല ഉയര്‍ത്തി  നടക്കുന്ന മനുഷ്യരും ആണ്. സ്വന്തമാക്കുക, അതിനെ അടുപ്പിച്ചു നിര്‍ത്തുക, തൊട്ടു തലോടുക എന്നത് ജീവി സഹജമാണ്. ജീവന്റെ അടയാളമാണ് സ്‌നേഹദാഹം.മുളയ്ക്കലും നാമ്പ്  നീട്ടലും സൂര്യന് വേണ്ടി ദാഹിച്ചു എത്ര ഊരാക്കുടുക്കില്‍ നിന്നായാലും ചില്ലകള്‍ സൂര്യ പ്രകാശത്തിനു വേണ്ടി പടര്‍ത്തലും ജീവന്റെ സ്വഭാവം അല്ലേ.?

VM Girija column on touch

വി.എം ഗിരിജയുടെ മാതാപിതാക്കള്‍

ഞാന്‍ എന്റെ മുത്തശ്ശ്യമ്മയെ ഓര്‍ക്കാറുണ്ട്  ഇപ്പോള്‍  കൂടുതലായി. അച്ഛന്റെ 'അമ്മ.ഇട്ടിത്താത്രി (സാവിത്രിയുടെ വിളിരൂപം) എന്നായിരുന്നു പേര്. എന്റെ ഓര്‍മയില്‍ മുത്തശ്ശ്യമ്മ മുടി കഴുത്തിന് വെച്ച വെട്ടിയിരിക്കുന്നു. നീണ്ടു തൂങ്ങുന്ന തുളയുള്ള കാതുകള്‍, അമ്മിഞ്ഞകള്‍. ഒ ക്കും കൊളുത്തും വെച്ചു നന്നായി ഉടുത്തിരിക്കുന്ന ഒന്നര. ഭസ്മം പൂശിയ നെറ്റി. എന്റെ വീട് വടക്കേപ്പാട്ടുമന  ഷൊര്‍ണുരിലെ പരുത്തിപ്രയില്‍. മുത്തശ്ശി അമ്മയുടേത് പിറവത്തെ വടക്കില്ലത്ത് മന. അന്ന് അവിടെനിന്ന് ഷൊര്‍ണുരിലേക്കുള്ള യാത്ര വളരെ ബുദ്ധിമുട്ടായിരുന്നുവത്രേ. മൂവാറ്റുപുഴയാറിന്റെ സമീപത്താണ് വടക്കില്ലം.അവിടെ നിന്ന് വള്ളത്തില്‍ കയറി  കരൂപ്പടന്ന ഇറങ്ങും. അവിടെ നിന്ന് മഞ്ചല്‍ വഴി ആണത്രേ മുത്തശ്ശ്യമ്മ വേളിയ്ക്ക് (വിവാഹം) വേണ്ടി ഷൊര്‍ണുര്‍  വരെ വന്നത്. സാധാരണ വരുമ്പോള്‍ വള്ളം നിര്‍ത്തി ഭക്ഷണം 'ശുദ്ധമായി' കഴിക്കാനുള്ള മഠങ്ങള്‍ ഉണ്ട്. പിന്നെ വഴിയില്‍ നല്ല സാമ്പത്തിക സ്ഥിതിയോ  ബന്ധമോ  ഉള്ള ഇല്ലങ്ങളില്‍ കയറും.യാത്രക്കാരുടെ സാമ്പത്തികം പോലെ മഞ്ചലോ കാല്‍ നടയോ കാളവണ്ടിയോ ഒക്കെ ആകും. മുത്തശ്ശ്യമ്മ  എന്റെ നാട്ടില്‍ എത്തിയപ്പോഴേക്കും വേളി നടത്താന്‍ പറ്റാത്ത വിധം ഒരു മരിച്ച 'പെല' വന്നു. (പുല.അശുദ്ധി ) അവരെല്ലാം വരിക്കാശ്ശേരി മനയില്‍ താമസിക്കേണ്ടി വന്നുവത്രേ. പിന്നെ മുത്തശ്ശ്യമ്മ തീണ്ടാരി ആയി. (ആര്‍ത്തവം) അതെല്ലാം കഴിഞ്ഞ്  വരിക്കാശ്ശേരിയില്‍ വെച്ചു വേളിയും കഴിഞ്ഞിട്ടാണ് കുടിവെയ്പ്. അപ്പോള്‍ അവിടത്തെ  വയസ്സായ അമ്മാര് (അമ്മമാര്‍) കളിയാക്കി ചോദിച്ചുവത്രെ...'തെക്കോട്ടൊക്കെ തലോടി (തല മുടി) ഉണ്ട്  തലോടി ഉണ്ട് എന്ന് പറഞ്ഞാല്‍ ഇങ്ങനെ  ആണോ 'എന്ന്. മുത്തശ്ശ്യമ്മയുടെ മുടി ഈ ദിവസം കൊണ്ട് പേടിച്ചും പരിഭ്രമിച്ചും വെള്ളം മാറി കുളിച്ചും കൊറേ കൊഴിഞ്ഞു പോയിരുന്നുവത്രെ. മുത്തശ്ശ്യമ്മ  എന്നോട് തന്നെ  പറഞ്ഞതാണ്. ഒട്ടും 'ഊറ്റക്കാരി' ആയിരുന്നില്ല.പാവം ആയിരുന്നു.മുത്തശ്ശ്യമ്മയും ഏകാന്തത അനുഭവിച്ചിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. എല്ലാ ദിവസവും തല കുളി  ഉണ്ടായിരുന്നില്ല.കുളിച്ച ദിവസം എന്നെ വിളിച്ചു  പറയും.'ഇന്നെന്നെ  പിടിച്ചൂട്ടിക്കോളൂ ..ഞാന്‍ കുളിച്ചു' എന്ന്. [പിടിച്ചൂട്ടുക എന്നാല്‍ പിടിച്ചുപൂട്ടുക, ആലിംഗനം ചെയ്യുക.)

വയസ്സായവര്‍ക്ക്  തൊടലിനുള്ള  ആഗ്രഹം എത്രയോ അധികമാണ്.ദേഹ സൗന്ദര്യത്തെ പറ്റിയും വൈരൂപ്യത്തെ പറ്റിയും ചെറുപ്പക്കാരേക്കാള്‍ അവര്‍ ചിന്തിക്കുന്നു.സ്‌നേഹത്തോടെയുള്ള മൃദു സ്പര്‍ശങ്ങളില്‍  കള്ളത്തരം ഉണ്ടെങ്കിലും അവര്‍ക്കും കുട്ടികള്‍ക്കും കാര്യം പെട്ടെന്ന് പിടി കിട്ടും.

അമ്മമാരും കുട്ടികളും പരസ്പരം ഒന്നാകുന്നത് കന്മഷം ഇല്ലാത്ത ഈ ഉമ്മ വെയ്ക്കലിന്റെയും ചേര്‍ത്ത് പിടിക്കലിന്റെയും പാരസ്പര്യത്തിലാണ്.

പേരക്കുട്ടികളെ  കുട്ടികളെക്കാള്‍ വയസ്സായവര്‍ സ്‌നേഹിക്കുന്നതിന്റെ കാര്യവും അതാണ്.അവര്‍ തിരക്ക് പിടിച്ച ഉദ്യോഗസ്ഥരോ  വീട്ടമ്മമാരോ അല്ലാതായി.അധികാര ചിഹ്നങ്ങള്‍  കൊഴിഞ്ഞു. കഥ പറഞ്ഞു  തരൂ എന്നു പറയുന്ന പേരക്കുട്ടികള്‍  കൈ പിടിച്ചു വലിയ്ക്കുമ്പോള്‍ അവര്‍ക്ക് വലിയ സന്തോഷം ഉണ്ടാകുന്നു. ആ കുട്ടി കഴുത്തിലൂടെ കൈ ഇടുമ്പോള്‍,  മടിയില്‍ ഇരിക്കുമ്പോള്‍,  മുടി കെട്ടിക്കൊടുക്കുമ്പോള്‍, വേദനാ സംഹാരികള്‍ പുരട്ടി കൊടുക്കുമ്പോള്‍ എല്ലാം സ്പര്‍ശമാണ്  അവര്‍ തേടുന്നത്.വേദന മാറാനല്ല, അടുപ്പത്തിന് ദേഹസ്പര്‍ശത്തിനു  വേണ്ടി ആണ്  പലപ്പോഴും അവര്‍  കൈയും കാലും നീട്ടിക്കൊടുക്കുന്നത്.

മന്ത്രിയുടെ കുട്ടിക്കാലത്തെ ഫോട്ടോ ചോദിക്കുന്ന ഒരു കീഴുദ്യോഗസ്ഥന്റെ ഭാര്യയെ പറ്റി മാധവിക്കുട്ടി 'നാവികവേഷം ധരിച്ച കുട്ടി'എന്ന കഥയില്‍ പറയുന്നുണ്ട്.
'ചെറുപ്പക്കാരി ആ ഫോട്ടോയിലെ  കുട്ടിയുടെ ഉരുണ്ട കവിളുകള്‍ തന്റെ വിരല്‍ത്തുമ്പു കൊണ്ട്  തലോടി 'എനിക്ക് എന്നും ഇത് നോക്കിക്കാണാനാണ്.' അവള്‍ പറഞ്ഞു.അവളുടെ വിരല്‍ത്തുമ്പ് പടത്തിലെ കുട്ടിയുടെ  ഉരുണ്ട കാലുകളെ  തൊട്ടു തലോടി.

പിറ്റേന്ന് മന്ത്രി ആ ഫോട്ടോയുമായി അവളെ കാണാന്‍ എത്തി.കീശയില്‍ നിന്ന്  അതെടുത്തു  കൊടുത്തു.അവളുടെ നേര്‍ത്ത വിരലുകള്‍ പടത്തിലെ കുട്ടിയെ വാത്സല്യത്തോടെ തലോടി. അദ്ദേഹം സോഫയ്ക്കരികില്‍  വെറും നിലത്തു മുട്ട് കുത്തി. 'എനിക്ക് ഇന്നലെ ആളെ മനസ്സിലായില്ല' അദ്ദേഹം പിറുപിറുത്തു.കുറച്ചു നേരം അവള്‍ അദ്ദേഹത്തിന്റെ നരച്ച മുടിയില്‍ വിരലുകള്‍ ഓടിച്ചിരുന്നു.എന്നിട്ട് താനെ കാതുകള്‍ക്ക് തന്നെ അപരിചിതമായ സ്വരത്തില്‍ പറഞ്ഞു.ഇനി എഴുന്നേല്‍ക്ക്.

അമ്മയുടെ പുനര്‍ജന്മമാണ് ഈ പെണ്‍കുട്ടി എന്ന ഒരു സൂചനയിലാണ് കഥ അവസാനിക്കുന്നത് അല്ലെ.

ജന്മങ്ങള്‍ താണ്ടി വരുന്ന കുഞ്ഞുങ്ങളോടുള്ള തൊടല്‍സുഖത്തിന്റെ,സ്‌നേഹദാഹത്തിന്റെ  അടയാളം ആണീ കഥ.അമ്മമാരും കുട്ടികളും പരസ്പരം ഒന്നാകുന്നത് കന്മഷം ഇല്ലാത്ത ഈ ഉമ്മ വെയ്ക്കലിന്റെയും ചേര്‍ത്ത് പിടിക്കലിന്റെയും പാരസ്പര്യത്തിലാണ്. ഒരു മരത്തിന്റെ ചില്ലകളും പൂക്കളും പോലാണ് അമ്മയ്ക്കും അച്ഛനും മുത്തശ്ശി അപ്പൂപ്പന്മാര്‍ക്കും പൈതല്‍. കുഞ്ഞിനെ പോലെ  തൊടാന്‍ കഴിഞ്ഞാല്‍ വയസ്സായവരുടെ ഒറ്റപ്പെടല്‍ മാറും. വയസ്സായ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരേ മുറിയിലോ കട്ടിലിലോ കിടക്കാതെ ഇരിക്കാറുണ്ട് പലപ്പോഴും. രതി എന്നത് വിരല്‍ത്തുമ്പില്‍ പോലും ഉണ്ട്.പരസ്പരം ശ്വാസം കേട്ട് ഉറങ്ങലില്‍  പോലും ഉണ്ട്.

ശരീരം എന്നാല്‍ ജീര്‍ണ്ണമാകുന്ന ഒരു സിസ്റ്റം ആണ്..ശീർണമാകുന്നത് നശിക്കുന്നത് ആണ്ശരീരം.അപ്പോഴും നിത്യ നൂതനമായ സ്‌നേഹത്തിനു അതിനെ അണച്ച് നിര്‍ത്താനും ഉമ്മ വെയ്ക്കാനും കഴിയുന്നു എങ്കില്‍ അതാണ് ജീവിതത്തിന്റെ അവസാന സുഖം.

 

Latest Videos
Follow Us:
Download App:
  • android
  • ios