സ്‌നേഹം വേദനയുടെ ഒരു ലോകഭാഷ

VM Girija column on Love

 

VM Girija column on Love

സ്‌നേഹത്തെ കുറിച്ചു പറയുമ്പോള്‍  വല്ലാത്ത ഒരു പ്രശ്‌നം നാം അഭിമുഖീകരിക്കുന്നു. അത് ഈശ്വരനെ പോലെ വിശ്വാസം ഉള്ളപ്പോള്‍ നമ്മെ രക്ഷിക്കുന്നു.അല്ലാത്തപ്പോള്‍  ഇരുട്ടില്‍ ഒളിച്ചു നില്‍ക്കുന്നു,അല്ലെങ്കില്‍ ഒലിച്ചു പോകുന്നു.നാം മറ്റൊരാളുടെ ഉള്ളില്‍ മരിക്കുമ്പോള്‍  നാം ചോദിക്കുന്നു പേടിച്ചരണ്ട്  തന്നോട് തന്നെ, എവിടെയാണ് തെറ്റിപ്പോയത്? ഏത് സമയത്താണ്  സ്‌നേഹം എന്ന ആ പക്ഷി പറന്നു പോയത്? ഞാന്‍ അതിനെ വെറുപ്പിച്ചുവോ? അതിനെ പേടിപ്പിച്ചുവോ? സ്‌നേഹം ശാശ്വതമാണ്  എന്ന കുട്ടിക്കാലം മുതല്‍ നാം കേട്ട് പഠിച്ച ആ പാഠം  തെറ്റല്ലേ.

എനിക്ക് വയസ്സായോ? ഞാന്‍ സുന്ദരിയല്ല എന്ന്  ഒരാള്‍ മനസ്സിലാക്കിയോ?എന്റെ തൊലിയിലെ ചുളിവുകളും  നരച്ച മുടിയും എന്നെ സ്‌നേഹത്തിനു അനര്‍ഹയാക്കിയോ? സ്‌നേഹിക്കപ്പെടുന്നത് യുവാക്കളുടെ അവകാശം ആണെങ്കില്‍ സ്‌നേഹിക്കപ്പെടാനുള്ള ദാഹം എല്ലാവരുടെയും അല്ലേ? എന്ത് കൊണ്ട് മഴയേല്‍ക്കുമ്പോള്‍ കുളിര്‍ത്തു നൃത്തം വെച്ചും  വെയിലത്തു വെളിച്ചത്തില്‍ കുളിച്ചും നില്‍ക്കുന്ന മരം ആവുന്നില്ല? വേരുകള്‍ കൊണ്ട് എത്രയോ ദൂരം താണ്ടുന്ന  മരങ്ങള്‍. മനസ്സാണെങ്കില്‍ ലോകത്തിന്റെ അറ്റം വരെ ദാഹാര്‍ത്തമായ വേരുകള്‍ ചലിപ്പിക്കാന്‍ ശക്തിയുള്ളത്.

സ്‌നേഹിക്കപ്പെടുന്നത് യുവാക്കളുടെ അവകാശം ആണെങ്കില്‍ സ്‌നേഹിക്കപ്പെടാനുള്ള ദാഹം എല്ലാവരുടെയും അല്ലേ? എന്ത് കൊണ്ട് മഴയേല്‍ക്കുമ്പോള്‍ കുളിര്‍ത്തു നൃത്തം വെച്ചും  വെയിലത്തു വെളിച്ചത്തില്‍ കുളിച്ചും നില്‍ക്കുന്ന മരം ആവുന്നില്ല?

'എന്നിലും നിന്നിലും വസിക്കുന്നത് ഒരേ പരാശക്തി 'എന്ന് എന്റെ  കൂട്ടുകാരന്‍ പറയുന്നത് സ്‌നേഹമല്ല ഒഴിവാക്കലാണ്  എന്ന് അറിയുമ്പോള്‍ കണ്ണ് നിറയുന്നു. പരസ്പര വിരുദ്ധമായ  ഈ ചിന്തകളെയും ഉള്‍ അനുഭവങ്ങളെയും ഒരുമിപ്പിക്കാന്‍ എനിക്ക് കഴിയുന്നില്ല.ഇത് ഞാനാണോ മറ്റൊരാളാണോ, ശരീരമാണോ, ആത്മാവാണോ ? പരതന്ത്രം സുഖമൊക്കെ ദുഖമാണ് എന്ന് കുമാരനാശാന്‍  പറഞ്ഞിട്ടും സുഖങ്ങള്‍ മറ്റൊരാളെ മാത്രം ആശ്രയിച്ചാവുന്നത് എങ്ങിനെ.....? നിന്റെ ശരീരമല്ല നീ, നിന്റെ ജീര്‍ണ്ണിച്ചും പൊടിഞ്ഞും തീയില്‍ എരിഞ്ഞും അവസാനിക്കുന്ന ദേഹമല്ല നീ ,അത് മുറിവേല്‍ക്കുന്നില്ല കൊല്ലുന്നില്ല കൊല്ലപ്പെടുന്നില്ല എന്ന് പറഞ്ഞു  കുട്ടിക്കാലം മുതല്‍ കേട്ട് വളര്‍ന്ന എന്നെ പോലെ ഒരാള്‍ക്ക്  ആത്മാവ്  പ്രധാനമായി തോന്നുന്നില്ല.അല്ലെങ്കില്‍ ശരീരവും ആത്മാവും തമ്മില്‍ വ്യത്യാസം അനുഭവപ്പെടുന്നില്ല.ശരീരത്തിന് വേണ്ടിയല്ല എങ്കില്‍ എന്തിനായിരുന്നു യുദ്ധം കൃഷ്ണാ?അധികാരം,ജയം,തോല്‍വി,അവകാശം,സ്വന്ത രാജ്യം ,ക്ഷത്രിയ ധര്‍മം ഇവയെല്ലാം ശരീരത്തിനോ  ആത്മാവിനോ? മറുപടി ഇല്ല.

എന്റെ കൂട്ടുകാരനും ഒരിക്കലും മറുപടി  തരാറില്ല.എന്തിനു പോയി?എന്ത് കൊണ്ടാണ് എന്നെ സ്‌നേഹിക്കാന്‍. കഴിയാത്തത്? എന്റെ ഏതു സ്വഭാവമാണ് ഇഷ്ടപ്പെടാത്തത്? ഈ ചോദ്യങ്ങള്‍ ഞാന്‍ നിരന്തരം ചോദിക്കുന്നു.അവയ്‌ക്കൊന്നും ഉത്തരമില്ല.ചോദ്യങ്ങള്‍ ചോദിക്കുന്നത്  സത്യം കണ്ടെത്താനാണ്.എന്നാല്‍ സത്യം സ്‌നേഹത്തിന്റെ കാര്യത്തില്‍ നിര്‍വചിക്കാനാവില്ല. തൊടാന്‍ മാത്രമേ ആകൂ,അനുഭവിക്കാന്‍ മാത്രമേ ആകൂ.ഒഴുകി എത്തുന്നതും ഒഴുകിപ്പോകുന്നതും നിസ്സഹായതയോടെ  കണ്ടു നില്‍ക്കാനേ കഴിയൂ.

എന്ത് കൊണ്ടാണ് എന്നെ സ്‌നേഹിക്കാന്‍. കഴിയാത്തത്? എന്റെ ഏതു സ്വഭാവമാണ് ഇഷ്ടപ്പെടാത്തത്? ഈ ചോദ്യങ്ങള്‍ ഞാന്‍ നിരന്തരം ചോദിക്കുന്നു

അതെ, സ്‌നേഹം ശാശ്വതമല്ല.ദ്വേഷം കുറേക്കൂടി  അനശ്വരത പേറുന്നു.കുടിപ്പകകള്‍,ക്രോധങ്ങള്‍,അതിര്‍ത്തിതര്‍ക്കങ്ങള്‍. നിങ്ങളുടെ അയല്‍ രാജ്യം നിങ്ങളുടെ കണ്ണാടി കാഴ്ച പോലെ ആണെങ്കിലും ഏറ്റവും വലിയ ശത്രുവാണ്. കുട്ടിക്കാലത്തെ ഉള്ള പ്രതികാരമനോഭാവങ്ങള്‍ ഇവയെല്ലാമാണ് കുറേ കൂടി സ്ഥിര സ്വഭാവം പുലര്‍ത്തുന്നത്.അഭിമാനം, അന്തസ്സ് ഇവയും. ക്രോധം ഹിമാലയ പര്‍വതം ആണെങ്കില്‍ എവിടെ നിന്നോ വരുന്ന കൊച്ചു തെളിനീര്‍ ചാലാണ് സ്‌നേഹം,പ്രണയം,വാത്സല്യം എല്ലാം. അത് ഒരു കുഞ്ഞു പൂക്കാലമാണ്. നാം അടി മുടി പൂക്കുന്നു. നമുക്ക് അറിയില്ല എങ്ങനെ ഇത്രയധികം സുഖവും സുഗന്ധവും മൃദു സ്പര്‍ശങ്ങളുമായി നാം പരിണമിക്കുന്നു എന്ന്. ചുവടുകള്‍ എല്ലാം നൃത്തം. ഓടുന്ന കണ്ണുകള്‍ ഒറ്റയൊരാളിനെ തേടുന്നു എന്ന പാട്ടില്‍ പറയും പോലെ, ലോകത്തിന്റെ കേന്ദ്രം ഒറ്റവ്യക്തിയായി മാറുന്നു.ഊണിലും ഉറക്കത്തിലും ഒരേ സ്വരം കേള്‍ക്കുന്നു. .ഒരു പുഞ്ചിരിയാണ്, എല്ലാം പൊതിയുന്ന സ്പര്‍ശം....

സ്‌നേഹത്തെ കുറിച്ച്  സ്‌നേഹരീതികളെക്കുറിച്ച്  നമുക്ക് ശാസ്ത്രപുസ്തകങ്ങള്‍  ഒന്നുമില്ല. മനുഷ്യ മനസ്സിനെ പഠിക്കുന്നവര്‍  മനുഷ്യന് വെള്ളവും വെളിച്ചവുമായി സ്‌നേഹം  എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പഠിക്കുന്നില്ല. സ്ത്രീകളെയും പുരുഷന്മാരെയും  കുട്ടികളെയും  വയസ്സായവരെയും തമ്മില്‍ അടുപ്പിക്കുന്ന ആകര്‍ഷണമായി  എങ്ങനെ അത് മാറ്റാം എന്ന് തിരയുന്നില്ല.ഏറ്റവും വലിയ ഒരു പൊതുഭാഷയാണ് സ്‌നേഹം. ആര്‍ക്കും മനസ്സിലാവുന്ന ലോകഭാഷ. അതിന്റെ നിര്‍വചനാതീത മായിക സ്വഭാവം എന്ന് എഴുതുമ്പോള്‍ എനിക്ക് ചിരി വരുന്നു..

കണക്കുകള്‍ സൂക്ഷിക്കുന്ന, ആധിപത്യം ആഗ്രഹിക്കുന്ന സ്‌നേഹത്തെ കണക്കുകള്‍ സൂക്ഷിക്കാത്ത സ്‌നേഹം ജയിക്കുന്നതാണ് ഹാരിപോട്ടര്‍ പരമ്പരയുടെ വിജയ രഹസ്യം.  

എവിടെ മായികത? മുല കൊടുക്കുന്ന അമ്മയ്ക്ക് അത് കൃത്യമല്ലേ. ഇണ ചേരുന്ന മനുഷ്യര്‍ക്ക് അത് അറിയില്ലേ. വിദ്യാലങ്ങള്‍ക്ക്,  കലകള്‍ക്ക് അതറിയില്ല എന്നോ? വേറെ ഒരു പണിയുമില്ലാത്തവര്‍ സ്‌നേഹത്തെ കുറിച്ച്  വ്യാകുലപ്പെടുന്നു, പണി ഉള്ളവര്‍ അത് ചെയ്യുന്നു എന്ന് എന്നെ ആരോ പരിഹസിക്കുന്നു. ലോകത്തിലെ ഏറ്റവും വിറ്റഴിയപ്പെടുന്ന ഹാരിപോട്ടര്‍ പരമ്പരയെ ചൂണ്ടിക്കാട്ടി ഞാന്‍ പറയുന്നു  അതിന്റെ കേന്ദ്ര പ്രമേയം സ്‌നേഹത്തിന്റെ ശക്തി അല്ലേ. അത് ബലി കൊടുക്കുന്ന സ്‌നേഹമാണ്. നിസ്വാര്‍ത്ഥ സ്‌നേഹം. കണക്കുകള്‍ സൂക്ഷിക്കുന്ന, ആധിപത്യം ആഗ്രഹിക്കുന്ന സ്‌നേഹത്തെ കണക്കുകള്‍ സൂക്ഷിക്കാത്ത സ്‌നേഹം ജയിക്കുന്നതാണ് ഹാരിപോട്ടര്‍ പരമ്പരയുടെ വിജയ രഹസ്യം.  എന്നാല്‍ എന്റെ വേദനകള്‍ കണക്കു സൂക്ഷിക്കല്‍ അല്ലേ. കൊടുക്കാന്‍ മാത്രം കഴിയുക,സ്‌നേഹിക്കാന്‍ മാത്രം കഴിയുക  എന്ന പ്രാചീന വഴി മാത്രമേ ഉള്ളൂ എന്നോ സ്‌നേഹ ദാഹ വേദനയെ വിജയിക്കാന്‍?

 

ഈ കോളത്തില്‍ നേരത്തെ പ്രസിദ്ധീകരിച്ചത്:

ഒരാലിംഗനം കൊണ്ട്,  ഒരുമ്മ കൊണ്ട്...

രതി, ഒരു സ്പര്‍ശ കല മാത്രമല്ല!

Latest Videos
Follow Us:
Download App:
  • android
  • ios