മോദി, ബിസ്മില്ലാ ഖാന്‍, ഗംഗ; വാരാണസിയുടെ മനസ്സിലെന്ത്?
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തയച്ച വാരാണസിയിലേക്ക്, തെരഞ്ഞെടുപ്പ് ചൂടില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ യാത്ര. ഏഷ്യാനെറ്റ് ന്യൂസ് ദില്ലി ബ്യൂറോയിലെ അഞ്ജുരാജ് എഴുതുന്നു
അതുകൊണ്ടു തന്നെയാണ് തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ പ്രവാസി ഭാരത് ദിവസം മോദിയുടെ മണ്ഡലമായ വാരാണസിയിലേക്ക് കൊണ്ടുവന്നത്. കൂടുതല്‍ ആളുകളെത്താന്‍, വികസനവും നിക്ഷേപവും എത്താന്‍ പ്രവാസികളുടെ വരവ് സഹായിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. ജനുവരി 21 മുതല്‍ 23 വരെ വാരാണസിയില്‍ നടത്തിയ സമ്മേളനത്തില്‍ 'നിക്ഷേപാവസരവുമായി വരൂ' എന്നാണ് പ്രവാസികളോട് ഓരോ സെഷനിലും സര്‍ക്കാര്‍ ആവര്‍ത്തിച്ചത്.
വാരാണസി. ഗംഗ തഴുകിയുറക്കുകയും ഉണര്‍ത്തുകയും ചെയ്യുന്ന പുരാതന നഗരം. ചരിത്രവും സംസ്‌കാരവും സഞ്ചാരികളെ ഇവിടേക്ക് വിളിച്ചുകൊണ്ടേയിരിക്കുന്നു. ചിതകളെരിയുന്ന ഘാട്ടുകളുടെ നദീതീരം. ഏഴു കിലോമീറ്റര്‍ ചുറ്റളവില്‍ 84 ഘാട്ടുകളില്‍ ആചാരവും വിശ്വാസവും വെന്തെരിയുന്നു. ചാരം മൂടിയ കനലുകള്‍ ഗംഗയില്‍ നിഴല്‍ വീഴ്ത്തിക്കിടക്കുന്നു.
കഴിഞ്ഞ തവണ നാലു ലക്ഷത്തോളം വോട്ടുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാര്‍ലമെന്റിലെത്തിച്ച മണ്ഡലമാണ് വാരാണസി. കൃത്യമായി പറഞ്ഞാല്‍, 3,71,784 വോട്ടുകള്‍. ഇക്കുറി വീണ്ടും മോദി വാരാണസിയിലേക്ക് എത്തുമോ എന്ന ചര്‍ച്ചകള്‍ക്കിടെയാണ് വാരാണസിയിലേക്ക് എത്തുന്നത്.
ചിതകളെരിയുന്ന ഘാട്ടുകളുടെ നദീതീരം. ഏഴു കിലോമീറ്റര്‍ ചുറ്റളവില്‍ 84 ഘാട്ടുകളില്‍ ആചാരവും വിശ്വാസവും വെന്തെരിയുന്നു.
മോദിയുടെ വാരാണസി
2014 ല്‍ വരാണസിയിലേക്ക് നോമിനേഷന്‍ നല്‍കാനെത്തിയ മോദിയുടെ സ്വീകരണം, വാരാണസിയില്‍ സ്ഥിരതാമസമായ മലയാളിയായ ബിജു ഓര്‍ക്കുന്നുണ്ട്. അന്ന്, അര കിലോമീറ്റര്‍ സ്വീകരണ ജാഥ പിന്നിടാന്‍ മൂന്നുമണിക്കൂറെടുത്തു. ജനക്കൂട്ടം തെരുവോരത്ത് തിങ്ങിനിറഞ്ഞു. അടുത്തിടെയുള്ള മറ്റൊരു കാഴ്ചകൂടി ബിജു പങ്കുവച്ചു. കഴിഞ്ഞ മാര്‍ച്ച് 13 ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനൊപ്പം പ്രധാനമന്ത്രി മോദി വാരാണസിയിലെത്തിയിരുന്നു. ആള്‍ക്കൂട്ടം നന്നേ കുറവ്.
ഗംഗയുടെ ശുദ്ധീകരണം, പാരമ്പര്യ നഗരത്തിന്റെ സമഗ്ര വികസനം ഒക്കെയായിരുന്നു മോദിയില്‍ നിന്ന് വാരാണസി പ്രതീക്ഷിച്ചത്. പക്ഷേ, ഗംഗ ഇപ്പോഴും മലിനമായി ഒഴുകുന്നു. സന്ദര്‍ശകരെക്കൊണ്ടു ജീവിക്കുന്ന ഒരുലക്ഷത്തിനടുത്ത് ഗേവാട്ടുകള് വാരണാസിയിലുണ്ട്. ബോട്ടും വള്ളങ്ങളുമാണ് ഇവരുടെ ഉപജീവനം. നോട്ടു നിരോധനവും മറ്റും ഇവരുടെ ജീവിതത്തിലുണ്ടാക്കിയ പ്രതിസന്ധി ചെറുതല്ലെന്ന് ഗംഗാ ആരതിയ്ക്കായി ഞങ്ങള്‍ക്കൊപ്പം ബോട്ടോടിച്ചെത്തിയ അയജ് രോഷത്തോടെ പറയുന്നു. മണ്ഡലത്തിലെ നിര്‍ണായ വോട്ടു ബാങ്കായ ബ്രാഹ്മണര്‍ക്കിടയിലും അതൃപ്തിയുണ്ട്.
എന്നാല്‍ മോദി വാരണാസിയില്‍ തോറ്റമ്പുമെന്ന് ഇവരാരും പറയുന്നില്ല. പഴയ നാലു ലക്ഷത്തിന്റെ ഭൂരിപക്ഷം കുറയുമെന്നു മാത്രം. അതുപോലും ബിജെപിയെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്‌നം.
അതുകൊണ്ടു തന്നെയാണ് തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ പ്രവാസി ഭാരത് ദിവസം മോദിയുടെ മണ്ഡലമായ വാരാണസിയിലേക്ക് കൊണ്ടുവന്നത്. കൂടുതല്‍ ആളുകളെത്താന്‍, വികസനവും നിക്ഷേപവും എത്താന്‍ പ്രവാസികളുടെ വരവ് സഹായിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. ജനുവരി 21 മുതല്‍ 23 വരെ വാരാണസിയില്‍ നടത്തിയ സമ്മേളനത്തില്‍ 'നിക്ഷേപാവസരവുമായി വരൂ' എന്നാണ് പ്രവാസികളോട് ഓരോ സെഷനിലും സര്‍ക്കാര്‍ ആവര്‍ത്തിച്ചത്.
ഷെഹനായിയുടെ വാരാണസി
സമ്മേളന നഗരത്തില്‍ തന്നെയാണ് ഉസ്താദ് ബിസ്മില്ലാ ഖാന്‍ എന്ന ഷെഹനായി മാന്ത്രികന്റെ തെരുവ്. ഹരാന സറായി. സമ്മേളനത്തിന്റെ ഇടവേളയില്‍ ബിസ്മില്ലയുടെ വീട്ടിലേക്കുള്ള യാത്ര പ്ലാന്‍ ചെയ്തു. ഡ്രൈവര്‍ ബിസ്മില്ലയുടെ മക്ബറയുള്ള പള്ളിയുടെ സമീപം വരെ കാറെത്തി. പിന്നെ ഡ്രൈവര്‍ പറഞ്ഞു, ഇനി മുന്നോട്ട് പോകില്ല, സൈക്കിള്‍ റിക്ഷയെ ആശ്രയിക്കണം.
2006 ഓഗസ്റ്റ് 26 ന് ഈ തെരുവിനെ അത്രമേല്‍ സ്‌നേഹിച്ച ബിസ്മില്ലാ ഖാന്‍.
റിക്ഷക്കാരന്‍ ഇടുങ്ങിയ ഗല്ലികളിലൂടെ ഞങ്ങളെ കൊണ്ടുപോയി. എംഎ പഠന കാലത്ത് സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ അമൃതേട്ടന്റെ ഹോസ്റ്റല്‍ മുറിയില്‍ നിന്നും കേട്ടു തുടങ്ങിയ ബിസ്മില്ലാ ഖാനായിരുന്നു മനസ്സു നിറയെ. ഒടുവില്‍ 2017 ജനുവരി 17 ലെ വേദനിപ്പിക്കുന്ന വാര്‍ത്തയും അറിഞ്ഞു. ബിസ്മില്ലാ ഖാന് മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഷെഹനായ് പതിനഴായിരം രൂപയ്ക്ക് സമീപത്തെ ആഭരണക്കടയില്‍ വിറ്റതിന് ചെറുമകന്‍ അറസ്റ്റിലായ വാര്‍ത്ത. പൊലീസ് കണ്ടെത്തുമ്പോഴേക്കും ബിസ്മില്ലാ ഖാന്റെ ശ്വാസം സഞ്ചരിച്ച ഷെഹനായിലെ വെള്ളി ഉരുക്കിയെടുത്തിരുന്നു കച്ചവടക്കാരന്‍.
റിക്ഷ മുന്നോട്ട് നീങ്ങി. അവസാന കാലത്തും ഈ തെരുവിലൂടെ ഇങ്ങനെ റിക്ഷയില്‍ സഞ്ചരിക്കാനായിരുന്നു ബിസ്മില്ലയ്ക്ക് ഇഷ്ടം.
വണ്ടി നിര്‍ത്തി. ഒരു തെരുവിലേക്ക് ചൂണ്ടിക്കാട്ടി 'നടന്നോളൂ' എന്നു റിക്ഷാക്കാരന്‍. ഞങ്ങള്‍ ഇറങ്ങി. കുപ്പി വളകളും നിറങ്ങളും നിരത്തി വച്ച കച്ചവടക്കാരുടെ തെരുവ്. ഓരോ തിരിവിലിലും അന്വേഷിച്ചു, ബിസ്മില്ലാ ഖാന്റെ വീട് ഏതെന്ന്. നേരെ ചുണ്ടിക്കാണിക്കും. മുന്നോട്ട്. ഒടുവില്‍ വഴിയുടെ അറ്റത്ത് ആ ഇരു നില മാളിക. തൊണ്ണൂറ്റി രണ്ടാം വയസ്സില്‍ മരിക്കും വരെ ആ മാന്ത്രിക നാദം മുഴങ്ങിയ വീട്. ഓര്‍മ്മകള്‍ മാത്രം തെരുവില്‍ പൊടി പിടിച്ചു കിടക്കുന്നു.
മുന്നിലിപ്പോള്‍ ആ മുറി. ബിസ്മില്ലാ ഖാന്‍ പാടി നിര്‍ത്തി ഇറങ്ങി പോയതു പോലെ തന്നെ അവിടം.
നിറം മങ്ങിയ ആ നെയിം ബോര്‍ഡില്‍ വിരല്‍ ഓടിച്ചു. അകത്തു ലൈറ്റ് ഇല്ല. ഉച്ചത്തില്‍ വിളിച്ചപ്പോള്‍ അടുത്ത മുറി തുറന്ന് ഒരാള്‍ എത്തി. ഒറ്റ ശ്വാസത്തില്‍, കേരളത്തില്‍ നിന്നുള്ള ആരാധകനാണ് എന്നു പറഞ്ഞു. അയാള്‍ ചിരിച്ചു. ബിസ്മില്ലാ ഖാന്റെ മകനെ വിളിക്കാന്‍ ആളയച്ചു. കതക് തുറന്നു. ലൈറ്റ് തെളിഞ്ഞു. ഞാനും ക്യാമറമാന്‍ ഷിജോയും അകത്തു കയറി.
മുന്നിലിപ്പോള്‍ ആ മുറി. ബിസ്മില്ലാ ഖാന്‍ പാടി നിര്‍ത്തി ഇറങ്ങി പോയതു പോലെ തന്നെ അവിടം.
കസേരയില്‍ ഇരുന്നു. ബന്ധുവും വീട് സൂക്ഷിപ്പുകാരനുമായ ആളാണ് സ്വീകരിച്ചത്. അയാളൊരു പാന്‍ ചവയ്ക്കാനുള്ള ഒരുക്കത്തിലാണ്. താന്‍ ഇരിക്കുന്ന കട്ടിലിലാണ് ബിസ്മില്ലാ ഇരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പറഞ്ഞിരിക്കുന്നതിനിടെ ബിസ്മില്ലയുടെ മകന്‍ നാസിം ഹുസൈന്‍ എത്തി. കേരളത്തില്‍ നിന്നാണെന്നും ചാനല്‍ പ്രവര്‍ത്തകര്‍ ആണെന്നും പറഞ്ഞപ്പോള്‍ സന്തോഷം.
കസേരയില്‍ ഇരുന്നു അച്ഛനെ പറ്റി പറഞ്ഞു തുടങ്ങി. ഇടയ്ക്ക് ചുവരിലെചിത്രങ്ങള്‍ ചുണ്ടിക്കാണിക്കും.
കാശി വിശ്വനാഥ ക്ഷേത്രത്തിലെ ആസ്ഥാന വിദ്വാനായ അമ്മാവന്‍ അലി, ബിസ്മില്ലാ ഖാന്റെ ആദ്യഗുരു. അദ്ദേഹവും ഗംഗയും വാരണാസിയിലെ സംഗീത രാത്രികളും രൂപപ്പെടുത്തിയതാണ് ബിസ്മില്ലാ ഖാന്‍ എന്ന മാന്ത്രികനെ. ഇടയ്ക്കിടെ ദൈവം നല്‍കിയ ഗിഫ്റ്റ് ആണ് ബിസ്മില്ലയുടെ സംഗീതം എന്നാവര്‍ത്തിച്ചു, തബല വാദകനായ ആ മകന്‍.
പിന്നെ ആ മുറിയില്‍ വന്നു പോകുന്നവരെ പറ്റി സംസാരം. സമയം നോക്കാതെ ഉള്ള സാധനയെ പറ്റി. 2006 ഓഗസ്റ്റ് 21 നു മരിക്കും വരെ അച്ഛന്പ്രിയപ്പെട്ട ഇടം വാരാണസി മാത്രമായിരുന്നുവെന്ന് ആവര്‍ത്തിച്ച് നാസിം. പിന്നെ കുടുംബത്തിലെ ഐക്യമില്ലായ്മയെപ്പറ്റി സൂചിപ്പിച്ചു. ബിസ്മില്ലാ ഖാന്‍ താമസിച്ച വീട് സ്മാരകം ആക്കുന്നതില്‍ സര്‍ക്കാരിനെ സമ്മതം അറിയിച്ച കഥയും പറഞ്ഞു. പിന്നെ, ഭരിക്കുന്നവര്‍ക്ക് ഇതിനൊക്കെ എവിടെ നേരമെന്നു വേദനിച്ചു ചോദിച്ചു.
ചെറുമകന്‍ ഷെഹനായി കൈയ്യില്‍ എടുത്തു.ഉസ്താദിന്റെ കട്ടിലില്‍ ഇരുന്നു ഷഹനായി മീട്ടി.
അപ്പോഴേക്കും ഒന്ന് രണ്ടു ചെറുമക്കളും വന്നു.
ഷെഹനായി കാണാമോ എന്നു ചോദിച്ചപ്പോള്‍ മുകളില്‍ നിന്നും എടുത്തു വന്നു. ഞാന്‍ അതു കൈയിലെടുത്തു. അച്ഛന്റെ ഇഷ്ടരാഗം നിഷാദത്തെ പറ്റി പറഞ്ഞ് പതുക്കെ മൂളി മകന്‍.
ചെറുമകന്‍ ഷെഹനായി കൈയ്യില്‍ എടുത്തു.ഉസ്താദിന്റെ കട്ടിലില്‍ ഇരുന്നു ഷഹനായി മീട്ടി. നാസിമിന്റെ കണ്ണു നിറയുന്നുണ്ടായിരുന്നു. ഇടയ്ക്ക് കൈകള്‍ കാല്‍മുട്ടില്‍ താളം പിടിച്ചു. ചെറുമകന് തെറ്റിയപ്പോള്‍ പാടി തിരുത്തി. സംസാരിച്ചു തീര്‍ന്നപ്പോള്‍ ഞാന്‍ ബിസ്മില്ലാഖാന്റെ മകന്റെ കൈയില്‍ പിടിച്ചു. നന്ദി പറഞ്ഞു. പടി ഇറങ്ങുമ്പോള്‍ സലാം പറഞ്ഞു, കുടുംബം ഒന്നാകെ..
തെരുവ് താണ്ടി കാറിനു അടുത്തെത്തി. ബാത്മന്‍ ദര്‍ഗയിലെ മഖ്ബറയില്‍ ഹൃദയം കൊണ്ട് ഒന്ന് നമിക്കാതെ പോകുവതെങ്ങനെ?
റിക്ഷാക്കാരന്‍ അവിടേക്ക് കൊണ്ടുപോയി. സന്ദര്‍ശകരെ കാത്തു ചന്ദനത്തിരി വില്‍പ്പനക്കാരന്‍. മഖ്ബറ. കുടീരം വണങ്ങി തിരിക്കുമ്പോള്‍ പ്രാര്‍ഥനാപൂര്‍വ്വം മണികള്‍ ഉരുക്കഴിക്കുന്ന ബാബ. തെരുവില്‍ ഒരറ്റത്ത് ഇടുങ്ങിയ മുറികളില്‍ അരണ്ട വെളിച്ചത്തില്‍ ബനാറസ് റാട്ടുകളില്‍ തുണി നെയ്യുന്ന ഒച്ച. ഹോട്ടലില്‍ എത്തിയിട്ടും ബിസ്മില്ലാ ഖാന്‍ പിന്തുടര്‍ന്നു.
സ്റ്റോറി പൂര്‍ത്തിയാക്കുമ്പോള്‍, ഏഷ്യാനെറ്റ് ന്യൂസ് ദില്ലി ബ്യൂറോയില്‍നിന്നും പ്രശാന്ത് രഘുവംശമാണ് വാജ്‌പേയ് ഭരിക്കുന്ന കാലത്ത്, രണ്ടായിരത്തി മൂന്നിലെ ആദ്യ പ്രവാസി ഭാരത് ദിവസത്തില്‍ ബിസ്മില്ലാ ഖാനും രവിശങ്കറും ജുഗല്‍ ബന്ദി വായിച്ച ഓര്‍മ്മ പങ്കുവച്ചത്. സ്‌റ്റോറി പൂര്‍ത്തിയാക്കി കണ്ണടച്ചു കിടന്നു.
ഉറക്കം കയറി തുടങ്ങിയപ്പോള്‍ ഹറാന സരായിലെ തെരുവില്‍ വെളിച്ചം നിറയുന്നുണ്ടായിരുന്നു. ബിസ്മില്ല ഖാന്റെ കൈകളില്‍ നിലയ്ക്കാതെ ഒഴുകുന്ന സംഗീത നദിയായി ഷെഹനായ്.