പരീക്ഷയെഴുതിയത് പകരക്കാരന്‍, സഹോദരന്‍ മരിക്കുമ്പോള്‍ സിനിമയ്ക്ക് പോയി; ട്രംപിനെക്കുറിച്ച് മരുമകളുടെ പുസ്‍തകം
പുസ്‍തകത്തിന്‍റെ രചയിതാവ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റായ മേരി എൽ. ട്രംപ്, ഡൊണാൾഡ് ട്രംപിന്‍റെ സഹോദരൻ ഫ്രെഡ് ട്രംപ് ജൂനിയറിന്‍റെ മകളാണ്. ട്രംപിന്റെ കുടുംബരഹസ്യങ്ങൾ പുറത്തുകൊണ്ടുവരുന്ന നിരവധി ആരോപണങ്ങൾ പുസ്‍തകത്തിൽ മേരി ഉന്നയിക്കുന്നു.
ഡൊണാൾഡ് ട്രംപിന്റെ മരുമകൾ മേരി എല്‍ ട്രംപ് തന്‍റെ വരാനിരിക്കുന്ന പുസ്‍തകത്തിൽ പ്രസിഡന്‍റിനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉന്നയിക്കുന്നത്. അദ്ദേഹം ഒരു 'സോഷ്യോപാത്ത്' ആണെന്നും, ട്രംപിന്‍റെ 'അഹങ്കാരം നിറഞ്ഞതും, മനഃപൂർവവുമായ അജ്ഞത' രാജ്യത്തിന് തന്നെ ഭീഷണിയാവുകയാണെന്നും അവർ പുസ്‍തകത്തിൽ ആരോപിക്കുന്നു. മേരി ട്രംപിന്‍റെ 'Too Much and Never Enough: How My Family Created the World's Most Dangerous Man' എന്ന പുസ്‍തകം അത്യാഗ്രഹം, വിശ്വാസവഞ്ചന, ആന്തരിക പിരിമുറുക്കം എന്നിവയുടെ നീണ്ട ചരിത്രം തന്നെ രേഖപെടുത്തുന്നു. ഒപ്പം ന്യൂയോർക്കിലെ ഏറ്റവും സമ്പന്നവും കുപ്രസിദ്ധവുമായ ഒരു റിയൽ എസ്റ്റേറ്റ് സാമ്രാജ്യം ട്രംപ് എങ്ങനെ നേടിയെടുത്തുവെന്നും വിശദീകരിക്കാൻ ശ്രമിക്കുന്നു. ആളുകളെ പണത്തിന്‍റെ അടിസ്ഥാനത്തില്‍ കാണുന്നതും വഞ്ചനയെ ഒരു ജീവിതരീതിയായി പരിശീലിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്‍റെ വികലമായ സ്വഭാവരീതികളെക്കുറിച്ചാണ് എഴുതിയിരിക്കുന്നത് എന്ന് മേരി ട്രംപ് തന്നെ പറയുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തെ ട്രംപിന്‍റെ ഭരണം കണ്ടുനിന്ന തനിക്ക് 'ഇനി മൗനം പാലിക്കാൻ കഴിയില്ല' എന്നും മേരി ട്രംപ് പറയുന്നുണ്ട്.
പുസ്‍തകത്തിന്‍റെ രചയിതാവ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റായ മേരി എൽ. ട്രംപ്, ഡൊണാൾഡ് ട്രംപിന്‍റെ സഹോദരൻ ഫ്രെഡ് ട്രംപ് ജൂനിയറിന്‍റെ മകളാണ്. ട്രംപിന്റെ കുടുംബരഹസ്യങ്ങൾ പുറത്തുകൊണ്ടുവരുന്ന നിരവധി ആരോപണങ്ങൾ പുസ്‍തകത്തിൽ മേരി ഉന്നയിക്കുന്നു. കോളേജ് പ്രവേശനത്തിന്‍റെ യോഗ്യതാപരീക്ഷയായ സാറ്റ് എഴുതിയെടുക്കാൻ ഡൊണാൾഡ് ട്രംപ് പണം നൽകി ഒരാളെ നിയമിച്ചു. അയാൾ ട്രംപിന് പകരം പോയി പരീക്ഷയെഴുതി. അങ്ങനെ നേടിയെടുത്ത ഉയർന്ന സ്കോർ വച്ചാണ് പെൻസിൽവാനിയ സർവകലാശാലയിലെ പ്രശസ്‍തമായ വാർട്ടൺ ബിസിനസ്സ് സ്‍കൂളിലേക്ക് അദ്ദേഹം പ്രവേശനം നേടിയെടുത്തത് എന്നും മേരി ആരോപിക്കുന്നു. തന്റെ അച്ഛൻ ഫ്രെഡ് കുടുംബത്തിൽ എന്നും ഒറ്റപ്പെട്ടവനായിരുന്നുവെന്നും അവർ പറഞ്ഞു.
ഫ്രെഡ് ട്രംപ് സുന്ദരനും ധീരനും എന്നാല്‍ ഒരു കടുത്ത മദ്യപാനിയുമായിരുന്നു. കുറച്ചുകാലം അച്ഛന്‍റെ ബിസിനസ് നോക്കിനടത്തിയശേഷം, അദ്ദേഹം റിയൽ എസ്റ്റേറ്റ് ജോലി ഉപേക്ഷിച്ച് പൈലറ്റായി മാറി. എന്നാൽ, ഈ അവസരം മുതലാക്കി ട്രംപ് കുടുംബ ബിസിനസ്സ് ഏറ്റെടുത്തെന്നും അവർ അഭിപ്രായപ്പെട്ടു. പിതാവിനെ പ്രീതിപ്പെടുത്തുന്നതിനും സമാധാനിപ്പിക്കുന്നതിനുമായി നുണ പറയുന്നത് ഒരു ജീവിതരീതിയാക്കി ഡൊണാൾഡ് ട്രംപ് മാറ്റിയെന്നും, മൂത്ത സഹോദരൻ ഫ്രെഡിന്റെ കുറവുകൾ ഉയർത്തിക്കാട്ടി, പിതാവിന്‍റെ പ്രിയപ്പെട്ട മകനാകാനുമുള്ള ശ്രമങ്ങൾ ഡൊണാൾഡ് നടത്തിയിരുന്നുവെന്നും മേരി എഴുതുന്നു. ഒരു തികഞ്ഞ മദ്യപാനിയായിത്തീർന്ന മേരിയുടെ അച്ഛൻ മരിച്ച സമയത്ത് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആരുമുണ്ടായിരുന്നില്ലെന്നും, പകരം സഹോദരൻ മരിക്കുന്ന വേളയിൽ ഡൊണാൾഡ് ട്രംപ് സിനിമ കാണാൻ പോയെന്നും മേരി പറഞ്ഞു.
ട്രംപിന്‍റെ സഹോദരി, മുൻ ഫെഡറൽ ജഡ്‍ജിയായ മരിയാൻ ട്രംപ് ബാരി അദ്ദേഹത്തെ യാതൊരു ആദർശങ്ങളുമില്ലാത്ത ഒരു കോമാളിയായിട്ടാണ് കണക്കാക്കുന്നതെന്നും മേരി ആരോപിച്ചു. ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികൾക്കിടയിൽ തന്‍റെ സഹോദരനുള്ള പിന്തുണ കണ്ടിട്ട് മരിയാൻ ട്രംപിന് വല്ലാത്ത അത്ഭുതം തോന്നിയെന്നും പുസ്‍തകത്തിൽ പറയുന്നു. “ക്യാമറകൾ ഉള്ളപ്പോൾ മാത്രമാണ് ഡൊണാൾഡ് പള്ളിയിൽ പോകുന്നത്. എന്നാൽ, ആളുകൾ ഇതൊന്നുമറിയാതെ അദ്ദേഹത്തെ പിന്തുണക്കുന്നത് കാണുമ്പോൾ മനസ്സിന് വല്ലാത്ത വിഷമം തോന്നുന്നു. അദ്ദേഹത്തിന് ആദർശങ്ങളില്ല. ഒട്ടുമില്ല! ” സഹോദരി പറഞ്ഞതായി പുസ്‍തകത്തിൽ ഉദ്ധരിക്കുന്നു. അദ്ദേഹം സ്വയം ഉയർന്നുവന്ന ഒരു വലിയ വ്യവസായിയാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ, വാസ്‍തവം അതല്ല എന്നവർ പുസ്‍തകത്തിൽ പറയുന്നു. മേരിയും മരിയാനുയുള്ള ഒരു സ്വകാര്യസംഭാഷണത്തെക്കുറിച്ച് പുസ്‍തകത്തിൽ പറയുന്നുണ്ട്. "അദ്ദേഹം സ്വയം ഉയർന്നുവന്ന വ്യക്തിയാണെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? അദ്ദേഹം സ്വന്തമായി എന്താണ് നേടിയത്?’മേരി ചോദിച്ചു. അദ്ദേഹത്തിന്റെ വിജയത്തിന്‍റെ പ്രധാന കാരണം പിതാവിന്‍റെ സാമ്പത്തികപിന്തുണയും, മാർഗനിർദ്ദേശങ്ങളുമാണ് എന്നവർ പുസ്‍തകത്തിൽ പറയുന്നു. ഡൊണാൾഡിന്‍റെ കുറവുകളെ നികത്താൻ അച്ഛന്‍റെ പിന്തുണയ്ക്ക് കഴിഞ്ഞുവെന്നും അവർ അതിൽ പറയുന്നു.
ഡൊണാൾഡ് ട്രംപിന്‍റെ വംശീയവിവേചനവും അവർ അതിൽ തുറന്നുകാട്ടുന്നുണ്ട്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലുള്ള കുപ്രസിദ്ധമായ പ്രസംഗത്തിൽ 'നഗ്നമായ വംശീയത' അദ്ദേഹം പ്രകടിപ്പിച്ചിരുന്നതായി മരിയാനും മേരിയും സമ്മതിക്കുന്നു. 2015 -ൽ, ട്രംപ് മെക്സിക്കൻ കുടിയേറ്റക്കാരെ 'റേപ്പിസ്റ്റുകൾ' എന്ന് പരാമർശിച്ചിരുന്നു. ഇതിൽ വംശീയതയുടെ ധ്വനി പ്രകടമായിരുന്നു. എന്നിട്ടും അദ്ദേഹം ജയിച്ചു. രാജ്യത്തിന് വന്ന ദുർഗതിയോർത്ത് അന്നുരാത്രി താൻ ഒരുപാടു വിഷമിച്ചെന്ന് മാരിയാൻ പറയുന്നതായും പുസ്‍തകത്തിൽ പരാമർശമുണ്ട്.
കൊറോണ വൈറസ് മഹാമാരിയും, വ്യവസ്ഥാപരമായ വംശീയകലാപങ്ങളും വലിയ വെല്ലുവിളികളായി ട്രംപിന്‍റെ മുന്നിൽ നിൽക്കുന്ന സമയത്താണ് ഈ പുസ്‍തകവും ഇറങ്ങുന്നത്. മേരി ട്രംപിന്റെ പുസ്‍തകം നിലവിൽ ജൂലൈ 14 -ന് പുറത്തിറങ്ങാനിരിക്കുകയാണ്. അതിനിടയിൽ ഡൊണാൾഡ് ട്രംപിന്‍റെ സഹോദരൻ റോബർട്ട് ട്രംപ് പ്രസിദ്ധീകരണം നിർത്താൻ ആവശ്യപ്പെട്ടുകൊണ്ട് കേസ് കൊടുത്തിരുന്നു. എന്നാൽ, കഴിഞ്ഞയാഴ്‍ച ജഡ്‍ജി പുസ്‍തകത്തിന്‍റെ പ്രസാധകനായ സൈമൺ ആന്‍ഡ് ഷസ്റ്ററിനെതിരായ താൽക്കാലിക വിലക്ക് റദ്ദാക്കി. കോടതി ഫയലിംഗ് അനുസരിച്ച് പ്രസാധകൻ ഇതിനകം പുസ്‍തകത്തിന്റെ 75,000 പകർപ്പുകൾ അച്ചടിച്ചു കഴിഞ്ഞു. പുസ്‍തകത്തിനായി എല്ലാവരും വളരെയധികം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. വരാനിരിക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിനെ പുസ്‍തകം എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്നുതന്നെ കാണണം.