150 മീറ്ററിന് മുകളിൽ പറക്കുന്ന മന്ത്രവാദികൾക്ക് 32 ലക്ഷത്തിന് മീതെ പിഴ; വിചിത്രമായ ചില നിയമങ്ങള്‍!
ലോകത്തെങ്ങും പ്രായപൂർത്തിയായ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരാളെ വിവാഹം കഴിക്കാൻ നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ, ഫ്രാൻസിൽ അത് ഒരുപടി മുകളിലാണ് നിൽക്കുന്നത്. അവിടെ മരിച്ചവരെ വേണമെങ്കിലും വിവാഹം ചെയ്യാൻ നിയമം അനുവദിക്കുന്നു.
നിയമങ്ങൾ ഒരിക്കലും ലംഘിക്കാനുള്ളതല്ല എന്ന് നമുക്കറിയാം. ലോകത്ത് പല രാജ്യങ്ങളിൽ പല നിയമങ്ങളും നിലവിലുണ്ട്. കേട്ടാൽ വിചിത്രം എന്ന് തോന്നുന്ന നിയമങ്ങളും അക്കൂട്ടത്തിലുണ്ട്. ഈ നിയമങ്ങൾ അവരുടെ ചരിത്രവും, മൂല്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണ്. പുറമെ നില്‍ക്കുന്നവര്‍ക്ക് ചിരിയും, വിസ്മയവും ഉണ്ടാക്കുന്ന ഇത്തരം നിയമങ്ങളുടെ പിന്നിൽ ഓരോ ഉദ്ദേശങ്ങളുണ്ട്. ചിലത് തീർത്തും വിഡ്ഢിത്തമായി നമുക്ക് തോന്നുമെങ്കിലും, നിയമം നിയമം തന്നെയാണല്ലോ? അതിനെ ധിക്കരിക്കാൻ ആർക്കാണ് കഴിയുക.
ചൂലിൽ പറക്കുന്ന മന്ത്രവാദിനികൾക്ക് പിഴ
പറക്കുന്ന ചൂലിൽ യാത്രചെയ്യുന്ന മന്ത്രവാദിനികളെ കുറിച്ച് നമ്മൾ കുട്ടിക്കാലത്ത് ഒരുപാട് കേട്ടിട്ടുണ്ടാകും. ആ പ്രായത്തിൽ പറക്കുന്ന ചൂലന്വേഷിച്ച് നടന്നിട്ടും ഉണ്ടാകും. എന്നാൽ, വലുതായപ്പോൾ അതെല്ലാം വെറും കെട്ടുകഥകളാണ് എന്ന് നമ്മൾ മനസ്സിലാക്കി. പക്ഷേ, ആഫ്രിക്കയിലെ സ്വാസിലാൻഡ് നിവാസികൾക്ക് അത് വെറുമൊരു കെട്ടുകഥയല്ല. അവർ അതിനെതിരെ ഒരു നിയമം വരെ കൊണ്ടുവരികയുണ്ടായി.
അതും ഏതാനും വർഷങ്ങൾക്ക് മുൻപ്. സ്വാസിലാൻഡിലെ സിവിൽ ഏവിയേഷൻ അതോറിറ്റി ഉദ്യോഗസ്ഥനായ ഡ്‌ലാമിനി 2013 -ൽ, ഭാരമേറിയ ഗതാഗത ഉപകരണങ്ങളെ നിയന്ത്രിക്കുന്ന കർശനമായ ചില നിയമങ്ങൾ കൊണ്ടുവന്നു. ക്യാമറ ഘടിപ്പിച്ച ഒരു ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയ ഒരു സ്വകാര്യ അന്വേഷകനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നത്. എന്നാൽ, ആ നിയമങ്ങളിൽ, 'ചൂലിൽ പറക്കുന്ന മന്ത്രവാദിക്ക് ഒരു പരിധിയിൽ കൂടുതൽ ഉയരത്തിൽ പറക്കാൻ അധികാരമില്ല' എന്ന ഒരു വിചിത്ര നിയമം കൂടി ഉണ്ടായിരുന്നു. 150 മീറ്ററിന് മുകളിൽ പറക്കുന്ന മന്ത്രവാദികൾക്ക് 32 ലക്ഷത്തിന് മീതെ പിഴയുമുണ്ട്. കേൾക്കുമ്പോൾ ചിരി വരാം, പക്ഷേ, അവിടത്തുകാർക്ക് മന്ത്രവാദത്തിലുള്ള കലശലായ വിശ്വാസമാണ് ഇത്തരം നിയമങ്ങൾക്ക് പിന്നിൽ.
എല്ലാ വീട്ടിലും തോക്ക്
കൊളറാഡോയിലെ ചെറുതും ദാരിദ്ര്യമുള്ളതുമായ ഒരു പട്ടണമാണ് നുക്ല. അവിടെ എല്ലാ വീടിനും ഓരോ തോക്ക് വീതം സ്വന്തമായി വേണമെന്നത് ഒരു നിയമാണ്. അവിടത്തുകാർക്ക് തോക്ക് എന്നത് ഒരു ആർഭാടമല്ല, പകരം അനിവാര്യതയാണ്. കാരണം നിയമം അത് അനുശാസിക്കുന്നുണ്ടെന്നതു തന്നെ. 2013 മെയ് മാസത്തിൽ, നുക്ല ടൗൺ ബോർഡ് 5-1 എന്ന നിലയിൽ ഇതിനെ അനുകൂലിച്ച് വോട്ട് ചെയ്‍തു. ജോർജിയയിലെ നെൽസൺ പട്ടണം പാസാക്കിയ ഫാമിലി പ്രൊട്ടക്ഷൻ ഓർഡിനൻസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ അസാധാരണമായ ഓർഡിനൻസ് അവിടെ നടപ്പാക്കിയത്.
മരിച്ചുപോയ ഒരാളെ വിവാഹം കഴിക്കാം
ലോകത്തെങ്ങും പ്രായപൂർത്തിയായ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരാളെ വിവാഹം കഴിക്കാൻ നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ, ഫ്രാൻസിൽ അത് ഒരുപടി മുകളിലാണ് നിൽക്കുന്നത്. അവിടെ മരിച്ചവരെ വേണമെങ്കിലും വിവാഹം ചെയ്യാൻ നിയമം അനുവദിക്കുന്നു. 1950 -കളിൽ നിലവിൽ വന്ന ഈ നിയമം, രണ്ടാം ലോകമഹായുദ്ധത്തോടെയാണ് ഉണ്ടായത്. രാഷ്ട്രപതിയുടെയും നീതിന്യായ മന്ത്രിയുടെയും അനുമതി ജീവനുള്ള പങ്കാളിയ്ക്ക് ലഭിക്കണമെന്ന് ഈ നിയമം അനുശാസിക്കുന്നുണ്ട്. മരിച്ച ഒരാളെ വിവാഹം കഴിക്കാൻ യോഗ്യത നേടുന്നതിന്, മരിച്ചയാൾ ജീവിച്ചിരിക്കുമ്പോൾ തന്നെ തങ്ങളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നതിന് തെളിവ് നൽകണം. അങ്ങനെ തെളിവ് നല്‍കിയാല്‍ നിങ്ങൾക്ക് ആ മരിച്ച വ്യക്തിയെ വിവാഹം ചെയ്യാം. വിവാഹസമയത്ത് വധുവിനെയോ, വരനെയോ മരിച്ച വ്യക്തിയുടെ ഫോട്ടോയുടെ അരികിൽ നിർത്തും. അതിനുശേഷം ചടങ്ങുകൾ നടത്തും. ചടങ്ങുകൾ കഴിഞ്ഞാൽ പിന്നെ അവർ ദമ്പതികളായി. മരണാനന്തര വിവാഹങ്ങൾക്കായി പ്രതിവർഷം നൂറുകണക്കിന് അഭ്യർത്ഥനകളാണ് ഫ്രാൻസിന് ലഭിക്കുന്നത്.
മക്കളെ വഴക്ക് പറഞ്ഞാൽ ജയിലിൽ കഴിയാം
മക്കൾ എന്തെങ്കിലും കുസൃതി കാട്ടുമ്പോൾ നമ്മൾ എപ്പോഴും പറയുന്ന ഒരു വാചകമുണ്ട്, 'അടി കിട്ടി വളരാത്തതിൻ്റെ പ്രശ്നമാണ്!' എന്നാൽ ഈ ഡയലോഗ് ന്യൂയോർക്കിലെ ടാനാവാൻഡ എന്ന നഗരത്തിൽ പറഞ്ഞാൽ പണിപാളും. എല്ലായിടത്തും മാതാപിതാക്കളെ ഉപദ്രവിക്കുന്ന മക്കളെ ശിക്ഷിക്കാൻ നിയമമുണ്ട്. എന്നാൽ, ഇവിടെ മക്കളെ ഉപദ്രവിയ്ക്കുന്ന മാതാപിതാക്കൾക്കാണ് ശിക്ഷ. അവരുമായി വഴക്കിടുകയോ, അവരെ വേദനിപ്പിക്കുകയോ ചെയ്‌താൽ 15 ദിവസം വരെ ജയിൽ കിടക്കാം. പോരാത്തതിന് 18, 000 രൂപയോളം പിഴയും അടക്കണം. എന്നാൽ, ഈ നിയമം സർക്കാരിൻ്റെ അനാവശ്യ നുഴഞ്ഞു കയറ്റമാണെന്നും, പ്രശ്നങ്ങൾ ഉള്ള വീടുകളിൽ ഇത് കൂടുതൽ ആപത്തുകൾ ഉണ്ടാക്കുമെന്നും വിമർശകർ ആരോപണം ഉന്നയിക്കുന്നുണ്ട്. 2015 -ലാണ് ഈ നിയമം നിലവിൽ വന്നത്.
ഫോണുമായി വിമാനത്തിൽ പോയാൽ അകത്ത് കിടക്കാം
2016 -ൽ യുഎസ് ഗതാഗത വകുപ്പ് വിമാനങ്ങളിൽ സാംസങ് ഗാലക്സി നോട്ട് 7 ഫോണുകൾ നിരോധിയ്ക്കുകയുണ്ടായി. നിയമം ലംഘിച്ച് ഫോണുമായി വിമാനത്തിൽ കയറിയ യാത്രക്കാനെതിരെ ക്രിമിനൽ കുറ്റം ചുമത്തി പത്തുവർഷം തടവിനും, ഒരു കോടി ഇരുപത്തെട്ട് ലക്ഷം പിഴയായി അടക്കാനും ഈ നിയമം അനുശാസിക്കുന്നു.
ഒരു ഫോൺ എങ്ങനെ ഇത്ര വിലക്കപ്പെട്ട, അപകടകരമായ ഒരു വസ്തുവാകും എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. ലിഥിയം ബാറ്ററി അമിതമായി ചൂടാവുകയും, അങ്ങനെ ഫോൺ പൊട്ടിത്തെറിക്കുകയും ചെയ്തതോടെ 2016 സെപ്റ്റംബറിൽ സാംസങ് കമ്പനി ഗാലക്‌സി നോട്ട് 7 തിരിച്ചുവിളിയ്ക്കുകയുണ്ടായി. ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കായി കമ്പനി റീഫണ്ടുകളും എക്സ്ചേഞ്ചുകളും വാഗ്ദാനം ചെയ്യുകയും സുരക്ഷിതമെന്ന് കരുതുന്ന ഗാലക്സി നോട്ട് 7 ഫോണുകൾ മാറ്റിസ്ഥാപിക്കുകയും ചെയ്തു. ഒക്ടോബറോടെ, മാറ്റിസ്ഥാപിച്ച നിരവധി ഫോണുകളും വീണ്ടും പൊട്ടിത്തെറിച്ചത്തോടെ കമ്പനി ഫോണുകളുടെ നിർമ്മാണവും വിൽപ്പനയും പൂർണ്ണമായും നിർത്തി. അതിന് ശേഷമാണ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി ഇത്തരമൊരു നിയമം നിലവിൽ വന്നത്.
പണക്കാരുടെ കുറ്റം ഏറ്റെടുക്കാൻ ബിനാമികൾ
നമ്മുടെ നാട്ടിൽ പണമുണ്ടെങ്കിൽ ഏത് കുറ്റത്തിൽനിന്നും എളുപ്പം രക്ഷപ്പെടാം എന്നൊരു സംസാരമുണ്ട്. നിയമം ഇതിനെ പിന്തുണയ്ക്കുന്നില്ലെങ്കിലും ഇവിടെ പലപ്പോഴും സംഭവിക്കുന്ന ഒരു കാര്യമാണ് അത്. എന്നാൽ, ചൈനയിലെ പണക്കാർക്കിടയിൽ ഇതൊരു സാധാരണ സംഭവമാണ്. സമ്പന്നർക്ക് അവരുടെ കുറ്റകൃത്യങ്ങൾ ഏറ്റെടുക്കാൻ മറ്റൊരാളെ നിയമിക്കാൻ കഴിയും. നമ്മൾ ഒരു വക്കീലിനെ നിയമിക്കുന്ന പോലെ. ഈ പ്രക്രിയയെ “ഡിംഗ് സൂയി” എന്നാണ് അവിടെ വിളിക്കുന്നത്. അതിൻ്റെ അർത്ഥം “പകരക്കാരനായ കുറ്റവാളി” എന്നാണ്. അവിടെ വളരെ പരസ്യമായി നടക്കുന്ന ഒന്നാണ് ഇത്. ചൈനയുടെ നിയമ വ്യവസ്ഥിതി തെറ്റായ കുറ്റസമ്മതത്തെ അനുകൂലിക്കുന്ന ഒരു സംവിധാനമായി മാറുകയാണെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അവിടെ ഇത് ഇപ്പോഴും നടക്കുന്നുണ്ട്. പലർക്കും അവിടെ പകരക്കാരനായ കുറ്റവാളികളായി ജോലി നോക്കുന്നത് ഒരു ഉപജീവനമാർഗ്ഗമാണ്.
അങ്ങനെ പകരക്കാരനാവുന്ന ഒരാളായിരുന്നു 25 -കാരനായ ഗുയോ റോങ്ഹുയി. അയാള്‍ മയക്കുമരുന്നിന് അടിമയായിരുന്നു. രക്താര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് അയാള്‍ക്ക് മെഡിക്കല്‍ പരോള്‍ കിട്ടി. പിന്നീടാണ് കോടതിക്കൊരു കാര്യം മനസിലായത്. മയക്കുമരുന്ന്, വെടിമരുന്ന് എന്നിവ സൂക്ഷിച്ചുവെന്നതിനടക്കം 178 കേസുകളില്‍ പകരക്കാരനായിട്ടാണ് അയാള്‍ പ്രവര്‍ത്തിച്ചത്. ആകെ 48 വര്‍ഷമായിരുന്നു ഈ കേസുകളെല്ലാം ചേര്‍ത്ത് ശിക്ഷ അനുഭവിക്കേണ്ടത്. എന്നാല്‍, അതനുഭവിക്കാതെ അയാള്‍ രക്ഷപ്പെടുകയായിരുന്നു. 2007 -ല്‍ ഒരു പരോള്‍ ലംഘിച്ചതിനെ തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലിലാണ് അയാള്‍ 10 വര്‍ഷത്തിലേറെയായി താന്‍ പകരം കുറ്റവാളിയായിരിക്കുകയാണെന്ന് തുറന്നു പറഞ്ഞത്. ഈ പകരക്കാരനാവുന്നതിന് അയാള്‍ വാങ്ങുന്ന തുകയെത്രയാണെന്നറിയാമോ? സാധാരണയായി ഒരു കേസിന് ഏഴ് ലക്ഷം മുതൽ ഒമ്പത് ലക്ഷം വരെയാണ് അയാളുടെ ഫീസ്.