മനുഷ്യന്‍റെ കണ്ണുകളുള്ള ആട്ടിന്‍കുട്ടി, കലാലോകത്തെയാകെ വിസ്‍മയിപ്പിച്ച് 'കുഞ്ഞാടി'ന്‍റെ ആ ചിത്രം!
1432 -ൽ ജാൻ, ഹുബർട്ട് വാൻ ഐക്ക് എന്നീ സഹോദരന്മാരാണ് ഈ ചിത്രം വരച്ചത്. 12 പാനലുകളിലായി ബൈബിളിലെ രൂപങ്ങൾ അവർ വരച്ചിരുന്നു. എന്നാൽ, പിന്നീടുള്ള നൂറ്റാണ്ടുകളിൽ, പലതവണ ആ ചിത്രം വീണ്ടും പെയിന്റ് ചെയ്യുകയും, പൊളിച്ചുമാറ്റുകയും, മോഷണം പോവുകയും ഒക്കെ ചെയ്‌തിട്ടുണ്ട്.
ഇന്ന് ലോകത്തിൽ കാണുന്ന പല പ്രശസ്‍തമായ ചിത്രങ്ങളും നൂറ്റാണ്ടുകളുടെ പഴക്കമുള്ളവയാണ്. കാലത്തെ അതിജീവിച്ച് അവ ഇന്നും പുതുമയോടെ നിലനിൽക്കുന്നത് എങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ? വളരെ സങ്കീർണവും, നൂതനവുമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് കേടുപാടുകൾ തീർത്ത് അവയെ പുനഃസ്ഥാപിക്കുന്നത്. അതീവ പ്രാവീണ്യം വേണ്ട മേഖലയാണിത്. ചിത്രത്തിൻ്റെ പഴക്കവും, കേടുപാടുകൾക്കുമനുസരിച്ച് അതിനെ പുതുക്കാൻ മാസങ്ങൾ തുടങ്ങി വർഷങ്ങൾ തന്നെ എടുത്തെന്ന് വരും. ഇന്ന് കാണുന്ന പല പ്രശസ്ത ചിത്രങ്ങളും അങ്ങനെ പുതുക്കിയവയാണ്. എന്നാൽ, ഈ അടുത്തകാലത്തായി അത്തരം രീതിയിൽ പുനഃസ്ഥാപിച്ച ഒരു ചിത്രം, പക്ഷേ കലാസ്നേഹികളുടെ ഇടയിൽ വലിയ അങ്കലാപ്പാണ് സൃഷ്ടിച്ചത്.
പതിനഞ്ചാം നൂറ്റാണ്ടിലെ മാസ്റ്റർപീസായ ഗെന്‍റ് അൾത്താർപീസിലെ ഒരു പാനലിലെ 'ദി അഡോറേഷൻ ഓഫ് ദി മിസ്റ്റിക് ലാംപ്' എന്ന പെയിന്റിംഗാണ് ട്വിറ്ററിൽ വൈറലായത്. കലയിലും പുസ്തകങ്ങളിലും യേശുവിൻ്റെ ഏറ്റവും സാധാരണവും അഗാധവുമായ പ്രതീകങ്ങളിലൊന്നാണ് 'ദൈവത്തിൻ്റെ കുഞ്ഞാട്' എന്നത്. എന്നാൽ, ഈ വിശുദ്ധ ആട്ടിൻകുട്ടിയാണ് കാഴ്ചക്കാരിൽ ഭയവും, വിസ്മയവും ഉളവാക്കിയത്. ആട്ടിൻകുട്ടിയുടെ കണ്ണുകളാണ് അതിന് കാരണം. ആ കണ്ണുകൾ ഒരു മനുഷ്യൻ്റെ കണ്ണുകള്‍ പോലെ തീവ്രമായിരുന്നു. മാത്രമല്ല അതിൻ്റെ ചുണ്ടുകൾ കൂടുതൽ മുന്നിലേക്ക് തള്ളി നില്‍ക്കുന്നവയായിരുന്നു. എന്നാൽ, ചിത്രത്തിൻ്റെ ബാക്കി ഭാഗങ്ങൾക്ക് പ്രശ്‍നങ്ങളൊന്നുമില്ല. അവ കൂടുതൽ സ്വാഭാവികമായിത്തന്നെയാണ് നിലനില്‍ക്കുന്നത്. ആട്ടിൻകുട്ടിയുടെ മുഖം മാത്രം ഒരു കാർട്ടൂണിഷ് രീതിയിലാണ് ചിത്രകാരൻ വരച്ചിരിക്കുന്നത്.
വർഷങ്ങളുടെ കഠിനശ്രമത്തിൻ്റെ ഫലമായാണ് ഈ ചിത്രം പുനഃസ്ഥാപിച്ചത്. പോരാത്തതിന് ചിത്രത്തിൻ്റെ പുനഃസ്ഥാപനത്തിന് ദശലക്ഷക്കണക്കിന് ഡോളറാണ് ചെലവഴിച്ചത്. എന്നാൽ ഇത്രയൊക്കെ ചെലവാക്കി ചെയ്‍ത ആ ചിത്രത്തിൻ്റെ പ്രത്യേകതകള്‍ കണ്ട് എല്ലാവരും ഞെട്ടി. “ഞങ്ങളെ, സഭയെ, ഈ പ്രോജക്റ്റിനെ തുടർന്നുള്ള അന്താരാഷ്ട്ര സമിതിയെ, എല്ലാവരേയും ഇത് ഞെട്ടിച്ചുകളഞ്ഞു" പദ്ധതിയുടെ തലവൻ ഹെലീൻ ഡുബോയിസ് പറഞ്ഞു.
1432 -ൽ ജാൻ, ഹുബർട്ട് വാൻ ഐക്ക് എന്നീ സഹോദരന്മാരാണ് ഈ ചിത്രം വരച്ചത്. 12 പാനലുകളിലായി ബൈബിളിലെ രൂപങ്ങൾ അവർ വരച്ചിരുന്നു. എന്നാൽ, പിന്നീടുള്ള നൂറ്റാണ്ടുകളിൽ, പലതവണ ആ ചിത്രം വീണ്ടും പെയിന്റ് ചെയ്യുകയും, പൊളിച്ചുമാറ്റുകയും, മോഷണം പോവുകയും ഒക്കെ ചെയ്‌തിട്ടുണ്ട്. ഓരോ പ്രാവശ്യവും ഇതിന്റെ ആഗോള പ്രശസ്തി വർദ്ധിച്ചുംവന്നു. പിന്നീടുവന്ന ചിത്രകാരന്മാർ പല പരീക്ഷണവും അതിൽ നടത്തിയിട്ടുണ്ട്. 1950 -കളുടെ തുടക്കത്തിൽ ആ ചിത്രത്തിനെ പഴയ രൂപത്തിലാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ആദ്യം പുനഃസ്ഥാപിച്ചപ്പോൾ, ആട്ടിൻകുട്ടിക്ക് നാല് ചെവികൾ ഉള്ളതായി കണ്ടു. രണ്ടെണ്ണം ചിത്രകാരൻ വരച്ചതും, രണ്ടെണ്ണം അതിനുശേഷം വന്ന നൂറ്റാണ്ടുകളിൽ വരച്ച് ചേർക്കപ്പെട്ടതും. അതേസമയം, വായയും മൂക്കും അമിതമായി പെയിന്റ് ചെയ്യപ്പെട്ടിരുന്നു. ആദ്യം വരച്ച ചിത്രത്തിനേക്കാളും തീർത്തും വ്യത്യസ്തമായ ഒരു രൂപം സൃഷ്ടിച്ചെടുക്കാൻ ആ കാലത്തെ കലാകാരന്മാർക്ക് ഇതുവഴി കഴിഞ്ഞു. അതുകൊണ്ട് തന്നെ അതിനെ പഴയ രൂപത്തിലാക്കിയപ്പോൾ ആരും പ്രതീക്ഷിക്കാത്ത ഒരു ചിത്രമായി അത് മാറി. ഒട്ടേറെ വിസ്മയങ്ങളാണ് ഈ ചിത്രത്തിലൂടെ പുറത്തുവന്നത്.
ഈ ചിത്രം ഇപ്പോൾ ഗെന്‍റിലെ സെന്‍റ് ബാവോസ് കത്തീഡ്രലിലാണ് (അക്കാലത്ത് സെന്‍റ് ജോൺ ദി ബാപ്റ്റിസ്റ്റിന്റെ ചാപ്പൽ) സ്ഥാപിച്ചിട്ടുള്ളത്. ബെൽജിയത്തിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൾച്ചറൽ ഹെറിറ്റേജാണ് ഈ ചിത്രം പുനഃസ്ഥാപിച്ചത്. ചിത്രത്തിന്റെ പണികൾ ഇനിയും പൂർത്തിയാകാനുണ്ട്. പുനഃരുദ്ധാരണത്തിൻ്റെ മൂന്നാം ഘട്ടം 2021 -ൽ ആരംഭിക്കുമെന്നാണ് അനുമാനിക്കുന്നത്.