'ഞാനൊരു പ്രസ്ഥാനമല്ല, രാജ്യമാണ്' എന്ന് സ്വയം പറഞ്ഞ ജോണി ക്യാഷ്, അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതം
അതുപോലെ തന്നെ ജീവിതത്തിൽ ഏഴുതവണ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. മയക്കുമരുന്ന് അല്ലെങ്കിൽ മദ്യവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കാണ് അദ്ദേഹത്തെ കൂടുതലും അറസ്റ്റ് ചെയ്തിട്ടുള്ളത്.
'കൺട്രി സംഗീത'ത്തെക്കുറിച്ച് യാതൊന്നും അറിയാത്തവർ ഉൾപ്പെടെ എല്ലാവർക്കും സുപരിചതമായ ഒരു പേരാണ് ജോണി ക്യാഷ്. അദ്ദേഹത്തിന്റെ അഗാധവും ആകർഷകമാവുമായ ശബ്‌ദം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരെ സന്തോഷിപ്പിച്ചു. അമേരിക്കൻ സംഗീതജ്ഞനായ അദ്ദേഹം കടന്നുപോയിട്ട് ഒരു പതിറ്റാണ്ടിലേറെയായിട്ടും അദ്ദേഹത്തിന്റെ സംഗീതം ഇപ്പോഴും നിലനിൽക്കുന്നു. ദാരിദ്ര്യത്തിൽ നിന്ന് സംഗീതലോകത്തെ ഏകാധിപതിയിലേക്കുള്ള അദ്ദേഹത്തിന്റെ ജീവിതം തീർത്തും അവിശ്വസനീയമായിരുന്നു. അദ്ദേഹത്തിന്റെ ആ റോളർകോസ്റ്റർ ജീവിതത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇതാണ്, “എന്നെ സംബന്ധിച്ചിടത്തോളം ഒന്നും വിചിത്രമല്ല. ആളുകൾ എന്നെ വൈൽഡ് എന്ന് വിളിക്കുന്നു. ഞാൻ ഒരിക്കലും സാധാരണക്കാരനല്ലെന്ന് എനിക്കറിയാം. ഞാൻ ഒരു പ്രസ്ഥാനമാണ് എന്ന് നിങ്ങൾ പറയുമ്പോൾ എനിക്ക് പറയാനുള്ളത്, ഞാൻ പ്രസ്ഥാനമല്ല മറിച്ച് ഒരു രാജ്യമാണ് എന്നതാണ്."
ജോണി ക്യാഷിന്റെ ജീവിതം തുടക്കം മുതലേ വളരെ സാഹസികത നിറഞ്ഞതായിരുന്നു. അതോടൊപ്പം ദുഃഖങ്ങളും അനർത്ഥങ്ങളും അദ്ദേഹത്തെ വേട്ടയാടി. ക്യാഷിന് തന്റെ ജ്യേഷ്ഠനായ ജാക്കുമായി അവിശ്വസനീയമാംവിധം അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന് 12 വയസ്സുള്ളപ്പോഴാണ് ജാക്ക് ഒരു അറക്കവാൾ യന്ത്രത്തിനിടയിൽ പെട്ട് മരിക്കുന്നത്. ആ സംഭവം ക്യാഷിന് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു. അദ്ദേഹത്തിന്റെ സഹോദരി ജോവാൻ പറയുന്നതനുസരിച്ച്, ജാക്കിന്റെ ശവസംസ്കാരദിവസം, ക്യാഷ് സഹോദരനെ അടക്കുന്ന സ്ഥലത്ത് വന്ന് തൊഴിലാളികൾക്കൊപ്പം ശവക്കുഴിയെടുക്കാൻ കൂടി. അഴുക്കു പുരണ്ട വസ്ത്രങ്ങളുമായാണ് അവൻ ചടങ്ങിൽ ഉടനീളം പങ്കെടുത്തത്. ഷൂസ് ഇടാതിരുന്ന അവന്റെ കാൽ, കുഴി എടുക്കുന്നതിനിടയിൽ ഒരു ആണിയിൽ തറച്ച് നീര് വച്ചു. എന്നിട്ടും അതൊന്നും ശ്രദ്ധിക്കാതെ സ്വന്തം സഹോദരനുവേണ്ടി കുഴിയെടുക്കുന്നത് ക്യാഷ് തുടർന്നു. സഹോദരന്റെ മരണം ക്യാഷ് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നായിരുന്നു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം സ്വാധീനിച്ചു.
സംഗീതത്തിന് നൽകിയ അവിശ്വസനീയമായ സംഭാവനയ്ക്ക് പുറമേ, ലോകചരിത്രത്തിന്റെ ഒരു സുപ്രധാന ഭാഗമാകാനും ജോണി ക്യാഷിന് ഭാഗ്യമുണ്ടായിട്ടുണ്ട്. വ്യോമസേനയ്‌ക്കൊപ്പമുള്ള സമയത്ത്, ക്യാഷ് ഒരു ക്രാക്ക് മോഴ്‌സ് കോഡ് ഓപ്പറേറ്ററായിരുന്നു. ജോസഫ് സ്റ്റാലിൻ മരിച്ചുവെന്ന സോവിയറ്റ് യൂണിയനിൽ നിന്നുള്ള വാർത്തകൾ അദ്ദേഹം അറിയാനും റിപ്പോർട്ടുചെയ്യാനും ഇത് കാരണമായി. സ്റ്റാലിൻ മരിച്ചുവെന്ന വാർത്ത കേട്ട ആദ്യത്തെ അമേരിക്കക്കാരനാണ് ക്യാഷ്.
അതുപോലെ, ഏതെങ്കിലും സംഗീതജ്ഞൻ ഒരു ജീവിവർഗ്ഗത്തെ ഉന്മൂലനം ചെയ്തതായി കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ജോണി ക്യാഷ് അത്തരമൊരു കാര്യത്തിന് മനഃപൂർവ്വമല്ലെങ്കിലും കാരണമായിട്ടുണ്ട്. 1960 -കളിൽ, ക്യാഷ് തന്റെ “പാർട്ടി ട്രക്ക്” കാലിഫോർണിയയിലെ ഒരു ദേശീയ വനത്തിൽ പാർക്ക് ചെയ്യുകയുണ്ടായി. അവിടെവച്ച് അത് ചൂടാകുകയും നൂറുകണക്കിന് ഏക്കറോളം വരുന്ന വനത്തിൽ കനത്ത തീ പടരുകയും ചെയ്തു. വംശനാശഭീഷണി നേരിടുന്ന 53 കാലിഫോർണിയ കഴുകന്മാരിൽ 49 എണ്ണവും തീപ്പിടുത്തത്തിൽ ചത്ത് ചാമ്പലായി.
അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്ന മറ്റൊരു വിചിത്രമായ അനുഭവമാണ് ഒട്ടകപ്പക്ഷിയുടെ ആക്രമണം. 1981 -ലാണ് സംഭവം. ജോണി ക്യാഷ് തന്റെ പറമ്പിൽ ഒട്ടകപ്പക്ഷികളെ വളർത്തിയിരുന്നു. ക്യാഷ് ചിലപ്പോൾ അവയെ നല്ല പെരുമാറ്റം പഠിപ്പിക്കാൻ വടികൊണ്ട് അടിക്കുമായിരുന്നു. എന്നാൽ, ഒരുദിവസം അതിലൊരെണ്ണം വളരെ നല്ല രീതിയിൽ തന്നെ തിരിച്ച് പ്രതികാരം ചെയ്തു. അതിന്റെ കൂറ്റൻ, നഖമുള്ള കാൽകൊണ്ട് ക്യാഷിനെ ആക്രമിക്കുകയും, ക്യാഷിന്റെ വയറു തുറന്നു പോവുകയും ചെയ്തു. ക്യാഷിന്റെ കഥ തീർന്നുവെന്നാണ് അന്ന് എല്ലാവരും കരുതിയത്. എന്നാൽ, കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് അദ്ദേഹം രക്ഷപ്പെട്ടു.
താമസിച്ച ഹോട്ടലുകളിലും അദ്ദേഹം കാട്ടിക്കൂട്ടിയ ചെറിയ ചില തമാശകൾ ഒടുക്കം കൈവിട്ട പ്രശ്നമായി തീർന്ന സന്ദർഭങ്ങളും കുറവല്ല. 1950 -കളിൽ ഒരു ഹോട്ടലിൽ താമസിക്കുന്നതിനിടയിൽ, അദ്ദേഹവും കൂട്ടരും 100 കോഴിക്കുഞ്ഞുങ്ങളെ ഹോട്ടലിന്റെ ഓരോ നിലയിലും തുറന്ന് വിട്ടു. അതായത് 500 കോഴിക്കുഞ്ഞുങ്ങൾ ഒരു ഹോട്ടലിൽ ചുറ്റിനടക്കുന്നു! ഹോട്ടലുകാർക്ക് അതൊരു വലിയ തലവേദനയായി. എന്നാൽ, പിന്നെയും ഹോട്ടലുകാരെ ചൊടിപ്പിക്കുന്ന പ്രവൃത്തികൾ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ഒരിക്കൽ ചെറിബോംബുകൾ ടോയ്‌ലറ്റുകളിൽ ഇട്ട് അദ്ദേഹം ഒരു ഹോട്ടലിന്റെ പ്ലംബിംഗ് സംവിധാനം നശിപ്പിച്ചു. മറ്റൊരു ഹോട്ടലിന്റെ ചുവരിൽ മൊണാലിസയുടെ ഒരു പകർപ്പ് തൂക്കിയിട്ടിരുന്നു. പെയിന്റിംഗിന്റെ ആരാധകനല്ലാതിരുന്ന അദ്ദേഹം, അത് കുത്തിക്കീറി നശിപ്പിച്ചു.
അതുപോലെ തന്നെ ജീവിതത്തിൽ ഏഴുതവണ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. മയക്കുമരുന്ന് അല്ലെങ്കിൽ മദ്യവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കാണ് അദ്ദേഹത്തെ കൂടുതലും അറസ്റ്റ് ചെയ്തിട്ടുള്ളത്. പൊതുസ്ഥത്ത് മദ്യപിച്ചതിനും, മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിനും നിരവധി അറസ്റ്റുകൾ അദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിരുന്നു. എന്നാൽ, ഏറ്റവും അവിസ്മരണീയമായ കേസ് പുലർച്ചെ രണ്ട് മണിക്ക് മദ്യപിച്ച് ചെന്ന് ഒരാളുടെ മുറ്റത്ത് നിന്ന് പൂക്കൾ പറിച്ചതിന് അറസ്റ്റിലായതാണ്. 2003 സപ്തംബർ പന്ത്രണ്ടിന് എഴുപത്തിമൂന്നാമത്തെ വയസ്സിലാണ് ജോണി ക്യാഷ് മരിക്കുന്നത്.