ആലപ്പുഴ നഗരത്തെ കിടുക്കിയ 'പ്രേതശല്യം' തീര്‍ത്ത് തെരുവ് നായ
ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ കൈതവന വാർഡിൽ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന 'പ്രേതബാധയ്ക്ക്' അവസാനം കുറിച്ചത് തെരുവ് നായ. ജനപ്രതിനിധിയുടെ നേതൃത്വത്തിൽ പ്രദേശവാസികളായ യുവാക്കളും പോലീസുമുൾപ്പെടെ തിരച്ചിൽ നടത്തിയിട്ടും പിടികൂടാൻ കഴിയാതിരുന്ന പ്രേതത്തെ കഴിഞ്ഞ ദിവസമാണ് പ്രസവിച്ചുകിടന്ന പട്ടി ഓടിച്ചിട്ട് കടിച്ചത്.
പട്ടിയുടെ കുരകേട്ട് പ്രദേശവാസികൾ ഉണർന്നുവെങ്കിലും ഭയംമൂലം പുറത്തിറങ്ങിയിരുന്നില്ല. പട്ടിയെ ഓടിക്കുന്നതിനായുള്ള പുരുഷശബ്ദം കേൾക്കുകയും ചെയ്തിരുന്നു. പുലർച്ചെ നോക്കിയപ്പോഴാണ് സ്‌ഥലത്ത് ചോരപ്പാടുകൾ കണ്ടത്. പട്ടിയുടെ ആക്രമണത്തിന് ശേഷം പിന്നീട് നാട്ടുകാരെ വട്ടം കറക്കിയ പ്രേത ശല്യം ഇല്ലാതായി.
ആഴ്ചകൾക്കു മുമ്പാണ് കൈതവന പ്രദേശത്തെ വീടുകളിൽ രാത്രികാലങ്ങളിൽ വെളുത്ത വസ്ത്രം ധരിച്ച് തലയിൽ കെട്ടുമായെത്തുന്നയാൾ കതകിൽ തട്ടുകയും കോളിംഗ് ബെൽ അടിക്കുകയും ചെയ്യുന്ന സംഭവവമുണ്ടായത്. രാത്രികാലങ്ങളിൽ പ്രദേശത്തെ റോഡുകളിലൂടെ സഞ്ചരിക്കുന്നവർക്കു മുന്നിൽ അപ്രതീക്ഷിതമായെത്തുന്ന ഈ രൂപം പലരെയും ഭയപ്പെടുത്തുകയും ചെയ്തിരുന്നു.
രണ്ടാഴ്ച മുമ്പ് പുലർച്ചെ 1.30 ഓടെ നഗരത്തിൽ നിന്നും പ്രദേശത്തേക്ക് സവാരിക്കെത്തിയ ഓട്ടോ ഡ്രൈവർ തിരികെ പോകുന്നതിനിടയിൽ മാത്തൂർ ലൈൻ റോഡിലെ നടുപ്പറമ്പ് മൂലയിൽ വച്ച് ഈ രൂപത്തെ കണ്ടിരുന്നു. ഭയപ്പെട്ട ഇയാൾ മറ്റൊരുവഴി ഓട്ടോയുമായി രക്ഷപ്പെടുകയായിരുന്നു.