ഇന്ത്യയിലെ രാജാവിനോട് കളിച്ചാല്‍ ഇങ്ങനിരിക്കും; റോൾസ് റോയ്‌സ്, 'കോർപ്പറേഷൻ വണ്ടി'യായ കഥ
മഹാധനികനാണെങ്കിലും ജയ്‌സിങ്ങ് വളരെ ലളിതമായ വസ്ത്രങ്ങൾ ധരിക്കുന്ന ഒരാളായിരുന്നു. രാജകൊട്ടാരത്തിനു വെളിയിൽ ഏതെങ്കിലും വിദേശരാജ്യങ്ങളിൽ ഒക്കെ ചെന്നു പെട്ടാൽ പ്രത്യേകിച്ചും. അത്തരത്തിൽ വളരെ കാഷ്വൽ ആയ ഏതോ വസ്ത്രങ്ങൾ ധരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ കൊട്ടാരത്തിലേക്ക് അഞ്ചാറു റോൾസ് റോയ്‌സ് വാങ്ങാൻ വേണ്ടി ലണ്ടനിലെ അവരുടെ പ്രധാന ഷോറൂമിലേക്ക് കേറിച്ചെല്ലുന്നത്. പക്ഷേ, രാജകീയപ്രൗഢിയുപേക്ഷിച്ചെത്തിയ ജയ്‌സിങ്ങിനെ തിരിച്ചറിയാൻ അവിടത്തെ സെയിൽസ്മാനായില്ല.
വിലപിടിപ്പുള്ള സാധനങ്ങൾ വിൽക്കുന്ന ചില ഷോപ്പുകളിൽ കേറുമ്പോൾ നമ്മളെ വേണ്ടവിധത്തിൽ പരിഗണിക്കാത്ത ചില സെയിൽസ് മാൻമാരെ നമ്മൾ കണ്ടിട്ടുണ്ടാവും. നമ്മുടെ ലുക്ക് കണ്ടിട്ട് ആ ഷോപ്പിലെ സാധനങ്ങൾ വാങ്ങാനുള്ള 'കപ്പാസിറ്റി' നമുക്കുണ്ടാവില്ല എന്ന് കരുതി, സാറിന്റെ റേഞ്ചിലുള്ള സാധനങ്ങൾ ആ ഷോപ്പിൽ കിട്ടുമെന്ന് നമുക്ക് ഫ്രീയായി ഉപദേശവും തരും അവർ. ഒരാൾ ധരിക്കുന്ന വസ്ത്രങ്ങളും അയാളുടെ തൊലിയുടെ നിറവും സംസാരിക്കുന്ന ഭാഷാശൈലിയുമെല്ലാം വെച്ച് ഒറ്റയടിക്ക് അയാളെ വിലയിരുത്തിക്കളയുന്ന ഉപഭോക്തൃസംസ്കാരത്തിന്റെ വക്താക്കളാണ് അവർ. എന്നാൽ, ചിലപ്പോഴെങ്കിലും പണി പാളിപ്പോവാറുണ്ട്. വിഐപിമാരെ അല്ലെങ്കിൽ ധനികന്മാരെക്കാണാൻ എല്ലായ്പ്പോഴും നല്ല ലുക്കുണ്ടാവണമെന്നില്ല. അത്തരത്തിലുള്ള ഒരു കഥയാണ് രാജസ്ഥാനിലെ ആൾവാർ രാജാവ് ജയ്സിങ്ങും ബ്രിട്ടണിലെ റോൾസ് റോയ്‌സ് ഷോറൂമും തമ്മിലുള്ളത്.
ഇന്ത്യയിലെ അതിസമ്പന്നരായ രാജാക്കന്മാരും റോൾസ് റോയ്സും തമ്മിൽ വേർപിരിക്കാനാവാത്ത ബന്ധമാണുണ്ടായിരുന്നത്. ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പ് നിർമ്മിക്കപ്പെട്ട ഇരുപതിനായിരത്തോളം റോൾസ് റോയ്‌സുകളിൽ അഞ്ചിലൊന്നും ഇന്ത്യയ്ക്കുവേണ്ടിയായിരുന്നു. ഇന്ത്യയിലെ ഒരു മഹാരാജാവിന് നാല് റോൾസ് റോയ്‌സ് ഉണ്ടായിരുന്നു എന്നായിരുന്നു അന്നത്തെ ഏകദേശകണക്ക്. അന്ന് ഇന്ത്യയിൽ 230 രാജാക്കന്മാരുണ്ടായിരുന്നു എന്നത് കണക്കിലെടുക്കുമ്പോൾ ഏകാദേശം ആയിരം കാറുകൾ അവർ തന്നെ വാങ്ങിയിട്ടുണ്ടാവും. മേൽപ്പറഞ്ഞ രാജാക്കന്മാർക്കുപുറമെ അളവറ്റ സമ്പത്തുള്ള റോൾസ് റോയ്‌സ് വാങ്ങാൻ പങ്കുള്ള എത്രയോ പ്രഭുക്കളും ജമീന്താർമാരും മറ്റും അന്ന് ഇന്ത്യയിലുണ്ടായിരുന്നു.
രാജകീയപ്രൗഢിയുപേക്ഷിച്ചെത്തിയ ജയ്‌സിങ്ങിനെ തിരിച്ചറിയാൻ അവിടത്തെ സെയിൽസ്മാനായില്ല
മഹാധനികനാണെങ്കിലും ജയ്‌സിങ്ങ് വളരെ ലളിതമായ വസ്ത്രങ്ങൾ ധരിക്കുന്ന ഒരാളായിരുന്നു. രാജകൊട്ടാരത്തിനു വെളിയിൽ ഏതെങ്കിലും വിദേശരാജ്യങ്ങളിൽ ഒക്കെ ചെന്നു പെട്ടാൽ പ്രത്യേകിച്ചും. അത്തരത്തിൽ വളരെ കാഷ്വൽ ആയ ഏതോ വസ്ത്രങ്ങൾ ധരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ കൊട്ടാരത്തിലേക്ക് അഞ്ചാറു റോൾസ് റോയ്‌സ് വാങ്ങാൻ വേണ്ടി ലണ്ടനിലെ അവരുടെ പ്രധാന ഷോറൂമിലേക്ക് കേറിച്ചെല്ലുന്നത്. പക്ഷേ, രാജകീയപ്രൗഢിയുപേക്ഷിച്ചെത്തിയ ജയ്‌സിങ്ങിനെ തിരിച്ചറിയാൻ അവിടത്തെ സെയിൽസ്മാനായില്ല.
1920 -ലാണ് സംഭവം നടക്കുന്നത്. ലണ്ടനിലെ തെരുവുകളിലൂടെ ഉലാത്താനിറങ്ങിയ രാജാ ജയ്‌സിങ്ങിന് മെയ്‌ഫെയ്‌ർ ഷോറൂമിൽ ചില്ലുകൂട്ടിനകത്ത് പ്രദര്‍ശിപ്പിച്ചിരുന്ന റോൾസ് റോയ്‌സ് ഫാന്റം II ടൂറർ എന്ന മോഡൽ വളരെ ഇഷ്ടപ്പെട്ടു. വാഹനത്തിന്റെ വിലയും മറ്റു സ്പെസിഫിക്കേഷനുകളും ചോദിച്ചറിയാൻ അകത്തേക്ക് ചെന്ന അദ്ദേഹത്തെ തിരിച്ചറിയാഞ്ഞതുകൊണ്ട്, വളരെ മോശമായ രീതിയിലാണ് അവിടെയുണ്ടായിരുന്ന സെയിൽസ് മാൻ അദ്ദേഹത്തോട് പെരുമാറിയത്. ഇതൊന്നും നിങ്ങളെപ്പോലുള്ള ബ്ലഡി ഇന്ത്യൻസിന് താങ്ങാനാവുന്ന സാധനങ്ങളല്ലെന്നു പരിഹസിച്ച് അദ്ദേഹത്തെ അവർ ഇറക്കിവിട്ടു.
കുപിതനായി ഹോട്ടൽ സ്യൂട്ടിലേക്ക് തിരിച്ചു വന്ന ജയ്‌സിങ്ങ് തന്റെ പരിചാരകരെ അടുത്തുവിളിച്ചു. റോൾസ് റോയ്‌സ് ഷോറൂമിൽ വിളിച്ച് ആൽവാറിലെ മഹാരാജാവിന് കാറുകൾ വാങ്ങാൻ താത്പര്യമുണ്ടെന്ന് അറിയിക്കാൻ പറഞ്ഞു. അദ്ദേഹം തന്റെ രാജകീയ വേഷം ധരിച്ച് ഷോറൂമിലെത്തി. അതി വിശിഷ്ടമായ ചുവപ്പുപരവതാനി വിരിച്ചുകൊണ്ട് അദ്ദേഹത്തെ അവർ സ്വീകരിച്ചാനയിച്ചു. അരമണിക്കൂർ മുമ്പ് അദ്ദേഹത്തെ പരിഹസിച്ച് ഇറക്കിവിട്ട അതേ സെയ്ൽസ്മാൻമാർ അദ്ദേഹത്തിനു മുന്നിൽ ഓച്ഛാനിച്ചുനിന്നു.
അദ്ദേഹം അവിടെ പ്രദർശനത്തിനുവെച്ചിരുന്നതിൽ ഏറ്റവും മികച്ച ഏഴു മോഡലുകൾ തെരഞ്ഞെടുത്ത് മൊത്തം വിലയും കാഷായി ഒറ്റയടിക്ക് നൽകി സ്വന്തമാക്കി. ഡെലിവറി ചെലവുകളടക്കം അപ്പോൾ തന്നെ അടച്ച് അദ്ദേഹം ആ കാറുകളെ ഉടനടി ഇന്ത്യയിൽ തന്റെ കൊട്ടാരത്തിലെത്തിക്കാൻ ഏർപ്പാടാക്കി. പിന്നാലെ അദ്ദേഹവും ഇന്ത്യയിലേക്ക് വച്ചുപിടിച്ചു. കാറുകൾ ഇന്ത്യയിൽ എത്തിയ ഉടൻ അദ്ദേഹം ആ കാറുകൾ ഒരു വലിയ ചടങ്ങു സംഘടിപ്പിച്ച് ആൾവാർ മുനിസിപ്പാലിറ്റിക്ക് കൈമാറി. വിശ്വപ്രസിദ്ധമായ റോൾസ് റോയ്‌സ് കമ്പനിയുടെ ആ സൂപ്പർ ലക്ഷ്വറി കാറുകളെ നാട്ടിലെ ചവറുകൂനകളിൽ കുമിഞ്ഞുകൂടുന്ന ചവർ സംഭരിക്കാൻ ഉപയോഗിക്കാൻ അദ്ദേഹം ഉത്തരവിട്ടു.
അത് റോൾസ് റോയ്സിന്റെ ജനപ്രീതിയെ കാര്യമായി ബാധിച്ചു
താമസിയാതെ ആ വാർത്ത കാട്ടുതീ പോലെ പടർന്നു. റോൾസ് റോയ്‌സ് കാറുകളെ ചവറുവണ്ടിയായി ഉപയോഗിക്കുന്ന ലോകത്തിലെ ഏക മുനിസിപ്പാലിറ്റി എന്ന ആൽവാറിന്റെ ഖ്യാതി കടലും കടന്ന് അങ്ങ് റോൾസ് റോയ്സിലും എത്തി. അതിന്റെ പിന്നിലുള്ള കാരണത്തെപ്പറ്റിയുള്ള പൊടിപ്പും തൊങ്ങലും വെച്ച കഥകളും ഒപ്പം പരന്നു. അത് റോൾസ് റോയ്സിന്റെ ജനപ്രീതിയെ കാര്യമായി ബാധിച്ചു. രാജകീയ വാഹനം എന്ന അഭിമാനത്തോടെ അന്നോളം റോൾസ് റോയ്‌സ് ഓടിച്ചുകൊണ്ട് നടന്നവർ, അതേ കാറിലാണ് ഇന്ത്യയിൽ ചവറുകോരുന്നത് എന്നറിഞ്ഞതോടെ റോൾസ് റോയ്സിനെ കൈവെടിഞ്ഞു. അവരുടെ ആഗോളവില്പന കുത്തനെ ഇടിഞ്ഞു.
ഒടുവിൽ തങ്ങളുടെ തെറ്റു തിരിച്ചറിഞ്ഞ റോൾസ് റോയ്‌സ് കമ്പനി ആൾവാർ രാജാവായ ജെയ്‌സിങ്ങിനോട് ക്ഷമാപണം നടത്തിക്കൊണ്ട് അദ്ദേഹത്തിന് കത്തെഴുതി. അദ്ദേഹത്തിന് തങ്ങളുടെ ഗുഡ്‌വില്ലിന്റെ ഭാഗമായി ഏഴു പുതിയ റോൾസ് റോയ്‌സ് കാറുകളും അവർ സമ്മാനിച്ചെന്നാണ് കഥ. അദ്ദേഹം ആ ക്ഷമാപണം സ്വീകരിച്ച് റോൾസ് റോയ്‌സുകളെ കോർപ്പറേഷൻ ഡ്യൂട്ടിയിൽ നിന്നും പിൻവലിച്ചു എന്നും പറയപ്പെടുന്നു. എന്തായാലും, ഒരാളുടെയും വസ്ത്രധാരണമോ സംസാരമോ മാത്രം വെച്ച് അയാളെ വിലയിരുത്തരുത് എന്നതിന് കൃത്യമായ ഒരുദാഹരണമാണ് ഈ കഥ.