അണ്‍ഫ്രണ്ട് ചെയ്യാം, പക്ഷെ ഇല്ലാതാക്കാനാവില്ല; ഫേക്കുകളെ കുറിച്ച് ചില സീരിയസ് കാര്യങ്ങള്‍!
അഭാവമാണ് ഏറ്റവും വലിയ ഭാവമെന്നും അസാന്നിധ്യമാണ് ഏറ്റവും വലിയ സാന്നിധ്യമെന്നും ആധുനിക മനഃശാസ്ത്രം അടിവരയിടുന്നു. അതുപോലെയാണ് ഇവരുടെയും കാര്യങ്ങള്‍. മുഖത്തിന്റെ അഭാവം കൊണ്ട് ഇവര്‍ മുഖപുസ്തകത്തില്‍ തന്റേതായ ഒരു ഭാവവും ഭാവുകത്വവും തീര്‍ക്കുന്നു. എന്നാലതിന്റെ ഭാവമൊട്ടും ഇല്ലാ താനും.
ഫേസ്ബുക്ക് എന്ന അണ്ഡകടാഹത്തിലെ അവതാരരൂപങ്ങളും പ്രവാചക തേജസുകളുമാണ് ഫേക്കുകള്‍ എന്നു പറയാനാണ് ശ്രമിച്ചത്. ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളും അനുഭവങ്ങളും ഉള്ളവരുണ്ടാവാം, പക്ഷെ അവരുടെ മനസാക്ഷിയുടെ കോടതിയില്‍, അവരുടെ ധാര്‍മികതയുടെ കോടതിയില്‍ അവര്‍ നിരപരാധികളും സത്യസന്ധരും ആണ്.
ഫേക്കുകളെ കുറിച്ച് ഒരു പ്രബന്ധം എഴുതണമെന്നു കുറച്ചു കാലമായി വിചാരിക്കുന്നു. അതിനു വേണ്ടി ചില ആധുനിക മനശാസ്ത്ര ഗ്രന്ഥങ്ങള്‍ വരെ പരിശോധിച്ചു. പക്ഷെ നടക്കുമെന്ന് തോന്നുന്നില്ല, കാരണം ഓരോ ഫേക്കും ഓരോ പ്രബന്ധമാണ്, നടക്കൂല്ല. സൂക്ഷ്മാര്‍ത്ഥത്തില്‍ വിശദീകരിക്കാന്‍ ശ്രമിച്ചാല്‍ (പ്രൗഢഗംഭീരം ആവാനുള്ള ശ്രമമാണ്) അവരും മറ്റാരെയും പോലെ വികാര വിചാരങ്ങള്‍ ഉള്ള, പ്രൊഫൈല്‍ പിക്ചറും മെസഞ്ചറും ഉള്ള പച്ചയായ പ്രൊഫൈലുകള്‍ തന്നെയാണ്. അതിനു പിന്നിലും തുടിയ്ക്കുന്ന ഒരു ഹൃദയമുണ്ട്, തുറന്നിരിക്കുന്ന കണ്ണുകളുണ്ട്.
ഒരു ഫേക്കുകളെയും ഒഴിവാക്കാറില്ല. മനുഷ്യന്റെ മുഖമില്ലാത്തതിന്റെ പേരില്‍, അസാധാരണമായ പേരുകള്‍ സ്വീകരിച്ചതിന്റെ പേരില്‍ ഒന്നും, അവര്‍ക്കു മുന്നില്‍ വാതില്‍ കൊട്ടിയടയ്ക്കാറില്ല. മുഖമുള്ള മനുഷ്യരേക്കാള്‍ പലപ്പോഴും മുഖമില്ലാത്ത ഫേക്കന്മാര്‍ പഞ്ചപാവങ്ങളും പരമരസികന്മാരും അത്യഗാധമായ ആധ്യാത്മിക പ്രബുദ്ധത ഉള്ളവരും ആണെന്നാണ് ഇതുവരെയുള്ള ആത്മാനുഭവം (വീണ്ടും പ്രൗഢഗംഭീരമാവാനുള്ള ശ്രമമാണ്).
നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഇനിയങ്ങോട്ട് അതീവ പ്രൗഢഗംഭീരമായിരിക്കും, ഇടയ്ക്കിടയ്ക്ക് ഇങ്ങനെ പറയുന്നതല്ല.
അഭാവമാണ് ഏറ്റവും വലിയ ഭാവമെന്നും അസാന്നിധ്യമാണ് ഏറ്റവും വലിയ സാന്നിധ്യമെന്നും ആധുനിക മനഃശാസ്ത്രം അടിവരയിടുന്നു. അതുപോലെയാണ് ഇവരുടെയും കാര്യങ്ങള്‍. മുഖത്തിന്റെ അഭാവം കൊണ്ട് ഇവര്‍ മുഖപുസ്തകത്തില്‍ തന്റേതായ ഒരു ഭാവവും ഭാവുകത്വവും തീര്‍ക്കുന്നു. എന്നാലതിന്റെ ഭാവമൊട്ടും ഇല്ലാ താനും. എന്തൊരു സര്‍ഗാത്മകമായ വൈരുധ്യമാണിത്. പ്രൊഫൈലില്‍ എല്ലാ വിവരങ്ങളുടെയും അസാന്നിധ്യം ഒരു യാഥാര്‍ഥ്യമായിരിക്കുമ്പോള്‍ തന്നെ എല്ലാ പോ്‌സ്റ്റുകളിലും അവര്‍ സാന്നിധ്യമാകുന്നു.
ഇവരെ ഇഴകീറിപ്പരിശോധിക്കാന്‍ ഞാന്‍ അശക്തനും അപര്യാപ്തനുമാണ്. എങ്കിലും ചിലതു പറയാതെ വയ്യ.
1. ഇവരെ നിങ്ങള്‍ക്ക് അണ്‍ഫ്രണ്ട് ചെയ്യാം, ബ്ലോക്ക് ചെയ്യാം, പക്ഷെ ഇല്ലാതാക്കാനാവില്ല.
2. ഒരു ഫേക്കും ആവര്‍ത്തിക്കപ്പെടുന്നില്ല. എല്ലാ ലിസ്റ്റിലും ഒരേ പേരുള്ള മറ്റു പ്രൊഫൈലുകള്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞേക്കാം, പക്ഷെ ഒരു ഫേക്കും അതേ ഫേക്കായി വീണ്ടും ജനിക്കുന്നില്ല. പുനര്‍ജന്മങ്ങളില്‍ പോലും അവര്‍ ആവര്‍ത്തന വിരസത ഉണ്ടാക്കുന്നില്ല.
3. ആവര്‍ത്തിക്കപ്പെടാനാവാത്ത ആത്മദാഹങ്ങളെയാണ് അവര്‍ ഒരു ജന്മത്തില്‍ നിന്നും മറ്റൊരു ജന്മത്തിലേക്ക് അനുധാവനം ചെയ്യുന്നത് (നകുലേട്ടാ!)
4. തിരിച്ചു കിട്ടാത്ത ലൈക്കുകളുടെയും കമന്റുകളുടെയും ഒടേതമ്പുരാന്മാര്‍. ലൈക്കിന്റെ കണക്കുപുസ്തകം കൈയ്യില്‍ കരുതാത്തവര്‍. മെസഞ്ചറില്‍ സ്വന്തം പോസ്റ്റിന്റെ ലിങ്കുകള്‍ വിതരണം ചെയ്യാത്തവര്‍. ഒന്നുമേ പോസ്റ്റ് ചെയ്യാത്തവര്‍. ഒന്നും ഇങ്ങോട്ടു കിട്ടണമെന്നാഗ്രഹിക്കാത്ത ആത്മസമര്‍പ്പണത്തിന്റെ അപ്പോസ്തലന്മാര്‍.
5. മറ്റുള്ളവര്‍ കടുത്ത ആശയ ദാരിദ്ര്യത്തെ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റിക്കൊണ്ട് മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ അത്തരത്തിലൊരു ദ്രോഹം മറ്റുള്ളവര്‍ക്ക് ചെയ്യുന്നതേയില്ല.
6. നിരവധി ഫേക്കന്മാര്‍ അവരുടെ സുഹൃത്ത് ലിസ്റ്റില്‍ ഉണ്ടെങ്കിലും അവരെയും ഇവര്‍ ഫേക്കന്മാര്‍ മാത്രമായേ കാണുന്നുള്ളൂ.
7. ഓരോ ഫേക് പ്രൊഫൈലും ഞാന്‍ ഫേക്കാണെന്ന് ഈ ലോകത്തോടുള്ള ഒരു സത്യപ്രഖ്യാപനമാണ്. അല്ലാതെ ഒറിജിനല്‍ ആയിരുന്നതുകൊണ്ട് അവര്‍ ഫേക്കു പരിപാടി കാണിക്കുന്നില്ല.
പറഞ്ഞാലൊന്നും അങ്ങനെ തീരില്ല. എങ്കിലും നീട്ടുന്നില്ല. ഫേസ്ബുക്ക് എന്ന അണ്ഡകടാഹത്തിലെ അവതാരരൂപങ്ങളും പ്രവാചക തേജസുകളുമാണ് ഫേക്കുകള്‍ എന്നു പറയാനാണ് ശ്രമിച്ചത്. ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളും അനുഭവങ്ങളും ഉള്ളവരുണ്ടാവാം, പക്ഷെ അവരുടെ മനസാക്ഷിയുടെ കോടതിയില്‍, അവരുടെ ധാര്‍മികതയുടെ കോടതിയില്‍ അവര്‍ നിരപരാധികളും സത്യസന്ധരും ആണ്. എന്നുപറഞ്ഞെന്നു കരുതി ഇനി ജുഡീഷ്യല്‍ കമ്മീഷനെ ഒന്നും വയ്ക്കാന്‍ നില്‍ക്കണ്ട.
ഒരിക്കല്‍ കൂടി ഡിങ്കാലിയോസ് പങ്കിലക്കാട്ടില്‍ ബാവാ തിരുമേനിയോടും വണ്ടിക്കാളയോടും പാണ്ടിദുരൈ.പി യോടും ശിലായുഗമനുഷ്യനോടും കുളിക്കടവിലെ ഹൃതിക്‌റോഷനോടും കിംഗ് മേക്കറോടും പൊട്ടിയ കുപ്പിവളയോടും വേതാളം ലൈവിനോടും കൃഷണവിലാസം ഭഗീരഥന്‍ പിള്ളയോടും ഇങ്ങനെ കട്ടയ്ക്ക് കൂടെനില്‍ക്കുന്നതിലുള്ള നന്ദി അറിയിക്കുന്നു. ആരെയെങ്കിലും പരാമര്‍ശിക്കാതെ വിട്ടുപോയിട്ടുണ്ടെങ്കില്‍ മനപ്പൂര്‍വ്വമല്ല, ബാക്ക് സ്‌റ്റേജിലെ പരാതി സെല്ലുമായി ബന്ധപ്പെട്ടാല്‍മതി, ഉടന്‍ പരിഹരിക്കുന്നതാണ്.
പിണങ്ങരുത്.