അവര്‍ കണ്ടുമുട്ടിയിരുന്നെങ്കില്‍, പ്രേമബദ്ധരായിരുന്നെങ്കില്‍...

  • വഴി മരങ്ങള്‍
  • ഷിബു ഗോപാലകൃഷ്ണന്റെ കോളം തുടരുന്നു
Shibu Gopalakrishnan column A strange love story

മദാമ്മയുടെ പേര് നാരായണി എന്നോ സായിപ്പിന്റെ പേര് ബഷീറെന്നോ ആയിരിക്കാന്‍ ഇടയില്ല. അവര്‍ ഇങ്ങനെയൊരു കടുംചെമപ്പായ ഹൃദയപുഷ്പം എപ്പോഴെങ്കിലും കൈമാറിയിരുന്നോ എന്നും അറിയില്ല.

Shibu Gopalakrishnan column A strange love story

അപ്പുറത്തെ വീട്ടില്‍ ഒരു മുത്തശ്ശന്‍ സായിപ്പ് ഉണ്ട്, അല്ലെങ്കില്‍ ഉണ്ടായിരുന്നു. അതിനുമപ്പുറത്തെ വീട്ടില്‍ ഒരു മുത്തശ്ശി മദാമ്മയും. എനിക്കവരെ കാണുന്നത് തന്നെ സന്തോഷമായിരുന്നു. അവര്‍ പരസ്പരം കണ്ടിരുന്നോ എന്നറിയില്ല. പക്ഷെ, ഞാന്‍ രണ്ടുപേരെയും മുടങ്ങാതെ കണ്ടുകൊണ്ടേയിരുന്നു. അവര്‍ മാത്രമാണ് അവിടെയുള്ളത് എന്ന് തോന്നിപ്പിക്കുന്ന അത്രമേല്‍ സ്വച്ഛമായിരുന്നു അവരുടെ വീടും മുറ്റവും അവിടുത്തെ ഓരോ ചെടികളും, അതിന്റെമേല്‍ വന്നിരുന്ന പൂക്കളും പൂമ്പാറ്റകളും വരെ.

രാവിലെകളിലാണ് സായിപ്പിനെ കാണുക. ഓരോ ചെടിയുടെയും അടുത്തു ചെന്ന് കണ്ണടയുടെ അടിയിലൂടെ അതിസൂക്ഷ്മമായി എന്തെല്ലാമോ പരിശോധിക്കും. ഇലത്തുമ്പുകള്‍ തൊട്ട് നാഡിമിടിപ്പ് തിട്ടപ്പെടുത്തും. ആവശ്യമെങ്കില്‍ വെള്ളം കൊടുക്കുകയും വേണ്ടിവന്നാല്‍ കത്രിക കൊണ്ട് ഇലകളിലും ചില്ലകളിലും ചെറിയ ശസ്ത്രക്രിയകള്‍ നടത്തി തുന്നിക്കെട്ടുകയും ചെയ്യും. രാവിലെ ഇറങ്ങുമ്പോള്‍ ഉദ്യാനപാലകന്‍ മുറ്റത്തുണ്ടെങ്കില്‍ ഉറപ്പിക്കാം, വൈകിയിട്ടില്ല. അല്ലെങ്കില്‍ പച്ചനിറമുള്ള മുന്‍വാതില്‍ അടഞ്ഞുകിടക്കും. അതിനു മുകളില്‍ വെള്ളപ്പൂക്കള്‍ കൊണ്ട് വട്ടത്തില്‍ ഒരു സ്വാഗതഗാനം ഒരുക്കിവച്ചിരിക്കും. ഒരില പോലും വീണു കിടക്കാതെ മുറ്റം അച്ചടക്കത്തോടെ അപ്പോഴും അറ്റന്‍ഷനില്‍ ആയിരിക്കും. പച്ചപ്പുല്ല് നിറഞ്ഞ അതിനു നടുവിലൂടെ വളഞ്ഞു പോകുന്ന കല്ലുപാകിയ നടവഴി ആരോ അപ്പോള്‍ നടന്നുപോയതു പോലൊരു കിതപ്പില്‍, ചുറ്റിനും ചെടിച്ചട്ടികള്‍ തൂക്കിയിട്ടിരിക്കുന്ന സിറ്റൗട്ടിന്റെ ഏറ്റവും താഴത്തെ പടിയെ ചെന്നുതൊടും.

എനിക്കവരെ കാണുന്നത് തന്നെ സന്തോഷമായിരുന്നു

മദാമ്മ അമ്മൂമ്മയ്ക്ക് അപ്പൂപ്പന്‍താടി കിളിര്‍ത്തതു പോലത്തെ കേശഭാരമാണ്. തോളറ്റം ഇറക്കത്തില്‍ വെട്ടിയിട്ടിരിക്കുന്നതു കണ്ടാല്‍ മുറ്റത്തെ ചെടിയുടെ തലപ്പുകള്‍ ഒതുക്കി നിര്‍ത്തിയിരിക്കുന്നതിന്റെ അതേ ചിട്ടവട്ടം കാണാം. അപ്പോള്‍ വിരിഞ്ഞതു പോലത്തെ നിറയെ വലിയ പൂക്കള്‍ ഉള്ള ഫ്രോക്കിലാണ് വൈകുന്നേരങ്ങളില്‍ അവര്‍ മുറ്റത്തു പൂവിടുക. ചെടികളോട് നിര്‍ത്താതെ മിണ്ടിയും, ചിലപ്പോഴൊക്കെ ഊന്നുവടി കൊണ്ട് ശാസിച്ചും, മറ്റൊന്നും കണ്ണില്‍പ്പെടാതെയും ചെവിയില്‍പ്പെടാതെയും അവര്‍ അദൃശ്യമായ വേരുകളുമായി നടന്നു നീങ്ങും. അപ്പോഴൊക്കെയും പാതി തുറന്നുകിടക്കുന്ന വാതിലിലൂടെ ആ വീട് ദീര്‍ഘമായി ശ്വസിക്കും. അരപ്പൊക്കത്തില്‍ മുന്നിലെ നടപ്പാതയുമായി മുറ്റത്തെ വേര്‍തിരിക്കുന്ന തൂവെള്ള നിറമുള്ള മരക്കാലുകളില്‍ കുത്തിനിര്‍ത്തിയ ഒരു വേലിയുണ്ട്. അതിനെ വകവയ്ക്കാതെ ചില കുരുത്തംകെട്ട ചെടികള്‍ അതിര്‍ത്തി ലംഘിച്ചു പുറത്തേക്കു പൂവ് നീട്ടും. ഞാന്‍ കടന്നു പോകുമ്പോള്‍ വീടിനു മുന്നില്‍ നില്‍ക്കുന്ന നടപ്പാതയിലെ മരത്തിന്റെ ചൂടാറിയ നിഴല്‍ വേലിചാടി മുറ്റത്തെത്തിയിരിക്കും. പഴുത്തു തുടങ്ങിയ നാരങ്ങകള്‍ ഞാന്നു കിടക്കുന്ന നാരകങ്ങളില്‍ ചിറകുകള്‍ ഒതുക്കി വെയിലു ചേക്കേറും. 

ഒരു ദിവസം വൈകുന്നേരം ആ മരത്തിന്റെ ചോട്ടില്‍ വെള്ളപേപ്പറില്‍ കറുത്ത മാര്‍ക്കറില്‍ കൈകൊണ്ടെഴുതിയ ഒരു ബോര്‍ഡ് വച്ചിരിക്കുന്നത് കണ്ടു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു - പ്രിയപ്പെട്ട പട്ടീ, ദയവു ചെയ്തു നീ ഇവിടെ അപ്പിയിടരുത്. ഇനി എങ്ങാനും വേണ്ടിവന്നാല്‍ അത് വൃത്തിയാക്കാന്‍ നിന്റെ യജമാനനോട് ആവശ്യപ്പെടുക. അല്ലെങ്കില്‍ അതിന്റെ നാണക്കേട് നിനക്കാണ്- സൈന്‍ഡ് എന്നെഴുതി അടിയില്‍ ഒരു വരയും രണ്ടുകുത്തും കൂടി വച്ചുകൊടുത്തിരിക്കുന്നു. ഒരുകൈയില്‍ വളര്‍ത്തുനായയുടെ പിടിവള്ളിയും മറുകൈയില്‍ ആഞ്ഞുവീശുന്ന സായാഹ്നനടത്തവുമായി കണ്ടുമുട്ടാറുള്ള മുഖങ്ങള്‍ ഓര്‍മവന്നു. ഞാന്‍ നോക്കുമ്പോള്‍ പൂവിടാതെ മടിപിടിച്ചു നിന്ന ഒരു പാഴ്ചെടിയോടു അവര്‍ ഉച്ചത്തില്‍ കലഹിക്കുകയാണ്.

ഇവര്‍ രണ്ടുപേരും കണ്ടുമുട്ടിയിരുന്നെങ്കില്‍, അഴിച്ചുകളയാനാവാത്ത വിധം ഇവര്‍ പ്രേമബദ്ധരായിരുന്നെങ്കില്‍, എന്നു ഞാന്‍ രഹസ്യമായി ആഗ്രഹിച്ചിട്ടുണ്ട്. അങ്ങോട്ടു പോകുന്ന മഞ്ഞു പുരണ്ട രാവിലെകളിലും, ഇങ്ങോട്ടു വരുന്ന ആറിയ വൈകുന്നേരങ്ങളിലും, അവര്‍ ഒരുമിച്ചു ഒരു ചെടിയുടെ ഓരത്തു ഇരിക്കുന്നതും, അവര്‍ക്കു ചുറ്റും ചിത്രശലഭങ്ങളെ പോലെ പൂക്കള്‍ ചിറകുവീശുന്നതും ഞാന്‍ സങ്കല്പിച്ചിട്ടുണ്ട്. അവര്‍ അവിടെ തനിച്ചാണെന്നു മറ്റെല്ലാ സാധ്യതകളെയും കതകടച്ചു പുറത്താക്കി ഞാന്‍ തീര്‍പ്പു കല്പിച്ചിട്ടുണ്ട്. 

രണ്ടു ഏകാന്തതകളുടെ വിട്ടുവീഴ്ചയില്ലാത്ത മധ്യസ്ഥനായി അതെന്റെ മുന്നില്‍ നിലകൊണ്ടു

അവര്‍ക്കിടയില്‍ ഉണ്ടായിരുന്നത് മരപ്പലകകളില്‍ തീര്‍ത്ത ഒന്നരയാള്‍ പൊക്കമുള്ള ഒരു കറുത്ത മതിലായിരുന്നു. മഞ്ഞും മഴയും വെയിലും ചേര്‍ന്നു കറുത്ത ചായം തേച്ച കനം കുറഞ്ഞ ഒരു വേര്‍തിരിവായിരുന്നു അത്. എങ്കിലും അതിനു വേരുകള്‍ ഉണ്ടെന്നും, ദിവസവും ഉയരം വച്ചു അതു വളരുന്നുണ്ടെന്നും, ഞാന്‍ സംശയിച്ചു. രണ്ടു ഏകാന്തതകളുടെ വിട്ടുവീഴ്ചയില്ലാത്ത മധ്യസ്ഥനായി അതെന്റെ മുന്നില്‍ ക്രൂരതയോടെ നിലകൊണ്ടു. അതാണ് ഒരേയൊരു തടസമെന്നും, അതൊന്നു പൊളിഞ്ഞു വീണിരുന്നെങ്കില്‍ എന്നും, എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും മുടങ്ങാതെ ഞാന്‍ ആഗ്രഹിച്ചു.

ഇന്നും ഉദ്യാനപാലകനെ കണ്ടില്ല, ഒരാഴ്ച ആവുന്നു. മുറ്റം ആരെയും പേടിക്കാനില്ലാതെ ചെറിയ അലമ്പുകള്‍ കാണിച്ചു തുടങ്ങി. ഇലകള്‍ വീണു കല്ലുപാകിയ നടവഴി ഇല്ലാതാവാന്‍ തുടങ്ങി. പച്ചവാതിലിലെ വെള്ളപ്പൂക്കള്‍ കരിഞ്ഞിട്ടും കൊഴിയാതെ പറ്റിപ്പിടിച്ചു നിന്നു. അപ്പുറത്തെ മുറ്റത്തു വൈകുന്നേരങ്ങളില്‍ പതിവു തെറ്റാതെ ഫ്രോക്കുപൂക്കള്‍ വിരിയുന്നുണ്ട്. അവര്‍ക്കിടയിലെ വന്‍മതിലിനെ കടന്നു പോകുമ്പോള്‍ ആ മുറ്റത്തു നിന്നും, മതിലിനോട് ചേര്‍ന്നു ഒരു റോസാച്ചെടി വളര്‍ന്നു പൊന്തിയിരിക്കുന്നത് ഞാനിന്നു ആദ്യമായി കണ്ടു. അതിന്റെ അറ്റത്തു നിറയെ ഇനിയും ഇരുട്ടിയിട്ടില്ലാത്ത സായന്തനം പോലെ പൂക്കള്‍.

മദാമ്മയുടെ പേര് നാരായണി എന്നോ സായിപ്പിന്റെ പേര് ബഷീറെന്നോ ആയിരിക്കാന്‍ ഇടയില്ല. അവര്‍ ഇങ്ങനെയൊരു കടുംചെമപ്പായ ഹൃദയപുഷ്പം എപ്പോഴെങ്കിലും കൈമാറിയിരുന്നോ എന്നും അറിയില്ല. ജീവിതം യൗവ്വനതീക്ഷണവും ഹൃദയം പ്രേമസുരഭിലവും ആയൊരു അസുലഭകാലഘട്ടത്തെ ആയിരുന്നിരിക്കുമോ അവര്‍ വിനിയോഗിച്ചുകൊണ്ടിരുന്നത്. ഒരു പനിനീര്‍ച്ചെടി ഗാഢമായി വളര്‍ന്നു അതിരുകളെ അട്ടിമറിച്ചിരിക്കുന്നു. അത് തലയുയര്‍ത്തി നോക്കുന്നതും, തിരിഞ്ഞു നോക്കിയാല്‍ തലയാട്ടുന്നതും, എനിക്കു കാണാം. അപ്പോള്‍ ആ മതില്‍ അവര്‍ക്കിടയില്‍ എന്നെന്നേക്കുമായി പൊളിഞ്ഞു വീണിരിക്കുന്നതായി എനിക്കു തോന്നി.

 

വഴിമരങ്ങള്‍

കടലിനേക്കാള്‍ ആഴമേറിയ ഒരുവള്‍!

ഫലസ്തീനിനും ഇസ്രായേലിനും മധ്യേ ഒരു കൊട്ടാരക്കരക്കാരന്‍!

ആരും വിളിക്കാത്ത ഒരു മൊബൈല്‍ ഫോണ്‍!

 

 

Latest Videos
Follow Us:
Download App:
  • android
  • ios