റിപ്പബ്ലിക്ക് ഓഫ് മുക്കുന്നിമല

Republic of Mukkunnimala

പോയ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ കൊണ്ട്, ഭരണരാഷ്ട്രീയസംവിധാനങ്ങളുമായുള്ള ഒത്താശയുടെ ബലത്തില്‍ കേരളത്തിലെ ക്വാറി മാഫിയ മുക്കുന്നിമലയെ പൂര്‍ണമായും ശരിയാക്കിയെടുത്തുകഴിഞ്ഞു. ദാരുണമായ ആ കാഴ്ചയിലേക്ക് പ്രബുദ്ധകേരളത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് അന്വേഷണത്തിന്റെ ഈ ആദ്യ ലക്കം. 

മേധാപട്കറും വി.എസ്. അച്യുതാനന്ദനും ഹൈക്കോടതിയും സംസ്ഥാനഭരണകൂടവും ഇടപെട്ടിട്ടും തടയാനാവാത്ത മുക്കുന്നിമലയിലെ പാറഖനനം വിജിലന്‍സ് അന്വേഷണത്തിനും ടോട്ടല്‍ സ്റ്റേഷന്‍ സര്‍വേക്കും വേണ്ടി താത്കാലികമായി നിര്‍ത്തിവക്കപ്പെട്ടു. അതും ദേശവാസികള്‍ നേടിയെടുത്ത കോടതിവിധിയുടെ ബലത്തില്‍. പക്ഷെ അന്വേഷണത്തിനിടയിലും വിധി ലംഘിച്ച് പാറപൊട്ടിച്ചവര്‍ക്കെതിരെ കേസെടുത്ത സന്ദര്‍ഭങ്ങളുണ്ടായി. മുപ്പത്തിയഞ്ചോളം ക്വാറികള്‍ നിയമവിരുദ്ധമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു.

റവന്യൂ,വ്യവസായ,ആഭ്യന്തര,പരിസ്ഥിതി സംവിധാനങ്ങളുടെ പിന്തുണയോടെ വര്‍ഷങ്ങളായിത്തുടരുന്ന നിയമലംഘനം, ചുരുക്കം ചിലരൊഴിച്ചാല്‍ നടപടിക്ക് ചുമതലപ്പെട്ടവരത്രയും കണ്ടില്ലെന്നു നടിക്കുകയായിരുന്നു.

കാല്‍നൂറ്റാണ്ടിന്റെ നിയമലംഘനം
വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റബിയത്ത് എന്ന അന്വേഷണോദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ മുക്കുന്നിമലയില്‍ നടക്കുന്ന ടോട്ടല്‍ സ്റ്റേഷന്‍ സര്‍വേയും അന്വേഷണവും ക്വാറിഉടമകള്‍ നടത്തിയ ഗൗരവതരമായ കുറ്റങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. പരിധിക്കപ്പുറം ആഴത്തില്‍ ഖനനം നടത്തി വലിയ ജലാശയങ്ങളായി മാറിപ്പോയ പാറമടകളില്‍ സര്‍വേക്ക് വിജിലന്‍സിന് ബോട്ടിറക്കേണ്ടിവന്നു. റവന്യൂ,വ്യവസായ,ആഭ്യന്തര,പരിസ്ഥിതി സംവിധാനങ്ങളുടെ പിന്തുണയോടെ വര്‍ഷങ്ങളായിത്തുടരുന്ന നിയമലംഘനം, ചുരുക്കം ചിലരൊഴിച്ചാല്‍ നടപടിക്ക് ചുമതലപ്പെട്ടവരത്രയും കണ്ടില്ലെന്നു നടിക്കുകയായിരുന്നു. സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കാന്‍ വെറും ഇരുപത് ദിവസങ്ങള്‍ ബാക്കി. താത്കാലികമായി നിര്‍ത്തിവക്കപ്പെട്ട ഇരുപത്തിയഞ്ച് വര്‍ഷത്തെ നിയമലംഘനത്തിന്റെ കഥയാണ് 'അന്വേഷണം' വെളിപ്പെടുത്തുന്നത്.

മുക്കുന്നിമല, ഇന്നൊരു ദേശത്തിന്റെ ജൈവഘടനയെ നിയന്ത്രിച്ച, താഴ് വരയില്‍ ജീവിതം പോറ്റിവളര്‍ത്തിയ അവരുടെ മലദൈവമല്ല, സഹസ്രാബ്ദങ്ങളിലൂടെ പിറവികൊണ്ട മഹാമേരുക്കളെ ഹ്രസ്വമാത്രമായില്‍ മഹാഗര്‍ത്തങ്ങളാക്കുന്ന കേരളത്തിലെ ക്വാറിമാഫിയയുടെ പറുദീസയാണ്.

പഴങ്കഥകളിലെ മുക്കുന്നിമല
പുരാണങ്ങളും പഴങ്കഥകളുമാണ്ടു കിടക്കുന്ന, പശ്ചിമഘട്ടത്തിലുള്‍പ്പെടാത്ത, തിരുവിതാംകൂറിനോട് ചേര്‍ന്ന്, തമിഴകത്തിനൊരു മുഖവുരപോലുയര്‍ന്നുനില്‍ക്കുന്ന ഒരു മലമ്പ്രദേശം, ബാലരാമപുരത്തിനുസമീപം മലയം പാമാംകോട് പ്രാവച്ചമ്പലം ഇടക്കോട് ദേശങ്ങളുടെ  അച്ചുതണ്ട്. സിലോണും രാമേശ്വരവും താണ്ടി തിരുവിതാംകൂറും വിഴിഞ്ഞമെന്ന പുരാതനതുറമുഖവും തേടിവന്ന വിദൂരസഞ്ചാരികളെ വരവേറ്റ അടയാളമേരു.  ഐതിഹ്യം മണക്കുന്ന താഴ്‌വരയുടെ പ്രതീക്ഷയായി സുഗന്ധം വാസനിപ്പിച്ച പഴയചന്ദനക്കാടുകള്‍, ചുട്ടുപഴുത്ത പാറ പുകഞ്ഞുതുടങ്ങുമ്പോള്‍ പ്രതീക്ഷയുടെ ചന്ദനമല, ഒരഗ്‌നിപര്‍വതമോര്‍മ്മപ്പെടുത്തുന്ന ഭയത്തിന്റെ നീലമലയാകുന്നൊരുകാലമുണ്ടായിരുന്നു.

ഇടമലയും ചീലപ്പാറയും മൈലാടുമ്പാറയും പുലിപ്പാറയും ഭീമന്‍ ചവിട്ടിയ പാറയുമുള്‍പ്പടെ നിരവധിമലകളും ക്വാറികളുടെ അഴുക്കുചാലായിമാറിയ അരുവാത്തോടുള്‍പ്പടെ കരമനയാറ്റിലേക്കൊഴുകിവന്ന പന്ത്രണ്ട് നീരുറവകളുമായി തിരുവിതാംകൂറിന് കുടചൂടി നിന്ന മുക്കുന്നിമല, ഇന്നൊരു ദേശത്തിന്റെ ജൈവഘടനയെ നിയന്ത്രിച്ച, താഴ് വരയില്‍ ജീവിതം പോറ്റിവളര്‍ത്തിയ അവരുടെ മലദൈവമല്ല, സഹസ്രാബ്ദങ്ങളിലൂടെ പിറവികൊണ്ട മഹാമേരുക്കളെ ഹ്രസ്വമാത്രമായില്‍ മഹാഗര്‍ത്തങ്ങളാക്കുന്ന കേരളത്തിലെ ക്വാറിമാഫിയയുടെ പറുദീസയാണ്.

മുക്കുന്നിമലയില്‍ അനധികൃതഖനനമെന്ന ദേശവാസികളുടെ വിലാപം പലവട്ടം കേട്ട കേരളം 245 മീറ്റര്‍ ഉയരത്തില്‍ പള്ളിച്ചല്‍ വിളവൂര്‍ക്കല്‍ മലയിന്‍കീഴ് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മുക്കുന്നിമലക്ക് അറുപതിലധികം ക്വാറികളുടെ ദാക്ഷിണ്യമില്ലായ്മ കൊണ്ടെന്തു സംഭവിച്ചുവെന്ന് കണ്ടിട്ടേയില്ല. ഒരു നിയമവും ഒരുത്തരവും തൊടാത്ത പാറഖനനത്തിന്റെ കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ മുക്കുന്നിമല ദേശവാസിക്കുപോലും അപരിചിതമായി മാറി.

സര്‍വകടമ്പകളും അനായാസം കടത്തിവെട്ടി മുന്നേറുന്ന മുക്കുന്നിമലയിലെ ക്വാറികള്‍ ഇത്രയും കരുത്തരായി മാറുന്നതെങ്ങനെ എന്നറിയാന്‍ അന്‍പത്തിയാറ് വര്‍ഷം പുറകിലേക്കെത്തണം.

ക്വാറിമാഫിയകളുടെ കരുത്ത് 
ആയിരത്തിത്തൊള്ളായിരത്തി അറുപതുമുതലുള്ള നിയമങ്ങള്‍, പലപ്പോഴായി പുറത്തിറങ്ങിയ ഹൈകോടതി വിധികള്‍, ഗ്രീന്‍ ട്രിബ്യൂണല്‍, ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, ഇന്ത്യന്‍ ആര്‍മി, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ലാന്‍ഡ് റെവന്യൂ കമ്മീഷണര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജില്ലാകളക്ടര്‍, മൈനിംഗ് ആന്റ് ജിയോളജി വകുപ്പ്, എന്‍വയോണ്‍മെന്റ് ഇംപാക്ട് അസ്സസ്സ്‌മെന്റ് അതോറിറ്റി, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, താലൂക്ക് ആഫീസ്, വില്ലേജ് ആഫീസ്, പഞ്ചായത്ത് എന്നീ സര്‍വകടമ്പകളും അനായാസം കടത്തിവെട്ടി മുന്നേറുന്ന മുക്കുന്നിമലയിലെ ക്വാറികള്‍ ഇത്രയും കരുത്തരായി മാറുന്നതെങ്ങനെ എന്നറിയാന്‍ അന്‍പത്തിയാറ് വര്‍ഷം പുറകിലേക്കെത്തണം. അത്രയും വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ഖനനമെന്ന സാധ്യത മുക്കുന്നിമലയില്‍ നിയമത്തിലൂടെ നിരോധിക്കപ്പെട്ടുകഴിഞ്ഞു.

 1991ല്‍ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് മുക്കുന്നിമലയില്‍ അനുവദിച്ച ആദ്യത്തെ ഖനനാനുമതിമുതല്‍ കേരളസര്‍ക്കാരിന്റെ 1960ലെ ലാന്റ് അസ്സൈന്‍മെന്റ് ആക്ട് ലംഘിക്കപ്പെടുകയാണ്. ആ നിയമലംഘനം കാല്‍നൂറ്റാണ്ടായി നിര്‍ബാധം തുടരുന്നു.

റബറിനു മാത്രമുള്ള ഭൂമിയിലെ നിയമലംഘനങ്ങള്‍
വൈദേശിക മുതലാളിത്തത്തിനെതിരെ സ്വദേശി മുതലാളിത്തമെന്ന ലക്ഷ്യമിട്ട് റബ്ബര്‍കൃഷിക്ക് പതിച്ചുനല്‍കിയ സര്‍ക്കാരിന്റെ മിച്ചഭൂമിയില്‍ മുക്കുന്നിമലയുമുള്‍പ്പെടും. വിമുക്തഭടനും സമരഭടനും അഭ്യസ്തവിദ്യനും ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടു. ആ ഭൂമിയില്‍ റബറല്ലാതെ മറ്റൊന്നിനും നിയമപരമായി പഴുതില്ല, അനന്തരാവകാശിക്കാല്ലാതെ മറ്റൊരു കൈമാറ്റത്തിനും വകുപ്പുമില്ല.  1991ല്‍ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് മുക്കുന്നിമലയില്‍ അനുവദിച്ച ആദ്യത്തെ ഖനനാനുമതിമുതല്‍ കേരളസര്‍ക്കാരിന്റെ 1960ലെ ലാന്റ് അസ്സൈന്‍മെന്റ് ആക്ട് ലംഘിക്കപ്പെടുകയാണ്. ആ നിയമലംഘനം കാല്‍നൂറ്റാണ്ടായി നിര്‍ബാധം തുടരുന്നു.

ഈ ശ്രേണികള്‍ക്കെല്ലാമപ്പുറത്ത്, മൂന്ന് പഞ്ചായത്തുകളിലെ ജനം ക്വാറിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമെന്ന കണക്കില്‍ രണ്ട് പക്ഷമായി ചുരുങ്ങി.

ജനം പലവിധം 
മുക്കുന്നിമലയിലെ ക്വാറി വ്യവസായവും ദേശവാസികളുടെ നിലപാടുകളും പ്രത്യക്ഷമാവുന്നത് പല ശ്രേണികളിലൂടെയാണ്. പൊതുജനത്തിലൊരു പക്ഷം ക്വാറിക്കാര്‍ക്കൊപ്പം നില്‍ക്കും. ക്വാറിത്തൊഴിലാളികളും സഹായികളും അവരുടെ കുടുംബങ്ങളും പ്രധാന പ്രാദേശിക രാഷ്ട്രീയ സംവിധാനങ്ങളും ഒരുപരിധിവരെ പോലീസും തദ്ദേശഭരണസ്ഥാപനങ്ങളും അതിലുള്‍പ്പെടും. ക്വാറിയെ എതിര്‍ക്കുന്ന മറുപക്ഷത്തിലും പല തട്ടുകള്‍ കാണാം. ഔദ്യോഗിക സമരപക്ഷം, പ്രത്യക്ഷത്തില്‍ പ്രവര്‍ത്തനത്തിലില്ലാതെ സമരത്തെ പിന്തുണക്കുന്ന മറ്റൊരു വിഭാഗം, മലമുകളിലും അതിനുസമീപവും പാര്‍ക്കുന്ന  ക്വാറിയുടെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ നടത്തുന്ന ശക്തമായ നിയമപോരാട്ടങ്ങള്‍, ലാഭമില്ലാത്ത പോരാട്ടങ്ങള്‍ക്കിറങ്ങുന്ന ഒറ്റപ്പെട്ട മനുഷ്യര്‍. പക്ഷെ ഈ ശ്രേണികള്‍ക്കെല്ലാമപ്പുറത്ത്, മൂന്ന് പഞ്ചായത്തുകളിലെ ജനം ക്വാറിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമെന്ന കണക്കില്‍ രണ്ട് പക്ഷമായി ചുരുങ്ങി.

ഏതുനിമിഷവും മുഴങ്ങിത്തുടങ്ങാവുന്ന വെടിയൊച്ചകളും എപ്പൊഴും തെറിച്ചെത്താവുന്ന പാറക്കഷണങ്ങളും ഭയന്ന് മൂന്ന് കുടുംബങ്ങള്‍ ഇനിയും മുക്കുന്നിമലയില്‍ ബാക്കിയുണ്ട്. ഒരു ഹൊറര്‍സിനിമയുടെ സെറ്റിലൊറ്റപ്പെട്ട ജീവിതങ്ങള്‍.

പൊട്ടിത്തെറി കാത്ത് ഒരുദേശം
വലുതും ചെറുതുമായി അറുപതുക്വാറികള്‍, ക്രഷര്‍യൂണിറ്റുകള്‍, എം സാന്‍ഡ് റെഡിമിക്‌സ് യൂണിറ്റുകള്‍ എന്നിവയില്‍ നിന്നായി എണ്ണൂറിലധികം ലോഡുകള്‍ തലങ്ങും വിലങ്ങുമോടി.പാറമടകളിലെ വെടിക്കെട്ടും പൊടിയുംപുകയും കലരുന്ന വിഷമേഘങ്ങളും അഗാധഗര്‍ത്തങ്ങളും അവയില്‍ സംഭവിച്ച പെടുമരണങ്ങളും, പൊട്ടിത്തെറിക്കാന്‍ കാത്തിരിക്കുന്ന വെടിമരുന്നുശാലകളും പേറിയാണിന്ന് മുക്കുന്നിമലയുടെ നില്‍പ്പ്. കോടതിവിധിയുടെ ബലത്തില്‍ വീണുകിട്ടിയ താത്കാലികശാന്തിയില്‍, എന്നാല്‍ ഏതുനിമിഷവും മുഴങ്ങിത്തുടങ്ങാവുന്ന വെടിയൊച്ചകളും എപ്പൊഴും തെറിച്ചെത്താവുന്ന പാറക്കഷണങ്ങളും ഭയന്ന് മൂന്ന് കുടുംബങ്ങള്‍ ഇനിയും മുക്കുന്നിമലയില്‍ ബാക്കിയുണ്ട്. ഒരു ഹൊറര്‍സിനിമയുടെ സെറ്റിലൊറ്റപ്പെട്ട ജീവിതങ്ങള്‍.

ലാന്റ്​ അസൈന്‍മെന്റ് ആക്ട് 
1000 ഏക്കര്‍ വിസ്തൃതിയുണ്ടെന്ന് ദേശവാസികള്‍ കരുതുന്ന മുക്കുന്നിമലയില്‍ ആളൊന്നിന് മൂന്നര ഏക്കറെന്ന ക്രമത്തില്‍ നൂറോളം പട്ടയക്കാര്‍ക്കായി പതിച്ചുനല്‍കിയത് മൂന്നൂറ്റിയന്‍പത് ഏക്കറാണ്. ഒരേക്കര്‍ ഭൂമിക്ക് രൂപ നാല്‍പ്പതെന്ന കണക്കില്‍ പട്ടയക്കാരന്‍ സര്‍ക്കാരിലടക്കണം. അതില്‍ അരയേക്കര്‍ വീടിനും ചെറുകൃഷിക്കും മാറ്റിവക്കാം. ശിഷ്ടം മൂന്നേക്കറിന്റെ ഉപയോഗം റബര്‍കൃഷിക്ക് മാത്രം. വകമാറ്റിയാല്‍ അനുവദിച്ച ഭൂമിയുടെ ഉടമസ്ഥത സര്‍ക്കാരിലേക്കെത്തുമെന്ന് ലാന്റ് അസ്സൈന്‍മെന്റ് ആക്ട് കൃത്യമായി നിഷ്‌കര്‍ഷിച്ചു. അനുവദിച്ച പട്ടയത്തിലത് വ്യവസ്ഥ ചെയ്തു. പട്ടയക്കാരില്‍ ഭൂരിപക്ഷവും ആലപ്പുഴക്കാരായിരുന്നു. ദേശവാസികള്‍ ചുരുക്കം പേരുള്‍പ്പെട്ടു.

മുക്കുന്നിമലയിലെ മൊത്തം പാറക്കുമവകാശി അതനുവദിക്കപ്പെട്ട കാലത്തും ഇന്നും ഗവണ്‍മെന്റ് തന്നെയാണ്.

സര്‍ക്കാര്‍ ഭൂമിയിലെ കൊള്ളക്കാര്‍
പതിച്ചുനല്‍കിയ ഭൂമിയിലെ പാറയ്ക്ക് ഉടമ അപ്പോഴും സര്‍ക്കാറായിരുന്നു. അതുകൊണ്ട് സര്‍ക്കാര്‍ പാറ ഗണത്തിലുള്‍പ്പെട്ട ഭൂമിക്ക് പകരം ഓരോ പട്ടയക്കാരനും പാറയില്ലാത്ത ഭൂമി കൃത്യം അളന്നുനല്‍കി. എന്നുവച്ചാല്‍ മുക്കുന്നിമലയിലെ മൊത്തം പാറക്കുമവകാശി അതനുവദിക്കപ്പെട്ട കാലത്തും ഇന്നും ഗവണ്‍മെന്റ് തന്നെയാണ്. മലമുകളിലെ ഭൂമിയില്‍ നൂറോളം വരുന്ന പട്ടയക്കാര്‍ വിത്തിറക്കി,  നേട്ടമുണ്ടാക്കി. പക്ഷെ എല്ലാവരും അധ്വാനത്തിനൊരുക്കമായിരുന്നില്ല.ചിലര്‍ ക്വാറികളിലേക്ക് തിരിഞ്ഞു. എന്നാല്‍, അത് സാധാരണ മട്ടിലായിരുന്നു. പിന്നെയാണ് അന്യദേശങ്ങളില്‍നിന്നും വന്‍കിടക്കാര്‍ എത്തുന്നത്. അവരാണിന്ന് മുക്കുന്നിമല ഭരിക്കുന്നത്. കോടിക്കണക്കിന് രൂപ മറിയുന്ന വലിയ ബിസിനസാണ് ഇന്ന് ക്വാറികള്‍. 

(രണ്ടാം ഭാഗം അടുത്ത ബുധനാഴ്ച രാത്രി ഏഴര മണിക്ക് ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍)
 

 

Latest Videos
Follow Us:
Download App:
  • android
  • ios