ജാതികേരളത്തിന്റെ മറവി; ആരുമോര്‍ക്കാതെ കെ.ആര്‍ നാരായണന്റെ ജന്‍മദിനം!

കോട്ടയം ജില്ലയിലെ ഉഴവൂര്‍ എന്ന കാര്‍ഷിക ഗ്രാമം ലോകഭൂപടത്തില്‍ ഇടം നേടിയത് കോച്ചേരില്‍ രാമന്‍ നാരായണന്‍ എന്ന ഈ മനുഷ്യന്റെ പേരിനോട് ചേര്‍ന്നായിരുന്നു. അതുകൊണ്ട് ഉഴവൂര്‍ ഗ്രാമവാസികള്‍ മാത്രമാണ് ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ഓര്‍മ്മയില്‍ സൂക്ഷിച്ചതും ആഘോഷിച്ചതും. സ്മൃതി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനയിലും പെരുന്താനം എന്ന ഗ്രാമത്തിലും മാത്രമായി അദ്ദേഹത്തിന്റെ ഓര്‍മ്മ ദിനങ്ങള്‍ ഒതുങ്ങിപ്പോയതെന്തു കൊണ്ടായിരിക്കും?

rememberance of ex president of india k r narayanan

തിരുവനന്തപുരം: പ്രമുഖ പത്രത്തിന്റെ ഉള്‍പ്പേജില്‍ ആരും കാണാത്ത ഒരിടത്ത് ഒരു അരക്കോളം പരസ്യം. രാഷ്ട്രപതിയുടെ പദവിയില്‍ എത്തിയ ആദ്യത്തെ മലയാളിയുടെ ജന്‍മദിനം ഈ ദിവസം കേരളം ഓര്‍ത്തത് ഈ വിധമാണ്. മക്കള്‍ നല്‍കിയ ഈ കുഞ്ഞു പരസ്യത്തിലൂടെ. മലയാളി ഒരിക്കലും മറക്കരുതാത്ത മുന്‍ രാഷ്ട്രപതി കെ. ആര്‍ നാരായണന്റെ ജന്‍മദിനം ആരാലും ഓര്‍ക്കപ്പെടാതെ കടന്നുപോവുന്നത് എന്തു കൊണ്ടാണ്? 

കോട്ടയം ജില്ലയിലെ ഉഴവൂര്‍ എന്ന കാര്‍ഷിക ഗ്രാമം ലോകഭൂപടത്തില്‍ ഇടം നേടിയത് കോച്ചേരില്‍ രാമന്‍ നാരായണന്‍ എന്ന ഈ മനുഷ്യന്റെ പേരിനോട് ചേര്‍ന്നായിരുന്നു. അതുകൊണ്ട് ഉഴവൂര്‍ ഗ്രാമവാസികള്‍ മാത്രമാണ് ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ഓര്‍മ്മയില്‍ സൂക്ഷിച്ചതും ആഘോഷിച്ചതും. സ്മൃതി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനയിലും പെരുന്താനം എന്ന ഗ്രാമത്തിലും മാത്രമായി അദ്ദേഹത്തിന്റെ ഓര്‍മ്മ ദിനങ്ങള്‍ ഒതുങ്ങിപ്പോയതെന്ത് കൊണ്ടായിരിക്കും?

കാര്യം ലളിതമാണ്. രാജ്യത്തെ പരമോന്നത പദവി അഭിമാനകരമാം വിധം കൈയാളിയെങ്കിലും കേരളത്തിന്റെ ഓര്‍മ്മയില്‍ അദ്ദേഹമില്ല. നമ്മുടെ സര്‍ക്കാറോ രാഷ്ട്രീയ കക്ഷികളോ ഭരണകര്‍ത്താക്കളോ സാംസ്‌കാരിക സംഘടനകളോ ഒന്നും അദ്ദേഹത്തെ ഓര്‍ക്കുന്നില്ല. കെ.ആര്‍ നാരായണന്‍ ദളിതനായിരുന്നു. ഗ്രാമീണനായിരുന്നു. എല്ലാ പരിമിതികള്‍ക്കും ഇടയില്‍ ജനിച്ചുവളര്‍ന്നു. എന്നിട്ടും ജീവിതത്തില്‍ എല്ലാ തടസ്സങ്ങളെയും മറികടന്ന് അദ്ദേഹം ഉന്നത സ്ഥാനങ്ങള്‍ അര്‍ഹതയോടെ ചെന്നു കയറി. ലോകം അദ്ദേഹത്തെ ആദരിച്ചു. ഒരു ഇന്ത്യന്‍ ദലിതന് എത്താനാവുന്ന പരമോന്നത പദവിയിലെത്തി. 

കാരണം മറ്റൊന്നുമല്ല, ജാതി!

'കൃത്യമായ ജാതിബോധം പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെയാണ്. കേരളത്തിലെ ഭരണകര്‍ത്താക്കള്‍ അദ്ദേഹത്തെ മറന്നു പോകുന്നതെന്ന് പറയുന്നു, ദലിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട്. അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് ഇങ്ങനെ പ്രതികരിക്കുന്നു: 'ദളിതനായത് കൊണ്ടാണ് അദ്ദേഹത്തെക്കുറിച്ച് ആരും ഓര്‍ത്തെടുക്കാത്തത്. അറിയപ്പെടാത്ത നേതാക്കന്‍മാരെക്കുറിച്ച് അനുസ്മരണ യോഗങ്ങളും പത്രക്കുറിപ്പുകളും തയ്യാറാക്കി ആഘോഷിക്കുന്ന നാടാണിത്. കടലും കടലാടിയും പോലെയുള്ള വ്യത്യാസമുണ്ട് അവരും കെ. ആര്‍. നാരായണനും തമ്മില്‍.

വിദേശരാജ്യങ്ങളില്‍ നിന്ന് നയതന്ത്ര വിഭാഗം മേധാവിയായി തിരികെ വന്നതിന് ശേഷമാണ് അദ്ദേഹം ഒറ്റപ്പാലത്ത് നിന്ന് മത്സരിക്കുന്നത്. അദ്ദേഹത്തിന് ഒറ്റപ്പാലം മതി എന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ കഴിവും പ്രാപ്തിയും ഒന്നു കൊണ്ട് മാത്രമാണ് അദ്ദേഹം വന്‍ഭൂരിപക്ഷത്തോടെ ജയിച്ചത്. പട്ടികജാതിക്കാരനാണെന്ന് കേരളത്തില്‍ വച്ച് ഉറപ്പാക്കിയതിന് ശേഷമാണ് അദ്ദേഹത്തെ ലോകസഭയിലേക്ക് വിട്ടത് എന്ന് കൂടി നമ്മള്‍ മനസ്സിലാക്കണം.  

കടലും കടലാടിയും പോലെയുള്ള വ്യത്യാസമുണ്ട് അവരും കെ. ആര്‍. നാരായണനും തമ്മില്‍

കോണ്‍ഗ്രസില്‍ നിന്നാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. അവരെന്ത് കൊണ്ടാണ് അദ്ദേഹത്തിന്റെ ഓര്‍മ്മദിനങ്ങള്‍ മറന്നു പോകുന്നത്? കേരളത്തിലെ ഭരണകര്‍ത്താക്കള്‍ എന്തുകൊണ്ടാണ് മറക്കുന്നത്? അവര്‍ക്കൊരു ധാര്‍മ്മികമായ ഉത്തരവാദിത്വമില്ലേ? ആദരവ് സ്വാഭാവികമായി ഉണ്ടാകേണ്ടതാണ്. അതില്ലാതെയാകുമ്പോള്‍ ഇങ്ങനെ സംഭവിക്കും. അതാണ് കേരളവും മലയാളികളും. അദ്ദേഹത്തെപ്പോലെ വ്യക്തിത്വമുള്ള, അഴിമതിയുടെയോ അപവാദത്തിന്റെയോ നിഴല്‍ പോലുമില്ലാത്ത ഒരാളെ മാറ്റിനിര്‍ത്തുന്നത് കേവലമായ ജാതിബോധം തന്നെയാണ്'

ജാതികേരളം അന്നേ പറഞ്ഞു, നിനക്ക് അത്രമതി!

മലയാളിയായ, ദളിതനായ  ആദ്യ രാഷ്ട്രപതി കൂടിയായിരുന്നു കെ. ആര്‍. നാരായണന്‍. ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും നിന്ന് സ്വപ്രയത്‌നം കൊണ്ട് മാത്രം ഉയര്‍ന്നു വന്നൊരാള്‍. ജീവിതം കൊണ്ട് ദരിദ്രനെങ്കിലും പ്രതിഭ കൊണ്ടും കഴിവു കൊണ്ടും ധനികനായിരുന്നു അദ്ദേഹം. കോച്ചേരില്‍ രാമന്‍ വൈദ്യന്റെയും പാപ്പിയമ്മയുടെയും ഏഴുമക്കളില്‍ നാലാമന്‍. കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്ത് കുറിച്ചിത്താനം സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവിതാംകൂറിന്റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഒരു ഹരിജന്‍ യുവാവ് ബിഎ യ്ക്ക് റാങ്ക് നേടുന്നത്. റാങ്ക് നേടുന്ന വിദ്യാര്‍ത്ഥിക്ക് പറഞ്ഞു വച്ചിരുന്ന അധ്യാപക ജോലിക്ക് പകരം ദിവാന്‍ അദ്ദേഹത്തിന് വച്ചു നീട്ടിയത് ഗുമസ്തപ്പണി! ഒരു പിന്നാക്ക വിഭാഗക്കാരന്  അതുമതിയെന്നായിരുന്നു ദിവാന്റെ തീരുമാനം. 

പറഞ്ഞു വച്ചിരുന്ന അധ്യാപക ജോലിക്ക് പകരം ദിവാന്‍ അദ്ദേഹത്തിന് വച്ചു നീട്ടിയത് ഗുമസ്തപ്പണി!

പഠനത്തില്‍ ഒന്നാമനായപ്പോഴും ജാതി ഒന്നു കൊണ്ട് മാത്രമാണ് കെആര്‍ നാരായണന് അധ്യാപക ജോലി നേടാന്‍ കഴിയാതെ പോയത്. ഗുമസ്തപ്പണി സ്വീകരിച്ചില്ലെന്ന് മാത്രമല്ല, ബിരുദ ദാനച്ചടങ്ങ് ബഹിഷ്‌കരിച്ചാണ് അദ്ദഹം തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്. അവാര്‍ഡ് ദാന ചടങ്ങില്‍ ഒന്നാം റാങ്കുകാരന്റെ അഭാവം തിരിച്ചറിഞ്ഞ ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് കാര്യം തിരക്കി. ദില്ലിയില്‍ ജോലി തേടിപ്പോകാനാണ് ആഗ്രഹമെന്ന് തിരിച്ചറിഞ്ഞ മഹാരാജാവ് വായ്പയായി നല്‍കിയ അഞ്ഞൂറ് രൂപ കൊണ്ടാണ് അദ്ദേഹം യാത്ര തുടങ്ങിയത്. അന്ന് നിഷേധിച്ച ബിരുദം  കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും അദ്ദേഹം സ്വീകരിച്ചത് അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു. 

അനുപമം ആ വ്യക്തിത്വം

ദില്ലിയില്‍ പത്രപ്രവര്‍ത്തകനായി തുടക്കം. പിന്നീട് ജെആര്‍ഡി ടാറ്റയില്‍ നിന്നും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ഉപരി പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പ്. അവിടെ പ്രശസ്ത രാഷ്ട്രമീമാംസകന്‍ ഹാരോള്‍ഡ് ലാസ്‌കിയുടെ പ്രിയപ്പെട്ട ശിഷ്യന്‍. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രത്യേക താത്പര്യ പ്രകാരം ബര്‍മ്മയില്‍ ഇന്ത്യന്‍ വിദേശ കാര്യാലയത്തിലെ നയതന്ത്ര ഉദ്യോഗം. ഇന്തോ- ചൈന യുദ്ധത്തിന് ശേഷം ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍. പിന്നീട് അമേരിക്കന്‍ അംബാസിഡര്‍. ഇന്ത്യ-- അമേരിക്ക നയതന്ത്ര ബന്ധം ഊഷ്മളമാക്കാന്‍ കെ. ആര്‍. നാരായണന്‍ വഹിച്ച പങ്ക് ചെറുതല്ല. 

1985 ല്‍ രാജീവ് ഗാന്ധി നയിച്ച മന്ത്രിസഭയില്‍ ഒറ്റപ്പാലത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട്  ആസൂത്രണ വകുപ്പ് സഹമന്ത്രിയായി. വന്‍ഭൂരിപക്ഷത്തോടെയായിരുന്നു അദ്ദേഹത്തിന്റെ മന്ത്രിപദവിയിലേക്കുളള പ്രവേശനം. ഒരു ദളിതന് ഒരിക്കലും സ്വപ്നം പോലും കാണാന്‍ കഴിയാതിരുന്ന ഒരു ലക്ഷ്യത്തിലേക്കാണ് പിന്നീട് അദ്ദേഹം എത്തിയത്. 1992 ല്‍ ആഗസ്റ്റ് 21 ന് ഭാരതത്തിന്റെ ഒമ്പതാമത്ത ഉപരാഷ്ട്രപതിയായി. രണ്ട് വര്‍ഷത്തിന് ശേഷം 1997 ല്‍ തൊണ്ണൂറ്റഞ്ച് ശതമാനം വോട്ട് നേടി അദ്ദേഹം ഭാരതത്തിന്റെ രാഷ്ട്രപതിയായി. ഒഴിവാക്കപ്പെട്ടവന്‍ ഒന്നാമനായ നാള്‍വഴികള്‍ ഇങ്ങനെയാണ്.

എന്നിട്ടും നമ്മള്‍ അദ്ദേഹത്തെ മറന്നു

വിരല്‍ തൊട്ട മേഖലകളിലെല്ലാം മുദ്ര പതിപ്പിച്ച് മുന്നേറിയ ഒരു അസാമാന്യ വ്യക്തിത്വം ആര്‍ക്കും വേണ്ടാത്ത ഒന്നായി പില്‍ക്കാലത്ത് മാറുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കെ. ആര്‍ നാരായണന് ശേഷം വന്ന രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം എല്ലായിടങ്ങളിലും ആഘോഷിക്കപ്പെടുമ്പോഴും രാഷ്ട്രപതി എന്ന പദവിയുടെ അന്തസ്സ് കാത്ത കെ. ആര്‍ നാരായണന്‍ വിസ്മരിക്കപ്പെടുകയാണ്. 

ഇന്ത്യയുടെ പത്താമത്തെ പ്രസിഡന്റായിരുന്നു കെ. ആര്‍. നാരായണന്‍. സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിലും ഇന്ത്യയെ നയിച്ചത് ഇദ്ദേഹമായിരുന്നു. ഉപരാഷ്ട്രപതിയില്‍ നിന്നും നേരിട്ട് രാഷ്ട്രപതിയിലേക്ക് നാമനിര്‍ദ്ദേശം ലഭിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നോമിനേഷനെ എതിര്‍ക്കാന്‍ പ്രബല ശക്തികള്‍ ആരുമില്ലായിരുന്നു. സമര്‍ത്ഥനായ നയതന്ത്രജ്ഞന്‍ എന്നായിരുന്നു പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അദ്ദേഹത്തെ വിശേഷിപ്പിച്ചത്. എന്നിട്ടും അദ്ദേഹത്തിനൊപ്പം ഇന്ത്യയെ നയിച്ച പ്രഥമ  പൗരന്‍മാര്‍ അനുസ്മരണക്കുറിപ്പുകളില്‍ ആഘോഷിക്കപ്പെടുമ്പോള്‍ ഒരാള്‍ മാത്രമെങ്ങനെയാണ് മറവിയായിപ്പോകുന്നത്? ഇങ്ങനെ ഓര്‍ത്താല്‍ മതി എന്ന് ആരാണ് തീരുമാനിക്കുന്നത്? 

ഇങ്ങനെ ഓര്‍ത്താല്‍ മതി എന്ന് ആരാണ് തീരുമാനിക്കുന്നത്? 

അന്ന് ഒന്നാം റാങ്കുകാരനെ മാറ്റി നിര്‍ത്തിയ അതേ ജാതിഭൂതം തന്നെയാണ് ഇപ്പോഴും, ഓര്‍മ്മയായി പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും കെ. ആര്‍ നാരായണന്‍ എന്ന പ്രതിഭയെ പിന്തുടരുന്നത്. സവര്‍ണ്ണ ബോധങ്ങളില്‍ അവര്‍ണ്ണന്‍ അവഗണിക്കപ്പെടേണ്ടവനാണെന്ന് ആരോ സമൂഹമനസ്സില്‍  കൃത്യമായി എഴുതി വച്ചിട്ടുണ്ട്. രാഷ്ട്രപതിയായിരുന്നപ്പോള്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി ഏറ്റവും അധികം പ്രവര്‍ത്തിക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്ന ആളായിരുന്നു കെ.ആര്‍. നാരായണന്‍. ഒരുപക്ഷേ ഇനിയുള്ള ഓര്‍മ്മദിനങ്ങളിലും ഒറ്റക്കോളത്തിലേക്ക് ഈ പ്രതിഭയുടെ അനുസ്മരണം ഒതുങ്ങിപ്പോയേക്കാം. അങ്ങനെ സംഭവിച്ചാല്‍ അതൊരു ജനതയോടുള്ള വിവേചനമാണ്. അത് ചരിത്രത്തോടുള്ള വെല്ലുവിളി കൂടിയാണ്.  

Latest Videos
Follow Us:
Download App:
  • android
  • ios