ക്രിക്കറ്റ് പന്ത് 'ലാംബ'യെ കൊന്നിട്ട് 21 വര്‍ഷം!
പന്തിന്റെ പ്രയാണവും നോക്കി നോക്കി തോമസ് നടന്നു നടന്ന് റിച്ചാർഡ്സിനരികിൽ എത്തി. അപ്പോൾ കഴിഞ്ഞ മൂന്നു പന്തിൽ തന്നോടടിച്ച ഡയലോഗുകൾക്ക് ഒന്നിച്ചുള്ള മറുപടി റിച്ചാർഡ്‌സ് പറഞ്ഞു, "ചോപ്പ് നിറമാണ്, വെള്ള സ്റ്റിച്ചുണ്ട്, ഉരുണ്ടിട്ടാണ്, ഏകദേശം നൂറു നൂറ്റമ്പത് ഗ്രാം ഭാരം വരും.. നല്ല പരിചയമുള്ളതല്ലേ, മോൻ തന്നെ പോയി എടുത്തോണ്ട് വാ..."
പരമ്പരാഗത ക്രിക്കറ്റ് പ്രേമികളുടെ ഹീറോകൾ ഫീൽഡിൽ അവരുടെ ഹീറോയിസം കാണിക്കുന്നത് പലപ്പോഴും ഹെൽമറ്റില്ലാതെ ബാറ്റുചെയ്തിട്ടാണ്. സ്റ്റിച്ച് ബോളാണ്. ഫാസ്റ്റ് ബോളിങ്ങിൽ ആരും ആ റിസ്ക് എടുക്കാറില്ല. സ്പിന്നേഴ്സ് എറിയാൻ വരുമ്പോൾ മാത്രമാണ് ആ അഭ്യാസത്തിന് പൊതുവേ ആളുകൾ മുതിരാറുള്ളത് . സ്പിൻ ബോളറുടെ സ്പെല്ലിൽ ഫോർവേഡ് ഷോർട്ട് ലെഗ്ഗിൽ ചെന്ന് ഹെൽമറ്റില്ലാതെ ഫീൽഡ് ചെയ്യാൻ ഇന്നത്തെ കുട്ടികളോട് പറഞ്ഞാൽ അവർ പറയും "സാറെ ഇതിലും ഭേദം ഞാൻ വല്ല വണ്ടിക്കും തല വെക്കുന്നതാണ്" എന്ന്. സത്യമാണ്, 'ആത്മഹത്യാപരം' എന്നതിൽ കുറഞ്ഞൊന്നും തന്നെ അതിനെപ്പറ്റി പറയാനാവില്ല. എന്നാൽ, പണ്ടത്തെ കളിക്കാർ അങ്ങനെ ആയിരുന്നില്ല. അവർ അതും അതിലപ്പുറവും പ്രവർത്തിച്ചിരുന്നു. അങ്ങനെയുള്ള ഒരു അശ്രദ്ധമായ, അപക്വമായ നൈമിഷിക തീരുമാനത്തിന്റെ രക്തസാക്ഷിയായിരുന്നു ഒരുകാലത്ത് ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന രമൺ ലാംബ.
1983 -ൽ വിൻഡീസ് ടൂറിനിടെ തലയിൽ മാൽകം മാർഷലിന്റെ ഒരു ബൗൺസർ വന്ന് ചുംബിച്ചതോടെ ഗവാസ്കറുടെ ശാഠ്യം തെല്ലൊന്നയഞ്ഞു
ബാറ്റിംഗിനിടെ ബൗൺസർ കൊണ്ട് പരിക്ക് പറ്റുന്നത് പണ്ടു മുതലേ ക്രിക്കറ്റിന്റെ കൂടെപ്പിറപ്പായ അപകടമായിരുന്നു. ബാറ്റ്‌സ്മാൻമാരെ പേടിപ്പിക്കാൻ ഫാസ്റ്റ് ബൗളർമാർ മനഃപൂർവം എടുത്തുപയോഗിച്ചിരുന്ന ആയുധമായിരുന്നു 'ബൗൺസർ' അഥവാ നിലത്തുകുത്തിപ്പൊന്തി ബാറ്റ്‌സ്മാൻറെ മുഖം ലക്ഷ്യമാക്കി അതിവേഗം പാഞ്ഞു വരുന്ന പന്ത്. 1975 -ലാണ് ക്രിക്കറ്റിൽ ആദ്യമായി ഒരു കളിക്കാരൻ അയാൾ താനെന്ന ഡിസൈൻ ചെയ്ത ഒരു 'പ്രൊട്ടക്ടീവ് ഹാറ്റ്' ധരിക്കുന്നത്. അതൊരു ഇംഗ്ലീഷ് താരമായിരുന്നു. പേര് ഡെനിസ് അമിസ്. വേൾഡ് സീരീസ് കപ്പിലായിരുന്നു ഹെൽമെറ്റിന്റെ അരങ്ങേറ്റം. അന്നുപക്ഷേ കാണികൾ അദ്ദേഹത്തെ കളിയാക്കുകയാണുണ്ടായത് .
പല സീനിയർ താരങ്ങൾക്കും ഹെൽമെറ്റിനോട് വല്ലാത്തൊരുതരം അലർജിയായിരുന്നു. ഹെൽമെറ്റിടുന്നതിൽ നിന്നും ഒഴിവാകാൻ വളരെ വിചിത്രമായൊരു വാദം തന്നെ ഗവാസ്കർ അവതരിപ്പിച്ചു. എന്നും രാത്രി കിടക്കുമ്പോൾ പുസ്‌തകം വായിക്കുന്ന ശീലം കാരണം തന്റെ തലയിലെ പേശികൾക്ക് ബലക്ഷയം വന്നിട്ടുണ്ടെന്നും ഹെൽമെറ്റ് ധരിച്ചാൽ തന്റെ റിഫ്ളക്സ് ടൈമിനെ അത് സാരമായി ബാധിക്കും എന്നുമായിരുന്നു ഗവാസ്കറുടെ പക്ഷം. പക്ഷേ, 1983 -ൽ വിൻഡീസ് ടൂറിനിടെ തലയിൽ മാൽകം മാർഷലിന്റെ ഒരു ബൗൺസർ വന്ന് ചുംബിച്ചതോടെ ഗവാസ്കറുടെ ശാഠ്യം തെല്ലൊന്നയഞ്ഞു. തടി കേടാവാതിരിക്കാൻ എന്തുമാർഗ്ഗം എന്നാരാഞ്ഞ ഗവാസ്കർ, ആയിടയ്ക്കാണ് മൈക്ക് ബ്രെയറി എന്നൊരു ഇംഗ്ലണ്ട് താരം തലയോട്ടിയിൽ പതിഞ്ഞുകിടക്കുന്ന 'സ്കൾ ക്യാപ്' എന്നൊരു സാധനം ധരിച്ചുകാണുന്നത്. ബ്രെയറിയിൽ നിന്നും വിശദാംശങ്ങൾ സംഘടിപ്പിച്ച ശേഷം ഗവാസ്കർ, ബിൽ സ്വാൻവിക്ക് എന്നൊരു ബ്രിട്ടീഷ് ഡിസൈനറെക്കൊണ്ട് തനിക്കുവേണ്ടിയും ഒരെണ്ണം നിർമ്മിച്ചെടുത്തു. ആദ്യത്തെ മൂന്നുവർഷം അത് വെളിച്ചം കാണാതെ ഗവാസ്കറുടെ കിറ്റിൽ തന്നെ വിശ്രമിച്ചെങ്കിലും ചില മത്സരങ്ങളിൽ അദ്ദേഹം അത് ധരിച്ചിരുന്നതായും കാണാം.
തന്നെ സ്ലെഡ്ജ് ചെയ്യാൻ ശ്രമിക്കുന്ന ബൗളർമാരോട് 'പാടത്ത് ജോലി, വരമ്പത്ത് കൂലി' എന്നതായിരുന്നു റിച്ചാഡ്‌സിന്റെ നയം
വിവിയൻ റിച്ചാർഡ്‌സ് തൻറെ കരിയറിൽ ഒരിക്കൽപ്പോലും ഹെൽമെറ്റ് ധരിക്കാൻ തയ്യാറായിട്ടില്ല. എന്നിട്ടും ഡെന്നിസ് ലില്ലിയെപ്പോലുള്ള ഭീകര ഓസീസ് ഫാസ്റ്റ് ബൗളർമാരെ ഒന്നില്ലാതെ അടിച്ച് സ്റ്റേഡിയത്തിന്റെ വെളിയിലേക്ക് പറപ്പിച്ചിരുന്നു അക്രമോത്സുക ബാറ്റിങ്ങിന്റെ ആദ്യ മാതൃകകളിൽ ഒന്നായ റിച്ചാർഡ്‌സ്. അദ്ദേഹത്തെപ്പറ്റി പറഞ്ഞു കേൾക്കുന്ന ഒരു കഥയുണ്ട്. തന്നെ സ്ലെഡ്ജ് ചെയ്യാൻ ശ്രമിക്കുന്ന ബൗളർമാരോട് 'പാടത്ത് ജോലി, വരമ്പത്ത് കൂലി' എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. അതുകൊണ്ടുതന്നെ പല ക്യാപ്റ്റൻമാരും തങ്ങളുടെ പുതിയ ബൗളർമാരെ റിച്ചാർഡ്സിനോട് സൂക്ഷിച്ചു മാത്രം പെരുമാറണം എന്ന് പ്രത്യേകം പറഞ്ഞു മനസ്സിലാക്കിയിരുന്നു. ഒരിക്കൽ സോമർസെറ്റ് കൗണ്ടിക്കുവേണ്ടി കളിച്ചുകൊണ്ടിരുന്ന കാലത്ത്, ഗ്‌ളാമോർഗനെതിരെയുള്ള ഒരു മത്സരം നടക്കുകയായിരുന്നു. റിച്ചാർഡ്‌സ് ആയിരുന്നു സ്‌ട്രൈക്കിൽ. ഗ്രെഗ് തോമസ് എന്ന ഫാസ്റ്റ് ബൗളറുടെ ആദ്യ ഓവറിലെ പന്തുകൾ അദ്ദേഹം തുടർച്ചയായി മിസ് ചെയ്തു കൊണ്ടിരുന്നു. അടുത്ത ഓവറിൽ ആദ്യ പന്തെറിഞ്ഞ് ഫോളോ ത്രൂ ഒരല്പം നീട്ടി തോമസ്, നേരെ റിച്ചാർഡ്സിനടുത്ത് ചെന്ന് അദ്ദേഹത്തെ കളിയാക്കി.. "അതേ.. റിച്ചാർഡ്‌സ്.. സാധനത്തിന് ചോപ്പ് നിറമാണ്.."
അടുത്ത പന്തും ഒന്ന് മൂളിക്കൊണ്ട് റിച്ചാർഡ്സിനെ ബീറ്റ് ചെയ്തുകൊണ്ട് കടന്നുപോയി.. തോമസ് വീണ്ടും പരിഹാസവുമായെത്തി. "അതേ.. റിച്ചാർഡ്‌സ്.. ചോപ്പ് നിറം മാത്രമല്ല.. ഒരു വെള്ള സ്റ്റിച്ചുമുണ്ട്.. ഒന്നൂടെ സൂക്ഷിച്ച് നോക്കൂ.. " റിച്ചാർഡ്‌സ് അസ്വസ്ഥനായിത്തുടങ്ങി.
അടുത്ത ഡെലിവറിയിലും ബോൾ മിസ്സ് ചെയ്തു റിച്ചാർഡ്‌സ്.. അതോടെ തോമസിന്റെ ധൈര്യം ഇരട്ടിച്ചു.. സ്ലെഡ്ജിങ്ങ് അതിന്റെ പരമകാഷ്ഠയിലെത്തി.. "അതേ.. റിച്ചാർഡ്‌സ്.. ചോപ്പ് നിറമാണ്.. വെള്ള സ്റ്റിച്ചുണ്ട്.. ഉരുണ്ടിട്ടാണ്.. ഏകദേശം നൂറുനൂറ്റമ്പത് ഗ്രാം വരും ഭാരം.. സൂക്ഷിച്ചു നോക്കണം.. എന്നാലേ കാണൂ.. " അയാൾ ഊറിച്ചിരിച്ചുകൊണ്ട് റിച്ചാർഡ്സിനോട് പറഞ്ഞു.
റിച്ചാർഡ്‌സ് കോപം കൊണ്ട് വിറച്ചുതുള്ളി.. തന്റെ ഏകാഗ്രത പാളുന്നതായി തോന്നിയപ്പോൾ അദ്ദേഹം പിച്ചിലൂടെ ഒന്നുലാത്തിക്കൊണ്ട് തന്റെ സംയമനം വീണ്ടെടുക്കാൻ ശ്രമിച്ചു. തിരിച്ചു ചെന്ന് ഫ്രഷായി ഗാർഡെടുത്തു റിച്ചാർഡ്‌സ്. എന്നിട്ട് അടുത്ത ഡെലിവറിക്കായി കാത്തു.
ഈ പന്തിൽ തന്നെ അടിച്ച് അട്ടംകേറ്റാൻ റിച്ചാർഡ്‌സ് ശ്രമിക്കുമെന്ന് തോമസിനുറപ്പായിരുന്നു. റിച്ചാർഡ്‌സ് ഇതും ഒരു ബൗൺസറാവും എന്ന് പ്രതീക്ഷിക്കും. അപ്പോൾ ഒന്ന് യോർക്ക് ചെയ്ത് ആളെ വിക്കറ്റിനുമുന്നിൽ കുടുക്കാം എന്നായിരുന്നു തോമസിന്റെ പ്ലാൻ. പക്ഷേ, റിച്ചാർഡ്‌സ് 'അതുക്കും മേലെ' ആയിരുന്നു. ബൗളറുടെ ഈ നയം നല്ല പരിചയമുണ്ടായിരുന്ന റിച്ചാർഡ്‌സ്, ചെറുതായി ഒന്ന് 'ഇമ്പ്രൂവൈസ്' ചെയ്തതോടെ പന്ത് കറക്ട് ലെങ്ങ്തിൽ ബാറ്റിൽ കണക്ടായി. ബൗളറോടുള്ള അരിശം മൊത്തം വീശലിൽ തീർത്തതോടെ പന്ത് ബൗണ്ടറിയും, ഗാലറിയും, സ്റ്റേഡിയം തന്നെയും കടന്ന് കുറച്ചപ്പുറത്തുകൂടെ ഒഴുകിക്കൊണ്ടിരുന്നു ടാഫ് നദിയിൽ ചെന്ന് വീണു. പന്തിന്റെ പ്രയാണവും നോക്കി നോക്കി തോമസ് നടന്നു നടന്ന് റിച്ചാർഡ്സിനരികിൽ എത്തി. അപ്പോൾ കഴിഞ്ഞ മൂന്നു പന്തിൽ തന്നോടടിച്ച ഡയലോഗുകൾക്ക് ഒന്നിച്ചുള്ള മറുപടി റിച്ചാർഡ്‌സ് പറഞ്ഞു, "ചോപ്പ് നിറമാണ്, വെള്ള സ്റ്റിച്ചുണ്ട്, ഉരുണ്ടിട്ടാണ്, ഏകദേശം നൂറു നൂറ്റമ്പത് ഗ്രാം ഭാരം വരും.. നല്ല പരിചയമുള്ളതല്ലേ, മോൻ തന്നെ പോയി എടുത്തോണ്ട് വാ..."
ഈ ഓൺ ഫീൽഡ് ഹീറോയിസം ഒക്കെ മാറ്റി നിർത്തിയാൽ തന്റെ സുദീർഘമായ ബാറ്റിങ്ങ് കരിയറിൽ ഒരിക്കൽപ്പോലും ഒരു പന്തുവന്നു കൊണ്ട് തലയ്ക്കു പരിക്കേൽക്കാതെ റിച്ചാർഡ്‌സ് രക്ഷപ്പെട്ടത് എന്തോ ഭാഗ്യം എന്നു മാത്രമേ പറയാനാവൂ. ആ ഭാഗ്യം പക്ഷേ, രമൺ ലാംബയ്ക്ക് കൈവന്നില്ല.
രഞ്ജിയിൽ മിന്നുന്ന പ്രകടനത്തോടെ ട്രിപ്പിൾ സെഞ്ചുറിയും മറ്റും അടിച്ച് സെലക്ടർമാരുടെ ശ്രദ്ധപിടിച്ചു പറ്റിയ രമൺ ഇന്ത്യൻ ഇലവനിൽ കളിക്കാനിറങ്ങുന്നത് 1986 -ലെ ഓസ്ട്രലേഷ്യാ കപ്പിലാണ്. അന്ന് സബ്സ്റ്റിറ്റിയൂട്ട് ഫീൽഡറായാണ് അദ്ദേഹം ആദ്യമായി കളിക്കളത്തിൽ ഇറങ്ങുന്നത്. കപിൽ ദേവിന്റെ പന്തിൽ അബ്ദുൾ ഖാദിറിനെ പുറത്താക്കിയ ഒരുഗ്രൻ അക്രോബാറ്റിക് ക്യാച്ചിലൂടെ ചടുലമായ ഫീൽഡിങ്ങിന് രമൺ അറിയപ്പെട്ടു. താമസിയാതെ ബാറ്റിംഗിലും അവസരം കിട്ടി. തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ച ലാംബയെ 89 -ലെ നെഹ്‌റു കപ്പിൽ കൃഷ്ണമാചാരി ശ്രീകാന്തിനൊപ്പം ഓപ്പണറായി നിയോഗിച്ചു. രണ്ടുപേരും നല്ല സ്ട്രോക്ക് പ്ലെയേഴ്സ് ആയിരുന്നു. ഈ ജോഡികളുടെ അക്രമാസക്തമായ കേളീശൈലി കടമെടുത്താണ് പിൽക്കാലത്ത് സനത് ജയസൂര്യയും റൊമേഷ് കലുവിതരണയും ഓപ്പണിങ്ങ് ഓവറുകളിൽ വെടിക്കെട്ട് എന്ന ശൈലിക്ക് തുടക്കമിടുന്നത്. ആദ്യമൊക്കെ ഭാഗ്യം ലാംബയുടെ കൂടെ ഉണ്ടായിരുന്നുവെങ്കിലും പോകെപ്പോകെ അദ്ദേഹം ഫോമൗട്ടായി. ടീമിൽ ഇടം നഷ്ടപ്പെട്ടു. അദ്ദേഹം ഇടക്കാലത്ത് അയർലണ്ടിൽ ക്ലബ്ബ് ക്രിക്കറ്റ് കളിയ്ക്കാൻ ചെന്നു. അവിടെ നിന്നും ഒരു ഐറിഷ് പെൺകുട്ടിയെ വിവാഹം ചെയ്തു. ഏറെക്കാലം അവിടെ കളിച്ചു. കൂടുതൽ പ്രതിഫലം ഓഫർ ചെയ്യപ്പെട്ടപ്പോൾ അദ്ദേഹം തന്റെ തട്ടകം ബംഗ്ളാദേശിലേക്ക് മാറ്റി. അവിടെ ക്ലബ്ബ് ക്രിക്കറ്റിൽ അദ്ദേഹം സജീവമായി. പലപ്പോഴും അദ്ദേഹം തന്റെ വിദേശികളായ സുഹൃത്തുക്കളോട് അവകാശപ്പെട്ടിരുന്നത് താൻ 'ധാക്കയിലെ ഡോൺ' ആണെന്നായിരുന്നു.
അങ്ങനെ ആ ബംഗ്ളാ ക്ലബ്ബ് ക്രിക്കറ്റ് കാലത്തിനിടെയാണ് അദ്ദേഹത്തിന്റെ ജീവനെടുത്ത ആ അപകടം നടക്കുന്നത്. അദ്ദേഹം അന്ന് 'അബഹാനി ക്രീഡാ ചക്ര' എന്നുപേരായ ഒരു ക്ലബ്ബിന്റെ താരമാണ്. 1998 ഫെബ്രുവരി 20. ബംഗബന്ധു സ്റ്റേഡിയത്തിൽ മൊഹമ്മദൻ സ്പോർട്ടിങ്ങിനെതിരെയുള്ള അന്നത്തെ 'ധാക്കാ പ്രീമിയർ ലീഗ്' മത്സരം നടക്കുന്നു. അബഹാനിയുടെ സ്ഥിരം ക്യാപ്റ്റന്റെ അഭാവത്തിൽ അന്ന് വിക്കറ്റ് കീപ്പറായിരുന്ന ഖാലിദ് മസൂദ് ആയിരുന്നു ഫീൽഡിൽ അബഹാനിയുടെ കളിയ്ക്ക് ചുക്കാൻ പിടിച്ചിരുന്നത്. കളിക്കിടെ മസൂദ് ഇടത്തേക്കയ്യൻ സ്ലോ ഓർത്തഡോക്സ് സ്പിൻ ബൗളറായിരുന്ന സൈഫുള്ളാ ഖാനെ പന്തേൽപ്പിക്കുന്നു. മൂന്നു ഡെലിവറികൾ കഴിഞ്ഞതോടെ മസൂദിന് ഫീൽഡിൽ മാറ്റം വരുത്തണം എന്ന് തോന്നുന്നു. അദ്ദേഹം ചുറ്റും നോക്കിയപ്പോൾ പോയന്റിൽ നിൽക്കുന്ന രമൺ ലാംബയെ ആണ് ആദ്യം കണ്ടത്. ഫോർവേഡ് ഷോർട്ട് ലെഗ്ഗിലോട്ട് കേറി നിൽക്കാമോ എന്ന് അദ്ദേഹം ലാംബയോട് ചോദിക്കുന്നു. ലാംബ ഓടി വന്ന് പൊസിഷനിൽ നിൽക്കുന്നു. "ഹെൽമെറ്റ് ഇടുന്നില്ലേ?" എന്ന് മസൂദ് ഓർമ്മിപ്പിച്ചപ്പോൾ, "ഓ.. സാരമില്ല.. മൂന്നു ബോളല്ലേ ഉള്ളൂ.. വേണ്ട.." എന്ന് ലാംബ മറുപടി നൽകി.
അപ്പോൾ ലാംബ പറഞ്ഞു.. "ബുള്ളീ.. ഞാനിപ്പോൾ ചാവുമെടാ.."
സൈഫുള്ളയുടെ പന്ത് ഷോർട്ട് ആയിരുന്നു. ക്രീസിലുണ്ടായിരുന്ന മെഹ്റാബ് ഹുസ്സൈൻ അത് അനായാസം പുൾ ചെയ്തു. ബാറ്റിൽ നിന്നും തീയുണ്ട പോലെ പാഞ്ഞ പന്ത് നേരെ തൊട്ടടുത്ത് തന്നെ നിന്നിരുന്ന ലാംബയുടെ നെറ്റിയിൽ തട്ടി തിരിച്ചു തെറിച്ച് മസൂദിന്റെ പിന്നിലേക്ക് വീണു. മസൂദ് ഡൈവ് ചെയ്ത് ക്യാച്ചെടുത്ത ശേഷം അപ്പീൽ ചെയ്തു. അമ്പയർ മെഹ്റാബിനെ ഔട്ടെന്നു വിധിച്ചു. സന്തോഷത്തോടെ മസൂദ് തിരിഞ്ഞു ലാംബയെ നോക്കിയപ്പോൾ ആൾ പന്തുവന്നുകൊണ്ട ആഘാതത്തിൽ മറിഞ്ഞുവീണുകിടക്കുന്നതായിരുന്നു കണ്ടത്. ഏറെ പണിപ്പെട്ട് ലാംബ എഴുന്നേറ്റിരുന്നു. പിന്നെ വയ്യ എന്നറിയിച്ച് ഫീൽഡിൽ നിന്നും, വേച്ചു വെച്ചാണെങ്കിലും നടന്നുതന്നെ പുറത്തേക്കു പോയി, പുറത്തായ മെഹ്റാബിനു പകരമിറങ്ങിയ അമിനുൾ ഇസ്‌ലാം ക്രീസിലേക്കു പോകും വഴി ലാംബയോട് ചോദിച്ചു.. "കുഴപ്പമൊന്നും ഇല്ലല്ലോ ദാദാ..?" അപ്പോൾ ലാംബ പറഞ്ഞു.. "ബുള്ളീ..( അമീനുള്ളിന്റെ വിളിപ്പേരായ ബുൾബുൾ..) ഞാനിപ്പോൾ ചാവുമെടാ.." അപ്പോൾ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയ ലാംബ താമസിയാതെ മസ്തിഷ്കത്തിൽ രക്തസ്രാവം കാരണം കോമയിലേക്ക് വഴുതി വീണു. ദില്ലിയിൽ നിന്നും അന്നുതന്നെ ഒരു സ്‌പെഷലിസ്റ്റ് ന്യൂറോ സർജനെ ബംഗ്ളാദേശിൽ എത്തിച്ചെങ്കിലും പ്രാഥമിക പരിശോധനകൾക്കു ശേഷം അദ്ദേഹം പ്രതീക്ഷകൾക്ക് വകയില്ല എന്നറിയിച്ചു. ഭാര്യ കിമ്മും അഞ്ചുവയസ്സുള്ള മകൻ കമ്രാനും മൂന്നുവയസ്സുള്ള മകൾ ജാസ്മിനും അദ്ദേഹത്തിന്റെ തൊട്ടടുത്തുതന്നെ ഇരുന്നു അടുത്ത മൂന്നുദിവസം. മൂന്നാം നാൾ അദ്ദേഹത്തിന്റെ ഭാര്യയുടെ അനുമതിയോടെ ലൈഫ് സപ്പോർട്ടിൽ നിന്നും അദ്ദേഹത്തെ മാറ്റി. അടുത്ത നിമിഷം അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു.
ലാംബയെന്നാൽ യൗവ്വനത്തിന്റെ തീക്ഷ്ണതയായിരുന്നു. മനസ്സിലും, കളിയിലും, ജീവിതത്തിലും, ഒടുവിൽ മരണത്തിലും യൗവനം നിലനിർത്തിക്കൊണ്ട്, രമൺ ലാംബ എന്ന അതുല്യപ്രതിഭ നമ്മളെ വിട്ടുപോയിട്ട് ഇന്നേക്ക് ഇരുപത്തൊന്നു വർഷം..!