'ഞാൻ ജിന്നിനെ കണ്ടിട്ടുണ്ട്, പേടിക്കേണ്ട ഞാനെപ്പോഴും നിന്‍റെ ഒപ്പമുണ്ടാകും എന്നും പറഞ്ഞു'

ഏഷ്യാനെറ്റ് ന്യൂസിൽ ഞാൻ 'യാത്ര' എന്ന പരിപാടി ഗോകർണ്ണത്തുനിന്ന് തുടങ്ങി, മൂന്ന് വർഷത്തിന് ശേഷം (2014) കോഴിക്കോട്ടെത്തിയപ്പോൾ കുഞ്ഞിക്കയ്ക്ക് വയ്യാതായിരിക്കുന്നു. വിളിയ്ക്കുമ്പോഴെല്ലാം തീരെ വയ്യ, നിന്‍റെ അടുത്ത വരവിലാകാം എന്ന് പറയും. കുഞ്ഞിക്കയില്ലാതെ എന്തു 'യാത്ര'? ഞാൻ വിളിച്ചുകൊണ്ടേയിരുന്നു. ''നീയെനിക്ക് എത്ര തരും?'' ഒരിക്കൽ ചോദിച്ചു. 

punathil kunjabdulla memory by mangad rathnakaran

നുണയുടെ ഒരു തരി പോലും നാവിലില്ലാത്തതുപോലെയാണ് വർത്തമാനം. കൺമുന്നിൽ കണ്ടതുപോലെ അങ്ങനെ രസിച്ചുപറയുകയാണ്. വെറുതെയല്ല, ഈ വല്ലാത്ത പഹയൻ കഥ പറഞ്ഞപ്പോൾ ആളുകൾ വാ പൊളിച്ചത്! പുനത്തിൽ കുഞ്ഞബ്ദുള്ളയുമായി സൗഹൃദങ്ങളുടെ ആഴങ്ങൾ താണ്ടിയ ഏഷ്യാനെറ്റ് ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്ററും എഴുത്തുകാരനുമായ മാങ്ങാട് രത്നാകരന്‍റെ അനുഭവങ്ങളിലൂടെ...

punathil kunjabdulla memory by mangad rathnakaran

കുറച്ചേറെ വർഷങ്ങൾക്ക് മുമ്പ് അക്ബർ കക്കട്ടിൽ എടുത്തടിച്ചതുപോലെ ചോദിച്ചു. ''നീയും കുഞ്ഞിക്കയും തമ്മിൽ എന്താ പ്രശ്നം?''. ''എന്തു പ്രശ്നം? ഞാനതിന് അദ്ദേഹത്തെ ഇതുവരെ കണ്ടിട്ടുപോലുമില്ലല്ലോ; വായിച്ചിട്ടേയുള്ളൂ.'' 

''നുണ. എന്നോട് ഇന്നലെ നിന്നെ കുറേ ചീത്ത പറഞ്ഞല്ലോ. നീ മേതിലിന്‍റെ വാപ്പയാണെന്നും മറ്റും. നീ ബുദ്ധിജീവിയാണെന്നും നിന്‍റെ എഴുത്ത് തീരെ മനസ്സിലാകുന്നില്ലെന്നും പറഞ്ഞു.'' 'ഖസാക്കിലെ രവി'യെ അനുകരിച്ച് ഞാൻ പറഞ്ഞു. ''അതു നല്ലതല്ലേ?.'' നേരിൽ കണ്ടിരുന്നില്ലെങ്കിലും എനിക്ക് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഒരു കത്ത് കിട്ടിയിരുന്നു. എന്‍റെ ഒരു കുറിപ്പ് എവിടെയോ വായിച്ചതിന്‍റെ പ്രതികരണമായി. എന്‍റെ ഒരു പാചകക്കുറിപ്പിന് 'പ്രതികാര'മായി വിശേഷപ്പെട്ട പാചകക്കുറിപ്പ്.

'രത്നാകരന്‍റെ ദാമ്പത്യമേ', എന്ന് സംബോധന. (ടി.ആറിന്‍റെ ഒരു ചെറുകഥയുടെ ശീർഷകമാണ് സംഗതി എന്ന് കുഞ്ഞിക്ക തന്നെ പിന്നീട് പറഞ്ഞ് മനസ്സിലായി.)

''250 ഗ്രാം തക്കാളി ജ്യൂസാക്കുക. ഒരു ടിൻ സോസേജ് (സെൻട്രൽ ഡയറി ഫാം, അലിഗഢിൽ നിന്ന് തന്നെ വാങ്ങണം. റഷ്യൻ പന്നികളാണവിടെ.) 25 ഗ്രാം ബട്ടർ ചീനച്ചട്ടിയിലാക്കി 25 എണ്ണം കാന്താരി മുളകും (നെടുകെ കീറുക) മൂന്ന് വലിയ വെളുത്തുള്ളിയും മൂപ്പിച്ച് ജ്യൂസ് ചേർത്ത് ചൂടാകുമ്പോൾ സോസേജ് അതിലിട്ട് ഇളക്കി പുറത്തെടുക്കുക. സ്മിർനോഫ് വോഡ്‍കയുടെ കൂടെ അത്യുത്തമം.''

വോഡ്‍ക ശീലമല്ലാത്തതിനാൽ പരീക്ഷിച്ചില്ല. റഷ്യൻ പന്നികളെയും കിട്ടണ്ടേ?

പിന്നീട്, മദിരാശിയിൽ സക്കറിയയോടൊപ്പം കണ്ട് നേരിട്ട് പരിചയപ്പെട്ടപ്പോൾ ചോദിച്ചു. ''ഞാനൊരു പാചകക്കുറിപ്പ് അയച്ചിരുന്നല്ലോ. നീയത് പരീക്ഷിച്ചോ?''. 
''വോഡ്‍ക ശീലമല്ലാത്തതിനാൽ പരീക്ഷിച്ചില്ല. റഷ്യൻ പന്നികളെയും കിട്ടണ്ടേ?''
''എനിയ്ക്ക് ജിൻ മാത്രമേ ശീലമല്ലാത്തതുള്ളൂ.'' കുഞ്ഞിക്ക ചിരിച്ചു. ''ജിന്ന് എപ്പോഴും എന്‍റെ കൂടെയുള്ളതിനാൽ. ഞാൻ ജിന്നിനെ കണ്ടിട്ടുണ്ട്.'' 
''എങ്ങനെയുണ്ട് ആൾ?''
''നല്ല തെങ്ങിന്‍റെ ഉയരമുണ്ട്. വെള്ള അങ്കിയാണ്. പിന്നോട്ടാണ് നടത്തം. എന്നിട്ട് എന്‍റെ മുന്നിൽ വന്നു കുനിഞ്ഞുനിന്നു.''
''അതെങ്ങനെ?'' 
''അതാണ് നിങ്ങൾ ബുദ്ധിജീവികളുടെ കുഴപ്പം. പറഞ്ഞാൽ മനസ്സിലാവില്ല. തിരിഞ്ഞുനിന്ന് പിന്നോട്ടുനടന്ന് എന്‍റെ മുന്നിലെത്തിയപ്പോൾ വീണ്ടും തിരിഞ്ഞു. നല്ല നിലാവുണ്ടായിരുന്നു. ഞാൻ നിലവിളിയ്ക്കാൻ നോക്കി. അപ്പോഴെന്‍റെ മൊട്ടത്തലയിൽ തടവി. പേടിക്കേണ്ട, ഞാൻ നിന്‍റെ ഒപ്പം എപ്പോഴും ഉണ്ടാകും എന്നു പറഞ്ഞു.'' 

മദിരാശിയിൽ വരുമ്പോഴെല്ലാം കുഞ്ഞിക്ക സക്കറിയയുടെ കൂടെയായിരിക്കും

നുണയുടെ ഒരു തരിമ്പ് പോലും നാവിലില്ലാത്തതുപോലെയാണ് വർത്തമാനം. കൺമുന്നിൽ കണ്ടതുപോലെ അങ്ങനെ രസിച്ചുപറയുകയാണ്. വെറുതെയല്ല ഈ വല്ലാത്ത പഹയൻ കഥ പറഞ്ഞപ്പോൾ ആളുകൾ വാ പൊളിച്ചത്! 

മദിരാശിയിൽ വരുമ്പോഴെല്ലാം കുഞ്ഞിക്ക സക്കറിയയുടെ കൂടെയായിരിക്കും. കെ.സി.നാരായണന്‍റെ മുറിയിൽ വൈകുന്നേരങ്ങളിൽ ഞങ്ങൾ ഒത്തുകൂടും. അങ്ങനെയൊരുനാൾ കൂടിയിരിക്കുന്ന നേരത്ത് മലയാളികൾക്ക് നല്ല പരിചയമുള്ള ഒരു തമിഴ് എഴുത്തുകാരനും വന്നുപെട്ടു. സംഭാഷണം എങ്ങനെയോ ചുറ്റിത്തിരിഞ്ഞ് മരണത്തിലും ആത്മഹത്യയിലും വന്നുനിന്നു. 'ഡോക്ടർ അകത്തുണ്ടായിരുന്ന'തിനാൽ 'ക്ലിനിക്കൽ' മാനം കൂടി സംഭാഷണങ്ങൾക്കുണ്ടായിരുന്നു. ഫലിതങ്ങൾ മരണത്തെ ചിലപ്പോഴെങ്കിലും രസമുള്ള അനുഭവമാക്കി. 

ആലുവാപ്പുഴയിൽ മുങ്ങിത്താണതും ഭാഗ്യത്തിന് രക്ഷപ്പെട്ടതുമായ അനുഭവം സക്കറിയ മാഷ് പറഞ്ഞപ്പോൾ കുഞ്ഞിക്ക: ''നീ നസ്രാണിയല്ലേ? ആത്മാർഥമായി മുങ്ങിക്കാണില്ല.'' 
''ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ'' സക്കറിയ.
''ആത്മഹത്യ ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം ഏതാണെന്നോ? തോക്കിന്‍റെ കുഴൽ ചെവിയ്ക്ക് മേലെ വച്ച് കാഞ്ചി ഒരൊറ്റ വലി,'' കുഞ്ഞിക്ക അഭിനയിച്ചു കാണിച്ചു,''വേദന അറിയില്ല''.

എന്‍റെ അച്ഛനും അമ്മയും തൂങ്ങിമരണമാണ് തെ‌രഞ്ഞെടുത്തത്

കാടിളക്കിയതും ലഹരി തീണ്ടിയതുമായ ഞങ്ങളുടെ സംഭാഷണങ്ങളിൽ മടിച്ചുമടിച്ചുമാത്രം ഇടപെട്ടിരുന്ന തമിഴ് എഴുത്തുകാരൻ അപ്പോൾ മാത്രം തല പൊക്കി. ''എന്‍റെ അച്ഛനും അമ്മയും തൂങ്ങിമരണമാണ് തെ‌രഞ്ഞെടുത്തത്. തൂങ്ങിമരിയ്ക്കുമ്പോൾ വേദനയുണ്ടാകുമോ ഡോക്ടർ?''

എല്ലാവരുടെയും പതംവന്ന നാവ് പൊടുന്നനെ താണു. സാഹിത്യത്തിൽ പറയുമ്പോലെ, നിശ്ശബ്ദത തളം കെട്ടി. ആ അനുഭവമാണ് സക്കറിയയുടെ 'സന്ദർശകൻ' എന്ന കഥ. കുഞ്ഞിക്ക, കെ.സി.നാരായണൻ, തമിഴ് എഴുത്തുകാരൻ എന്നിവരെക്കൂടാതെ ഞാനും ആ കഥയിൽ കഥാപാത്രമാണ്. സക്കറിയ നിർദേശിച്ച മൂന്ന് പേരുകളിൽ 'സന്ദർശകൻ' എന്ന പേര് നൽകിയത് ഞാനാണ്. ''ആ കഥ വായിച്ചപ്പോൾ ഞാൻ നടുങ്ങി. കറിയാച്ചന്‍റെ പല കഥകളും പല വട്ടം വായിച്ചിട്ടുണ്ട്. ഇത് ഒരു വട്ടം മാത്രമേ വായിച്ചിട്ടുള്ളൂ.'' പിന്നീട് കണ്ടപ്പോൾ പറഞ്ഞു.

കുഞ്ഞിക്ക തിരുവനന്തപുരത്തുണ്ടായിരുന്ന കാലങ്ങളിൽ ഞാനും അവിടെ ഉണ്ടായിരുന്നുവെങ്കിലും അപൂർവമായേ കാണാറുണ്ടായിരുന്നുള്ളൂ. കാണുമ്പോൾ, തലേന്ന് കണ്ടുപിരിഞ്ഞ പോലെ. കുശലങ്ങൾ, കുസൃതികൾ, കല്‍മഷമുള്ളതും ഇല്ലാത്തതുമായ പരാമർശങ്ങൾ. അങ്ങനെയൊരിക്കൽ, ഒരു മലയാളകവിയ്ക്ക് റഷ്യയുടെ ബഹുമതിയായ യെസെനിൻ പുരസ്കാരം നൽകുന്ന ചടങ്ങിൽ, സദസ്സിൽ ഞങ്ങൾ അടുത്തടുത്തായിരുന്നു. 

കവി പ്രസംഗിയ്ക്കുകയാണ്. കുഞ്ഞിക്ക ചെവിയിൽ പറഞ്ഞു. ''ഇവൻ വടകരയിൽ വന്നാൽ ഞാൻ കള്ള് വാങ്ങിച്ചുകൊടുക്കണം, തിരുവനന്തപുരത്ത് ഇവന്‍റെ വീട്ടിൽപ്പോയാലും ഞാൻ കള്ളുവാങ്ങിച്ചുകൊടുക്കണം. ഇന്ന് ഇവൻ അവാർഡ് വാങ്ങിച്ചതല്ലേ, ഞാൻ കള്ള് വാങ്ങിച്ചുകൊടുത്തേയ്ക്കാം, നീയും വാ.''

പരിഹാസത്തേക്കാൾ മൂർച്ച ആത്മപരിഹാസത്തിനാണ്. ഒരിക്കൽ എംടിയെക്കുറിച്ചുള്ള എന്തോ വർത്തമാനത്തിനിടെ പറയുകയാണ്, ''എംടിയുടെ പെട്ടിയെടുക്കലാണല്ലോ എന്‍റെ പണി. ഈയിടെ എംടിയോടൊപ്പം തിരുവനന്തപുരത്ത് പോയപ്പോൾ വേറൊരാൾ പ്ലാറ്റ് ഫോറത്തിൽ നിന്ന് വണ്ടിയിൽ ചാടിക്കയറി എംടിയുടെ പെട്ടി എടുക്കുകയാണ്. എനിക്കാകെ കലി വന്നു. പിന്നെ പരിചയപ്പെട്ടപ്പോൾ, ആൾ നല്ലവനാണ്. ഞാൻ പറഞ്ഞു, ഇനി മുതൽ എംടിയുടെ പെട്ടി നീ എടുത്തോ. പക്ഷേ, രണ്ട് പെട്ടിയുണ്ടെങ്കിൽ ഒന്നെടുക്കാൻ എന്നെ അനുവദിക്കണം.''

കുഞ്ഞിക്ക ബേപ്പൂരിൽ ബിജെപി സ്ഥാനാർഥിയായി മത്സരിയ്ക്കുന്നു

പല പരിഹാസങ്ങളും ആത്മപരിഹാസങ്ങളും എഴുതാൻ കൊള്ളില്ലെന്ന് പറയേണ്ടതില്ലല്ലോ. തെറി, പച്ചത്തെറി ആത്മസാക്ഷാത്കാരത്തിന് ഉപയോഗിക്കുന്ന നാട്ടിൽ, അതേ മട്ടിലാണ് കുഞ്ഞിക്ക ഉപയോഗിച്ചതെന്നേ പറയാനുള്ളൂ. എന്‍റെ മാധ്യമജീവിതവുമായി ബന്ധപ്പെട്ട രണ്ട് കാര്യങ്ങൾ ഓർമ വരുന്നു. 2010 -ൽ കോഴിക്കോട്ട് പണിയെടുക്കുന്നു. വയനാട്ടിൽ നിന്ന് പ്രിയ സുഹൃത്ത് ഒ.കെ.ജോണി വിളിച്ചുപറഞ്ഞു. നാളെ രാവിലെ ക്യാമറയുമെടുത്ത് വടകരയ്ക്ക് വിട്ടോ, കുഞ്ഞിക്ക ബേപ്പൂരിൽ ബിജെപി സ്ഥാനാർഥിയായി മത്സരിയ്ക്കുന്നു.

യാതൊരതിശയവും തോന്നിയില്ല, അതിലപ്പുറവും സംഭവിയ്ക്കാം. വടകരയിലെത്തുമ്പോൾ ക്ലിനിക്ക് തുറക്കുന്നതേയുള്ളൂ. ''നീയെന്താ രാവിലെ?'' ഞാൻ കാര്യം പറഞ്ഞു. ''ആരോ നിന്നെ പറഞ്ഞുപറ്റിച്ചതാണ്. നീ ബുദ്ധിജീവിയല്ലേ, വെള്ളം തൊടാതെ വിഴുങ്ങി. ഏതായാലും നീ വന്നതല്ലേ, നമുക്ക് മാഹിയിൽ പോകാം. അവിടെ ഒരു ഹോട്ടലിൽ നല്ല മുരു കിട്ടും. കുറച്ചുനേരം വിശ്രമിയ്ക്ക്. ഉച്ചയോടെ പോകാം.''

ഒരു മുറി തുറന്നുതന്നു. ഞാനും ക്യാമറാമാൻ കെ.പി.രമേഷും അവിടെ വിശ്രമിച്ചു. അങ്ങോട്ടേക്കുള്ള യാത്രയിൽ മുരുവിനെ വർണിച്ചു, മുരുവിന്‍റെ രുചിയെ പാടിപ്പുകഴ്ത്തി. വൈകിട്ട് തിരിച്ചുപോരുമ്പോൾ പറഞ്ഞു. 

''ആരാണ് നിന്‍റെ സോഴ്‍സ്?'' ഞാൻ പേര് വെളിപ്പെടുത്തിയില്ല. വെളിപ്പെടുത്താൻ പറ്റാഞ്ഞിട്ടല്ല. രാഗദ്വേഷമാണ് അവർ തമ്മിൽ.
‍''ആരായാലും നീ കേട്ടത് ശരിയാണ്. ബേപ്പൂരിൽ ബിജെപി എനിയ്ക്ക് ടിക്കറ്റ് തന്നിട്ടുണ്ട്. നമുക്ക് വീട്ടിൽച്ചെന്ന് സംസാരിക്കാം.''
''വേണ്ട, സുബോധത്തോടെയല്ലാത്ത ഇന്‍റർവ്യൂ എനിയ്ക്ക് വേണ്ട. എത്ര എക്സ്ക്ലൂസീവായാലും. ഞാൻ നാളെ രാവിലെ വരാം.''
ഓ, എംഎൻ വിജയന്‍റെ ഒരു ശിഷ്യൻ വന്നിരിക്കുന്നു! ഞാനാണെടാ ആദ്യത്തെ ശിഷ്യൻ, രത്നാകരന്‍റെ ദാമ്പത്യമേ!

നിന്‍റെ സ്വന്തം ചാനലാണെങ്കിൽ ഞാനങ്ങോട്ട് പൈസ തരാം. കടം വാങ്ങിച്ചിട്ടായാലും

ഏഷ്യാനെറ്റ് ന്യൂസിൽ ഞാൻ 'യാത്ര' എന്ന പരിപാടി ഗോകർണ്ണത്തുനിന്ന് തുടങ്ങി, മൂന്ന് വർഷത്തിന് ശേഷം (2014) കോഴിക്കോട്ടെത്തിയപ്പോൾ കുഞ്ഞിക്കയ്ക്ക് വയ്യാതായിരിക്കുന്നു. വിളിയ്ക്കുമ്പോഴെല്ലാം തീരെ വയ്യ, നിന്‍റെ അടുത്ത വരവിലാകാം എന്ന് പറയും. കുഞ്ഞിക്കയില്ലാതെ എന്തു 'യാത്ര'? ഞാൻ വിളിച്ചുകൊണ്ടേയിരുന്നു. ''നീയെനിക്ക് എത്ര തരും?'' ഒരിക്കൽ ചോദിച്ചു. ''എത്ര തരണം?'' ഞാൻ ചോദിച്ചു. ''പതിനായിരം''. 'യാത്ര'യിൽ അഭിമുഖത്തിന് പ്രതിഫലം നൽകുന്ന രീതിയുണ്ടായിരുന്നില്ല. 
''അയ്യായിരം പോരേ?''
''നിന്‍റെ സ്വന്തം ചാനലാണെങ്കിൽ ഞാനങ്ങോട്ട് പൈസ തരാം. കടം വാങ്ങിച്ചിട്ടായാലും. നീയെന്തിന് മുതലാളിയ്ക്ക് കാശുണ്ടാക്കിക്കൊടുക്കുന്നു?''

സുഹൃത്തും എഡിറ്റർ-ഇൻ-ചീഫുമായ ടിഎൻ ഗോപകുമാറിനോട് പറഞ്ഞു. ''എഴുത്തുമാത്രമല്ലേ കുഞ്ഞിക്കയ്ക്ക് വരുമാനം. നീയൊരു ഇ-മെയിൽ റിക്വസ്റ്റ് താ, ഞാൻ ശരിയാക്കാം,'' ടിഎൻ ഗോപകുമാർ പറഞ്ഞു. ഷൂട്ട് ചെയ്യുന്ന ദിവസം ചാലപ്പുറത്തെ കാസബ്ലാങ്കയിലെത്തുമ്പോൾ കുഞ്ഞിക്ക കുറച്ചൊക്കെ ആരോഗ്യവാനായിരുന്നു. പതിനായിരം രൂപയടങ്ങിയ കവർ ആദ്യമേ കൈമാറി. സഹായിയായ ഷംസുദ്ദീനോട് ആ കവറിൽ നിന്ന് അയ്യായിരം രൂപ എണ്ണിയെടുക്കാൻ പറഞ്ഞു. അയ്യായിരം എനിയ്ക്ക് തന്നിട്ട് പറഞ്ഞു.
''ഇത്രയും മതി, നിന്നോട്...'' കുഞ്ഞിക്കയുടെ കണ്ണുനിറഞ്ഞു. ''സെന്‍റിമെന്‍റലാവല്ലേ, കുഞ്ഞിക്കാ. ഞാൻ തരുന്നതല്ലല്ലോ, സ്ഥാപനം തരുന്നതല്ലേ?'' ഞാൻ ഷംസുവിന് ആ പണം കൈമാറി. 'യാത്ര'യ്ക്കായുള്ള അഭിമുഖവും കാരക്കാട്ടേയ്ക്കുള്ള യാത്രയും 'സംഭവബഹുലമായിരുന്നു'. 

കുഞ്ഞിക്കയെക്കുറിച്ചുള്ള ഏറ്റവും രസകരമായ ഓർമ ഇതാണ്:

ഒരു ദിവസം അളകാപുരിയിൽ കൂടിയപ്പോൾ മദിരാശിക്കാലം ഓർമിച്ച് ഞങ്ങൾ കൂടിക്കുഴഞ്ഞ് വർത്തമാനം പറഞ്ഞു. പിരിയാൻ നേരത്തുപറഞ്ഞു. ''നിന്നെക്കുറിച്ച് എനിയ്ക്ക് മുൻവിധിയുണ്ടായിരുന്നു.'' ക്ഷമാപണസ്വരത്തിൽ. ''നീ കെട്ടിപ്പിടിച്ചു നടക്കുന്ന അക്ബറില്ലേ, അവൻ എന്നോട് പറഞ്ഞതാ, പണ്ട്, നീ ബുദ്ധിജീവിയാണ്, വായിച്ചാൽ മനസ്സിലാവില്ല, മേതിലിന്‍റെ വാപ്പയാണ് എന്നൊക്കെ.'' ''കുഞ്ഞിക്ക എന്തുപറഞ്ഞു?''

അക്ബർ വയറുതാങ്ങിപ്പിടിച്ച് ചിരിച്ചു, ആ കുരിപ്പിനെ ഞാൻ കൊല്ലും


''ഞാൻ പറഞ്ഞു, ബുദ്ധിജീവിയും തേങ്ങയുമൊന്നുമല്ല, വളരെ സിംപിളാണ്, എന്നെപ്പോലെ വിഡ്ഢിയാണ്....'' പിന്നീട് അക്ബറിനെക്കണ്ടപ്പോൾ ഗൗരവം നടിച്ചുപറ‌ഞ്ഞു. ''അപ്പോ, നീയാണ് എന്നെ ബുദ്ധിജീവിയും മേതിലിന്‍റെ വാപ്പയുമാക്കിയത്, അല്ലേ?'' എന്നിട്ട് ഞാൻ സംഭവകഥ പറഞ്ഞു. അക്ബർ വയറുതാങ്ങിപ്പിടിച്ച് ചിരിച്ചു, ആ കുരിപ്പിനെ ഞാൻ കൊല്ലും. ''നേരു പറഞ്ഞാൽ അക്ബറേ,'' ഞാൻ പറഞ്ഞു. ''നമ്മളെപ്പോലെ നേരു പറയുന്നവർക്ക് ഈ സാഹിത്യം എന്ന ഏർപ്പാട് പറഞ്ഞതല്ല.'' 

''അപ്പോൾ നീയും കുഞ്ഞിക്കയുടെ ആളാണ്. അല്ലേ? നിന്‍റെ മരണവും എന്‍റെ കൈ കൊണ്ടായിരിക്കും.''

Latest Videos
Follow Us:
Download App:
  • android
  • ios