ഉത്തരം കിട്ടി, ഇവളാണ് ഉത്സവമേളത്തില്‍ താരമായ ആ പെണ്‍കുട്ടി...

''ഞാനും ചിറ്റയും അമ്മായിയും കൂടിയാണ് ഉത്സവത്തിന് പോയത്. ചെണ്ടമേളം കേട്ടപ്പോൾ പിന്നൊന്നും നോക്കിയില്ല. അവരുടെ കൂടെയങ്ങ് തുള്ളിപ്പോയി. ചിറ്റ എന്റെ കയ്യിൽ പിടിച്ചിട്ട് എന്തോ പറയുന്നുണ്ട്. അതെന്താണെന്ന് പോലും ഞാൻ കേട്ടില്ല.'' ചെണ്ടമേളത്തിന് താളം പിടിച്ച് താരമായതെങ്ങനെയെന്ന് പാർവ്വതി പറയുന്നു.

parvathy is the viral girl at temple festival

ഇതാണാ പെൺകുട്ടി. ഉത്സവപ്പറമ്പിലെ മേളപ്പെരുക്കത്തിനൊപ്പം താളത്തിൽ തുള്ളിച്ചാടിയവൾ. പേര് പാർവ്വതി! പഠിക്കുന്നത് ഒൻപതാം ക്ലാസിൽ. ഉത്സവങ്ങളെയും ആനകളെയും ഇഷ്ടപ്പെടുന്ന, ഈ പതിനാലുകാരിയിപ്പോൾ അത്ഭുതം കൊണ്ട് തുള്ളിച്ചാടുകയാണ്. രണ്ട് ദിവസം മുമ്പാണ് ചെണ്ടമേളത്തിനൊപ്പം താളം പിടിച്ച്, തുള്ളിച്ചാടുന്ന പെൺകുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. പത്തനംതിട്ട ജില്ലയിലെ  അടൂർ പൊലീസ് സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫീസറായ അജിയുടെയും ചെങ്ങന്നൂർ ഹയർസെക്കന്ററി സ്കൂൾ അധ്യാപികയായ സിനിയുടെയും ഒറ്റമകളാണ് പാർവ്വതി. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പാർവ്വതി സംസാരിക്കുന്നു.

parvathy is the viral girl at temple festival

കഴി‍ഞ്ഞ തിങ്കളാഴ്ചയായിരുന്നു ആനയടി ശ്രീ നരസിംഹക്ഷേത്രത്തിലെ ഉത്സവം. അടൂരിലെ വീട്ടിൽ നിന്നും അമ്മവീടായ ആനയടിയിൽ ഉത്സവം കൂടാനെത്തിയതായിരുന്നു പാർവ്വതി. ''ഞങ്ങളുടെ ടീമായിരുന്നു ടീം നരഹരി. എന്റെ ബന്ധുക്കളും അനിയൻമാരും കൂട്ടുകാരുമൊക്കെയാണ് ആ കൂട്ടത്തിലുണ്ടായിരുന്നത്. ഞങ്ങളുടെ ടീമിൽ നാല് ആനകളും ഉണ്ടായിരുന്നു. ഞാനും ചിറ്റയും അമ്മായിയും കൂടിയാണ് ഉത്സവത്തിന് പോയത്. ചെണ്ടമേളം കേട്ടപ്പോൾ പിന്നൊന്നും നോക്കിയില്ല. അവരുടെ കൂടെയങ്ങ് തുള്ളിപ്പോയി. ചിറ്റ എന്റെ കയ്യിൽ പിടിച്ചിട്ട് എന്തോ പറയുന്നുണ്ട്. അതെന്താണെന്ന് പോലും ഞാൻ കേട്ടില്ല.'' ചെണ്ടമേളത്തിന് താളം പിടിച്ച് താരമായതെങ്ങനെയെന്ന് പാർവ്വതി പറയുന്നു.

ചുറ്റും നിന്നത് വീടിനടുത്തുള്ളവരായത് കൊണ്ട് മറ്റൊന്നും ശ്രദ്ധിക്കാൻ സമയം കിട്ടിയില്ലെന്നാണ് പാർവ്വതിയുടെ വാക്കുകൾ. ആരാണ് വീഡിയോ എടുത്തതെന്നോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതെന്നോ അറിയില്ല. കൂട്ടുകാർ  വന്ന് പറഞ്ഞപ്പോഴാണ് ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും വീഡിയോ വൈറലാകുന്നുണ്ടെന്ന് അറിഞ്ഞത്.  സോഷ്യൽ മീഡിയയിൽ താരമായതിന്റെ അമ്പരപ്പ് പാർവ്വതിക്ക് ഇതുവരെ വിട്ടുമാറിയിട്ടില്ല. 

"

ആനക്കമ്പവും ഉത്സവങ്ങളും ചെണ്ടമേളവും ഇഷ്ടപ്പെടുന്ന ഈ മിടുക്കി പത്ത് വർഷമായി നൃത്തവും അഭ്യസിക്കുന്നുണ്ട്. നൂറനാട് വൈഷ്ണവ സ്കൂൾ ഓഫ് ആർട്സിലാണ് ഭരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുഡിയുമാണ് പഠിക്കുന്നത്. നൂറനാട് ശ്രീ ശബരി സെൻട്രൽ സ്കൂൾ വിദ്യാർത്ഥിനിയാണ്. സ്കൂളിലും പെട്ടെന്നൊരു ദിവസം താരമായതിന്റെ സന്തോഷത്തിലാണ് പാർവ്വതി. അച്ഛനും അമ്മയും കട്ട സപ്പോർട്ടായി കൂടെയുള്ളതാണ് ഏറ്റവും വലിയ പിന്തുണയെന്നും  ഈ പെണ്‍കുട്ടി കൂട്ടിച്ചേർക്കുന്നു. സന്തോഷം വന്നാൽ അത് പ്രകടിപ്പിക്കാതെ പിന്നെന്ത് ചെയ്യുമെന്നാണ് പാര്‍വ്വതിയുടെ ചോദ്യം. 

Latest Videos
Follow Us:
Download App:
  • android
  • ios