ഒരു വെജിറ്റേറിയൻ തമിഴ് ഹിന്ദുവും, കേരള നോൺ വെജിറ്റേറിയൻ മുസ്ലിം നാമധാരിയും പ്രേമിക്കുമ്പോള്‍

ഒന്നുരണ്ടു മാസം കഴിഞ്ഞപ്പോൾ എനിക്ക് ജോലിയുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്ക് ഒരു ഹ്രസ്വ സന്ദർശനം വേണ്ടി വന്നു. പോകുന്നതിന്‍റെ തലേന്ന് രാത്രി ഒരു കുപ്പിയും കൂട്ടുകാരും ആയി അപ്പാർട്മെന്‍റിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ എനിക്കൊരു ഫോൺ വന്നു, മറുതലക്കൽ നമ്മുടെ കടലമിട്ടായി ആയിരുന്നു.

nerkazhcha column of nazeer hussain

ഒരിക്കൽ രണ്ടും കൽപ്പിച്ച് അവൾ എനിക്കെഴുതി, "എന്റെ അച്ഛൻ ഒരു അപകടത്തിൽ പെട്ട് കിടപ്പിലാണ്. ഇപ്പോൾ മദ്രാസിൽ ഉണ്ട്, എനിക്ക് എന്‍റെ അച്ഛനെ മുഴുവൻ സമയം നോക്കണം. നമ്മൾ തമ്മിൽ ഇനി ഒരു തരത്തിലും ബന്ധം വേണ്ട. നീ എന്നെ മറന്നു കളയണം. നമ്മുടെ ബന്ധം അറിഞ്ഞാൽ എന്‍റെ വീട്ടുകാർ ഒരു തരത്തിലും സമ്മതിക്കില്ല."

nerkazhcha column of nazeer hussain

തമിഴ്‍നാട്ടിലെ പല ഗ്രാമങ്ങളും പല സാധനങ്ങൾക്ക് പേര് കേട്ടതാണ്. മണപ്പാറ മുറുക്ക്, തിരുനെൽവേലി അൽവ, മധുരൈ മല്ലികൈ , ശ്രീവില്ലിപുത്തൂർ പാൽക്കോവ, തിരുപ്പാച്ചി അരിവാൾ, ശിവകാശി പട്ടാസ് എന്നിങ്ങനെയുള്ള ഊരു പെരുമകളിൽ ഒന്നാണ് കോവിൽപ്പട്ടിയിലെ കടലമിട്ടായി. രണ്ടായിരത്തിന്‍റെ തുടക്കത്തിലാണ് ഞാൻ ഇതാദ്യമായി കഴിക്കുന്നത്. എന്‍റെ ജീവിതം മാറ്റിമറിച്ച ഒന്നാണ് തൂത്തുക്കുടി ജില്ലയിലെ കോവിൽപ്പട്ടി എന്ന ഗ്രാമത്തിൽ നിന്നുള്ള കടലമിട്ടായി.

ബാംഗ്ലൂരിലെ അടിച്ചുപൊളി ജീവിതത്തിൽ നിന്ന് അമേരിക്കയ്ക്ക് പോകാനുള്ള ഒരു ഓഫർ കിട്ടിയത് കൊണ്ടാണ് ഞാൻ മദ്രാസിലെ എഗ്മൂറിലുള്ള ഹെക്‌സാവെയർ എന്ന കമ്പനിയിൽ ജോലിക്കു കയറുന്നത്. അമേരിക്കൻ വിസ കിട്ടുന്നത് വരെ മദ്രാസിൽ താൽകാലികമായി താമസം മാത്രമായിരുന്നു ഉദ്ദേശം.

ബാംഗ്ലൂരിലെ, സുന്ദരികളായ മോഡേൺ പെൺകുട്ടികൾ ഉള്ള, ഓഫീസിൽ നിന്നും നെറ്റിയിൽ ഭസ്മം തേച്ച പെൺകുട്ടികളും വെജിറ്റേറിയൻ പട്ടന്മാരും നിറഞ്ഞ മദ്രാസ് ഓഫീസിലേക്കുള്ള മാറ്റം എനിക്ക് വലിയ മനം ബുദ്ധിമുട്ടായിരുന്നു. കുറച്ച് നാൾ മാത്രമല്ലേ ഇവിടെ നിൽക്കേണ്ട ആവശ്യമുള്ളൂ എന്ന് ഞാൻ സമാധാനിച്ചു.

അവൾ എനിക്ക് നേരെ കുറച്ചു കപ്പലണ്ടി മിട്ടായി എടുത്തു നീട്ടി

ഓഫീസിൽ ചേർന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ എന്‍റെ ടീമിലെ സുമതിയാണ് ഏതോ ഒരു ഗ്രാമത്തിൽ നിന്ന് അവധി കഴിഞ്ഞു തിരിച്ചു വന്ന ഒരു പെൺകുട്ടിയെ എനിക്ക് പരിചയപ്പെടുത്തി തന്നത്. അവൾ എനിക്ക് നേരെ കുറച്ചു കപ്പലണ്ടി മിട്ടായി എടുത്തു നീട്ടി, എന്നിട്ടു പറഞ്ഞു. "കോവിൽപ്പട്ടി കടലമിട്ടായി, റൊമ്പ ഫേമസ്..." അപ്പോഴാണ് ഞാൻ ആ പെൺകുട്ടിയെ ശ്രദ്ധിക്കുന്നത്. ആദ്യം ശ്രദ്ധിച്ചത് ഇലക്ട്രിക്ക് ഷോക്ക് അടിച്ചു നിൽക്കുന്ന പോലെ ഉള്ള ചുരുണ്ട് അനുസരണയില്ലാതെ നിൽക്കുന്ന തലമുടി ആയിരുന്നു. കുറച്ച് പേടി ഉള്ള കണ്ണുകൾ, ആവശ്യത്തിൽ ഏറെ വിനയം വാരി വിതറിയ മുഖം. മെലിഞ്ഞ ശരീരവും തലമുടിയും കൂടി മാറാല അടിക്കുന്ന ചൂല് പോലെ ഒരു കോലം...

കപ്പലണ്ടി മിട്ടായി ഞാനെത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തിൽ ഞാൻ ഒരു കഷ്ണം എടുത്തു കഴിച്ചു. അസാധാരണ രുചി. സാധാരണം നാട്ടിലെ കപ്പലണ്ടി മിട്ടായിയിൽ കുറെ ശർക്കര ഉണ്ടാവും, എന്നാൽ ഇതിൽ ശർക്കര കുറവാണ്. കുറച്ച് ഏലം ചേർത്തിട്ടുണ്ടോ എന്ന് സംശയം. നന്നായി വറുത്ത കപ്പലണ്ടി ആയിരിക്കണം ഉപയോഗിച്ചിരിക്കുക. ഞാൻ അന്നുവരെ കഴിച്ച കപ്പലണ്ടി മിട്ടായിയിൽ നിന്നെല്ലാം പുതിയ ഒരു രുചി. "താങ്ക്സ്" ഞാൻ ഒരു ഉപചാരവാക്ക് പറഞ്ഞു, അന്ന് പിരിഞ്ഞു. പേര് ചോദിക്കാത്തത് കൊണ്ട് എന്‍റെ മനസ്സിൽ അവൾക്ക് കടല മിട്ടായി എന്ന് പേരും വീണു.

വേറെ പ്രോജക്ടിൽ ആണെങ്കിലും എന്‍റെ അടുത്ത സീറ്റിൽ ആയിരുന്നു 'കടലമിട്ടായി' ഇരുന്നിരുന്നത്. കുറച്ച് കുരുത്തക്കേടുകൾ ഉള്ള പ്രായം ആയതു കൊണ്ട് ഞാൻ ഓഫീസിൽ ചില കുസൃതികൾ ഒക്കെ ഒപ്പിക്കുമായിരുന്നു. അന്നത്തെ ഓഫീസിൽ നമ്മുടെ ടെലിഫോണിൽ നിന്ന് ഒരാളെ വിളിച്ചു വേറൊരാളെ കോൺഫറൻസ് ചെയ്‌തിട്ട് നമ്മൾ ഫോൺ വച്ചാൽ, നമ്മൾ ആദ്യം വിളിച്ച ആളും കോൺഫറൻസ് ചെയ്ത ആളും തമ്മിൽ ആര് ആരെ വിളിച്ചു എന്ന തർക്കം ഉണ്ടാകുമായിരുന്നു. മിക്കവാറും അതെല്ലാം ഞാൻ ഈ പെൺകുടിയുടെ മേൽ പ്രയോഗിച്ചു, കുറെ കഴിഞ്ഞ് അവൾ കണ്ടുപിടിക്കുകയൂം ചെയ്തു. ഒന്ന് രണ്ടു വട്ടം മറ്റു കൂട്ടുകാരുടെ കൂടെ പുറത്തു ചായ കുടിക്കാൻ പോയപ്പോഴും ഇവൾ ഉണ്ടായിരുന്നു. കുറച്ച് ദിവസം കൊണ്ട് ഞങ്ങൾ ഒറ്റയ്ക്ക് സ്‌പെൻസർ പ്ലാസയിൽ എല്ലാം കറങ്ങാൻ പോകുന്ന അത്ര അടുത്ത കൂട്ടുകാരായി.

അമേരിക്കയ്ക്ക് കണ്ടിപ്പാ പോണമാ?

ഒന്നുരണ്ടു മാസം കഴിഞ്ഞപ്പോൾ എനിക്ക് ജോലിയുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്ക് ഒരു ഹ്രസ്വ സന്ദർശനം വേണ്ടി വന്നു. പോകുന്നതിന്‍റെ തലേന്ന് രാത്രി ഒരു കുപ്പിയും കൂട്ടുകാരും ആയി അപ്പാർട്മെന്‍റിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ എനിക്കൊരു ഫോൺ വന്നു, മറുതലക്കൽ നമ്മുടെ കടലമിട്ടായി ആയിരുന്നു.

"നാളെയാണോ പോകുന്നത്?" അവൾ ചോദിച്ചു.
"അതെ, നാളെ വൈകുന്നേരം ആണ് ഫ്ലൈറ്റ്. ഇന്ന് കണ്ടു യാത്ര പറയാൻ പറ്റിയില്ല." ഞാൻ ക്ഷമാപണത്തോടെ പറഞ്ഞു. "അമേരിക്കയ്ക്ക് കണ്ടിപ്പാ പോണമാ?" അവളുടെ ചോദ്യം എനിക്ക് ആദ്യം മനസിലായില്ല. "പോകാതെ പിന്നെ? എന്താ അങ്ങിനെ ചോദിച്ചത്?"
"ഒന്നുമില്ല.."
"അല്ല എന്തോ ഉണ്ട്, അല്ലാതെ തലേന്ന് രാത്രി ഇങ്ങിനെ വിളിച്ചു അമേരിക്കയ്ക്ക് പോകണോ എന്ന് ചോദിക്കില്ലലോ"
"ഒന്നും ഇല്ല, ഐ ലൈക് യൂ , അത് കൊണ്ട് ചോദിച്ചത് ആണ്, വിട്ടുകള..."
"ലൈക് മീ , അതോ ലവ് മീ യോ?" എനിക്ക് എന്തോ അങ്ങനെ ചോദിക്കണം എന്ന് തോന്നി. കാരണം കുറച്ച് നാളുകൾ കൊണ്ട് ഒരു പ്രത്യേക അടുപ്പം എനിക്കീ കുട്ടിയോടും തോന്നിയിരുന്നു. പക്ഷെ, കൂട്ടുകാരായത് കൊണ്ടും, രണ്ടു പ്രണയ പരാജയങ്ങൾ കഴിഞ്ഞു നിൽക്കുന്ന സമയം ആയതു കൊണ്ടും ഞാൻ പുതിയൊരു പ്രണയത്തിന് റെഡി ആയിരുന്നില്ല എന്നതായിരുന്നു സത്യം.

"ഒന്നുമില്ല. ചുമ്മാ സൊന്നെ, ലീവ് ഇറ്റ്." അവൾ ഫോൺ കട്ട് ചെയ്തു. പിറ്റേന്ന് ഓഫീസിനടുത്തുള്ള അറ്റ്ലാന്‍റിക് ഹോട്ടലിലെ റെസ്റ്റോറന്‍റില്‍ ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരുന്ന് രണ്ട് ആത്മാക്കൾ സംസാരിച്ചു. ഒരു വെജിറ്റേറിയൻ തമിഴ് ഹിന്ദുവും കേരള നോൺ വെജിറ്റേറിയൻ മുസ്ലിം നാമധാരിയും... എന്ത് കൊണ്ട് നമ്മൾ പ്രണയിക്കുകയോ വിവാഹം ചെയ്യുകയോ അരുതെന്ന് കാര്യകാരണ സഹിതം പരസ്പരം ബോധ്യപ്പെടുത്തി. അന്ന് രാത്രി ഞാൻ അമേരിക്കയിലേക്ക് പോരുകയും ചെയ്തു.

ഒരിക്കൽ രണ്ടും കൽപ്പിച്ച് അവൾ എനിക്കെഴുതി

പക്ഷെ, 'ദൂരം പ്രണയത്തെ ആയിരം കൊണ്ട് ഗുണിക്കും' എന്ന് ഇവർക്ക് രണ്ടുപേർക്കും ഒരു ബോധ്യവും ഉണ്ടായിരുന്നില്ല. പരസ്പരം ഫോൺ കോളിലൂടെയും , ഈമെയിലുകളിലൂടെയും തടഞ്ഞു പ്രവഹിച്ച പ്രണയത്തെ തടഞ്ഞു നിർത്താനാവാതെ രണ്ടുപേരും വിഷമിച്ചു.

ഒരിക്കൽ രണ്ടും കൽപ്പിച്ച് അവൾ എനിക്കെഴുതി, "എന്റെ അച്ഛൻ ഒരു അപകടത്തിൽ പെട്ട് കിടപ്പിലാണ്. ഇപ്പോൾ മദ്രാസിൽ ഉണ്ട്, എനിക്ക് എന്‍റെ അച്ഛനെ മുഴുവൻ സമയം നോക്കണം. നമ്മൾ തമ്മിൽ ഇനി ഒരു തരത്തിലും ബന്ധം വേണ്ട. നീ എന്നെ മറന്നു കളയണം. നമ്മുടെ ബന്ധം അറിഞ്ഞാൽ എന്‍റെ വീട്ടുകാർ ഒരു തരത്തിലും സമ്മതിക്കില്ല."

അന്നുരാത്രി ഞാൻ 'ബാലാജി' എന്ന പേരിൽ ഒരു കള്ള ഇമെയിൽ ഐഡി ഉണ്ടാക്കി, ഞങ്ങളുടെ മദ്രാസ് ഓഫീസിൽ തന്നെ ജോലി ചെയ്തിരുന്ന അവളുടെ പെരിയമ്മയ്ക്ക് (അമ്മയുടെ ചേച്ചി) ഒരു ഇമെയിൽ അയച്ചു.

'ഈ ഓഫിസിൽ ജോലി ചെയ്യുന്ന നിങ്ങളുടെ അനിയത്തിയുടെ മകൾ ഇവിടെ തന്നെ ജോലി ചെയ്യുന്ന ഒരു മുസ്ലീമും ആയി പ്രേമത്തിൽ ആണ്. നിങ്ങൾ എത്രയും പെട്ടെന്ന് ഇത് അവളുടെ വീട്ടിൽ പറഞ്ഞു അവളോട് ഇതിൽ നിന്ന് പിന്മാറാൻ പറയണം  -എന്ന് ബാലാജി.'

അതേറ്റു. അന്ന് രാത്രി തന്നെ അവളോട് വീട്ടുകാർ ഞങ്ങളുടെ പ്രേമത്തെ കുറിച്ച് ചോദിച്ചു. അവൾ സമ്മതിക്കുകയും ചെയ്തു. ഒരു പ്രോജെക്ടിന് വേണ്ടി കാനഡയിൽ പോകാനിരുന്ന അവളുടെ യാത്ര ഓഫീസിലെ മുസ്ലിം പയ്യന്‍റെ ശല്യമൊഴിവാക്കാൻ നേരത്തെ ആക്കുകയും ചെയ്തു. ന്യൂ യോർക്കിൽ ജോലി ചെയ്തിരുന്ന എനിക്ക് എട്ട് മണിക്കൂർ കാറോടിച്ചാൽ എത്താൻ കഴിയുന്ന മോൺട്രിയോൾ എന്ന നഗരത്തിലേക്കാണ് അവൾ വരുന്നത് എന്ന് അവരറിഞ്ഞില്ലലോ. പിന്നെയെല്ലാം ചരിത്രം.

ഈ മധുരമുള്ള കടലമിട്ടായി എന്‍റെ ജീവിതത്തിൽ കടന്നു വന്നിട്ട് പതിനെട്ട് വർഷമാകുന്നു. എല്ലാ ദിവസവും കഴിച്ചിട്ടും ഇനിയും മധുരം കൂടുന്നതല്ലാതെ കുറയുന്ന മട്ടില്ല.

അതിനു ശേഷം നമ്മുടെ നാട് പല ദശകങ്ങൾ പിന്നോട്ട് നടന്നു കഴിഞ്ഞു

അന്ന് ഞങ്ങൾ പ്രേമിക്കുമ്പോഴും കല്യാണം കഴിക്കുമ്പോഴും ഇതൊരു വലിയ കാര്യമാണ് എന്ന് ഞങ്ങൾക്ക് രണ്ടു പേർക്കും തോന്നിയിരുന്നില്ല. പക്ഷെ, അതിനു ശേഷം നമ്മുടെ നാട് പല ദശകങ്ങൾ പിന്നോട്ട് നടന്നു കഴിഞ്ഞു. ഒരേ മതവും ജാതിയും ഭാഷയും സംസ്കാരവും നോക്കുന്ന പല പെട്ടികളിൽ ആയി നമ്മളിൽ ചിലരുടെ എങ്കിലും ജീവിതങ്ങൾ തളച്ചിടപ്പെട്ടു കഴിഞ്ഞു. പക്ഷെ, ഇങ്ങനെയുള്ള കൂപമണ്ഡൂകങ്ങൾക്ക് നഷ്ടപ്പെടുന്നത് മധുരമുള്ള കടലമിട്ടായികളാണ്. വൈജാത്യങ്ങളുടെ മധുരമുള്ള കടല മിട്ടായികൾ.

ജാതിയും മതവും ഭാഷയും ദേശവും നോക്കാതെ എല്ലാവർക്കും പ്രണയിക്കാനും ഒരുമിച്ച് ജീവിക്കാനും കഴിയുന്ന ഒരു നാടായി തീരട്ടെ നമ്മുടേത്.

 

നസീര്‍ ഹുസൈന്‍ എഴുതിയ കൂടുതല്‍ ആര്‍ട്ടിക്കിളുകള്‍ വായിക്കാം

 

Latest Videos
Follow Us:
Download App:
  • android
  • ios