അതിര്‍ത്തി, ഹാ എത്ര വലിയ തമാശ!

ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം അറബ് ലോകത്തെ കുറിച്ച് ഒരു വിവരവും ഇല്ലാത്ത രണ്ടു പേര്‍ വെറും മണലില്‍ വരച്ച ചില അതിര്‍ത്തികള്‍ ആണ് ഇന്നും ഈ രാജ്യങ്ങള്‍ക്കുള്ളത് എന്ന് പലര്‍ക്കും അറിയില്ല. സൈക്‌സ്‌പൈക്കോട്ട് എഗ്രിമെന്റ് എന്നാണ് ഇതിന്റെ പേര്.  നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് 1916 ല്‍ ആയിരുന്നു അത്. 

Nazeer Hussain Kizhakkedathu on borders

Nazeer Hussain Kizhakkedathu on borders

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ രണ്ടാമത്തെ യാത്ര നിരോധനവും ഇന്ന് കോടതി തടഞ്ഞ് ഉത്തരവിറക്കി. രണ്ടാമത്തെ യാത്ര നിരോധനവും ഒന്നാമത്തേതും തമ്മില്‍ വലിയ വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. പ്രധാന വ്യത്യാസം ആദ്യത്തെ ഏഴു മുസ്ലിം രാജ്യങ്ങളില്‍ നിന്ന് ഇറാഖ് ഒഴിവാക്കി എന്നുള്ളതാണ്. അമേരിക്കയില്‍ നടന്ന ഏറ്റവും വലിയ ഭീകര ആക്രമണം നടത്തിയവര്‍ സൗദി അറേബ്യക്കാരായിരുന്നെങ്കിലും അവര്‍ക്കെതിരെ നിരോധനം ഒന്നും ഇല്ല എന്നതില്‍ നിന്ന് തന്നെ ഈ നടപടി ഭീകര ആക്രമണവും ആയി വലിയ ബന്ധം ഇല്ലാത്ത ഒന്നാണ് എന്ന്  മനസിലാക്കാം. 

ഇതിലെ ഏറ്റവും വലിയ തമാശ, ഇറാഖിനെ ഒഴിവാക്കുകയും സിറിയ, ഇറാന്‍, ലിബിയ  തുടങ്ങിയ രാജ്യങ്ങളെ നിരോധനത്തില്‍ നിലനിര്‍ത്തിയതും ആണ്. കാരണം ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം അറബ് ലോകത്തെ കുറിച്ച് ഒരു വിവരവും ഇല്ലാത്ത രണ്ടു പേര്‍ വെറും മണലില്‍ വരച്ച ചില അതിര്‍ത്തികള്‍ ആണ് ഇന്നും ഈ രാജ്യങ്ങള്‍ക്കുള്ളത് എന്ന് പലര്‍ക്കും അറിയില്ല. സൈക്‌സ്‌പൈക്കോട്ട് എഗ്രിമെന്റ് എന്നാണ് ഇതിന്റെ പേര്.  നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് 1916 ല്‍ ആയിരുന്നു അത്. 

നമുക്കെല്ലാം നേര്‍ വരകള്‍ വരയ്ക്കാന്‍ ആണ് എളുപ്പം

ഒന്നാം ലോക മഹായുദ്ധത്തില്‍ ജര്‍മ്മനിയും ഓട്ടോമന്‍ സാമ്രാജ്യവും തോല്‍ക്കും എന്ന് ഉറപ്പായപ്പോള്‍ ഓട്ടോമന്‍ സാമ്രാജ്യം, യുദ്ധത്തിലെ വിജയികളായ ബ്രിട്ടണ്‍, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങള്‍, അവര്‍ നേരിട്ട് ഭരിക്കുന്നതും, അവര്‍ക്കു സ്വാധീനം ഉള്ളതും ആയ രാജ്യങ്ങള്‍ ആയി പങ്കിട്ടെടുത്ത കരാര്‍ ആണിത്. വളരെ രഹസ്യം ആയി നടന്ന ഈ വിഭജനം നടത്തിയ മാര്‍ക്ക് സൈക്‌സിനും ഫ്രാന്‍കോയിസ് പൈക്കോട്ടിനും പക്ഷെ അറബ് രാജ്യങ്ങളെ കുറിച്ചോ പ്രധാനമായും തുര്‍ക്കികള്‍ നേതൃത്വം കൊടുത്ത ഓട്ടോമാന്‍ സാമ്രാജ്യത്വത്തിനെതിരെ അറബികള്‍ നടത്തി വരുന്ന സമരത്തെ കുറിച്ചോ ഒരു അറിവും ഉണ്ടായിരുന്നില്ല. ലോറന്‍സ് ഓഫ് അറേബ്യ എന്നറിയപ്പെട്ട കേണല്‍ ടി.ഇ.ലോറന്‍സ് യുദ്ധത്തില്‍ ബ്രിട്ടനെ സഹായിച്ച അറബ് രാജ്യങ്ങള്‍ക്കു കൊടുത്ത വാക്കിന് കടക വിരുദ്ധം ആയിരുന്നു ഈ വിഭജനം.

നമൂക്കെല്ലാം നേര്‍ വരകള്‍ വരയ്ക്കാന്‍ ആണ് എളുപ്പം. സൈക്‌സും പൈകോട്ടും ചെയ്തതും അത് തന്നെ ആണ്. ഓട്ടോമന്‍ സാമ്രാജ്യത്തിനു നെടുകെയും കുറുകെയും നേര്‍ വരകള്‍ വരച്ചു. ജോര്‍ദാന്‍, തെക്കന്‍ ഇറാഖ് തുടങ്ങിയവ ബ്രിട്ടനും, തെക്കന്‍ തുര്‍ക്കി, വടക്കന്‍ ഇറാഖ് , സിറിയ, ലെബനന്‍ തുടങ്ങിയവ ഫ്രാന്‍സും, ഇസ്താന്‍ബുള്‍ അര്‍മേനിയ തുടങ്ങിയവ റഷ്യയും പങ്കു വച്ചു. പക്ഷെ ഈ നേര്‍രേഖകള്‍ വിഭജിച്ചത് കുര്‍ദുകളെ ആണ്. ഈ നേര്‍ രേഖകളുടെ അപ്പുറവും ഇപ്പുറവും ആയി കുര്‍ദുകള്‍ വിഭജിക്കപ്പെട്ടു. നൂറു വര്‍ഷങ്ങള്‍ക്കു ശേഷവും മണലില്‍ വരച്ച ആ വരകള്‍ ആ പ്രദേശത്തിന്റെ അസ്ഥിരതയ്ക്കു കാരണം ആയി നില്‍ക്കുന്നു. 

ട്രമ്പ് മതില്‍ കെട്ടിത്തിരിക്കാന്‍ പോകുന്ന മെക്‌സിക്കോയുമായുള്ള അതിര്‍ത്തിയും ഇങ്ങിനെ ഉള്ള ഒന്നാണ്. 1846 മുതല്‍ വെറും രണ്ടു വര്‍ഷം നീണ്ടു നിന്ന മെക്‌സിക്കോ അമേരിക്കന്‍ യുദ്ധത്തിന് ശേഷം അമേരിക്ക മെക്‌സിക്കോയില്‍ നിന്ന് പിടിച്ചെടുത്തതാണ് അമേരിക്കയിലെ വലിയ സംസ്ഥാനങ്ങള്‍ ആയ ന്യൂ മെക്‌സിക്കോ, ഉട്ടാ, നെവാഡ, അരിസോണ, കാലിഫോര്‍ണിയ, ടെക്‌സാസ് എന്നിവ ഉള്‍പ്പെട്ട പ്രദേശം. അമേരിക്കയും മെക്‌സിക്കോയും തമ്മിലുള്ള അതിര്‍ത്തി വളരെ നാള്‍ വെറും മണലില്‍ വരച്ച വര മാത്രം ആയിരുന്നു. ഇതിനെ കുറിച്ച് ഈ പേരില്‍ ഒരു പുസ്തകം തന്നെ ഇറങ്ങിയിട്ടുണ്ട് .

ട്രമ്പ് മതില്‍ കെട്ടിത്തിരിക്കാന്‍ പോകുന്ന മെക്‌സിക്കോയുമായുള്ള അതിര്‍ത്തിയും ഇങ്ങിനെ ഉള്ള ഒന്നാണ്.

ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തി വിഭജവും ഇതില്‍ നിന്ന് വളരെ വ്യത്യസ്തം ഒന്നുമല്ല. ഇന്ത്യ പാക്കിസ്ഥാന്‍ എന്നിങ്ങനെ രണ്ടു രാജ്യങ്ങള്‍ ആയി വിഭജിക്കാന്‍ തീരുമാനം ആയ ശേഷം ഇതിന്റെ ചുമതല ഏല്‍പ്പിച്ചത് ഇത് വരെ ഇന്ത്യയില്‍ വന്നിട്ടില്ലാത്ത, ഇന്ത്യയെ കുറിച്ചോ നമ്മുടെ സംസ്‌കാരത്തെ കുറിച്ച് ഒരു പിടിയും ഇല്ലാത്ത സിറില്‍ റാഡ്ക്ലിഫ് എന്ന 'മഹാന്‍' ആണ്. ആഗസ്ത് പതിനഞ്ചിനു സ്വാതന്ത്ര്യം പ്രഖ്യാപിക്കേണ്ട രണ്ടു രാജ്യങ്ങളുടെ അതിര്‍ത്തി വരക്കേണ്ട ആള്‍ എത്തിച്ചേര്‍ന്നത് ജൂലൈ എട്ടാം തീയതി മാത്രം ആണെന്ന് പറയുമ്പോള്‍ള്‍ മനസിലാകുമല്ലോ ഇദ്ദേഹത്തിന്റെ താല്‍പര്യം. 

ഇന്ത്യയിലെ ജീവിതം ഇഷ്ടപ്പെടാത്ത ഇദ്ദേഹം എത്രയും പെട്ടെന്ന് കാര്യം തീര്‍ത്തു മടങ്ങാന്‍ തിടുക്കം കൂട്ടി എന്നാണ് പറയപ്പെടുന്നത്. പഞ്ചാബും, ബംഗാളും ഹിന്ദു, മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ പകുത്തു മാറ്റുന്നത് എളുപ്പം ആയിരുന്നില്ല, കാരണം, ഇങ്ങിനെ ഉള്ള പ്രദേശങ്ങള്‍ പല ഇടങ്ങളില്‍ ആയി ചിതറി കിടക്കുക ആയിരുന്നു. റാഡ്ക്ലിഫ് വരച്ച് കിട്ടിയ മാപ് നോക്കി തീര്‍പ്പു കല്‍പ്പിക്കാന്‍ ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും പ്രതിനിധികള്‍ക്ക് വെറും രണ്ടു മണിക്കൂര്‍ ആണ് കിട്ടിയത് എന്നത് കഥ. റാഡ്ക്ലിഫ് ലൈന്‍ എന്നാണ് ഇത് അറിയപ്പെടുന്നത് 

ഓഗസ്റ്റ് പതിനഞ്ചിനു തന്നെ റാഡ്ക്ലിഫ് ഇന്ത്യ വിടുകയും ചെയ്തു. ഈ വിഭജനത്തിന്റെ ഫലമായി ആളുകള്‍ ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലേക്കും തിരിച്ചും പലായനം ചെയ്യേണ്ടി വന്നത് മൂലം രണ്ടു ലക്ഷം മുതല്‍ ഇരുപതു ലക്ഷം വരെ ആളുകള്‍ മരിച്ചു എന്നാണ് കണക്ക്. താരതമ്യപ്പെടുത്താനാണെങ്കില്‍ ഹിരോഷിമയില്‍ അറ്റോമിക് ബോംബ് മൂലം മരിച്ചതിന്റെ ഇരട്ടി!

റാഡ്ക്ലിഫ് ചെയ്ത ഏറ്റവും വലിയ മണ്ടത്തരം കാശ്മീര്‍ വിഭജിക്കാതെ വിട്ടതാണ്.  രണ്ടു രാജ്യങ്ങള്‍ തമ്മില്‍ നിരന്തര ശത്രുതയ്ക്ക് കാരണമായി തീര്‍ന്നു ഈ ഭൂപ്രദേശം. 

നമ്മുടെ കൊച്ചു കേരളത്തിലും ഉണ്ട് ഇങ്ങിനെ ഒരു പ്രദേശം.

നമ്മുടെ കൊച്ചു കേരളത്തിലും ഉണ്ട് ഇങ്ങിനെ ഒരു പ്രദേശം. തിരുവിതാംകൂറിന്റെ രാജകൊട്ടാരം ആയ പത്മനാഭപുരം കൊട്ടാരം ഇപ്പോള്‍ തമിഴ് നാട്ടില്‍ ആണ്. മാര്‍ഷല്‍ നേശമണി ആണ് നാഗര്‍കോവില്‍ ഉള്‍പ്പെടെ കന്യാകുമാരി ജില്ലാ തമിഴ്‌നാട്ടില്‍ ആക്കാന്‍ വേണ്ടി സമരം ചെയ്തത്. നാഗര്‍കോവില്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ സഞ്ചരിക്കുമ്പോഴെല്ലാം ഈ ജില്ലകളുടെ ചില പ്രദേശങ്ങള്‍ എങ്കിലും കേരളത്തില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്, മൂന്നാറില്‍ സഞ്ചരിക്കുമ്പോള്‍ തിരിച്ചും. 

ഓര്‍ക്കുക, നമ്മുടെ ദേശീയതയും നമ്മള്‍ ആരെ ഇഷ്ടപെടുന്നു, ആരെ വെറുക്കുന്നു എന്നുള്ളതുമെല്ലാം നമ്മെ അറിയാത്ത, നമ്മുടെ സംസ്‌കാരം അറിയാത്ത ചിലര്‍ തീരുമാനിച്ചത് ആയിരിക്കാം. എല്ലാ മനുഷ്യരെയും അതിര്‍ത്തി വ്യത്യാസം ഇല്ലാതെ ഒരേപോലെ സ്‌നേഹിക്കാം എന്ന് ഒരു തീരുമാനം എടുത്താല്‍ ഇങ്ങിനെ മറ്റുള്ളവര്‍ നമ്മുടെ ഉള്ളില്‍ കുത്തിവയ്ക്കാന്‍ ശ്രമിക്കുന്ന വെറുപ്പുകളില്‍ നിന്ന് രക്ഷപെടാം. വസുധൈവ കുടുംബകം. 

ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തി തിരിച്ചതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവിടെ

Latest Videos
Follow Us:
Download App:
  • android
  • ios