ഭീകരതയെ എതിര്‍ക്കേണ്ടത് ഒറ്റ തിരിഞ്ഞല്ല, നാം ഒന്നിച്ചാണ്

Nazeer Hussain Kizhakedathu column on terrorism

Nazeer Hussain Kizhakedathu column on terrorism

അമേരിക്കയിലെ 9/11 ഭീകര ആക്രമണം കഴിഞ്ഞു ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് ഞാന്‍ ഇന്ത്യക്കാര്‍ തിങ്ങി താമസിക്കുന്ന എഡിസണ്‍ എന്ന ടൗണില്‍ ഒരു വീട് വാങ്ങിയത്. താമസിക്കാന്‍ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒരു കാര്യം ശ്രദ്ധിച്ചു, ചില സമയങ്ങളില്‍ പുറത്തു ചില കാറുകള്‍ പാര്‍ക്ക് ചെയ്തു കിടക്കും. ഞങ്ങള്‍ ജനല്‍ തുറന്നു നോക്കിയാല്‍ വിട്ടു പോവുകയും ചെയ്യും. ആദ്യമൊക്കെ റോഡിന്റെ സൈഡില്‍ ആരെങ്കിലും കാര്‍ നിര്‍ത്തി സംസാരിക്കുകയായിരിക്കും എന്നാണ് ഞങ്ങള്‍ കരുതിയത്, പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ അത് ആഴ്ചയില്‍ ഒരിക്കല്‍ നടക്കുന്നുണ്ടോ എന്നൊരു സംശയം വരാന്‍ തുടങ്ങി.

ആറ് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ദിവസം എന്റെ ഫേസ്ബുക്ക്, ജി മെയില്‍, ഹോട്ട്‌മെയില്‍, യാഹൂ എന്നിങ്ങനെ എല്ലാ അക്കൗണ്ടുകളും ലോക്ക് ആയി. എന്തൊക്കെ ചെയ്തിട്ടും എനിക്ക് ഒന്നിലും ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞില്ല. അന്ന് പാതിരാത്രിയില്‍ എനിക്കൊരു ഫോണ്‍ കാള്‍ വന്നു. മറുതലക്കല്‍ ഇംഗ്ലീഷില്‍ ഒരാള്‍ സംസാരിച്ചു.

'ബ്രദര്‍ ഞാന്‍ നിങ്ങളുടെ അക്കൗണ്ടുകള്‍ എല്ലാം ഹാക്ക് ചെയ്തിട്ടുണ്ട്. എനിക്ക് നിങ്ങളുടെ സഹായം വേണം. ഞാന്‍ പറയുന്നതു പോലെ ചെയ്താല്‍ നിങ്ങളുടെ അക്കൗണ്ടുകള്‍ ഞാന്‍ അണ്‍ലോക്ക് ചെയ്യാം. അല്ലെങ്കില്‍ നിങ്ങളുടെയും ഭാര്യയുടെയും നഗ്‌ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഞങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇടും. '

'നിങ്ങള്‍ വിളിച്ച നമ്പര്‍ എന്റെ ഫോണില്‍ എനിക്കു കാണാം, ഞാന്‍ ഇപ്പോള്‍ തന്നെ പോലീസിനെ വിവരം അറിയിക്കും' എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വച്ചു.

"നിങ്ങളുടെ നഗ്‌ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ കാണണ്ട എന്നാണെങ്കില്‍ ഞാന്‍ പറയുന്നത് കേള്‍ക്കുക"

അമേരിക്കന്‍ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇവരെ പിടിക്കും എന്നെല്ലാം വിചാരിച്ചു ഞാന്‍ 911 ഡയല്‍ ചെയ്തു. രാത്രി തന്നെ ഒരു പോലീസുകാരന്‍ വന്ന് ഇന്റര്‍നെറ്റിന്റെ സുരക്ഷിത പ്രശ്‌നങ്ങളെ കുറിച്ച് ഒരു ക്ലാസ് എടുത്തിട്ട് പോയി. എനിക്ക് ഫോണ്‍ കാള്‍ വന്ന നമ്പര്‍ മിക്കവാറും ഏതെങ്കിലും ഉപയോഗിച്ച കളയുന്ന ഫോണോ, അല്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ നിന്ന് തന്നെ മാസ്‌ക് ചെയ്തു വിളിച്ചതോ ആയിരിക്കാനാണ് സാധ്യത എന്ന് പറഞ്ഞു. അവര്‍ക്ക് ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് പറഞ്ഞു.

പിറ്റേന്ന് രാത്രി വീണ്ടും എനിക്ക് ഫോണ്‍ കാള്‍ വന്നു. ആദ്യം വിളിച്ച അതെ ആള്‍.

'ബ്രദര്‍, എനിക്ക് നിങ്ങളുടെ സഹായം വേണം. പോലീസിനെ വിളിച്ചു കാണും എന്നെനിക്കറിയാം. നിങ്ങളുടെ നഗ്‌ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ കാണണ്ട എന്നാണെങ്കില്‍ ഞാന്‍ പറയുന്നത് കേള്‍ക്കുക'.

എന്ത് ചോദിച്ചാലും, ബ്ലാക്ക് മെയില്‍ ചെയ്യുന്നവരോട് സന്ധി ചെയ്യില്ലെന്ന് ഞാനും ഗോമതിയും ചര്‍ച്ച ചെയ്തു തീരുമാനിച്ചിരുന്നു. ഇന്റര്‍നെറ്റില്‍ നഗ്‌ന ചിത്രങ്ങള്‍ ഇടാന്‍ ആണ് പ്ലാന്‍ എങ്കില്‍, കുറച്ചു കാണാന്‍ കൊള്ളാവുന്ന ശരീരത്തില്‍ ഞങ്ങളുടെ തല പിടിപ്പിക്കണം എന്ന് ഞങ്ങള്‍ മറുപടി കൊടുത്തു. അതോടെ അയാള്‍ ഫോണ്‍ വയ്ക്കുകയും ചെയ്തു.

പിറ്റേന്ന് ഞാന്‍ യാഹൂ, ഗൂഗിള്‍ തുടങ്ങി എല്ലാ കമ്പനികളെയും ബന്ധപ്പെട്ടു. ഹോട്ട്‌മെയില്‍ ഒഴികെ എന്റെ എല്ലാ അക്കൗണ്ടുകളുടെയും നിയന്ത്രണം തിരികെ എടുത്തു. പക്ഷെ എനിക്കൊരു സംശയം ജനിച്ചു. വിളിച്ച ആള്‍ എന്നോട് പണം ഒന്നും ആവശ്യപ്പെട്ടില്ല. ഒരു സഹായം വേണം എന്നാണ് പറഞ്ഞത്, ഇനി വല്ല ഭീകര സംഘടനകളും ഞങ്ങളെ ഭീഷണിപ്പെടുത്തി ഉപയോഗിക്കാന്‍ നോക്കിയതാണോ?

അങ്ങിനെ ആണ് FBI യെ വിളിക്കാന്‍ തീരുമാനിച്ചത്. ന്യൂ ജേഴ്‌സിയില്‍ ഉള്ള അവരുടെ ഓഫീസില്‍ വിളിച്ചു കാര്യം പറഞ്ഞു. ഇനി വല്ല ബോംബ് സ്‌ഫോടനമോ മറ്റോ നടന്നാല്‍ നടത്തിയ ആള്‍ എന്നെ വിളിച്ചിരുന്നു എന്ന കണ്ടെത്തിയാല്‍ ഞാന്‍ കുടുങ്ങുമല്ലോ.

അങ്ങിനെ ആണ് FBI യെ വിളിക്കാന്‍ തീരുമാനിച്ചത്

പക്ഷെ FBI യുടേതും ഒരു തണുപ്പന്‍ സമീപനം ആയിരുന്നു. പണനഷ്ടം, ജീവഹാനി തുടങ്ങിയ ഒന്നും നടക്കാത്ത ഈ കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ല എന്നായിരുന്നു അവരുടെ മറുപടി. ഞാന്‍ ഈ കാര്യത്തിന് വിളിച്ചിരുന്നു എന്നതിന് തെളിവ് വേണം എന്ന് പറഞ്ഞപ്പോള്‍ ഒരു വെബ്‌സൈറ്റിന്റെ അഡ്രസ് തന്നു, അവിടെ പോയി എല്ലാ കാര്യങ്ങളും എഴുതി സ്‌ക്രീന്‍ ഷോട്ട് എല്ലാം എടുത്തു കേസ് ഓപ്പണ്‍ ചെയ്തു. അത്രമാത്രം, വേറെ ഒരു അനക്കവും ഇന്നുവരെ ആ കാര്യത്തില്‍ ഉണ്ടായില്ല. അത്ഭുതം എന്ന് പറയട്ടെ, രാത്രി വരുന്ന ഫോണ്‍ കോളുകള്‍ അതോടെ നിന്നു.

2013ല്‍ റാസ എന്നൊരാള്‍ ന്യൂ യോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്‌മെന്റിന് എതിരെ ഫയല്‍ ചെയ്ത ഒരു കേസും അതിന്റെ കോടതി വിധിയും ആണ് പിന്നീട് ഈ സംഭവങ്ങളെ കുറിച്ച് എനിക്ക് കുറച്ചു സംശയങ്ങള്‍ ജനിപ്പിച്ചത്. ന്യൂ യോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്‌മെന്റും CIA യും ചേര്‍ന്ന് മുസ്ലിംകളുടെ ഇടയില്‍ നടത്തിയിട്ടുള്ള രഹസ്യ നിരീക്ഷണത്തെക്കുറിച്ചായിരുന്നു ആ കേസ്. അവിടെയുള്ള മുസ്‌ലിംകള്‍ക്കിടയില്‍ ഭീകരവാദികള്‍ ഉണ്ടോ എന്ന് കണ്ടു പിടിക്കാന്‍ പള്ളികളിലും മറ്റു മുസ്ലിം കമ്മ്യൂണിറ്റി സെന്ററുകളിലും കള്ള പേരില്‍ നുഴഞ്ഞു കയറി ഭീകര വാദത്തിനു പ്രേരണ ചെലുത്തുകയും , അതില്‍ ആരെങ്കിലും വീഴുന്നുണ്ടോ എന്ന് നോക്കുകയും ചെയ്യുക എന്നതായിരുന്നു പോലീസ് ചെയ്തു കൊണ്ടിരുന്നത്. 2013  വരെ പത്തു വര്‍ഷത്തോളം ഇങ്ങിനെ ഉള്ള നിരീക്ഷണത്തിലൂടെ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല എന്നതിനാലും, ഇത് പൗരന്റെ പ്രാഥമിക മത സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റം ആയതിനാലും കോടതി ഇത് നിരോധിച്ചു. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ മുസ്ലിം നാമധാരിയായ എന്നെയും അവര്‍ നിരീക്ഷിച്ചിരിക്കാം എന്ന് തോന്നുന്നു. ചില ചൂണ്ടകള്‍ ഇട്ടു നോക്കിയിരിക്കാം. 2012 ല്‍അസോസിയേറ്റഡ് പ്രസ് ഒരു വാര്‍ത്തയിലൂടെ പുറത്തു കൊണ്ടുവരുന്നതു വരെ വളരെ രഹസ്യമായി നടത്തിയ സംഭവം ആയതു കൊണ്ട് തെളിവുകള്‍ ഒന്നുമില്ല.

2003ല്‍ സയോണ്‍ നാഷണല്‍ പാര്‍ക്കില്‍ പോയപ്പോഴാണ് ഞാന്‍ താമസിച്ച റിസോര്‍ട്ടിന്റെ ഉടമയായ സ്ത്രീ എന്റെ പേര് കേട്ടിട്ട് ഞാന്‍ ഒരു ഭീകരന്‍ ആണോ, സദ്ദാം ഹുസൈന്റെ ബന്ധുവാണോ എന്നെല്ലാം ചോദിച്ചത്. അവരുടെ മുഖത്ത് നല്ല പേടി കണ്ടപ്പോഴാണ് അവര്‍ സീരിയസ് ആയി ചോദിക്കുകയാണ് എന്ന് മനസിലായത്. അമേരിക്ക ഇറാക്കിലെ അധിനിവേശം തുടങ്ങിയ വര്‍ഷം ആയിരുന്നു അത്. ഞങ്ങള്‍ ജനാധിപത്യം സ്ഥാപിക്കാന്‍ ആണ് ഇറാക്ക് കീഴടക്കിയത് എന്ന് പറഞ്ഞ അവരോട്, ജോര്‍ജ് ബുഷിനേക്കാള്‍ കൂടുതല്‍ വോട്ടു കിട്ടിയ അല്‍ ഗോര്‍ പ്രസിഡന്റ് ആകാതിരുന്ന ജനാധിപത്യം തെറ്റല്ലേ എന്ന് ചോദിച്ച എന്നെ ഒരു ഭീകരനെ പോലെ തന്നെയാണ് അവര്‍ നോക്കിയത് :)

പക്ഷെ ഇതിന്റെ എല്ലാം തമാശ, ഞാന്‍ പല ഭീകര ആക്രമണങ്ങളില്‍ നിന്നും ഭാഗ്യം കൊണ്ട് രക്ഷപെട്ട ആളാണ് എന്നതാണ്. സെപ്റ്റംബര്‍ പതിനൊന്നു നടക്കുമ്പോള്‍ ന്യൂ യോര്‍ക്കില്‍ നിന്നും 50 മൈല്‍ അകലെ ഉള്ള പ്രിന്‍സ്ടണ്‍ എന്ന സ്ഥലത്തു പോയത് കൊണ്ട് രക്ഷപെട്ടു. രണ്ടായിരത്തി മൂന്നു മുതല്‍ ഒന്‍പതു വരെ വാള്‍ സ്ട്രീറ്റില്‍ ജോലിക്കു പോയി കൊണ്ടിരുന്നത് ഗ്രൗണ്ട് സീറോയിലെ വിഷപ്പുകയും ശ്വസിച്ചായിരുന്നു. ഈജിപ്തില്‍ മുല്ലപ്പൂ വിപ്ലവം മതതീവ്രവാദികളാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടതും കൈറോയിലെ ബോംബ് സ്‌ഫോടനവും മറ്റും 2013 ജൂണില്‍  ഞാന്‍ പോയി വന്നതിന്റെ പിറ്റേ മാസം മുതല്‍ ആയിരുന്നു. പാരീസില്‍ പോയി വന്നു അടുത്ത ആഴ്ച ഞങ്ങള്‍ സ്ഥിരം നടന്നിരുന്ന ഷാംപ്‌സ് എലീസില്‍ ആക്രമണം ഉണ്ടായി. എന്തിനു പറയുന്നു, ഒരിക്കലും വാര്‍ത്തകളില്‍ വരാത്ത തായ്‌ലന്‍ഡില്‍ വരെ ഞങ്ങള്‍ പോയ അമ്പലത്തില്‍ ഒരു വര്‍ഷത്തിനിടെ ബോംബ് സ്‌ഫോടനം നടന്നു.

ഇതിന്റെ എല്ലാം തമാശ, ഞാന്‍ പല ഭീകര ആക്രമണങ്ങളില്‍ നിന്നും ഭാഗ്യം കൊണ്ട് രക്ഷപെട്ട ആളാണ് എന്നതാണ്.

ഞാന്‍ ഇതെല്ലം പറയാന്‍ കാരണമുണ്ട്. ലണ്ടനിലേത് ഉള്‍പ്പെടെ ഭീകര ആക്രമണം നടക്കുമ്പോഴെല്ലാം എന്റെ പ്രാര്‍ത്ഥന, അത് ചെയ്തത് മുസ്ലിം നാമധാരി ആകല്ലേ എന്നതാണ്, കാരണം പിറ്റേന്ന് മുതല്‍ ഞാനുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു കാര്യത്തിന് ഞാന്‍ പഴി കേള്‍ക്കേണ്ടി വരും. എനിക്കറിയാവുന്ന എല്ലാ മുസ്ലിം സുഹൃത്തുക്കളുടെയും സ്ഥിതി ആണിത്. ഭീകരരെ അനുകൂലിക്കുന്ന ഒരാളെ പോലും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ചിലര്‍ എന്നോട് ചോദിക്കുന്നത്, നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തിലെ ഭീകരന്മാരെ പൊലീസിന് പിടിച്ചു കൊടുത്താല്‍ പോരേ എന്നാണ്. ന്യൂ യോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്‌മെന്റും CIA യും പത്തു കൊല്ലം ശ്രമിച്ചിട്ട് നടക്കാത്ത കാര്യം ഞാന്‍ എങ്ങിനെ ചെയ്യാനാണ്? ഇരകളില്‍ ഒരുവന്‍ ആയിരുന്നിട്ട് വേട്ടക്കാരനായി ചിത്രീകരിക്കപ്പെടുന്നത് വേദനാജനകം ആണ്. മുസ്ലിമായതു കൊണ്ട് മറ്റു മതസ്ഥര്‍ കൂട്ട് കൂടാത്തത് മുതല്‍ ബാംഗ്ലൂരില്‍ വാടകയ്ക്ക് ്‌ളാറ്റ് കിട്ടാത്ത കഥകള്‍ വരെ കേട്ടിട്ടുണ്ട്.

കണക്കുകള്‍ നോക്കിയാല്‍ ലോകത്തിലെ മുസ്‌ലിം ഭീകര ആക്രമണങ്ങളുടെ പ്രധാന ഇരകള്‍ മുസ്‌ലിംകള്‍ തന്നെയാണ്. ഇറാഖ് , അഫ്ഗാനിസ്ഥാന്‍, സിറിയ തുടങ്ങി മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ ഏതാണ്ട് എല്ലാവരും മുസ്‌ലിംകള്‍ ആണ്. ന്യൂ യോര്‍ക്കില്‍ ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ട നാല്‍പതു മുസ്ലിങ്ങളില്‍ അബ്ദുല്‍ സലാം മല്ലാഹി എന്ന യെമനി പൗരന്‍ അനേകം ആളുകളെ രക്ഷപെടുത്തിയിട്ടു മരണം വരിച്ച ആളാണ്. മുംബൈ ഭീകര ആക്രമണത്തില്‍ 138 പേരില്‍ 32 പേര്‍ മുസ്ലിങ്ങള്‍ ആയിരുന്നു. എന്ന് വച്ചാല്‍ ഇരകളില്‍ ജാതിയും മതവും ഇല്ല.

മതത്തിന്റെ പേരിലുള്ള ഭീകരത ഇന്നത്തെ ഒരു യാഥാര്‍ഥ്യമാണ്. പക്ഷെ അതിനെതിരെ പോരാടേണ്ടത് നമ്മള്‍ എല്ലാവരും കൂടിയാണ്. ഇറാഖിലും സിറിയയിലും ഉള്ള ഭീകരാക്രമണത്തിലെ ഇരകളും ലണ്ടനിലും പാരീസിലും ഉള്ള ഭീകരാക്രമണത്തിലെ ഇരകളും ഉത്തര ഇന്ത്യയില്‍ പശുവിന്റെ പേരില്‍ തല്ലിക്കൊല്ലപ്പെടുന്നവരും എല്ലാം ഒരേ അനുകമ്പ അര്‍ഹിക്കുന്നവരാണ്.

അഖിലയും അച്ഛനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിലെ ആടുമേയ്ക്കല്‍ പരാമര്‍ശം കേട്ട എന്റെ ഞെട്ടല്‍ ഇത് അവരെ മാറിയിട്ടില്ല. പക്ഷെ ഇത് എതിര്‍ക്കേണ്ടത് നമ്മള്‍ എല്ലാവരുടെയും കടമയാണ്. മത തീവ്രവാദ സംഘടനകള്‍ക്കെതിരെ ഗവണ്‍മെന്റ് ശക്തമായ നടപടികള്‍ എടുക്കണം. അതിന് മത ജാതി ഭേദമന്യേ എല്ലാവരുടെയും പിന്തുണ ഉണ്ടാവുമെന്ന് സംശയമില്ലാത്ത കാര്യമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios