ഘര്‍ വാപ്പച്ചിയും കുറേ ഘര്‍ ഉമ്മച്ചിമാരും!
ചുരുക്കം പറഞ്ഞാല്‍ നിങ്ങള്‍ വിശന്നു കിടന്നാല്‍ അധികം ആരും തിരിഞ്ഞു നോക്കാന്‍ ഉണ്ടായി എന്ന് വരില്ല, പക്ഷെ നിങ്ങള്‍ വേറെ ഒരു മതത്തില്‍ നിന്നോ ജാതിയില്‍ നിന്നോ കല്യാണം കഴിച്ചു നോക്കൂ, ഘര്‍ വാപ്പച്ചിക്കാരും ഉമ്മച്ചിക്കാരും നിങ്ങളെ തിരക്കി വരും.അതല്ലെങ്കിലും ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം മതമാണല്ലോ,പട്ടിണിയൊക്കെ ആര്‍ക്കു വേണം!
വേറൊരു മതത്തില്‍ പെട്ട പെണ്ണിനെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞപ്പോഴാണ് അതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ മനസിലായത്. രജിസ്റ്റര്‍ ഓഫീസില്‍ പോയി മാല ചാര്‍ത്തി ഉടനടി കല്യാണം നടത്തുന്നതെല്ലാം സിനിമയില്‍ മാത്രമേ ഉള്ളെന്നും, യഥാര്‍ത്ഥത്തില്‍ രജിസ്റ്റര്‍ ഓഫീസില്‍ ഒരു മാസം നോട്ടീസ് ഇട്ട്, അതിന്റെ ഒരു കോപ്പി പെണ്ണിന്റെ വീടിനടുത്തുള്ള രജിസ്റ്റര്‍ ഓഫീസില്‍ ഒരു മാസം തൂക്കി, ആര്‍ക്കും പരാതി ഇല്ലെങ്കില്‍ മാത്രം രജിസ്റ്റര്‍ കല്യാണം നടക്കും എന്നെല്ലാം എനിക്കറിയില്ലായിരുന്നു. എനിക്ക് പെട്ടെന്നു തിരിച്ചു അമേരിക്കയ്ക്ക് വരേണ്ടുള്ളതു കൊണ്ട് എന്റെ വക്കീല്‍ സുഹൃത്തുക്കളില്‍ ഒരാളാണ് മറ്റൊരു ഉപായം പറഞ്ഞു തന്നത്. മതം മാറുക, എന്നിട്ടു അമ്പലത്തിലോ പള്ളിയിലോ പോയി കല്യാണം കഴിച്ചു ആ സര്‍ട്ടിഫിക്കറ്റ് കൊടുത്താല്‍ രജിസ്റ്റര്‍ ഓഫീസില്‍ നിന്ന് അന്ന് തന്നെ വിവാഹ സര്‍ട്ടിഫിക്കറ്റ് കിട്ടും. എനിക്കും ആ ഐഡിയ നന്നായി തോന്നി.
എസ് എന്‍ ഡി പി ക്കാരെ ആണ് മതവും ജാതിയും ഇല്ലാത്ത കല്യാണത്തിന് ആദ്യം സമീപിച്ചത്. യൂണിറ്റ് സെക്രട്ടറി സംഭാവനയായി ഒരു ഭീമമായ തുക ചോദിച്ചപ്പോള്‍ അത് ഉപേക്ഷിച്ചു. ഞാന്‍ ഇങ്ങിനെ കല്യാണം നടത്താന്‍ വേണ്ടി നടക്കുന്ന കാര്യം എങ്ങിനെയോ മണത്തറിഞ്ഞ, എന്റെ വക്കീലിന്റെ സുഹൃത്തായ, ഒരു ശിവസേനക്കാരന്‍ ആണ് ആര്യസമാജം എന്ന വേറെ ഒരു വഴി പറഞ്ഞു തന്നത്. അദ്ദേഹം ഒരു മുസ്‌ലി പെണ്‍കുട്ടിയെ ഇങ്ങിനെ മതം മാറ്റിയാണ് കല്യാണം കഴിച്ചത്.
അങ്ങിനെയാണ് ആര്യസമാജക്കാരെ സമീപിക്കുന്നത്. ഹിന്ദു മതത്തിലേക്ക് മാറുമ്പോള്‍ ഏതു ജാതിയില്‍ പെടും എന്ന ചോദ്യം ആണ് ആ പരിപാടി പൊളിച്ചത്. പിന്നീട് കൂടുതല്‍ അറിഞ്ഞപ്പോള്‍ ആണ് ആര്യസമാജം ജാതിയില്ലാത്ത ഹിന്ദുക്കള്‍ ആണെന്നും അവര്‍ വിഗ്രഹാരാധനയെ എതിര്‍ക്കുന്നവരും ആണെന്നും മനസ്സില്‍ ആയതു. വിഗ്രഹത്തെ ആരാധിക്കാത്ത, ജാതിയില്ലാത്ത ഹിന്ദു മതത്തെ കുറിച്ച് സംശയം തോന്നിയത് കൊണ്ട് കൊണ്ട് ആ പരിപാടി ഉപേക്ഷിച്ചു. കല്യാണത്തിന് വേണ്ടി മാത്രം ആണ് ഇപ്പോള്‍ ആളുകള്‍ ആര്യസമാജത്തെ സമീപിക്കുന്നത് എന്ന് അന്ന് കണ്ട സെക്രട്ടറി പറഞ്ഞു.
എന്റെ ഘര്‍ വാപ്പച്ചി അങ്ങിനെ എങ്ങും എത്താതെ പോയി.
അവസാനം രജിസ്ട്രാര്‍ക്കു കുറച്ചു കൈക്കൂലി ഒക്കെ കൊടുത്തു എന്റെ ബാപ്പ തന്നെയാണ് എന്റെ കല്യാണം രജിസ്റ്റര്‍ ആയി നടത്താന്‍ ഉള്ള കാര്യങ്ങള്‍ എല്ലാം ശരിയാക്കിയത്. കല്യാണം കഴിഞ്ഞു ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞായിരുന്നു ഘര്‍ ഉമ്മച്ചിക്കാരുടെ രംഗ പ്രവേശം.
ഒരു ദിവസം വീടിനു അടുത്തുള്ളത് എന്ന് പറയപ്പെടുന്ന കുറച്ചു ജമാഅത്തെ ഇസ്ലാമിക്കാര്‍ വീട്ടില്‍ വന്നു. എന്റെ ഭാര്യയെ മുസ്ലിം ആക്കുക ആയിരുന്നു അവരുടെ വരവിന്റെ ഉദ്ദേശ്യം. വേറെ മതത്തില്‍ നിന്നും കല്യാണം കഴിച്ച പെണ്‍കുട്ടികള്‍ ആണിന്റെ മതത്തിലേക്ക് മാറുന്നത് നാട്ടു നടപ്പാണെന്നും, ഇസ്ലാമില്‍ ഇങ്ങിനെ ഉള്ള മതം മാറ്റങ്ങള്‍ നിര്‍ബന്ധമാണെന്നും മറ്റുമായിരുന്നു അവരുടെ വാദം. എന്റെ ഭാര്യയ്ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്ന വാദത്തില്‍ ഞാന്‍ ഉറച്ചു നിന്നപ്പോള്‍ അവര്‍ പോയി. ആരെങ്കിലും ഗോമതിയെ നിര്‍ബന്ധിച്ചോ ബ്രെയിന്‍ വാഷ് ചെയ്‌തോ മതം മാറ്റാന്‍ ശ്രമിച്ചാല്‍ , ഞാന്‍ ഹിന്ദു മതത്തിലേക്ക് മാറും എന്നൊരു ഭീഷണി മുഴക്കിയിരുന്നത് കൊണ്ടും, ഞാന്‍ കെട്ടുന്നത് ഒരു പെണ്ണായാല്‍ മാത്രം മതി എന്ന ഒരു വലിയ സ്വാതന്ത്ര്യം എന്റെ മാതാപിതാക്കള്‍ എനിക്ക് നല്‍കിയിരുന്നത് കൊണ്ടും വലിയ പ്രശ്‌നങ്ങള്‍ അതിനു ശേഷം ഉണ്ടായില്ല.
എന്റെ ഇത്ത അംഗന്‍വാടിയില്‍ ടീച്ചറാണ്. അവര്‍ക്കു ഹെല്‍ത്ത് ഇന്‍സ്‌പെക്ഷന്റെ ഭാഗം ആയി പാവപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും ചില ദരിദ്ര കുടുംബങ്ങളില്‍ സൗജന്യമായി കൊടുക്കുന്ന മരുന്നുകള്‍ അവര്‍ കഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യേണ്ട ഒരു ജോലി ഉണ്ട്. ഒരു ഹര്‍ത്താല്‍ ദിവസം ഇങ്ങിനെ ഒരു വീട്ടില്‍ ചെന്നപ്പോള്‍ ആ വീട്ടിലെ വൃദ്ധയായ അമ്മ മരുന്ന് കഴിച്ചിട്ടുണ്ടായിരുന്നില്ല. സൗജന്യമായി കിട്ടുന്ന മരുന്ന് പോലും കഴിക്കാത്തതിനെ കുറിച്ച് ഇത്ത അവരെ വഴക്കു പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു
'ടീച്ചറെ ഈ മരുന്ന് ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം കഴിക്കാനല്ലേ ടീച്ചര്‍ പറഞ്ഞത്, ഞാന്‍ ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസം ആയി...'
കയ്യില്‍ ഉണ്ടായിരുന്ന പൈസ കൊടുത്തു അവര്‍ക്കു ഭക്ഷണം വാങ്ങി കൊടുത്തു എന്ന് ഇത്ത പറഞ്ഞു. നമ്മുടെ നാട്ടില്‍ ഇപ്പോഴും ഭക്ഷണം എല്ലാ ദിവസവും കിട്ടാത്ത ആളുകള്‍ ഉണ്ടെന്നുള്ളത് എനിക്ക് പുതിയ അറിവായിരുന്നു. അത് രണ്ടു ദിവസം ആയി ആരും അറിഞ്ഞില്ല എന്നത് അതിലും വലിയ അത്ഭുതവും.
ചുരുക്കം പറഞ്ഞാല്‍ നിങ്ങള്‍ വിശന്നു കിടന്നാല്‍ അധികം ആരും തിരിഞ്ഞു നോക്കാന്‍ ഉണ്ടായി എന്ന് വരില്ല, പക്ഷെ നിങ്ങള്‍ വേറെ ഒരു മതത്തില്‍ നിന്നോ ജാതിയില്‍ നിന്നോ കല്യാണം കഴിച്ചു നോക്കൂ, ഘര്‍ വാപ്പച്ചിക്കാരും ഉമ്മച്ചിക്കാരും നിങ്ങളെ തിരക്കി വരും.അതല്ലെങ്കിലും ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം മതമാണല്ലോ,പട്ടിണിയൊക്കെ ആര്‍ക്കു വേണം!