നിങ്ങളുടെ മരണം എങ്ങിനെ ആയിരിക്കും?

നിങ്ങളുടെ മരണം എങ്ങിനെ ആയിരിക്കും? നിങ്ങളും ഞാനും എങ്ങിനെ ആണ് മരിക്കാന്‍ പോകുന്നത്? അത് ദൈവം തീരുമാനിക്കുന്നതല്ലേ എന്നാണ് ഉത്തരമെങ്കില്‍ തുടര്‍ന്ന് വായിക്കുക. നിങ്ങളുടെ മരണത്തെ കുറിച്ച് ചില കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു തരാം.

Nazeer Hussain Kizhakedathu column on death and ageing

Nazeer Hussain Kizhakedathu column on death and ageing

നാം എങ്ങിനെ മരിക്കും എന്നതറിയാന്‍ നമുക്ക് പരിചയമുള്ളതോ പ്രിയപ്പെട്ടതോ ആയവര്‍ അടുത്ത കാലത്ത് മരണപ്പെട്ടത് എങ്ങിനെ എന്നോ മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത് എങ്ങിനെ എന്നോ ഓര്‍ത്തു നോക്കിയാല്‍ മതി. ആധുനിക വൈദ്യ ശാസ്ത്രം അടുത്ത അമ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ അവിശ്വസനീയമായ അത്ഭുതങ്ങള്‍ ഒന്നും കാട്ടിയില്ലെങ്കില്‍ ഞാനും നിങ്ങളും മരിക്കാന്‍ പോകുന്നത് എങ്ങിനെ എന്ന് പ്രകൃതി മറ്റുള്ളവരുടെ മരണത്തിലൂടെ നമ്മോടു പറയുന്നുണ്ട്.

അപകട മരണങ്ങളും മാറാരോഗങ്ങള്‍ പിടിപെട്ടുള്ള മരണങ്ങളും ഒഴിച്ച് നിര്‍ത്തിയാല്‍ പണ്ട് കാലത്ത് ആളുകള്‍ വയസായി മരിച്ചിരുന്നത് വീടുകളില്‍ വച്ചായിരുന്നു. എന്റെ ചെറുപ്പത്തില്‍ അടുത്ത വീട്ടിലെ അപ്പൂപ്പന്‍ മരിക്കാറായപ്പോള്‍ ഒരു മുറിയില്‍ ഒന്നോ രണ്ടോ ദിവസത്തോളം 'വായ് വലിച്ചു' കിടന്നു അവസാന ശ്വാസം എടുക്കുന്നത് ഭയത്തോടെ കണ്ടിട്ടുണ്ട്. പക്ഷെ അന്നത്തെ കാലത്ത് വയസ്സായവര്‍ വീടുകളില്‍ മരിക്കുന്നത് സാധാരണമായിരുന്നു. പുറത്ത് ആളുകള്‍ കൂട്ടമായി വര്‍ത്തമാനം പറഞ്ഞു നില്‍ക്കും. ചിതയ്ക്കുള്ള മരം വെട്ടുകാരനും ആളുകളെ ദൂരെ പോയി അറിയിക്കേണ്ടവരും ക്ഷമയോടെ കാത്ത് നില്‍ക്കും. മരണം ഒരു സാധാരണ 'ജീവിത' പ്രതിഭാസമായിരുന്നു.

മനുഷ്യന്‍ വേറെ എല്ലാ ജീവികളെയും പോലെ ഒരു നിശ്ചിത സമയമാണ് ഈ ഭൂമുഖത്തുള്ളത്.

മരണത്തിന്റെ മുഖം മാറ്റം
ആധുനിക ശാസ്ത്രം വികാസം പ്രാപിച്ചതോടെ മരണത്തിന്റെ മുഖം മാറി. വളരെ അധികം അസുഖങ്ങള്‍ സുഖപ്പെടുത്താനുള്ള മരുന്നുകളും സാങ്കേതിക വിദ്യകളും വന്നു. മരണം പതുക്കെ ICU വിലേക്ക് മാറി. പ്രായമെത്താതെ അപകടത്തിലൂടെയോ അസുഖങ്ങളിലൂടെയോ ഉള്ളവര്‍ മാത്രമല്ല പ്രായമായി മരിക്കുന്നവരും ICU വിലേക്ക് മാറി. അവസാന ശ്വാസം ജീവന്‍ രക്ഷിക്കാനുള്ള ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും നടുവില്‍ വച്ചായി. പ്രിയപെട്ടവരെ എങ്ങിനെ എങ്കിലും ഒരുക്കല്‍ കൂടി ജീവനോടെ കാണാന്‍ ആകാംക്ഷയോടെ ആളുകള്‍ പുറത്തു കാത്ത് നിന്നു.

ഇതിനിടയില്‍ നാം മറന്നു പോയ ഒരു കാര്യമുണ്ട്. മനുഷ്യന്‍ വേറെ എല്ലാ ജീവികളെയും പോലെ ഒരു നിശ്ചിത സമയമാണ് ഈ ഭൂമുഖത്തുള്ളത്. ആരും ഇരുന്നൂറോ മുന്നൂറോ കൊല്ലം ജീവിക്കുന്നില്ല. 1993 ല്‍ ഷെര്‍വിന്‍ ന്യൂലാന്‍ഡ് 'നാം എങ്ങിനെ മരിക്കുന്നു' എന്ന പുസ്തകം എഴുതിയപ്പോള്‍ ഉള്ളതിനേക്കാള്‍ അറിവ് മരണത്തെയും വയസ്സാകുന്നതിനെയും കുറിച്ച് ഇപ്പോള്‍ നമുക്കുണ്ട്. അത് കൊണ്ട് ഭൂരിഭാഗം പേരും മരിക്കാന്‍ പോകുന്നത് എങ്ങിനെ എന്ന് ഇന്ന് തന്നെ നമുക്കറിയാം. ഇതറിഞ്ഞാല്‍ ചില ഗുണങ്ങളുണ്ട്. അത് പോസ്റ്റിന്റെ അവസാനം പറയാം.

കേരളത്തിലെ ഇപ്പോഴത്തെ പ്രതീക്ഷിത ജീവിതദൈര്‍ഘ്യം75 വയസാണ്. എന്ന് വച്ചാല്‍ അപകടമോ അസുഖമോ വന്നു നേരത്തെ മരിക്കുന്ന ന്യൂനപക്ഷം ഒഴിച്ചാല്‍ ഏതാണ്ട് എല്ലാവരും 70 മുതല്‍ 90 വയസ്സിനുള്ളില്‍ ആണ് മരിക്കാന്‍ പോകുന്നത്. ഇങ്ങനെയുള്ളവര്‍ പക്ഷെ നിശ്ചിത സമയം ആവുമ്പോള്‍ പെട്ടെന്ന് തട്ടിപോവുന്നത് അല്ല, മറിച്ച് പല കാരണങ്ങള്‍ കൊണ്ട് വളരെ നാള്‍ ആശുപത്രിയില്‍ കിടന്നോ വീട്ടില്‍ തന്നെ വയസായതു മൂലം ഉണ്ടാവുന്ന പല രോഗങ്ങളുടെ പിടിയില്‍ അമര്‍ന്നോ സാവധാനം ആയിരിക്കും മരണം സംഭവിക്കുന്നത്. നിങ്ങള്‍ മുപ്പതു വയസിന് മുകളില്‍ ഉള്ള ഒരാള്‍ ആണെങ്കില്‍ ഇപ്പോള്‍ തന്നെ നിങ്ങള്‍ പതുക്കെ മരിച്ചു കൊണ്ടിരിക്കുകയാണ്, നിങ്ങള്‍ അത് തിരിച്ചറിയുന്നില്ല എന്ന് മാത്രം. ഉദാഹരണത്തിന് താഴെ പറയുന്ന മരണകാരണമായ രോഗങ്ങള്‍ നോക്കുക.

നിങ്ങള്‍ മുപ്പതു വയസിന് മുകളില്‍ ഉള്ള ഒരാള്‍ ആണെങ്കില്‍ ഇപ്പോള്‍ തന്നെ നിങ്ങള്‍ പതുക്കെ മരിച്ചു കൊണ്ടിരിക്കുകയാണ്, നിങ്ങള്‍ അത് തിരിച്ചറിയുന്നില്ല എന്ന് മാത്രം

മരണകാരണമായ രോഗങ്ങള്‍​

എ) ഹൃദയ സംബന്ധമായ രോഗങ്ങള്‍.

ഹൃദയം അസാധാരണമായ ഒരു അവയവമാണ്. ജനിക്കുന്നതിന് മുന്നേ തന്നെ മിടിക്കാന്‍ തുടങ്ങി തലച്ചോറില്‍ നിന്നുള്ള ബന്ധം നഷ്ടപ്പെട്ടാല്‍ പോലും തനിയെ മിടിക്കാനുള്ള ചില സംവിധാനങ്ങള്‍ ഒക്കെ ഉള്ള തലച്ചോര്‍ കഴിഞ്ഞാല്‍ ഏറ്റവും കോംപ്ലക്‌സ് ആയ ഒരവയവം. പക്ഷെ വയസായി മരിക്കുന്ന മൂന്നില്‍ ഒരാള്‍ ഹൃദയ സംബന്ധിയായ അസുഖം മൂലം ആണ് മരിക്കുന്നതു. കാരണം ഹൃദയത്തിലെ പല പേശികളുടെയും ശക്തി നമ്മള്‍ക്ക് പ്രായം ചെല്ലുന്തോറും ക്ഷയിച്ചു വരും. കുറേക്കാലം ജോലി ചെയ്തു തളര്‍ന്ന് ഇലാസ്തികത കുറഞ്ഞ, രക്തസമ്മര്‍ദ്ദം കൂടിയ പ്ലേക് അടിഞ്ഞു കൂടി കുഴലുകളുടെ വ്യാസം കുറഞ്ഞ ഈ രക്തക്കുഴലുകളില്‍ ഹൃദയത്തിലേക്ക് രക്തം കൊടുക്കുന്ന കൊറോണറി ആര്‍ട്ടറി ബ്ലോക്ക് ആകുന്നതോടെ രക്തവും ഓക്‌സിജനും കിട്ടാതെ ഹാര്‍ട്ട് അറ്റാക്ക് ആയി രോഗി മരണത്തിന് കീഴടങ്ങുന്നു.

ബി) സ്‌ട്രോക്ക്

മുകളില്‍ പറഞ്ഞ പോലെ പ്രായമാവുമ്പോള്‍ ഇലാസ്തികത കുറഞ്ഞ രക്ത ധമനികളില്‍ പ്ലാക്ക് പൊട്ടി ഉണ്ടാവുന്ന രക്തം കട്ടപിടിക്കല്‍ ഹൃദയത്തിലേക്കുള്ള ധമനിക്കു പകരം തലച്ചോറിലേക്കുള്ളതാണ് ബ്ലോക്ക് ചെയ്യുന്നതെങ്കില്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ചു തലച്ചോറിലെ ചില ഭാഗങ്ങള്‍ നശിച്ചു പോയി രോഗി ഒരു ഭാഗം തളര്‍ന്നു കിടക്കുകയോ, ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവത്തെ നിയര്‍ന്ത്രിക്കുന്ന ഭാഗം ആണ് തലച്ചോറില്‍ നശിച്ചു പോകുന്നതെങ്കില്‍ മരണവും സംഭവിക്കാം.

സി) ന്യൂമോണിയ

ഹൃദയത്തെയും തലച്ചോറിനെയും പോലെ തന്നെ നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്ന ഒരവയവം ആണ് നമ്മുടെ ശ്വാസകോശം. അതിനകത്തേക്കു പോകുന്ന അനാവശ്യമായ ഏതൊരു വസ്തുവിനെയും ചുമച്ചു പുറത്തു ചാടിക്കാനുള്ള കഴിവ് അതിനുണ്ട്, പക്ഷെ വയസ്സാവുമ്പോള്‍ ആ കഴിവ് കുറയുകയും ചില ബാക്റ്റീരിയകള്‍ക്ക് എളുപ്പത്തില്‍ തമ്പടിക്കാവുന്ന ഒരു സ്ഥലം ആയി ശ്വാസകോശം മാറുകയും ചെയ്യുന്നു. വയസായ ആളുകളില്‍ പെട്ടെന്ന് ന്യൂമോണിയ വരാന്‍ കാരണം ഇതാണ്. പണ്ടത്തെ കാലത്തു പലരും വായു വലിച്ചു മരിച്ചിരുന്നത് ശ്വാസകോശത്തില്‍ വെള്ളം കെട്ടി കിടന്നു ഓക്‌സിജന്‍ കിട്ടാതെ ശരീരം അതിന്റെ അവസാന ശ്രമം നടത്തിയിരുന്ന ശബ്ദം ആണ്. അവസാനം ആവശ്യത്തിന് ഓക്‌സിജന്‍ കിട്ടാതെ തലച്ചോറ് ശരീരത്തിലെ മറ്റു പ്രധാനപ്പെട്ട ഭാഗങ്ങളോ പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ നാഡി നോക്കി ആളുകള്‍ മരണം ഉറപ്പു വരുത്തുന്നു. ആധുനിക സംവിധാനങ്ങളില്‍ തലച്ചോര്‍ മരിച്ചോ എന്നാണ് നോക്കുന്നത്, അവയവ ദാനത്തിന് തലച്ചോറിന്റെ മരണം ആണ് അടിസ്ഥാനം ആയി കണക്കാക്കുന്നത്.

ഡി) കാന്‍സര്‍

നമ്മില്‍ നാലില്‍ ഒരാള്‍ കാന്‍സര്‍ കൊണ്ടാണ് മരണപ്പെടാന്‍ പോകുന്നത്. ചില കോശങ്ങള്‍ അന്തവും കുന്തവും ഇല്ലാതെ വിഭജിക്കുന്നത് എല്ലാ പ്രായത്തിലും ശരീരത്തില്‍ സംഭവിക്കുമെങ്കിലും ചെറുപ്പകാലത്ത് ഇങ്ങിനെ ഉള്ള കോശങ്ങളെ പ്രതിരോധിക്കാന്‍ ഉള്ള ശരീരത്തിന്റെ കഴിവ് കൂടുതല്‍ ആണ്. പ്രായമേറുമ്പോള്‍ ഈ കഴിവ് കുറഞ്ഞു വരുന്നത് കൊണ്ടാണ് കാന്‍സര്‍ വരുന്ന 60 ശതമാനം ആളുകളും 65 വയസിനു മുകളില്‍ ആവാന്‍ കാരണം. കാന്‍സര്‍ എല്ലാം പുതിയ രോഗം ആണ് പണ്ടുള്ളവര്‍ക്ക് വന്നിരുന്നില്ല എന്ന് പറയുന്നവര്‍ മറന്നു പോകുന്ന ഒരു കാര്യം 1921 ല്‍ ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം വെറും 25 വയസായിരുന്നു, 1954 ല്‍ 36 വയസും ഞാന്‍ ജനിച്ച 1972 ല്‍ 50 വയസും. കാന്‍സര്‍ വരുന്നതിനു മുമ്പേ ഭൂരിപക്ഷം ആളുകളും തട്ടിപ്പോയിരുന്നു എന്ന് ചുരുക്കം.

1921 ല്‍ ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം വെറും 25 വയസായിരുന്നു

വയസ്സാവുമ്പോള്‍
സമയമാവുമ്പോള്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചു കിടക്കാതെ പെട്ടെന്ന് മരിച്ചു പോണം എന്നാണ് നമ്മില്‍ പലരുടെയും ആഗ്രഹം. പക്ഷെ യാഥാര്‍ഥ്യം മറ്റൊന്നായിരിക്കും. മുകളില്‍ പറഞ്ഞ മരണകാരണമായ അസുഖങ്ങള്‍ വരുന്നതിന് മുന്‍പ് വരുന്ന ചില അസുഖങ്ങള്‍ ആണ് നമ്മെ ശരിക്കും വയസാകുന്നതിന്റെ ബുദ്ധിമുട്ടു അനുഭവിപ്പിക്കാന്‍ പോകുന്നത്. വയസായി പല അവയവങ്ങളും അതിന്റെ പകുതി പോലും പ്രാപ്തിയില്‍ ജോലി ചെയ്യാതെ പതുക്കെ പതുക്കെയാണ് മരണം നമ്മെ വരിഞ്ഞു ചുറ്റുന്നത്. അത് ചുറ്റുമുളളവരെ പല തരത്തിലും ബാധിക്കുകയും ചെയ്യും.

മൂത്രസഞ്ചിയുടെ ഇലാസ്തികത നഷ്ടപ്പെട്ട് രാത്രി മൂത്രം ഒഴിക്കാന്‍ എഴുന്നേറ്റ് , ചിലപ്പോള്‍ അറിയാതെ തന്നെ മലമൂത്ര വിസര്‍ജനം ചെയ്ത്, കണ്ണ് കാണാതെ തപ്പി നടക്കേണ്ട സമയത്ത്, നമ്മെ കൊണ്ട് നടക്കേണ്ട ബാധ്യത മക്കള്‍ക്ക് വന്നു ചേരുമ്പോള്‍ എല്ലാവര്‍ക്കും നല്ല അനുഭവങ്ങള്‍ ആവണം വരുന്നത് എന്നില്ല.

25 വയസിനു ശേഷം നമ്മുടെ തലച്ചോറിന്റെ ഭാരം വര്‍ഷത്തില്‍ 2 ഗ്രാം വച്ച് കുറഞ്ഞു കൊണ്ടിരിക്കും. പ്രായമാവുമ്പോള്‍ നാം ചെറുപ്പത്തില്‍ ചെയ്ത പല കാര്യങ്ങളും പഴയ പ്രാപ്തിയോടെ ചെയ്യാന്‍ കഴിയില്ല. കണ്ണും കാതും ജോലി ചെയ്യാത്ത മൂലവും ഓര്‍മക്കുറവ് മൂലവും മുമ്പ് എളുപ്പം ചെയ്തിരുന്ന കാര്യം ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ പെട്ടെന്ന് ദേഷ്യം വരുന്ന സ്വാഭാവം വരാം. അത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. മസിലുകളും എല്ലും പഴയ ബലം ഇല്ലാത്തതു കൊണ്ട് അധികം നടക്കാനോ പടി കയറാനോ ഉള്ള ബുദ്ധിമുട്ടുകള്‍ വരാം.

ഇത്രമാത്രം നിങ്ങളുടെ ഉന്മേഷം കളയുന്ന കാര്യങ്ങള്‍ ഞാന്‍ പറഞ്ഞതിന് പല കാരണങ്ങള്‍ ഉണ്ട്.

പലരുടെയും വയസ്സാവരോടുള്ള മനോഭാവം പൂര്‍ണമായും മാറും.

മാറാന്‍ നേരമുണ്ട്
ഒന്ന്  പലരുടെയും വയസ്സാവരോടുള്ള മനോഭാവം പൂര്‍ണമായും മാറും. കാരണം നാളെ നമ്മള്‍ എത്തിപ്പെടാന്‍ പോകുന്ന ആ അവസ്ഥയില്‍ ഇന്ന് നില്‍ക്കുന്നവര്‍ ആണവര്‍. ഓര്‍മ കുറഞ്ഞ, പെട്ടെന്ന് ദേഷ്യം വരുന്ന, നമ്മെ അനുസരിക്കാത്ത, ചിലപ്പോള്‍ മലമൂത്ര വിസര്‍ജനം നിയന്ത്രിക്കാന്‍ പോലും ആവാത്ത, നമ്മുടെ മാതാ പിതാക്കള്‍ ഉള്‍പ്പെടുന്ന വൃദ്ധര്‍ നമ്മുടെ വളരെ അധികം അനുകമ്പ അര്‍ഹിക്കുന്നവര്‍ ആണ്. അവരുടെ സ്ഥാനത്ത് ആ പ്രായത്തില്‍ നമ്മെ പ്രതിഷ്ഠിച്ചു നോക്കിയാല്‍ നമ്മുടെ അവരോടുള്ള സമീപനം മാറും എന്ന് പ്രതീക്ഷിക്കുന്നു.

രണ്ട്: പ്രായമായ നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് നാളെ മേല്‍പ്പറഞ്ഞ അസുഖങ്ങള്‍ വരുമ്പോള്‍  തീരുമാനം എടുക്കുന്നതിന് ഈ അറിവുകള്‍ സഹായിക്കും. ഭൂരിഭാഗം കേസിലും നമ്മള്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കഴിവ് പ്രകടിപ്പിക്കാന്‍ അവസരം കൊടുക്കുമെങ്കിലും, ചില കേസിലെങ്കിലും സമാധാനത്തോടെ മരിക്കാന്‍ പാലിയേറ്റീവ് കെയര്‍ പോലെ ഉള്ള മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കേണ്ടി വന്നേക്കാം.

മൂന്ന്  പിന്നീട് ചെയ്യാം എന്ന് നാം മാറ്റി വയ്ക്കുന്ന കാര്യങ്ങള്‍ നമുക്ക് പിന്നീട് ചെയ്യാന്‍ കഴിയില്ല എന്ന് മനസിലാകുമ്പോള്‍  കാര്യങ്ങള്‍ കൂടുതല്‍ പ്ലാന്‍ ചെയ്യാന്‍ കഴിയും. ഉദാഹരണത്തിന്...

നിങ്ങള്‍ മാറ്റി വച്ച ആ യാത്ര.നാളെ നടക്കാനും മല കയറാനും പറ്റാതാവുമ്പോള്‍ ആണോ നിങ്ങള്‍ പോകാന്‍ പോവുന്നത്?

സൗഹൃദം പുതുക്കാന്‍ മറന്നു പോയ ആ കൂട്ടുകാരനെ വിളിക്കാന്‍ കുറെ നാളായില്ലേ നിങ്ങള്‍ വിചാരിക്കുന്നത്?

നിങ്ങള്‍ സ്‌നേഹിക്കുന്ന നിങ്ങളുടെ പ്രിയപെട്ടവരോട് പറയാന്‍ കരുതി വച്ച കാര്യങ്ങള്‍...

ചെറുപ്പത്തില്‍ ജീവിത തിരക്കില്‍ നിങ്ങള്‍ മാറ്റി വച്ച ആ ഹോബി , പാട്ടു പാടലാവാം, ചിത്ര രചന ആവാം...

അപ്പോള്‍ നമ്മള്‍ തുടങ്ങുകയല്ലേ? നാളെ വരെ കാത്തിരിക്കുന്നത് എന്തിനാണ്?

 

നോട്ട് 1 :

ഈ പറഞ്ഞ എല്ലാ കാര്യത്തിനും പൊതുവായ ഒരു കാര്യം ശരീരം വയസ്സാവുന്നതാണ്. പുതിയ കണ്ടുപിടുത്തങ്ങള്‍ പ്രകാരം ഈ വയസ്സാകല്‍ പ്രക്രിയയ്ക്ക് ഒരു അടിസ്ഥാന കാരണം ഉണ്ട്. അത് കോശ വിഭജനവും ആയി ബന്ധപ്പെട്ടതാണ്. കോശ വിഭജനത്തില്‍ പ്രധാനപ്പെട്ട ഒരു പരിപാടി മനുഷ്യനെ മനുഷ്യന്‍ ആക്കുന്ന 23 ജോഡി ക്രോമസോമുകള്‍ വിഭജിക്കുന്നത് ആണ്. ഇങ്ങിനെ വിഭജിക്കുമ്പോള്‍ ഡിഎന്‍എ യുടെ ഘടന നഷ്ടപ്പെടാതിരിക്കാന്‍ ആയി ക്രോമസോമുകളുടെ അറ്റത്ത് ടെലോമീര്‍ (telomere) എന്നൊരു സംഭവം ഉണ്ട്. പക്ഷെ ഓരോ വിഭജനത്തിന് ശേഷവും ഈ ടെലോമെറിന്റെ നീളം കുറഞ്ഞു വരുന്നു. ഏതാണ്ട് 50 തവണ കോശം വിഭജിച്ചു കഴിയുന്‌പോഴേക്കും ക്രോമസോം ഘടന മാറാതെ കോശവിഭജനം സാധ്യം അല്ലാതെ വരുന്നു. ചുരുക്കി പറഞ്ഞാല്‍ നമ്മള്‍ വയസാവുന്നത്തിന്റെ കാരണം നമ്മുടെ ജീനുകളില്‍ തന്നെ ഉണ്ട്.

ഈ കണ്ടുപിടുത്തതിനാണ് Elizabeth H. Blackburn, Carol W. Greider , Jack W. Szostak എന്നിവര്‍ക്ക് 2009 ലെ മെഡിസിന്‍ നോബല്‍ സമ്മാനം കിട്ടിയത്. (https://www.nobelprize.org/…/medi…/laureates/2009/press.html)

 

Latest Videos
Follow Us:
Download App:
  • android
  • ios