തിരുവനന്തപുരം: കേരളത്തിന്‍റെ രാഷ്ട്രീയ പരീക്ഷണശാല
എണ്‍പത്തിനാലിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് വീണ്ടുമെത്തിയപ്പോൾ ചിത്രം കീഴ്മേൽ മറിഞ്ഞിരുന്നു. ബഹുഗുണയോടൊപ്പം കോൺഗ്രസ്സിലെത്തിയ നീലൻ ബഹുഗുണയോടൊപ്പം വീണ്ടും കോൺഗ്രസ്സ് വിട്ട് ഇടതുപക്ഷ സ്ഥാനാർത്ഥിയായി. കരുണാകരന്റെ കൂർമബുദ്ധി വീണ്ടും ഉണർന്നു. നാടാർ വോട്ടിനെ ഹിന്ദു നാടാരെന്നും, ക്രിസ്ത്യൻ നാടാരെന്നും പിളർത്തുക എന്ന തന്ത്രമാണ് ഇത്തവണ പ്രയോഗിച്ചത്.
ജയസാധ്യതയുള്ള ഏകമണ്ഡലത്തിൽ ബിജെപി എന്ത് തന്ത്രമായിരിക്കും പ്രയോഗിക്കുക, കഴിഞ്ഞ തവണത്തെ അപമാനകരമായ മൂന്നാം സ്ഥാനത്തിൽ നിന്നും രക്ഷപ്പെടാൻ എൽഡിഎഫ് എന്ത് നയം സ്വീകരിക്കും തുടങ്ങിയവ അറിയാനാണ് കേരളം കാത്തിരിക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തിലൂടെ...
ആയിരത്തി തൊള്ളായിരത്തി എൺപതിലെ പാർലമെന്റ് തെരഞ്ഞെടുപ്പ്. കേരളത്തിലെ ഇന്നത്തെ മുന്നണികളുടെ പ്രാഗ് രൂപം അന്നാണ് രൂപീകൃതമാവുന്നത്. ഒരുഭാഗത്ത് അതിശക്തമായ ഇടതുപക്ഷ ജനാധിപത്യമുന്നണി. സിപിഎമ്മും സിപിഐയും ആർഎസ്പിയും എകെ ആന്റണിയുടെ നേതൃത്വത്തിലുള്ള അന്നത്തെ ഭൂരിപക്ഷ വിഭാഗമായ കോൺഗ്രസ്സ്(യു)വും, കെ എം മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ്സും ഉൾപ്പെടുന്ന, ഇരുപതു ലോക്സഭാ സീറ്റിലും വിജയിക്കാൻ കഴിയുന്ന രാഷ്ട്രീയ അടിത്തറയുള്ള മുന്നണി.
രാഷ്ട്രീയ നിലനിൽപ്പിനായി കെ കരുണാകരൻ ഇന്ദിരാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ബാക്കിയുള്ള എല്ലാ കക്ഷികളെയും - മുസ്‌ലിം ലീഗ്, കേരളാ കോൺഗ്രസ്സ് ജോസഫ് ഗ്രൂപ്പ്, ജനതാ പാർട്ടി, എൻഡിപി, എസ്ആർപി, തുടങ്ങി എല്ലാ കക്ഷികളെയും - ഉൾപ്പെടുത്തി ഒരു അവിയൽ മുന്നണി ഐക്യജനാധിപത്യമുന്നണി എന്ന പേരിൽ രൂപീകരിക്കുന്നു. എങ്കിലും മുസ്‌ലിം ലീഗിന്റെ ശക്തി കേന്ദ്രങ്ങളിലല്ലാതെ ഇടതുപക്ഷമുന്നണിയെ പരാജയപ്പെടുത്താൻ ശക്തിയുള്ള മുന്നണിയായി ഇതിനെ ആരും കണക്കിലെടുത്തില്ല.
കെ വി സുരേന്ദ്രനാഥ് എന്ന ആശാനിലൂടെ സിപിഐ മണ്ഡലം തിരിച്ചു പിടിച്ചു
സിറ്റിങ്ങ് എംപിയായ സമുന്നത കമ്യൂണിസ്റ്റ് നേതാവ് എം എൻ ഗോവിന്ദൻ നായരായിരുന്നു തിരുവനന്തപുരം മണ്ഡലത്തിലെ അന്നത്തെ ഇടതുപക്ഷ മുന്നണി സ്ഥാനാർഥി. അദ്ദേഹത്തോട് കിടപിടിക്കുന്ന ഒരു നേതാവും ഐക്യമുന്നണിയിലില്ല. കെ കരുണാകരന്റെ അപാരമായ രാഷ്ട്രീയബുദ്ധി നിറഞ്ഞു നിന്ന ഒരു രാഷ്ട്രീയ നീക്കമായിരുന്നു പിന്നീടുണ്ടായത്. അന്നുവരെ തിരുവനന്തപുരത്തെ നാടാർ വോട്ടിന്റെ ശക്തിയെ ആരും തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു. കരുണാകരൻ ബഹുഗുണയോടൊപ്പം കോൺഗ്രസിലേക്ക് തിരിച്ചെത്തിയ നീലലോഹിതദാസൻ നാടാരെ തിരുവന്തപുരത്ത് സ്ഥാനാർത്ഥിയാക്കി. ഫലം വന്നപ്പോൾ എല്ലാവരും ഞെട്ടി. ഒരു ലക്ഷത്തിൽ പരം വോട്ടിന്, അതികായകനായ എമ്മെനെ നീലൻ തറപറ്റിച്ചു. നാടാർ വോട്ടിന്റെ കരുത്ത് പൂർണ്ണമായും പ്രകടമായ തെരഞ്ഞെടുപ്പായിരുന്നു അത്.
എണ്‍പത്തിനാലിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് വീണ്ടുമെത്തിയപ്പോൾ ചിത്രം കീഴ്മേൽ മറിഞ്ഞിരുന്നു. ബഹുഗുണയോടൊപ്പം കോൺഗ്രസ്സിലെത്തിയ നീലൻ ബഹുഗുണയോടൊപ്പം വീണ്ടും കോൺഗ്രസ്സ് വിട്ട് ഇടതുപക്ഷ സ്ഥാനാർത്ഥിയായി. കരുണാകരന്റെ കൂർമബുദ്ധി വീണ്ടും ഉണർന്നു. നാടാർ വോട്ടിനെ ഹിന്ദു നാടാരെന്നും, ക്രിസ്ത്യൻ നാടാരെന്നും പിളർത്തുക എന്ന തന്ത്രമാണ് ഇത്തവണ പ്രയോഗിച്ചത്. അതിനായി അപ്രശസ്തനായ എ ചാൾസിനെ പി എസ് സി മെമ്പർ സ്ഥാനം രാജിവെപ്പിച്ച് കോൺഗ്രസ്സ് സ്ഥാനാർത്ഥിയാക്കി. ചാൾസ്, നീലനെ അമ്പതിനായിരത്തോളം വോട്ടുകൾക്ക് തോൽപ്പിച്ചു.
ആ തെരഞ്ഞെടുപ്പിലാണ് സംഘപരിവാർ തിരുവനന്തപുരത്ത് സാന്നിധ്യമറിയിച്ചത്. ഹിന്ദുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച കേരളവർമ്മരാജ ഒരു ലക്ഷത്തിലധികം വോട്ടുകൾ നേടി. ചാൾസ് സ്ഥാനാർഥിയായ സാഹചര്യവും ജോൺപോൾ രണ്ടാമൻ മാർപ്പാപ്പയുടെ സന്ദർശനത്തെ സംബന്ധിച്ചു നടന്ന കുപ്രചാരണങ്ങളുമാണ് അവരെ സഹായിച്ചത്. പിന്നീട് രണ്ടുവട്ടം കൂടി ജയിച്ച് ചാൾസ് സിറ്റിങ്ങ് എംപി മാരെ പരാജയപ്പെടുത്തുന്ന മണ്ഡലം എന്ന ദുഷ്‌പേരിൽ നിന്നും തിരുവനന്തപുരത്തെ രക്ഷിച്ചു. എൺപത്തിയൊമ്പതിൽ ഒഎൻവി കുറുപ്പ് ചാൾസിന്റെ മുന്നിൽ അടിയറവുപറഞ്ഞു. 91 -ൽ നാടാർ വോട്ട് ലക്ഷ്യമാക്കി ഇ ജെ വിജയമ്മ എന്നൊരു സ്ഥാനാർത്ഥിയെ സിപിഐ പരീക്ഷിച്ചെങ്കിലും ക്ലച്ചു പിടിച്ചില്ല.
1996 -ൽ കെ വി സുരേന്ദ്രനാഥ് എന്ന ആശാനിലൂടെ സിപിഐ മണ്ഡലം തിരിച്ചു പിടിച്ചു. തൊണ്ണൂറ്റിയെട്ടിൽ കഴിഞ്ഞ തവണ തൃശൂരിൽ തോറ്റ് അപമാനിതനായ കരുണാകരൻ ഇടതുപക്ഷത്തിന്‍റെ ഒരു സിറ്റിങ്ങ് സീറ്റിൽ നിന്നും വിജയിച്ച് മാനം വീണ്ടടുക്കുക എന്ന ലക്ഷ്യവുമായി തിരുവനന്തപുരത്തെത്തി, ആശാനെ പരാജയപ്പെടുത്തി.
99 -ൽ തിരുവനന്തപുരത്ത് വീണ്ടും അത്ഭുതം നടന്നു. കരുണാകരൻ ഉപേക്ഷിച്ച മണ്ഡലത്തിൽ അദ്ദേഹം അപ്രശസ്തനായ വി എസ് ശിവകുമാറിനെ സ്ഥാനാർത്ഥിയാക്കി. സിപിഐ സ്ഥാനാർത്ഥിയായി കണിയാപുരം രാമചന്ദ്രനും ബിജെപിയുടെ സ്ഥിരം സ്ഥാനാർത്ഥിയായ ഒ. രാജഗോപാലും രംഗത്തുവന്നു. ഒ. രാജഗോപാലിനെ വിജയിപ്പിക്കാൻ കോൺഗ്രസും ബിജെപിയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ദുർബലനായ ശിവകുമാറിനെ കോൺഗ്രസ്സ് സ്ഥാനാര്‍ത്ഥിയാക്കിയതെന്ന പ്രചാരണം എൽഡിഎഫ് വ്യാപകമായി അഴിച്ചുവിട്ടു. പക്ഷേ, ഫലം വന്നപ്പോൾ ശിവകുമാർ വിജയിച്ചു. രാജഗോപാൽ മൂന്നാം സ്ഥാനത്തേക്കും പോയി. ന്യൂനപക്ഷങ്ങൾ ഒന്നടങ്കം നൽകിയ പിന്തുണയാണ് ശിവകുമാറിനെ വിജയിപ്പിച്ചത്.
പക്ഷേ, ഫലം വന്നപ്പോൾ ശിവകുമാർ വിജയിച്ചു
അടുത്ത തെരഞ്ഞെടുപ്പിൽ പികെവിയും അദ്ദേഹത്തിന്റെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രനും വിജയിച്ചു. ഇതിനോടകം കോൺഗ്രസ്സിനെ പിളർത്തി ഡിഐസി രൂപീകരിച്ച കരുണാകരന്റെ പിന്തുണയാണ് പന്ന്യനെ രക്ഷിച്ചത്.
കഴിഞ്ഞ രണ്ടുതവണയായി ശശി തരൂർ വിജയിക്കുന്നു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ബിജെപി ഒന്നാം സ്ഥാനത്തെത്തുന്നതിനു തടസ്സമായി നിൽക്കുന്നത് മണ്ഡലത്തിലെ തരൂരിന്റെ വ്യാപകമായ സ്വീകാര്യതയാണ്. അതിനെ മറികടക്കാൻ ജയസാധ്യതയുള്ള ഏകമണ്ഡലത്തിൽ ബിജെപി എന്ത് തന്ത്രമായിരിക്കും പ്രയോഗിക്കുക, കഴിഞ്ഞ തവണത്തെ അപമാനകരമായ മൂന്നാം സ്ഥാനത്തിൽ നിന്നും രക്ഷപ്പെടാൻ എൽഡിഎഫ് എന്ത് നയം സ്വീകരിക്കും തുടങ്ങിയവ അറിയാനാണ് കേരളം കാത്തിരിക്കുന്നത്. എന്തായാലും ഏറ്റവുമധികം ദേശീയ ശ്രദ്ധ ആകർഷിക്കുന്ന കേരളത്തിലെ മണ്ഡലമായിരിക്കും തിരുവനന്തപുരം.