മരിച്ചുപോയവരെ പോലും വഴിയാധാരമാക്കുന്ന സഭാതര്‍ക്കം

ഒരു വഴിയുണ്ട്, ഓര്‍ത്തഡോക്‌സ് വിശ്വാസം അംഗീകരിക്കുന്നതായി കുടുംബം സമ്മതിക്കണം. ചിന്നമ്മയുടെ കുടുംബത്തിന് ഇത് സ്വീകാര്യമായില്ല. ഇതോടെ മൃതദേഹം ആശുപത്രിയിലെ ഫ്രീസറിലേക്ക് മാറ്റി.

malankara jacobite vs orthodox church battle

കുടുംബക്കല്ലറയില്‍ സംസ്‌കരിക്കണമെന്ന, യാക്കോബായാ സഭാ വിശ്വാസിയായ പെറ്റമ്മയുടെ അന്ത്യാഭിലാഷം നിറവേറ്റാന്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ വിശ്വസിക്കാമെന്ന് ഉറപ്പ് നല്‍കേണ്ടിവന്നു പിറവത്തെ അധ്യാപികയായ മിനിക്ക്. തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ മൃതദേഹവുമായി കാത്തിരിക്കേണ്ടി വന്നത് മൂന്ന് ദിവസം. ഓര്‍ത്തഡോക്‌സ്, യാക്കോബായ തര്‍ക്കങ്ങള്‍ എത്തിനില്‍ക്കുന്ന വേദനാജനകമായ അവസ്ഥകള്‍. ഏഷ്യാനെറ്റ് ന്യൂസ് ലേഖകന്‍ സലാം പി ഹൈദ്രോസ് എഴുതുന്നു

malankara jacobite vs orthodox church battle

ചിന്നമ്മയുടെ മൃതദേഹത്തിനരികെ മിനി

 

നാല്‍പ്പത് വര്‍ഷം തന്നെ താലോലിച്ച  അമ്മ ചിന്നമ്മയുടെ കൈകളില്‍ മിനി മരണത്തിന്റെ  തണുപ്പറിഞ്ഞത് കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് നാല് മണിയ്ക്ക്. അന്ത്യനിമിഷങ്ങളില്‍ മിനിയുടെ ചെവിയില്‍ ചിന്നമ്മ മന്ത്രിച്ചത് ഒരാഗ്രഹം മാത്രം- തന്റെ ഇടവകയായ നെച്ചൂര്‍ സെന്റ് ജോസഫ് പള്ളിയിലെ കുടുംബക്കല്ലറയില്‍ തന്നെ തനിക്ക് അന്ത്യവിശ്രമം ഒരുക്കണം, നാല്‍പ്പത് കൊല്ലം മുമ്പ് കര്‍ത്താവിലേക്ക് നിദ്രപ്രാപിച്ച ഭര്‍ത്താവ് കെ സി മത്തായിയുടെ അരികില്‍ തന്നെ. ഒരു നിമിഷം, മിനി എന്ന അധ്യാപിക പിതാവിന്റെ മെഴുകുതിരി കത്തിച്ച് വെച്ച ഫോട്ടോയ്ക്ക് മുന്നില്‍ ഒരു നിമിഷം കൈകൂപ്പി നിന്നു...എന്ത് ചെയ്യണമെന്നറിയാതെ.
 
വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെ പള്ളി സെമിത്തേരിയിലേക്കുള്ള യാത്ര അമ്മ ആഗ്രഹിക്കുന്നത് പോലെ എളുപ്പമല്ലെന്ന് മിനിക്കറിയാം. കഴിഞ്ഞ ജൂലൈക്ക് ശേഷം കാര്യങ്ങര്‍ മാറിമറിഞ്ഞിരിക്കുന്നു.
 
കക്കാട് തൊഴുപ്പാട് കുടംബാംഗമാണ് അന്തരിച്ച ചിന്നമ്മ. യാക്കോബായ സഭാ വിശ്വാസി. ഇടവകയിലെ നെച്ചൂര്‍ സെന്റ് തോമസ് പള്ളി കഴിഞ്ഞ ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയോടെ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരിക്കുന്നു. ചിന്നമ്മയുടെ ഭര്‍ത്താവ് കെ സി മത്തായി അന്തിയുറങ്ങുന്നത് ഈ പള്ളിയിലെ കുടുംബക്കല്ലറയില്‍. തോമസ് തന്നെ പണി കഴിപ്പിച്ചതാണ് കുടുംബക്കല്ലറ. തോമസ് മരിക്കുമ്പോള്‍ മിനിക്ക് പ്രായം പത്ത് വയസ്സ്. അന്ന് സഭ ഒന്നേയുള്ളൂ. രണ്ട് വിഭാഗമായി പിളര്‍ന്നിട്ടില്ല.

മിനി, പള്ളി ഭാരവാഹികളെ ബന്ധപ്പെട്ടു. യാക്കോബായ സഭാ വിശ്വാസിയായ ചിന്നമ്മയെ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ കൈവശമുള്ള പള്ളി സെമിത്തേരിയില്‍ എങ്ങിനെ സംസ്‌കരിക്കുമെന്ന് പള്ളി കമ്മിറ്റിയുടെ ചോദ്യം. ഒരു വഴിയുണ്ട്, ഓര്‍ത്തഡോക്‌സ് വിശ്വാസം അംഗീകരിക്കുന്നതായി കുടുംബം സമ്മതിക്കണം. ചിന്നമ്മയുടെ കുടുംബത്തിന് ഇത് സ്വീകാര്യമായില്ല. ഇതോടെ മൃതദേഹം ആശുപത്രിയിലെ ഫ്രീസറിലേക്ക് മാറ്റി.

മൃതദേഹം വെച്ചുള്ള  ചര്‍ച്ചകള്‍ രണ്ടാം ദിവസത്തേക്ക് കടന്നു. ഒടുവില്‍ മിനി നിലപാട് വ്യക്തമാക്കി .

മിനിയുടെ വാക്കുകള്‍ ഇങ്ങിനെ: ''സഭാ തര്‍ക്കങ്ങളല്ല എനിക്ക് വലുത്. നെഞ്ചോട്‌ചേര്‍ത്ത് വളര്‍ത്തിയ അമ്മയുടെഅന്ത്യാഭിലാഷം സാധിച്ചു കൊടുക്കണം. അതിനായി ഓര്‍ത്തഡോക്‌സ് വിശ്വാസം അംഗീകരിക്കാന്‍ താന്‍ തയ്യാറാണ്. അമ്മയുടെ കുടുംബാംഗങ്ങള്‍ക്ക് ഇതിനോട്  എതിര്‍പ്പുണ്ട്. കുടുംബക്കല്ലറ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് അമ്മയുടെ കുടുംബാംഗങ്ങള്‍ പറയുന്നത്. ഓര്‍ത്തഡോക്‌സ് വിശ്വാസം അംഗീകരിക്കാതെ തന്നെ മൃതദേഹം അടക്കാന്‍ സമ്മതിക്കണം എന്നാണ് അവരുടെ നിലപാട്. പക്ഷെ പള്ളി ഭാരവാഹികള്‍ അതിന് തയ്യാറല്ല. ഈ തര്‍ക്കങ്ങള്‍ കണ്ട് നില്ക്കാന്‍ എനിക്കാവില്ല. വലിയ സമ്മര്‍ദ്ദം എനിക്ക് മേലുണ്ട്. അമ്മയാണ് വലുത്. അതിനപ്പുറം  ഒന്നുമില്ല. ഇതിനായി എന്തു വിട്ടുവീഴ്ചക്കും തയ്യാറാണ്.''

malankara jacobite vs orthodox church battle

യാക്കോബായ വിഭാഗത്തിന്‍റെ താല്‍ക്കാലിക പള്ളി

 

മിനി ഇക്കാര്യം മിനി പളളി വികാരി ജോസഫ് മലയിലിനെ അറിയിച്ചു. ഇതോടെ പള്ളി കമ്മിറ്റിയുടെ എതിര്‍പ്പ് മാറി. തുടര്‍ന്ന് മൃതദേഹം രണ്ടാം ദിവസം രാത്രിയോടെ ഫ്രീസറില്‍ നിന്ന് ചിന്നമ്മയുടെ വീട്ടിലേക്ക് മാറ്റി. പള്ളി വികാരി ഫാദര്‍ ജോസഫ് മലയില്‍ വീട്ടിലെത്തി സന്ധ്യാപ്രാര്‍ത്ഥന നടത്തി. പിറ്റേന്ന് കാലത്ത് പത്തരയക്ക് കുടുംബക്കല്ലറയില്‍ സംസ്‌കാരവും നിശ്ചയിച്ചു

ഒടുവില്‍ രണ്ട് ദിവസത്തെ തര്‍ക്കത്തിനൊടുവില്‍ ചിന്നമ്മയുടെ മൃതദേഹം പള്ളിയിലേക്ക് കൊണ്ടുവന്നു. എട്ട് പുരോഹിതര്‍ ചേര്‍ന്നുള്ള സംസ്‌കാരശ്രൂശ്രൂഷകള്‍. പിന്നെ കുടുംബക്കല്ലറയില്‍ അന്ത്യവിശ്രമവും.

ഇക്കാര്യത്തില്‍ നെച്ചൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാദര്‍ ജോസഫ് മലയില്‍ പ്രതികരിച്ചത് ഇങ്ങിനെ:
'ചിന്നമ്മയുടെ മകള്‍ ഞങ്ങളെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. ഓര്‍ത്തഡോക്‌സ്  വിശ്വാസപ്രകാരം മൃതദേഹം സംസ്‌കരിക്കണം എന്ന് അവര്‍ ആവശ്യപ്പെട്ടു. ഇനി സഭയോട് ചേര്‍ന്ന് പോകാം എന്ന് പറഞ്ഞു. ഞങ്ങള്‍ അത് എഴുതി വാങ്ങിയില്ല. ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുക എന്നതാണല്ലോ പ്രധാനം. സഭാ മാനേജിംഗ് കമ്മിറ്റി ആവശ്യം അംഗീകരിച്ചു. ഞങ്ങള്‍ ആരെയും മാറ്റിനിര്‍ത്തുന്നില്ല. മലങ്കര സഭ ഒന്നാണ്. 1934 ലെ സഭാ ഭരണഘടന പ്രകാരം ഇടവകകള്‍ ഭരിക്കപ്പെടണം എന്നാണ് തങ്ങളുടെ നിലപാട്. അതംഗീകരിക്കണം എന്നു മാത്രം''.

malankara jacobite vs orthodox church battle

ജോയിയുടെ കുഴിമാടം

 

ഇനി ഇതിന്റെ മറുപുറം കാണാന്‍ നമ്മള്‍ നൊച്ചൂര്‍ പള്ളിയുടെ കിഴക്കോട്ട് ഒരു കിലോമീറ്റര്‍ സഞ്ചരിക്കണം. ഇവിടെ യാക്കോബായ വിഭാഗം ഒരു താല്‍ക്കാലിക പള്ളി നിര്‍മിച്ചിട്ടുണ്ട്. പള്ളി കോംപൗണ്ടിന്റെ ഒരു ഭാഗത്ത് നനവ് മാറാതെ ഒരു മണ്‍കൂന. മുകളില്‍ ഒരു കുരിശും, ഇവിടെ ഒരു മൃതദേഹം ഉണ്ടെന്ന് സൂചിപ്പിക്കാന്‍. രണ്ടാഴ്ച മുമ്പ് മാത്രം മരിച്ച 65 കാരനായ ജോയ് കിഴക്കേ വെട്ടിക്കുഴിയുടെ കുഴിമാടമാണിത്. യാക്കോബായ വിശ്വാസിയായ ജോയിയെ കര്‍ത്താവ് വിളിച്ചത് രണ്ടാഴ്ച മുമ്പ്. ജോയിയുടെ യാക്കോബായാ വിശ്വാസങ്ങള്‍ക്ക് മുന്നില്‍ നെച്ചൂര്‍  സെമിത്തേരിയുടെ വാതിലുകള്‍ പള്ളി ഭാരവാഹികള്‍ കൊട്ടിയടച്ചു. 1934 ലെ സഭാ ഭരണ ഘടന അംഗീകരിച്ച്, ഓര്‍ത്തഡോക്‌സ് വിശ്വാസിയാണെന്ന് സമ്മതിച്ചാല്‍ സെമിത്തേരിയുടെ വാതിലുകല്‍ തുറക്കപ്പെടുമെന്നായിരുന്നു പളളി കമ്മിറ്റിയുടെ വാദം. അന്തോഖ്യാ പാത്രിയര്‍ക്കിസിനെ മറന്നുള്ള ഒരു വിട്ടുവീഴ്ച്ചയ്ക്കുമില്ലെന്ന് ജോയിയുടെ കുടുംബവും നിലപാടെടുത്തു.

ഫലം, ജോയിക്കായി യാക്കോബായ വിഭാഗത്തിന്റെ താല്‍ക്കാലിക പള്ളിയുടെ കോംപൗണ്ടില്‍ കുഴിമാടം ഒരുങ്ങി, ജെസിബിയെത്തി. പള്ളി സെമിത്തേരിയിലെ ആദ്യ മൃതദേഹമായി ജോയി കിഴക്കേ വെട്ടിക്കുഴി.

വിശ്വാസികളെ തേടി നാളെയും കര്‍ത്താവിന്റെ വിളിയെത്തും. മൃതദേഹങ്ങള്‍ക്കു മുന്നില്‍ തര്‍ക്കങ്ങളുണ്ടാവും. നിലപാടുകളുടെ അടിസ്ഥാനത്തില്‍ ചിലര്‍ക്ക് സെമിത്തേരിയില്‍ നിത്യശാന്തിയുണ്ടാവും. അല്ലാത്തവര്‍ക്ക് മണ്‍കൂനകളൊരുങ്ങും. അപ്പോഴും നാം അഭിമാനം കൊള്ളും, ദൈവത്തിന്റെ സ്വന്തം നാടെന്ന്!

വാല്‍ക്കഷണം: എന്താണ് മലങ്കര സഭാ തര്‍ക്കം? 

യാക്കോബായ സുറിയാനി സഭയും ഓര്‍ത്തഡോക്‌സ് സുറിയാനി സഭയും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന കേസുകളെയും തര്‍ക്കങ്ങളെയും അതിനു മുന്നോടിയായി മലങ്കര സഭയില്‍  നടന്ന പിളര്‍പ്പിനെയുമാണ് മലങ്കര സഭാതര്‍ക്കം എന്ന് ചുരുക്കത്തില്‍ വിളിക്കുന്നത്. 1958-ലും 1995-ലും ഉണ്ടായ സുപ്രീം കോടതി വിധികള്‍ തര്‍ക്കത്തിന് നിയമപരമായ പരിഹാരം കണ്ടെങ്കിലും  പ്രാദേശികമായി പള്ളികളുടെ ഭരണത്തെ സംബന്ധിച്ചുള്ള വിയോജിപ്പുകള്‍ പൂര്‍ണ്ണപരിഹാരത്തിനു തടസമായി നില്‍ക്കുന്നു. ഈ തര്‍ക്കങ്ങള്‍ പലപ്പോഴും ക്രമസമാധാനപ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios