ഓരോ 'മീന്‍കഷണത്തിനും' അവര്‍ കണക്കു പറയിക്കും!

M Abdul Rasheed on Rima Kallingal statement on gender inequality

അതുകൊണ്ട്, ആണുങ്ങള്‍ തല്‍ക്കാലം റീമയ്ക്കെതിരെ മീന്‍ ട്രോളുണ്ടാക്കി കളിയ്ക്കട്ടെ. പക്ഷെ അപ്പോഴും ഒന്നോര്‍മ്മ വേണം. ഇനിയുള്ള കാലത്തെ അടയാളപ്പെടുത്താന്‍ പോകുന്നത് പെണ്‍രാഷ്ട്രീയമാണ്. ആണിന് ഇത്രകാലവും കിട്ടിയിരുന്ന അധികാരങ്ങളുടെ ആ നടുമീന്‍ കഷ്ണം ഉശിരുള്ള പെണ്ണുങ്ങള്‍ എടുത്തു ചവറ്റുകൊട്ടയിലിടും.

M Abdul Rasheed on Rima Kallingal statement on gender inequality

കുട്ടിക്കാലത്തു കിട്ടാതെപോയ ഒരു ഗ്‌ളാസ് വെള്ളമാണ് തന്നെ പില്‍ക്കാലത്തൊരു പോരാളിയാക്കിയതെന്നു അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്.

ഒന്‍പതു വയസ്സുകാരനായ അംബേദ്കര്‍ ജേഷ്ഠനൊപ്പം അച്ഛന്റെ ജോലിസ്ഥലത്തേക്ക് ട്രെയിനില്‍ പോയതായിരുന്നു. ആദ്യ ട്രെയിന്‍യാത്രയുടെ സന്തോഷത്തില്‍ ആ സഹോദരങ്ങള്‍ പുതിയ വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. മാസൂര്‍ റയില്‍വെസ്റ്റേഷനില്‍ ഇറങ്ങിയ അവര്‍ക്കു അച്ഛന്റെ അടുത്തേക്ക് പോകാന്‍ കാളവണ്ടി കിട്ടിയില്ല. അവരെ ആരും വണ്ടിയില്‍ കയറ്റിയില്ല. അക്കാലത്തു മഹര്‍ ജാതിക്കാരെ ആരും അടുത്തിരുത്തുകപോലുമില്ല.

വേഷം കണ്ടു ആദ്യം കുട്ടികളോട് സ്‌നേഹത്തോടെ പെരുമാറിയ സ്റ്റേഷന്‍മാസ്റ്റര്‍ പോലും അവര്‍ മഹര്‍ജാതിക്കാരാണ് എന്ന് അറിഞ്ഞപ്പോള്‍ ആട്ടിയിറക്കി. ഒടുവിലൊരു വണ്ടിക്കാരന്‍ സമ്മതിച്ചു, 'വണ്ടി തരാം. പക്ഷെ തനിയെ ഓടിച്ചോണം. നിങ്ങള്‍ ഇരിക്കുന്ന വണ്ടിയില്‍ ഞാന്‍ ഇരിക്കില്ല. ഞാന്‍ പിന്നാലെ വന്നോളാം'

തന്നത്താന്‍ വണ്ടിയോടിച്ചു പൊരിവെയിലില്‍ ഒരു ദിവസം മുഴുവന്‍ നീണ്ട യാതനകള്‍ക്കു ഒടുവിലാണ് അവര്‍ക്കു അച്ഛന്റെ അടുത്തു എത്താന്‍ കഴിഞ്ഞത്. വഴിയില്‍ ആരും ഒരുതുള്ളി വെള്ളംപോലും കൊടുത്തില്ല.

മഹര്‍ ജാതിക്കാര്‍ക്ക് പൊതുവഴിയിലെ ദാഹജലശാലകളില്‍പോലും പ്രവേശനം ഇല്ലാത്ത കാലമാണ്. താഴ്ന്ന ജാതിക്കാരനായതുകൊണ്ടു മാത്രം കിട്ടാതെപോയ ദാഹജലവും അന്നവും കിട്ടിയ അവഗണനയും പരിഹാസവും ആണ് അംബേദ്കറെ പിന്നീടുള്ള ജീവിതത്തിലൊരു പോരാളിയാക്കിയത്.

ദക്ഷിണാഫ്രിക്കയില്‍ താമസിക്കവെ ഗാന്ധിയോട് , യുറോപ്യന്മാര്‍ക്കു ഒപ്പമിരുന്നു ഭക്ഷണം കഴിയ്ക്കാതെ, മുറിയില്‍പോയിരുന്നു കഴിക്കാന്‍ സുഹൃത്ത് പറയുന്നുണ്ട്. മാന്യമായി പെരുമാറാന്‍ അറിയാത്ത ഇന്‍ഡ്യാക്കാരനെന്നു ഗാന്ധിയെ ഒരു പാത്രം സൂപ്പിന് മുന്നില്‍ ഇരുത്തി ചങ്ങാതി അപമാനിക്കുന്നുണ്ട്. യൂറോപ്യന്‍ ഭക്ഷണമേശയില്‍ പലതവണ ഗാന്ധി അപമാനിതനാകുന്നുണ്ട്. അപമാനിതന്റെ വേദനയും ആത്മനിന്ദയുമാണ് പില്‍ക്കാലത്തെ സമരഭടനായ ഗാന്ധിജിയെ രൂപപ്പെടുത്തുന്നത്.

ചില ഉദാഹരണങ്ങള്‍ പറഞ്ഞുവെന്നു മാത്രം. എല്ലാ സമരങ്ങളും പോരാട്ടങ്ങളും പിറവിയെടുക്കുന്നത് പുറത്തു നില്‍ക്കുന്നവര്‍ക്ക് നിസ്സാരമെന്നു തോന്നാവുന്ന അവഗണനകളില്‍നിന്നാണ്, അപമാനങ്ങളില്‍നിന്നാണ്, വേര്‍തിരിവുകളില്‍നിന്നാണ്. ഖനിത്തൊഴിലാളികള്‍ക്കു കിട്ടാതെപോയ അന്നവും വസ്ത്രവുമാണ് ചെഗുവേരയ്ക്കുപോലും ഊര്‍ജമായത്.

അപമാനങ്ങളും അവഗണനകളും അത് അനുഭവിക്കുന്നവരില്‍ മാത്രമേ ആഴത്തില്‍ പതിയൂ.

അപമാനങ്ങളും അവഗണനകളും അത് അനുഭവിക്കുന്നവരില്‍ മാത്രമേ ആഴത്തില്‍ പതിയൂ. മറ്റുള്ളവര്‍ക്ക് അതൊരു തമാശയായി തോന്നാം. കിട്ടാതെപോയ മീന്‍കഷണമാണ് തന്നെ ഫെമിനിസ്റ്റാക്കിയതെന്നു ഒരു സ്ത്രീ പറയുമ്പോള്‍ നമ്മുടെ പുരുഷന്മാര്‍ക്ക് അത് തമാശയാകുന്നത് പുരുഷന്‍ എന്നും മീനിന്റെ നടുക്കഷ്ണം മാത്രം തിന്നുവളര്‍ന്നവന്‍ ആയതുകൊണ്ടാണ്.

അടുക്കളയില്‍ വേവുന്ന അരിയിലും കറിയിലുംപോലും അദൃശ്യമായ ആണധികാരമുണ്ട്.

അച്ഛനെത്തുമ്പോഴേക്കും വേവുന്ന ചോറ്, അച്ഛന്‍ കഴിച്ചു ബാക്കിയാക്കിയതില്‍ മാത്രം ഉണ്ണുന്ന അമ്മ, അച്ഛനും ആണ്മക്കള്‍ക്കും മാത്രമുള്ള പൊരിച്ച മീന്‍..എന്നിങ്ങനെ ആണ് കയറാത്ത അടുക്കളത്തന്നെ ഏറ്റവും വലിയ ആണധികാര കേന്ദ്രമാകുന്ന കുടുംബ സംവിധാനമാണ് നമ്മുടേത്.

മീനിന് എരിവും പുളിയും രുചിയും മാത്രമേയുള്ളു എന്നാണു പലപ്പോഴും ആണുങ്ങള്‍ കരുതുന്നത്, വളരെയേറെ പെണ്ണുങ്ങളും അങ്ങനെതന്നെ ചിന്തിയ്ക്കുന്നു.

കറിക്കും ചോറിനും രാഷ്ട്രീയമുണ്ടെന്ന ചരിത്രബോധം നമുക്കില്ല. അത് ഉണ്ടാവാതെ പോകുന്നതിനു പല കാരണങ്ങളുണ്ട്. ഒന്ന്, പാരമ്പര്യം എന്ന പേരില്‍ നാം ധരിച്ചുവെച്ചിരിക്കുന്ന ചീഞ്ഞ ആണധികാര കുടുംബ വ്യവസ്ഥയാണ്.നമ്മുടെ സകല മൂല്യബോധങ്ങളും മതത്തില്‍നിന്നോ കേവല കക്ഷിരാഷ്ട്രീയത്തില്‍നിന്നോ പിറവിയെടുക്കുന്നതാണ് എന്നതാണ് രണ്ടാമത്തെ കാരണം.

അടുക്കളയില്‍ വേവുന്ന അരിയിലും കറിയിലുംപോലും അദൃശ്യമായ ആണധികാരമുണ്ട്.

അതുകൊണ്ടാണ് 'ഭര്‍ത്താവ് തല്ലിയാലും സാരമില്ല' എന്ന് അറുപതു ശതമാനം സ്ത്രീകള്‍ പറയുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നടത്തിയ വളരെ ആധികാരികമായ ആ സര്‍വേയില്‍ മറ്റൊരു കൗതുകകരമായ കാര്യംകൂടിയുണ്ട്. ഭര്‍ത്താവ് ഭാര്യയെ തല്ലുന്നതുകൊണ്ട് കുഴപ്പമില്ല എന്ന കാര്യത്തില്‍ എല്ലാ മതവിശ്വാസികളും തുല്യരാണ്. 51 ശതമാനം ഹിന്ദു സ്ത്രീകളും 54 ശതമാനം മുസ്ലിം സ്ത്രീകളും 56 ശതമാനം ക്രിസ്ത്യന്‍ സ്ത്രീകളും ഭാര്യയെ തല്ലാമെന്ന അഭിപ്രായക്കാരാണ്. ഏതാണ്ട് അത്രതന്നെ പുരുഷന്മാരും.

ഭക്ഷണത്തിനൊരു രാഷ്ട്രീയമുണ്ട്. അത് ഓരോ വറ്റിലുമുണ്ട്. അത് തിരിച്ചറിയുന്ന പെണ്ണുങ്ങള്‍ ലോകത്തു പലയിടത്തും അവരുടെ പോരാട്ടങ്ങള്‍ തുടങ്ങിയത് അടുക്കളയില്‍നിന്നാണ്. അത് ചിലപ്പോള്‍ അടുക്കള ബഹിഷ്‌കരിച്ചുപോലും ആയിരുന്നു. അതൊക്കെ തിരിച്ചറിയാന്‍ കേരളത്തിലെ ആണ്‍ സമൂഹം ഇനിയും എത്രയോ മാനസികമായി വളരണം. കാരണം, അവര്‍ ഉറങ്ങുന്നതും ഉണരുന്നതും തിന്നുന്നതും ആണധികാര പ്രിവിലേജുകളുടെ പട്ടുമെത്തയിലാണ്.

അതുകൊണ്ട്, ആണുങ്ങള്‍ തല്‍ക്കാലം റീമയ്ക്കെതിരെ മീന്‍ ട്രോളുണ്ടാക്കി കളിയ്ക്കട്ടെ. പക്ഷെ അപ്പോഴും ഒന്നോര്‍മ്മ വേണം. ഇനിയുള്ള കാലത്തെ അടയാളപ്പെടുത്താന്‍ പോകുന്നത് പെണ്‍രാഷ്ട്രീയമാണ്. ആണിന് ഇത്രകാലവും കിട്ടിയിരുന്ന അധികാരങ്ങളുടെ ആ നടുമീന്‍ കഷ്ണം ഉശിരുള്ള പെണ്ണുങ്ങള്‍ എടുത്തു ചവറ്റുകൊട്ടയിലിടും.

ഓരോ അന്നത്തിനും ഓരോ 'മീന്‍കഷണത്തിനും' അവര്‍ കണക്കു പറയിക്കും

ഇത്രനാള്‍ ചൊല്ലിപ്പഠിപ്പിച്ച അനുസരണയുടെ പാഠങ്ങള്‍, മതവും മാന്യതയും സംസ്‌കാരവും അടക്കവും ഒതുക്കവുമൊക്കെ പറഞ്ഞു നിങ്ങള്‍ വരച്ച കളങ്ങള്‍, അതൊക്കെ മുറിച്ചുകടന്ന് പെണ്ണുങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കും. മതത്തിനോ രാഷ്ട്രീയത്തിനോ കുടുംബത്തിനോ അകത്തുനിന്നുതന്നെ ചോദ്യങ്ങള്‍ ചോദിക്കും. പുറത്തുപോയവരുടെ ചോദ്യങ്ങളേക്കാള്‍ തീവ്രമായിരിക്കും അകത്തുനില്‍ക്കുന്ന പെണ്ണുങ്ങളുടെ ചോദ്യങ്ങള്‍.

നിഷേധിക്കപ്പെട്ട ഓരോ അന്നത്തിനും ഓരോ 'മീന്‍കഷണത്തിനും' അവര്‍ കണക്കു പറയിക്കും. നിരന്തരം ചോദ്യങ്ങള്‍ ചോദിക്കും. അപ്പോഴും ആ ചോദ്യങ്ങള്‍ മനസ്സിലാവാതെ ആണുങ്ങള്‍ അതൊരു കേവല മീന്‍കഷണത്തിന്റെ പ്രശ്‌നമാണെന്ന് ധരിയ്ക്കുകയും ചെയ്യും.
 

Latest Videos
Follow Us:
Download App:
  • android
  • ios