അമ്മമാരേ, ഈ ഉത്തരവാദിത്ത ചര്‍ച്ചയില്‍ അച്ഛന്‍ എവിടെയാണ്?
തൂശനിലയിലെ പതിനെട്ടു കൂട്ടം സദ്യപോലെ മലയാളി പിന്നെയും പിന്നെയും പറഞ്ഞ് കാല്‍പ്പനികവത്കരിക്കുന്ന ഒരു 'വിഭവ'മാണ് 'അമ്മ'യും! അമ്മയുടെ സ്‌നേഹം, ത്യാഗം, കടപ്പാട്, ഉത്തരവാദിത്തം, ജോലി രാജിവച്ച് വീട്ടിലിരുന്ന് അമ്മ കുട്ടിയെ നോക്കേണ്ട ആവശ്യകത എന്നിങ്ങനെ നീളുന്നു ഈ മാറിയ കാലത്തും നമ്മുടെ അമ്മചര്‍ച്ചകള്‍.
തിരക്കുപിടിച്ച ഈ ജീവിതകാലത്ത് ഒറ്റയൊരാള്‍ അടുക്കളയില്‍ കരിഞ്ഞും പുകഞ്ഞും വച്ചുവിളമ്പുന്ന പതിനെട്ടുകൂട്ടം സദ്യ, അതൊരൊറ്റ ദിവസമാണെങ്കില്‍പ്പോലും അനാവശ്യമാണ്. അഥവാ അത് വേണമെങ്കില്‍ അതില്‍ സദ്യയുണ്ണേണ്ട എല്ലാവരുടേയും കൂട്ടുത്തരവാദിത്തം ഉണ്ടാവണം. 'ആരാണീ സദ്യ കണ്ടുപിടിച്ചത്?' എന്ന് പതംപറയുന്ന ഒരു വീട്ടമ്മയെ ഈ അടുത്ത ദിവസവും കണ്ടു.
വേണ്ടതിലപ്പുറം വിളമ്പിവയ്ക്കുന്ന സദ്യപോലെ കാലത്തിനൊട്ടും ചേരാത്ത അമിത അമ്മസങ്കല്പങ്ങളിലാണ് മലയാളി ഇന്നും. രാവിലെ വിളിച്ചുണര്‍ത്തി കാപ്പി കിടക്കയില്‍ എത്തിച്ചുകൊടുത്ത് കുളിക്കാന്‍ വെള്ളം ചൂടാക്കിക്കൊടുത്ത് ഭക്ഷണം വിളമ്പിക്കൊടുത്ത് പിന്നെ രാത്രി വൈകുംവരെ മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ക്കു മാത്രമായി ഓടുന്ന ആ പുണ്യപുരാതന ഗാര്‍ഹിക അമ്മവലയത്തിലാണ് ഇപ്പോഴും നമ്മുടെ പല ചര്‍ച്ചകളും നടക്കുന്നത്. കുളിച്ചു കുറിതൊട്ട് നേര്യതുടുത്തു നില്‍ക്കുന്ന തിരശ്ശീലയിലെ ആ സര്‍വംസഹയായ വള്ളുവനാടന്‍ അമ്മച്ചിത്രംതന്നെയാണ് ലോകമലയാളി ഇപ്പോഴും നമ്മുടെ വരുംതലമുറയെക്കൂടി പഠിപ്പിച്ചു കൊടുക്കുന്നത്.
'ഈ ചര്‍ച്ചകളിലൊക്കെ അച്ഛന്‍ എവിടെയാണ്?
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ 'അമ്മജീവിതം' സംവാദം കണ്ടപ്പോള്‍ എനിക്കു തോന്നിയത് ചില സംശയങ്ങളാണ്, 'ഈ ചര്‍ച്ചകളിലൊക്കെ അച്ഛന്‍ എവിടെയാണ്? എന്തുകൊണ്ടാണ് കൂട്ടുത്തരവാദിത്തമുള്ള മക്കള്‍പരിപാലനം എന്ന വിഷയത്തില്‍ നമ്മുടെ സകലവിധ ചര്‍ച്ചകളും ഇപ്പോഴും അമ്മയില്‍ കേന്ദ്രീകരിക്കുന്നത്? മക്കളെ വളര്‍ത്തുകയെന്ന കുടുംബചിത്രത്തില്‍നിന്ന് അച്ഛന്‍ എങ്ങനെയാണ് പുറത്താകുന്നത്?'
അമ്മമാര്‍ വേണ്ടതിലധികം ലാളിച്ചു വഷളാക്കി വളര്‍ത്തിയ മക്കള്‍ കേരളത്തിലെപ്പോലെ ലോകത്ത് മറ്റെവിടെയുമുണ്ടാവില്ല. സര്‍വാധികാരിയായ അച്ഛന്‍, അച്ഛനോട് പറയേണ്ടത് അമ്മവഴി മാത്രം പറയുന്ന മക്കള്‍, കുപ്പായത്തിന്റെ ബട്ടണിടാന്‍പോലും അമ്മ വേണ്ട അച്ഛന്‍, ടൂത്ത് ബ്രഷ് മുതല്‍ കുളിസോപ്പുവരെ ഭര്‍ത്താവിനും മക്കള്‍ക്കും കൈയില്‍ പിടിപ്പിച്ചുകൊടുക്കുന്ന 'ഉത്തരവാദിത്തമുള്ള' അമ്മ. അമ്മയെന്ന സ്ത്രീയുടെ അസ്തിത്വത്തിന് തരിമ്പു വിലയില്ലാത്ത ഈ പഴഞ്ചന്‍ 'ബ്ലാക്ക് ആന്‍ഡ് ൈവറ്റ് സീന്‍' കണ്ടാണ് ഇന്നും ബഹുഭൂരിപക്ഷം മക്കള്‍ കേരളത്തില്‍ വളരുന്നത്.
ഇങ്ങനെ അമ്മമാരുടെ ഓമനകളായി വളരുന്ന ആണ്‍മക്കളാണ് കല്യാണംകഴിക്കാന്‍ അമ്മയെക്കാള്‍ 'ശാലീനകളും ഉത്തരവാദിത്തമുള്ളവരുമായ' പെണ്‍കുട്ടിയെ തിരഞ്ഞുനടക്കുന്നത്. ആ സര്‍വംസഹ സങ്കല്പത്തിന് ജീവിതത്തില്‍ ഇത്തിരി മാറ്റമുണ്ടാകുമ്പോള്‍ അവന്‍ വീടിനുള്ളില്‍ സടകുടയും. സ്വന്തമായി ഒരു ഉപ്പുമാവും ചായയുംപോലും ഉണ്ടാക്കാന്‍ അറിയാത്ത അവന്‍, അച്ഛന്‍ കാണിച്ച അതേ ആണധികാര അടിച്ചമര്‍ത്തലിന്റെ ആക്രോശത്തിലേക്ക് പോകും. ജീവിതപങ്കാളിയെ ഭരിയ്ക്കാന്‍ ശ്രമിക്കും. ഏതാള്‍ക്കൂട്ടത്തിലും ഭാര്യയെ നാവുകൊണ്ടും ചിലപ്പോള്‍ കൈ കൊണ്ടും കൈകാര്യം ചെയ്യുന്ന ആണ്‍മക്കള്‍ ഉണ്ടായിവരുന്നത് അമ്മമാരുടെ ഈ അതിലാളനയില്‍നിന്നാണ്.
മറുവശത്ത് പെണ്‍മക്കള്‍ക്കും സര്‍വംസഹയായ അമ്മ മാതൃകയാവുന്നു. അവര്‍ ചിറകുപൂട്ടി ഒതുങ്ങാന്‍ പഠിക്കുന്നു. ഇങ്ങനെ ആണധികാര വ്യവസ്ഥയിന്‍മേല്‍ മാത്രം മലയാളി പടുത്തുവച്ചിരിക്കുന്ന ഈ കുടുംബസംവിധാനമാണ് നമ്മുടെ തലമുറകളെ പ്രാകൃതരാക്കിക്കളയുന്നത്. ഈ ആണ്‍ചിട്ടയുടെ 'ഠ' വട്ടം മനസ്സിലുള്ളതുെകാണ്ടാണ് നാം ഇപ്പോഴും 'ജോലി രാജിവച്ച് വീട്ടിലിരിക്കുന്ന അമ്മ' എന്ന ചര്‍ച്ചകളില്‍ കുടുങ്ങുന്നത്.
അമ്മമാര്‍ വേണ്ടതിലധികം ലാളിച്ചു വഷളാക്കി വളര്‍ത്തിയ മക്കള്‍ കേരളത്തിലെപ്പോലെ ലോകത്ത് മറ്റെവിടെയുമുണ്ടാവില്ല.
എന്നിട്ടോ? ഇങ്ങനെ അമ്മമാര്‍ പിന്നാലെ നടന്ന് ഓമനിച്ചു കൊഞ്ചിച്ചു വളര്‍ത്തിയിട്ടും സഹജീവിയെ തുല്യതയോടെ കാണാന്‍ കഴിയുന്ന, അപരന്റെ വ്യക്തിത്വത്തെ അതായി അംഗീകരിക്കാന്‍ കഴിവുള്ള ഒരു മക്കള്‍തലമുറ ഇവിടെ ഉണ്ടാകുന്നുണ്ടോ? അതുമില്ല!
നമ്മുടെ ചര്‍ച്ചകളൊന്നും മാറിയില്ലെങ്കിലും ലോകം മാറുകയാണ്. രാവിലെ മുതല്‍ വൈകുന്നേരംവരെ മകനെ കൂട്ടിരുന്ന് കൊഞ്ചിക്കുന്ന അമ്മ എന്ന സങ്കല്പം ഇന്ന് ലോകത്തെ മികച്ച സമൂഹങ്ങളിലൊന്നുമില്ല. അമ്മയും ഒരു സ്വതന്ത്രവ്യക്തിയാണ്. ജോലിയുണ്ട്, ചെയ്യേണ്ട മറ്റു കാര്യങ്ങളുണ്ട്, ഭര്‍ത്താവ്/ മക്കള്‍ എന്ന ദ്വന്ദ്വബന്ധത്തിനപ്പുറം മറ്റ് ഉത്തരവാദിത്തങ്ങളും സാമൂഹിക ചുമതലകളുമുണ്ട്. സ്ത്രീക്കും ജീവിതലക്ഷ്യങ്ങളുണ്ട്. ആ ലക്ഷ്യങ്ങള്‍ക്കാവട്ടെ ഈ കാലത്ത്, മക്കള്‍, ഭര്‍ത്താവ് എന്നതിനപ്പുറം വിശാലതയുമുണ്ട്.
ഇതിനെല്ലാമുപരി, കുട്ടിക്ക് അമ്മ മാത്രമല്ല, അച്ഛനുമുണ്ട് എന്ന ബോധ്യവും ഇന്ന് ലോകത്തുണ്ട്. കുട്ടയുടെ വളര്‍ച്ച അച്ഛന്റെകൂടി ഉത്തരവാദിത്തമാണ് ഇന്ന് ഏതു പരിഷ്‌കൃതസമൂഹത്തിലും.
'അമ്മ' എന്നാല്‍ തൂശനില സദ്യപോലെ ഒരു വിഭവമല്ല
മലയാളി മനസ്സിലാക്കേണ്ട മറ്റൊന്നുകൂടിയുണ്ട്. നിങ്ങളുടെ കുട്ടി ഏതു പ്രായത്തിലും 24 മണിക്കൂറും നിങ്ങള്‍ പിന്നാലെ നടന്ന് 'ള്ള..ള്ള...' ചൊല്ലി കൊടുക്കേണ്ട ഒരാളുമല്ല. പൂര്‍ണ്ണ സ്വതന്ത്ര വ്യക്തിത്വത്തിലേക്ക് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ്. കുട്ടി മുതിരുന്നതിന് അനുസരിച്ച് അവന്റെയോ അവളുടെയോ കാര്യങ്ങള്‍ ചെയ്യാന്‍ അവരെ പ്രാപ്തരാക്കണം. ഇരുപതു വയസായ മകനോ മകളോ ഭക്ഷണം കഴിച്ച പാത്രം പോലും അമ്മതന്നെ കഴുകുകയാണ് ഇപ്പോഴും നമ്മുടെ 'പഴഞ്ചന്‍' വീടുകളില്‍.
'അമ്മ' എന്നാല്‍ തൂശനില സദ്യപോലെ ഒരു വിഭവമല്ല. അമ്മയെന്ന യാഥാര്‍ത്ഥ്യത്തെ ഇനിയെങ്കിലും ആ പഴഞ്ചന്‍ അടുക്കളവട്ടത്തിലിട്ടല്ല നാം ചര്‍ച്ച ചെയ്യേണ്ടത്. അമ്മയെന്ന പദവിയൊരു ചങ്ങലയല്ല. അമ്മമാരും പറക്കട്ടെ, ലോകം അമ്മമാര്‍ക്കുവേണ്ടി കൂടിയാണ്. മക്കള്‍ അമ്മയ്ക്കു മാത്രമല്ല, അച്ഛനുംകൂടി വളര്‍ത്താനുള്ളതാണ്!
സ്വാതി ശശിധരന്‍: 'അമ്മ ജീവിത'ത്തിന്റെ വില ഇപ്പോള്‍ എനിക്കറിയാം, അതിനു നല്‍കേണ്ട വിലയും!
ആയിശ സന: ഇങ്ങനെയുമുണ്ട് അമ്മമാര്‍; ആശ്രയമറ്റ വിങ്ങലുകള്‍!
ശ്രുതി രാജേഷ്: സ്വപ്നങ്ങള്‍ പൂട്ടിവെക്കാനുള്ള ചങ്ങലയല്ല അമ്മജീവിതം