മറ്റാരോടും തോന്നാത്ത ആ ഇത്;  പ്രണയമില്ലാത്തവരും വായിക്കേണ്ട എട്ടു പ്രണയകവിതകള്‍

ഷാജു വീ വീയുടെ എട്ടു പ്രണയ കവിതകള്‍.

Love Debate love poems by Shaju Vee Vee

Love Debate love poems by Shaju Vee Vee
 

അയാളുടെ ഉടല്‍ മൂര്‍ച്ഛയുടെ
തൊട്ടു മുമ്പത്തെ നിമിഷം
അവള്‍ കോട്ടുവായിട്ടാല്‍?

....................................................

അസന്ദര്‍ഭത്തിലെ
കോട്ടുവായ പോലെ
നമ്മെ അപകടത്തിലാക്കുന്ന
ശരീര ഭാഷയില്ല

അയാളുടെ ഉടല്‍ മൂര്‍ച്ഛയുടെ
തൊട്ടു മുമ്പത്തെ നിമിഷം
അവള്‍ കോട്ടുവായിട്ടാല്‍?

കോഫി ഹൗസിലെ
അരണ്ട വെട്ടത്തില്‍
മേശമേല്‍ വച്ച അയാളുടെ
കയ്യില്‍ കയ്യമര്‍ത്തി
അവളാദ്യമായി
പ്രണയം പ്രഖ്യാപിക്കുമ്പോള്‍
തൊട്ടടുത്ത മേശയ്ക്കലിരിക്കുന്ന
മദ്ധ്യവയസ്‌കനില്‍ നിന്നും
കോട്ടുവായ അയാളില്‍
പകര്‍ന്നാടിയാല്‍?

യുദ്ധം വന്നേക്കുമെന്ന സ്ഥിതിയില്‍
അനുരഞ്ജന സംഭാഷണത്തിലായിരിക്കുന്ന
രാഷ്ട്രത്തലവന്‍മാരിലൊരാള്‍ക്ക്
കോട്ടുവായ നിയന്ത്രിക്കാന്‍
കഴിയാതെ വന്നാല്‍?

കോട്ടുവായയിട്ടതിന്റെ പേരില്‍
സ്‌കൂളില്‍
ശിക്ഷയേറ്റു വാങ്ങിയവരുടെ
ഒരു ഓണ്‍ലൈന്‍ ഗ്രൂപ്പ്
ഉണ്ടാക്കി നോക്കൂ
അതു എണ്ണത്തില്‍
ഒന്നാമതായിരിക്കും

നാല്‍പതു വര്‍ഷം
തുന്നല്‍ പണി ചെയ്തു
മടുത്തു ചത്ത
രാഘവേട്ടന്‍ പണി നിര്‍ത്തിയത്
സൂചിയില്‍ നൂലു കോര്‍ക്കും നേരത്ത്
വിരുന്നു വരുന്ന
കോട്ടുവായയുടെ ആക്രമണം കാരണമാണ്..

വിധി നിര്‍ണായകമായ
പെനാള്‍ട്ടി നേരിടും നേരത്ത്
വായ ഒരു കോട്ടുവാ പന്തായി മാറിയ
ഗോള്‍ കീപ്പര്‍
അയാളുടെ ആത്മകഥയില്‍
ഈ ശാരീരിക പ്രതിഭാസത്തെ എങ്ങനെയാവും
ആഖ്യാനം ചെയ്യുക?

ഭര്‍ത്താവിന്റെ
ശവശരീരത്തിനടുത്തു
തകര്‍ന്നിരിക്കുന്ന
സ്ത്രീ കോട്ടുവായിട്ടാല്‍
അതുല്‍പ്പാദിപ്പിക്കുന്ന കഥകള്‍
സങ്കല്‍പിച്ചു നോക്കൂ

കാമുകനെ
കസാരയില്‍ ബന്ധിച്ച്
അയാള്‍ക്കെതിരായുള്ള
എഴുപത്തേഴ് കുറ്റാരോപണങ്ങളില്‍
മുപ്പത്തിമൂന്നാമത്തേതു വായിക്കവേ
അയാള്‍ കോട്ടുവായിട്ടു പോയതില്‍ കുപിതയായി
കറിക്കത്തികൊണ്ട്
കഴുത്തില്‍ വയലിന്‍ മീട്ടിയ
കാമുകിയെ
എനിക്കറിയാം.

കൊടിയ ശത്രുകള്‍ക്കിടയില്‍ പോലും
സമ്പൂര്‍ണ്ണ വിനിമയമുള്ള
ഗാഢ ഗൂഢ
ചിഹ്നമാണത്!

ഇത്രയും
സാംസ്‌കാരിക വിവക്ഷകള്‍
അദ്ധ്യാരോപിക്കപ്പെട്ട
ശാരീരിക പ്രവര്‍ത്തനം
മറ്റെന്തുണ്ട്?

(ചിന്താ കാന്തി: സീന പനോളി)

 

'വാര്‍ദ്ധക്യപ്രണയം
കുറ്റകരമാണോ?'

.......................................

അനന്തരം അവര്‍
യൗവനയുക്തരുടെ
കോടതിയോട്
സവിനയം ചോദിച്ചു:

'വാര്‍ദ്ധക്യപ്രണയം
കുറ്റകരമാണോ?'

അന്നേരം
വിധികര്‍ത്താവ്
ആവശ്യപ്പെട്ടു:

'പ്രണയത്തിന്റെ
ഉള്ളടക്കം
വിശദമാക്കൂ.'

അവര്‍ പറഞ്ഞു:

'ഞങ്ങള്‍ അമരവള്ളികള്‍ക്ക്
ഒരുമിച്ചു ജലം നനയ്ക്കുകയും
പൈക്കിടാവിനു കറുകപ്പുല്ല്
വിളമ്പുകയും ചെയ്യും,
കമുകറയുടെ ഗാനം കേട്ടു
ഒരുടല്‍ പോലെ
കോരിത്തരികുകയും
മുറ്റത്തെ മാഞ്ചോട്ടില്‍
നിശാചന്ദ്രികയെ നോക്കി
പരസ്പരം
കൈകോര്‍ത്തുനിന്നുകൊണ്ട്,
ക്ഷീണിതമെങ്കിലും
പ്രത്യാശാഭരിതമായ
മൂത്രസഞ്ചിയില്‍ നിന്നു
പതറിപതറി ,
മൂത്രമൊഴിക്കുന്നതിനിടയില്‍
എന്തതിശയമേ
എന്ന് തുടങ്ങുന്ന ഗാനം
ഉറക്കെപ്പാടും.

ഒരേ കുപ്പിയില്‍ നിന്ന്
ശോധനയ്ക്കുള്ള
മാണിഭദ്രം ലേഹം
ആഹരിക്കുകയും
ചില്ലിട്ട പഴയ ഫോട്ടോകള്‍
പഴുത്ത അരയാലിലകൊണ്ട് തുടച്ചു വൃത്തിയാക്കുകയും
ചെയ്യും.'

'മതി, മതി.
മറ്റൊന്നും ഇല്ലല്ലോ?'

'ഉണ്ട് ,
സമയം
ഞങ്ങളുടെ ഖജനാവില്‍
അനന്തമായുള്ളത് കൊണ്ടും ,
അല്‍പ്പം മാത്രം
അവശേഷിക്കുന്നത് കൊണ്ടും
രാപ്പകല്‍ ഭേദമന്യേ
നാനോ രീതിശാസ്ത്രത്തില്‍
ഓരോരോ കോശങ്ങളെയും
ഉമ്മ വച്ചു
പുനരുജ്ജീവിപ്പിക്കുകയും
നിലംപതിച്ച
യൌവനാഹന്തകളെ
നര്‍മ്മത്തില്‍ ,
പ്രണയവും അനുഭാവവും
സമം ചാലിച്ച കാമനകളോടെ
പരിലാളിക്കുകയും ചെയ്യും.

മുന്‍പെല്ലാം
അശ്വാരൂഡരായ
സൈനികരെ പോലെ
വേഗത്തിന്റെ
അസുന്ദര യുദ്ധം നയിച്ചിരുന്ന
ഉടലുകള്‍ ,
ഒച്ചുകളുടെ
സമയബോധത്തോടെ
പരസ്പരം ഇന്നോളം കണ്ടെത്താത്ത
പ്രവിശ്യകള്‍ കണ്ടെത്തി
മുന്നേറുമ്പോള്‍
യുറേക്കാ എന്ന്
പരസ്പരം അഭിനന്ദിക്കും.

ശല്‍ക്കങ്ങള്‍ മുളച്ചു
ജലജീവികളായി
പരിണമിച്ച
ഞങ്ങളെ
ഞങ്ങള്‍
ആഹ്ലാദത്തില്‍
സജലമായ മിഴികളോടെ
പരിരംഭണത്താല്‍
ഒറ്റ സ്വപ്നമാക്കും.

മുന്ഗണനകളാകെ
മാറിക്കഴിഞ്ഞതിനാല്‍
പ്രതാപകാലത്ത്
അവഗണിക്കപ്പെട്ടിരുന്ന
ഉടല്‍ദേശങ്ങളിലെ
തിരിച്ചറിയപ്പെടാത്ത
ആനന്ദതന്ത്രികളിലൂടെ
സംഗീതമൊഴുക്കും...'

'നാണം കെട്ട വൃദ്ധരെ ,
വാനപ്രസ്ഥം ,
ഗൗരി തുടങ്ങിയ
ആത്മീയ പ്രണയ ഗ്രന്ഥങ്ങള്‍
മൂന്നുനേരം വായിക്കാന്‍
ഈ കോടതി
നിങ്ങളെ
ശിക്ഷിക്കുന്നു'.

'കുഞ്ഞുങ്ങളേ ,
സൂര്യനമസ്‌കാരം ചെയ്യുന്ന
ലിംഗങ്ങളും
വഴുവഴുക്കുന്ന
സജല യോനികളുമാണോ
പ്രണയിക്കാനുള്ള
അടിസ്ഥാന യോഗ്യത?..'

 

നിങ്ങള്‍ പരസ്പരം
കാണുമോ?

.......................................

ആളില്ലാപാതയാണ്.
നിങ്ങള്‍ നിങ്ങള്‍ക്കൊപ്പം
മാത്രമാണ്.

എതിരെ ഒരാളെ കാണായി,
കാണുംതോറും ഇമ്പം കൂടി വന്നു.
നിങ്ങള്‍ തമ്മാതമ്മില്‍ നോക്കി.
അങ്ങനെ നോക്കുന്നത് കുറച്ചിലല്ലേ എന്ന്
രണ്ടാള്‍ക്കും തോന്നിയാവണം ,
കണ്ണ് വലിച്ചെടുത്തു
ദൂരെയെറിഞ്ഞു.

ഇതുവരെ കണ്ട മനുഷ്യരോടൊന്നും
തോന്നാത്ത ഒരു ഇതു
നിങ്ങള്‍ക്ക് അയാളോട്
തോന്നുന്നുണ്ട് എന്ന്
തോന്നിയപ്പോള്‍
വീണ്ടും നോക്കാതെ നോക്കി .
അയാളും അങ്ങനെ ചെയ്തു.

അയാള്‍ക്കും
അങ്ങനെ തോന്നിയോ ആവോ?

ഇപ്പോള്‍ അയാള്‍ നിങ്ങളെ
കടന്നു പോയി.
ഏറ്റവും പ്രിയങ്കരമായത്
ഭൂതകാലമായത്‌പോലെ
അന്നേരം തോന്നി.

എന്നന്നേക്കുമായി നിങ്ങള്‍
അനാഥമായത്‌പോലെ
വിഷാദിയായി...

തിരിഞ്ഞു നോക്കാതിരിക്കാന്‍
നിങ്ങള്‍ക്ക് നിങ്ങളെ
വരിഞ്ഞുപിടിക്കേണ്ടി വന്നു.

സ്വന്തം കെട്ട് പൊട്ടിച്ചു
ഒടുവില്‍ നിങ്ങള്‍
തിരിഞ്ഞു നോക്കുമ്പോള്‍
അയാളുമതാ
അതേ നിമിഷം തിരിഞ്ഞു നോക്കുന്നു!

ഒരേ സമയത്ത് പിടികൂടപ്പെടുകയും
പിടിക്കുകയും ചെയ്യുന്നതിന്റെ
ഒരു വിറയല്‍ നിങ്ങള്‍ക്കുണ്ടായി..
താദൃശവികാരം അയാള്‍ക്കും ഉണ്ടായതായി
നിങ്ങള്‍ക്ക് തോന്നി.

കുറച്ചു മുന്നോട്ടു നടന്നേയുള്ളൂ.
അയാള്‍ തിരിഞ്ഞുനോക്കുന്നുണ്ട് എന്ന്
നിങ്ങള്‍ക്ക് തോന്നുകയോ
കൊതിച്ചുപോവുകയോചെയ്തു

വെട്ടിത്തിരിഞ്ഞു.

അതേമട്ടില്‍ അയാളും
വെട്ടിത്തിരിഞ്ഞു.

രണ്ടാള്‍ക്കും വല്ലാണ്ടായി.
ചമ്മിപ്പോയി.
അയ്യേ എന്നായി.
ഇനി കൊന്നാലും ചത്താലും
നോക്കില്ലെന്നു നിങ്ങ ള്‍ ശപഥം ചെയ്തു.

മുന്നോട്ടു നടക്കുകയെന്നാല്‍
ചിലര്‍ക്ക് വിപരീതമായി നടക്കുകയെന്നാണ്
അര്‍ഥം എന്ന് നിങ്ങള്‍ക്കപ്പോള്‍
തത്വചിന്ത ഉദിച്ചു.

അയാള്‍ക്കും അത് ഉദിച്ചു കാണുമോ
എന്ന ചിന്ത നിങ്ങളെ അമ്പരപ്പിച്ചു.

കുറച്ചു നടന്നപ്പോള്‍
ഒരിക്കലും നഷ്ട്ടപ്പെടുത്തിക്കൂടാത്ത
ആജീവനാന്ത പ്രണയമാണ്
കേവലം ഈഗോയിച്ചു നശിപ്പിക്കുന്നത് എന്ന്
നിങ്ങള്‍ക്ക് വെളിപാടുണ്ടായി.

ഇപ്പോള്‍ കണ്ടില്ലെങ്കില്‍
ഇനി ഒരിക്കലും കാണില്ലെന്ന്
ആത്മാവ് നിങ്ങളെ ആധിയില്‌പ്പെടുത്തി.

പരിഭ്രമവും നഷ്ടഭീതിയും കാരണം
നിങ്ങളെ വിറച്ചു.

തിരിഞ്ഞു നോക്കിയപ്പോ
വരാനോ പോകാനോ ഇനിയാരുമില്ല
എന്ന ആലസ്യത്തില്‍
ചെരിഞ്ഞുറങ്ങുന്ന പാത.

നിങ്ങള്‍ അയാള്‍ പോയ വഴിയെ
കിതച്ചു നടന്നു,
പതുക്കെ ഓടി.
ഇപ്പൊ നിങ്ങള്‍ ഓട്ടം കൂട്ടി .
അയാളും അങ്ങനെ
ഓടി വരുന്നുണ്ടാവുമോ?

ഒടുവില്‍ മട്ടല്‍ രണ്ടായി കീറിയപോലെ
പാതകള്‍ പിരിയുന്ന ഇടമായി.

രണ്ടും കല്‍പ്പിച്ചു
ഒരുവഴിയെ നിങ്ങള്‍ നടന്നു.

കരയുന്നുണ്ട്.
അയാളും അങ്ങനെ ചെയ്തിട്ടുണ്ടാകും.

നിങ്ങള്‍ പരസ്പരം
കാണുമോ?
തെരഞ്ഞെടുത്ത വഴി
തെറ്റുമോ?
കാണുന്ന വഴി
തെരഞ്ഞെടുത്താലാണോ
കാണാത്ത വഴി
തെരഞ്ഞെടുത്താലാണോ
നിങ്ങള്‍ക്കു
തെറ്റുക?

എന്നിട്ടും
പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം
യാദ്യച്ഛികത
അവര്‍ക്കിട്ടു പണിഞ്ഞു

എവിടെയെങ്കിലും വച്ച്
കാണാതിരിക്കാനിരുവരും
അത്രയ്ക്ക് മുന്‍കരുതലെടുത്തിരുന്നു.

അയാള്‍ ഉണ്ടായേക്കുമെന്നു കരുതി
അവള്‍ പങ്കെടുക്കാതെ പോയ
ചലച്ചിത്രമേളകള്‍,
റാലികള്‍, പൊതുയോഗങ്ങള്‍,
പാരഗണ്‍,
അവള്‍ കൂടി വരാതെ
പൂര്‍ത്തിയാവാത്ത
സ്വപ്നങ്ങള്‍,
അങ്ങനെ.

അവളെ കൂട്ടിമുട്ടുമെന്ന് ഭയന്ന്
അയാള്‍ വേണ്ടെന്നു വച്ച
പ്രിയപ്പെട്ട ബാര്‍,
മറൈന്‍ ഡ്രൈവ്,
ഷഹബാസിന്റെ മ്യൂസിക് പ്രോഗ്രാമുകള്‍,
കോഴിക്കോടെന്ന
അവരുടെ പൊതു നഗരം.

അവളുണ്ടാകുമെന്നു കരുതി
അയാളും
അയാള്‍ കാണുമെന്നു കരുതി
അവളും
നോര്‍വ്വെയിലെ ജോലി
വേണ്ടെന്നു വച്ചു.

അവരുടെ പ്രണയം കൊണ്ടുണ്ടായ
ആത്മനഷ്ടങ്ങളേക്കാള്‍
അധികമായിരുന്നു,
പരസ്പരം കാണുമെന്ന ഭീതി
വെട്ടിച്ചുരുക്കിയ
അനന്തര ജീവിതം.

അവളോടൊപ്പം
വയ്യെന്നതുകൊണ്ടയാളും
അവളുണ്ടാകുമെന്നതിനാലയാളും
പിന്‍ വാങ്ങിയ
ഹിമാലയം യാത്രയില്‍
വണ്ടിമറിഞ്ഞ്
അവരുടെ നാലുകൂട്ടുകാര്‍
മരിച്ചു പോയിരുന്നു
എന്നതുകൂടി പറയാതെ വയ്യ.

പൊതു സുഹൃത്തുക്കളുടെ
കല്യാണം, ശവമടക്ക്, ചോറൂണ്
ഇവകളിലൊന്നും പങ്കെടുക്കാതെ
അവരിരുവരും
എല്ലാത്തില്‍ നിന്നും
വിദൂരപ്പെട്ടു.

എന്നിട്ടും
പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം
യാദ്യച്ഛികത
അവര്‍ക്കിട്ടു പണിഞ്ഞു

ആളൊഴിഞ്ഞ ആ കമ്പാര്‍ട്ടുമെന്റില്‍
അവള്‍
അയാള്‍ക്കഭിമുഖപ്പെട്ടു പോയി.

ഉച്ചവെയിലായിരുന്നു,
തിന്നുന്ന ചൂടായിരുന്നു.
ട്രെയിന്‍ വിജനമായ ഒരിടത്ത്
സ്വയം ഏറെ നേരം പുഴുങ്ങാനിട്ടനേരമായിരുന്നു.

അയാളുടെ ചീര്‍ത്ത
കരുവാളിച്ച
മുഖത്ത് സിറോസിസിന്റെ ആരംഭം
അവളും
അവളുടെ വിളറിയ കണ്ണുകളില്‍
ചോര തുപ്പി തുപ്പി
തന്നെ തന്നെ പ്രസവിച്ചൊഴിയാന്‍
കഷ്ടപ്പെടുന്ന
ക്ഷീണിത ഗര്‍ഭപാത്രത്തെ
അയാളും വായിച്ചു.

തങ്ങള്‍ പിരിഞ്ഞതെന്തിനെന്ന്
ഓര്‍ത്തെടുക്കാനാവാതെ
അവര്‍
ഒരേ നിമിഷം അമ്പരന്നു.

ഷര്‍ട്ടിന്റെ കോളര്‍ ശരിയാക്ക്....
അവള്‍ അവര്‍ക്കിടയിലെ
അതേ പഴയ അസഹിഷ്ണുതയോടെ
അയാളോടു ക്രുദ്ധയായി.

അല്‍പ്പനേരം കഴിഞ്ഞ്
വെള്ളക്കുപ്പി നീട്ടി
അയാള്‍ നീരസപ്പെട്ടു:

വെള്ളം കുടിക്കാതെ
മൂത്രപ്പഴുപ്പു വന്ന് മാരക
ആന്റിബയോട്ടിക്‌സ്
കഴിക്കുന്നതാണല്ലോ
നിന്റെ പുരോഗമനം ?

സ്റ്റേഷനെത്തിയപ്പോള്‍
അവളിറങ്ങി,
അയാളുമിറങ്ങുമെന്നറിയാന്‍
അവള്‍ക്ക്
തിരിഞ്ഞു നോക്കേണ്ടതില്ല.

വീട്ടിലെത്തി ഉപ്പു ചാക്കു പോലുള്ള
ശരീരങ്ങള്‍ തമ്മില്‍
ആലിംഗനപ്പെട്ടപ്പോള്‍
നിശ്വാസത്തില്‍
അവര്‍ക്ക് പതിനൊന്നു വര്‍ഷത്തിന്റെ
കാലം അനുഭവപ്പെട്ടു.

അന്നുണ്ടായിരുന്ന പ്രവിശ്വകളെല്ലാം
ഇന്നുമുണ്ടോ എന്ന ധൃതിയോടെ
അവളുടെ ഉടലിലയാള്‍
പരവശനായി
ഉഴറി പരതിയപ്പോള്‍
അവള്‍ പൊട്ടിച്ചിരിച്ചു:

ഇപ്പോഴും നിനക്ക് രതി
നൂറു മീറ്റര്‍ ഓട്ടം തന്നെയാണല്ലേ?

അവധാനതയിലാണ്
സൗന്ദര്യ രഹസ്യം എന്ന
അവളുടെ പഴയ കാവ്യശകലം
അന്നേരം അയാളോര്‍ത്തു.

കാലം പണിഞ്ഞു നാശമാക്കിയ
ശരീരങ്ങളില്‍ കരുണയോടെ
അവര്‍ ഉമ്മ വച്ചു.

അവള്‍ ചെറുപയറിനു കടുകു വറുത്തിടുന്നേരം
മേക്കഴുകുന്ന അയാള്‍
രോഷത്തോടെ വിളിച്ചു പറഞ്ഞു:

കടുകു പൊട്ടിക്കുമ്പോള്‍
സിമ്മി ലിടണമെന്ന്
നിനക്കെത്ര പറഞ്ഞാലും
മനസിലാവില്ല

അതു പറഞ്ഞു തീര്‍ന്നയുടന്‍
അയാള്‍ക്കും
കേട്ടു തീര്‍ന്നയുടന്‍
അവള്‍ക്കും
പിരിഞ്ഞതെന്തിനെന്ന്
ഓര്‍മ്മയായി.

 

ഇല്ലാത്ത മൂത്രത്തില്‍ പിടിച്ചു കയറി
നമുക്കാമരത്തിലെ
കനി പങ്കുവച്ചാലോ
സാറാ ?

.........................................................................

സാറാ ,
നമുക്കിടയില്‍ ഇപ്പോള്‍ ഉള്ളത് എന്താണ്?

മായ !

മായ?

അതെ. ചത്ത നക്ഷത്രം അവശേഷിപ്പിക്കുന്ന പ്രകാശത്തിലൂടെ അള്ളിപ്പിടിച്ചു കേറി
ഇല്ലാത്ത നക്ഷത്രം
ഉണ്ടെന്നു കരുതുന്ന മിഥ്യാകാഴ്ച.

വിഷമിക്കേണ്ടാ,വറീതേ.
ഉണ്ടായിരുന്ന കാലത്തു. പോലും
മറ്റെന്തിനെയോ
പ്രതിനിധാനം ചെയ്യുന്ന
മാന്ത്രികമായ ശൂന്യതയായിരുന്നു
നമ്മുടെതെന്ന പോലെ
എല്ലാ പ്രണയങ്ങളും.

ഇല്ലാത്തതിന്റെ
സാങ്കല്പിക ഉണ്‍മയാണ്
ഉള്ളവകളേക്കാള്‍
മോക്ഷദായകമെന്ന
സത്യവേദമാണ്
പ്രണയം.

ഇല്ലാത്ത മൂത്രത്തില്‍ പിടിച്ചു കയറി
നമുക്കാമരത്തിലെ
കനി പങ്കുവച്ചാലോ
സാറാ ?

 

നമ്മെ ഉപേക്ഷിച്ച
സ്‌നേഹങ്ങളോടു
വാലാട്ടുക

....................................

നമ്മെ ഉപേക്ഷിച്ച
സ്‌നേഹങ്ങളോടു
വാലാട്ടുക,

അവരാണ് ലക്ഷ്യസ്ഥാനത്തെത്താന്‍
ഒരു സാധ്യതയുമില്ലാത്ത
ഏകാന്ത
ചൊവ്വാ യാത്രാ സ് പേസ് ഷട്ടിലില്‍ സഞ്ചരിക്കാനുള്ള
ധീരതയ്ക്ക് ഇന്ധനമൊഴിച്ചത്!

 

പ്രണയം

..................

ഏറ്റവും ആയുസ്സു കുറഞ്ഞ
സ്പീഷീസ് ഏതാണ്?

പ്രണയം.

 

ഫോണ്‍ രതി ഒരുവളെയും ഗര്‍ഭവതികളാക്കുന്നില്ല

.........................................................................

ഫോണ്‍ രതി ഒരുവളെയും ഗര്‍ഭവതികളാക്കുന്നില്ല

ഒരിക്കലും പരസ്പരം കണ്ടിട്ടേയില്ലാത്തവര്‍ക്കിടയിലാണ്
അത് വിസ്മയിപ്പിക്കുന്ന ലാവണ്യമാര്‍ജ്ജിക്കുന്നത്.

അപരയുടെ അസാധ്യ
വിചിത്രകല്പനകള്‍ക്കു
പറന്നിറങ്ങാനുള്ള
അനേകമിടങ്ങള്‍
നിങ്ങളില്‍ ഉണ്ട്.

അപ്പപ്പോള്‍
ഇച്ഛയുടെ സഞ്ചാരത്തിനൊപ്പം
സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന
ഉടലുകള്‍,
രതി ഭാവങ്ങള്‍.

മസ്തിഷ്‌കത്തില്‍ ഉന്മാദത്തിന്റെ പറവകളുള്ളവര്‍ക്ക്
പങ്കാളിയോട്
അതെന്റെ പക്കലില്ലാ എന്നു
കൈമലര്‍ത്തി ദരിദ്രരാവേണ്ടി വരില്ല.

അസംതൃപ്തരതിയേ
ആ ഭൂഖണ്ഡത്തിലില്ല....
'സ്വാഭാവിക 'രതിയിലെ
രസം കൊല്ലി ട്രാജഡികള്‍ അതിലില്ല.
പിടിക്കാത്ത മണങ്ങളോ
മനം മടുപ്പിക്കുന്ന ശൈലികളോ ഒന്നും .

ഫോണ്‍ രതി ഒരുവളെയും ഗര്‍ഭവതികളാക്കുന്നില്ല,
അത് അത്രമേല്‍
പ്രകൃതിസൗഹൃദപരമാണ്.
ഇന്ത്യന്‍ സാഹചര്യത്തിനു വളരെയിണങ്ങുന്നത്.

വിരല്‍ തുമ്പും
സങ്കല്‍പ വിമാനവും മാത്രം
കൈമുതലായുണ്ടെങ്കില്‍
കാമശാസ്ത്രത്തില്‍ ഓരോരുത്തര്‍ക്കം
അവരോരുടെ നെടുങ്കന്‍ സംഭാവനകള്‍
അര്‍പ്പിക്കാവുന്ന ചാറ്റല്‍ രതിമാത്രമാണ്
ഫോണ്‍ രതിയെ അതിശയിക്കുന്നത്.

സോറിയാസിസ് രോഗിണിക്കും
കൂനനും കുടവയറത്തിക്കും
മണ്ണിലേക്കു പോകാന്‍ കാലമായി
എന്നു
തളര്‍ന്നു
നമ്രശിരസ്‌കരായ ലിംഗ ധാരികള്‍ക്കും
കിടപ്പിലായിപ്പോയവളുമാര്‍ക്കും

കാണാന്‍ കൊള്ളാത്തവര്‍ക്കും
രാജകുമാരി മാരെപ്പോലെ
രതിയിലേര്‍പ്പെടാന്‍ മറ്റൊരു വഴിയില്ല

അസന്നിഹിതമായ ശരീരം
അതിനു തന്നെ
അനുഗ്രഹമാകുന്ന സാധ്യതകളാണീ
ഒടിവിദ്യാരതികള്‍ !

പാടിപ്പാടിമഴ പെയ്യിക്കാമെന്ന പോലെ
ആകാശമാര്‍ഗ്ഗേണ
വാക്കുകളെ സംപ്രേക്ഷണം ചെയ്ത്
ഉടല്‍പെയ്യിക്കാമെന്ന സാധ്യത
ഒരു ലൈംഗികജ്ഞാനശാസ്ത്ര
വിച്ഛേദമാണ്‍

മുഖദാവിലെ രതി
അസാധ്യമാകുമ്പോള്‍ സംഭവിക്കുന്ന
പ്രതീതി മാത്ര ലൈംഗികത
എന്നു വിളിച്ചു
ചെറുതാക്കരുത്.

ഇതു സംഭവം വേറെയാണ്.
അലക്‌സാണ്ടര്‍ ഗ്രഹാം ബെല്ലിനു
ഒരു ബിഗ് സല്യൂട്ട്.

ഒച്ചയില്‍ ഒരു താന്‍സനും
ഇത്ര വികാര ഭേദങ്ങള്‍
പ്രകാശിപ്പിച്ചിട്ടുണ്ടാകില്ല.

മൂളലിലും ഞരക്കത്തിലും
ഒരു കവിതയിലുമില്ലാത്ത
സൂക്ഷ്മ ധ്വനികള്‍...
ഡബ്ബിങിന്റെ സര്‍ഗ്ഗാത്മകതയെ
പിന്തുടരുകയാണവിടെ
വിഷ്വലുകള്‍.

ഒരു സ്പീഷീസ്
പ്രകൃതിയുടെ ആളിരട്ടിപ്പിക്കല്‍
ഗൂഢതാല്‍പ്പര്യത്തെ
നൈസായി
പൊട്ടിച്ചു കൊടുത്ത
സാങ്കേതിക, ഭാഷാ, ഭാവനാ
വിപ്ലവമാണ് ഫോണ്‍ രതി
വറീതേ.
ഭാഷാരതിയും
രതിഭാഷയും സംഗമിക്കുന്ന
പുണ്യഭൂമി.

ആത്യന്തികമായി
മനുഷ്യന്‍ നിര്‍മിക്കപ്പെട്ട സാമഗ്രി
ഭാഷയാണെന്ന്
അല്‍പ
ബുദ്ധികള്‍
എന്നാവും മനസിലാക്കുക?

....................................................................................

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'

റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

വഹീദ് സമാന്‍: പ്രണയസ്മൃതികളില്‍  മുറിവേറ്റവനാകുക

ആഷാ മാത്യു: എപ്പോള്‍ സ്‌നേഹമില്ലാതാകുന്നുവോ,  അവിടെ വെച്ച് പിന്തിരിഞ്ഞുനടക്കുക!​

സുനിതാ ദേവദാസ്: മഹത്വവല്‍ക്കരിക്കുന്നതു പോലുള്ള ഒരു മണ്ണാങ്കട്ടയുമല്ല പ്രണയം!​

നിയതി ചേതസ് : ഒരേ സമയം ഒന്നിലധികം പേരിലും പ്രണയം ജനിക്കുന്നു​

സിന്ധു എല്‍ദോ​: കാമത്തില്‍ മാത്രം അവസാനിക്കുന്നത് എങ്ങനെ പ്രണയമാകും?​

ദീപ പ്രവീണ്‍: പ്രണയത്തിന് ബാധകമല്ല സാമാന്യ നിയമങ്ങള്‍!

രജിത രവി: പ്രണയത്തില്‍നിന്ന്  പിരിയുന്നത് ക്രൈമല്ല!​

കണ്ണന്‍ വി: പിരിഞ്ഞു പോവുന്നത്  പ്രണയമല്ല, കാമം!​

Latest Videos
Follow Us:
Download App:
  • android
  • ios