ലോക്ക് ഡൗണ്‍: കോളിന്‍സ് നിഘണ്ടുവിന്‍റെ 'വേഡ് ഓഫ് ദി ഇയര്‍'
'ലോക്ക് ഡൗണ്‍ നമ്മുടെ ജോലിയെ, പഠിപ്പിനെ, ഷോപ്പിംഗിനെ, സാമൂഹ്യവൽക്കരണത്തെ എല്ലാത്തിനെയും ബാധിക്കുന്നു. പല രാജ്യങ്ങളും രണ്ടാമത്തെ ലോക്ക് ഡൗണിലേയ്ക്ക് കടക്കുമ്പോൾ, ഈ വാക്ക് വീണ്ടും പ്രചാരത്തിൽ വരുന്നു.'
കൊറോണ വൈറസ് എന്ന മഹാമാരി നമ്മുടെ ലോകത്തെ കീഴ്പ്പെടുത്തിയതോടെ, ഇതുവരെ കേൾക്കാത്ത ഒരുപാട് വാക്കുകൾ നമ്മൾ ദിവസവും കേൾക്കാൻ തുടങ്ങി. ഇന്ന് ക്വാറന്‍റൈന്‍, ലോക്ക് ഡൗണ്‍, സാമൂഹിക അകലം തുടങ്ങിയ വാക്കുകളുടെ അർത്ഥം ഏത് കൊച്ചുകുട്ടിയോട് ചോദിച്ചാലും പറയും. എന്നിരുന്നാലും ഇതിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക് ലോക്ക് ഡൗണ്‍ തന്നെയാണ്. ഒരു ലോക്ക് ഡൗണിൽ ജീവിതം എങ്ങനെ മാറിമറിഞ്ഞുവെന്ന് കണ്ടവരാണ് നമ്മൾ. അതിന് ശേഷം ഇപ്പോൾ പലപ്പോഴും ആ വാക്കെടുത്ത് നമ്മൾ തലങ്ങും വിലങ്ങും ഉപയോഗിക്കാറുമുണ്ട്. എല്ലാ രാജ്യങ്ങളും അഭിമുഖീകരിക്കുന്ന, നമ്മുടെ നിത്യജീവിതത്തെ വളരെയധികം സ്വാധീനിച്ച ആ ലോക്ക് ഡൗണ്‍ എന്ന പദമാണ് കോളിൻസ് നിഘണ്ടു 2020 -ലെ 'വേഡ് ഓഫ് ദി ഇയർ' ആയി തെരഞ്ഞെടുത്തിരിക്കുന്നത്.
കോളിൻസ് നിഘണ്ടു ലോക്ക്ഡൗണിന് നൽകുന്ന നിർവചനം 'യാത്ര, സാമൂഹിക ഇടപെടൽ, പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം എന്നിവയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക' എന്നതാണ്. ലോകമെമ്പാടുമുള്ള ആളുകളുടെ അനുഭവത്തിന്റെ പര്യായമായി ഈ വാക്ക് മാറിയെന്നാണ് നിഘണ്ടു രചയിതാക്കൾ പറയുന്നത്. 'എല്ലാ ജനങ്ങളും ഒരുപോലെ അനുഭവിക്കുന്ന ഒരവസ്ഥയാണ് ഇത്' പ്രസാധകരായ ഹാർപ്പർ കോളിൻസ് പറഞ്ഞു. 'ലോക്ക് ഡൗൺ' എന്ന വാക്ക് 2020 -ൽ ഒരു ദശലക്ഷത്തിലധികം പ്രാവശ്യം ഉപയോഗിക്കപ്പെട്ടു. അതേസമയം കഴിഞ്ഞവർഷം ഇത് വെറും 4,000 പ്രാവശ്യം മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതുകൂടാതെ, 2020 -ലെ ഏറ്റവും കൂടുതൽ പ്രചാരം നേടിയ 10 വാക്കുകളിൽ ആറെണ്ണം മഹാമാരിയുമായി ബന്ധപ്പെട്ടതാണ്.
'കൊറോണ വൈറസ്', 'സോഷ്യൽ ഡിസ്റ്റൻസിംഗ്', 'സെൽഫ് ഐസൊലേറ്റ്', 'ഫർലോഫ്', 'ലോക്ക്ഡൗൺ', 'കീ വർക്കർ' എന്നിവ ആ പട്ടികയിൽ ഉൾപ്പെടുന്നു. 'ലോക്ക് ഡൗണ്‍ നമ്മുടെ ജോലിയെ, പഠിപ്പിനെ, ഷോപ്പിംഗിനെ, സാമൂഹ്യവൽക്കരണത്തെ എല്ലാത്തിനെയും ബാധിക്കുന്നു. പല രാജ്യങ്ങളും രണ്ടാമത്തെ ലോക്ക് ഡൗണിലേയ്ക്ക് കടക്കുമ്പോൾ, ഈ വാക്ക് വീണ്ടും പ്രചാരത്തിൽ വരുന്നു' കോളിൻസിലെ ഭാഷാ ഉപദേഷ്ടാവ് ഹെലൻ ന്യൂസ്റ്റെഡ് പറഞ്ഞു.