താടിയും മീശയുമുള്ള സുന്ദരി: ഹര്‍നാം കൌര്‍

ആര്‍ത്തവം ആയതോടുകൂടിയാണ് എന്‍റെ ശരീരത്തില്‍ ഈ മാറ്റം കണ്ടുതുടങ്ങിയത്. ശരീരത്തില്‍ പലയിടത്തും രോമം വളര്‍ന്നു തുടങ്ങി. അതോടെ ഞാന്‍ വിഷാദത്തിന്‍റെ പിടിയിലായി. വിഷാദത്തിന്‍റെ അവസ്ഥകളിലൂടെ കടന്നുപോയിത്തുടങ്ങി.

life of Harnaam Kaur

താടിയും മീശയും വളര്‍ന്നതിന് കൂട്ടത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട പെണ്‍കുട്ടി, ഹര്‍നാം കൌര്‍. സാധാരണ പെണ്‍കുട്ടികളെ പോലെ അല്ലാത്തതിനാല്‍ കൂട്ടത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു. ഒരുപാട് പരിഹസിക്കപ്പെട്ടു. ആത്മഹത്യയെ കുറിച്ചുപോലും അന്നവള്‍ ഒരുപാട് ചിന്തിച്ചു. പക്ഷെ, ഒടുക്കം അവള്‍ തന്‍റെ ജീവിതത്തെ വളരെ പ്രതീക്ഷയോടെ കണ്ടുതുടങ്ങി. ഇന്ന്, അവള്‍ ഒരു മോട്ടിവേഷണല്‍ സ്പീക്കറാണ്. മാധ്യമങ്ങളിലെല്ലാം അതിമനോഹരിയായി അവള്‍ പ്രത്യക്ഷപ്പെടുന്നു. മറ്റ് ഏത് പെണ്‍കുട്ടികളേക്കാളും ആത്മവിശ്വാസത്തോടെയും, പ്രതീക്ഷയോടെയും ജീവിക്കുന്നു. ബെര്‍ക്ഷെയറിലാണ് ഹര്‍നാം ജനിച്ചത്. സിഖ് മത വിശ്വാസിയാണ്. 

life of Harnaam Kaur

ഹര്‍നാം കൌര്‍ തന്‍റെ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നു: എന്‍റെ ജീവിതത്തെ ഞാന്‍ നയിക്കുന്നത് ഒറ്റ വാക്കിനു മുകളിലാണ് 'എന്‍റെ ശരീരം, എന്‍റെ നിയമം' എന്നതാണ് അത്. സ്ത്രീ- പുരുഷനെന്ന യാഥാസ്ഥിതിക സങ്കല്‍പങ്ങളെ ഇല്ലാതാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന സൌന്ദര്യത്തെ കുറിച്ചുള്ള സങ്കല്‍പം തകര്‍ക്കുക എന്നതാണ് എനിക്ക് ചെയ്യാനുള്ളത്.

എന്‍റെ പേര് ഹര്‍നാം കൌര്‍, ഞാന്‍ ഒരു മോട്ടിവേഷണല്‍ സ്പീക്കറാണ്. എനിക്ക് 'പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം' (ക്രമം തെറ്റിയ ആർത്തവചക്രം അനാവശ്യ രോമവളർച്ച(ഹെർസ്യൂട്ടിസം), നെറ്റിയുടെ വീതി കൂടി കഷണ്ടി വരാനുള്ള ആരംഭം തുടങ്ങിയവയൊക്കെയാണ് ലക്ഷണങ്ങള്‍) എന്ന അവസ്ഥയുണ്ട്. പതിനൊന്നാമത്തേയോ പന്ത്രണ്ടാമത്തെയോ വയസ് മുതല്‍ അതെന്നിലുണ്ട്. അഞ്ചില്‍ ഒരാള്‍ക്ക് ശരിക്കും ഈ അവസ്ഥയുണ്ട്. ഇത് നമ്മുടെ ശാരീരികാവസ്ഥയേ മാത്രമല്ല, നമ്മുടെ മനസിന്‍റെ ആരോഗ്യത്തേയും ബാധിക്കും. 

ശരീരത്തില്‍ രോമം വളരുന്നത് ഇതിന്‍റെ ഭാഗമായാണ്. ഒരുപാട് രോമം വളരുകയും അത് പുറത്തേക്ക് കാണുകയും ചെയ്യും. നമ്മള്‍ മറ്റ് പെണ്‍കുട്ടികളെ പോലെ ആയിരിക്കില്ല. ആര്‍ത്തവം ആയതോടുകൂടിയാണ് എന്‍റെ ശരീരത്തില്‍ ഈ മാറ്റം കണ്ടുതുടങ്ങിയത്. ശരീരത്തില്‍ പലയിടത്തും രോമം വളര്‍ന്നു തുടങ്ങി. അതോടെ ഞാന്‍ വിഷാദത്തിന്‍റെ പിടിയിലായി. വിഷാദത്തിന്‍റെ അവസ്ഥകളിലൂടെ കടന്നുപോയിത്തുടങ്ങി. അതെന്നെ ആത്മഹത്യക്ക് പോലും പ്രേരിപ്പിച്ചു. ഞാന്‍ സ്വയം മുറിവേല്‍പ്പിച്ചു തുടങ്ങി. ഞാനെന്‍റെ ശരീരത്തെ വെറുത്തു തുടങ്ങി. 

life of Harnaam Kaur

പക്ഷെ, പതിനാറാമത്തെ വയസില്‍ ഞാന്‍ മുഖത്തെ രോമങ്ങള്‍ വളര്‍ത്താന്‍ തന്നെ തീരുമാനിച്ചു. ഞാനതിനെ 'സുന്ദരി' എന്ന് വിളിച്ചു തുടങ്ങി. അതാണ് ജീവിതത്തില്‍ ഞാനെടുത്ത ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. ഞാനെല്ലായിടത്തും വിവേചനം അനുഭവിച്ചിരുന്നു. മാറ്റിനിര്‍ത്തപ്പെട്ടിരുന്നു. പക്ഷെ, ഞാന്‍ ശക്തയായി തുടരാന്‍ തീരുമാനിച്ചു. ഒരുപാട് പേര്‍ എന്‍റെ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അവര്‍ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നുണ്ടെന്നും ബോഡിഷെയ്മിങ്ങ് അനുഭവിക്കുന്നുണ്ടെന്നും എനിക്ക് മനസിലായി. ഞാന്‍ അവര്‍ക്കുവേണ്ടി സംസാരിക്കാന്‍ തീരുമാനിച്ചു. എന്‍റെ ജീവിതം മറ്റുള്ളവര്‍ക്ക് പ്രചോദനമാകണെമന്നും ഞാന്‍ ആഗ്രഹിച്ചു. 

ഞാന്‍ സ്കൂളുകളില്‍ പോയി. കുട്ടികളോട് അവരുടെ ശരീരത്തോട് ആത്മവിശ്വാസമുള്ളവരായിരിക്കുന്നതിന് വേണ്ടി ഞാന്‍ സംസാരിച്ചു. നമ്മള്‍ നമ്മളെ തന്നെ സ്നേഹിക്കണമെന്നും ഞാനവരോട് പറഞ്ഞു. മറ്റുള്ളവരോട് ദയ കാണിക്കുന്നത് അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പലപ്പോഴും അറിയില്ല. ഒരു മോട്ടിവേഷണല്‍ സ്പീക്കറെന്ന നിലയില്‍ ഞാന്‍ വിവിധ സ്കൂളുകളില്‍ പോയി സംസാരിക്കുന്നു. രക്ഷിതാക്കള്‍ പറയാറുണ്ട് ഇങ്ങനെയുള്ള കുട്ടികളെ മറ്റുള്ളവര്‍ മാറ്റിനിര്‍ത്തുന്നതില്‍ നിന്ന് വ്യത്യാസം വരുത്താനെങ്ങനെ സാധിക്കും എന്നതിനെ കുറിച്ച് അവര്‍ക്കിപ്പോള്‍ മനസിലാകുന്നുണ്ടെന്ന്.

life of Harnaam Kaur
 
ഇതിന് നേരെ വ്യത്യസ്തമായ കമന്‍റുകളും എനിക്ക് കേള്‍ക്കേണ്ടി വരാറുണ്ട്. ചിലരെന്നെ ഭയത്തോടെയാണ് കണ്ടിരുന്നത്. അപ്പോഴും, എന്‍റെ ജോലിയെ കുറിച്ചുള്ള എനിക്ക് പ്രിയപ്പെട്ട കാര്യം അത് മനുഷ്യരുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നതാണ്. നിങ്ങളുടെ കള്‍ച്ചര്‍, നിങ്ങളുടെ മതം, നിങ്ങള്‍ എവിടെ നിന്ന് വരുന്നു, നിങ്ങളെങ്ങനെയാണ് എല്ലാം നിങ്ങള്‍ക്ക് സ്വയം അംഗീകരിക്കാന്‍ കഴിഞ്ഞാല്‍ മതി. മറ്റുള്ളവരില്‍ നിന്നും എത്ര വ്യത്യസ്തമാണ് നിങ്ങളെങ്കിലും അത് ആഘോഷിക്കുക. ഇത് എന്നിലുണ്ടായ വിപ്ലവകരമായ മാറ്റമാണ്. ഞാന്‍ ഈ സമൂഹത്തോട് പറയാനാഗ്രഹിക്കുന്നതും അതാണ്. ഞാനായിരിക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഞാന്‍ ഇതില്‍ നിന്നും മാറാന്‍ ആഗ്രഹിക്കുന്നുമില്ല. 

 

(ചിത്രങ്ങള്‍ക്ക് കടപ്പാട്: ഹര്‍നാം കൌര്‍ ഫേസ്ബുക്ക് പേജ് )

Latest Videos
Follow Us:
Download App:
  • android
  • ios